'അയാളല്ലിതു ചെയ്തത്, അതാരാ ചെയ്തതെന്ന് എനിക്കറിയാം'; ഇത് കൊച്ചുരാമന്റെയും ചെമ്പൻപ്ലാവിന്റെയും കഥ
Mail This Article
പ്ലാവ് കായ്ക്കുന്നതും മാവ് പൂക്കുന്നതും നോക്കി കാലഗണന നടത്തിയിരുന്നവരാണ് പഴയ തലമുറ. ചക്കേം മാങ്ങേം മുമ്മൂന്ന് മാസം എന്ന കണക്കനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്തിയവരാണവർ. മുറ്റത്തെ മാവും പ്ലാവും തെങ്ങും ആദ്യം കായ്ച്ച വർഷം വരെ ഓർത്തുവയ്ക്കുന്നവരുമുണ്ടായിരുന്നു അന്ന്. മനുഷ്യനും മരങ്ങളും തമ്മിൽ അത്തരത്തിലൊരു ആത്മബന്ധം അന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ബന്ധത്തിന്റെ ചുവടു പിടിച്ച് ഒട്ടേറെ കഥകളും നോവലുകളും കവിതകളും രചിക്കപ്പെട്ടിരിക്കുന്നു. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ചെമ്പന്‍ പ്ലാവ് എന്ന കഥയും അത്തരത്തിലൊന്നാണ്.
വ്യക്ഷങ്ങളെയും സസ്യങ്ങളെയും സ്‌നേഹിക്കുകയല്ല ആരാധിക്കുകയാണ് കൊച്ചുരാമന്‍ എന്ന കര്‍ഷകനെന്നാണ് കാരൂർ പറയുന്നത്. കയര്‍ ഊരിപ്പോയ ഒരു കാളയെ അന്വേഷിച്ചിറങ്ങി വിശന്നു തളര്‍ന്നുപോയ കൊച്ചുരാമന് ഒരു വീട്ടില്‍ നിന്ന് മോരും ചക്കപ്പഴവും ലഭിക്കുന്നു. കൊച്ചുരാമന്‍ അത്രയും നല്ല ചക്കപ്പഴം മുമ്പ് കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിന്റെ അഞ്ചാറ് കുരു കൊണ്ടുവന്നു പാകി കിളിര്‍പ്പിച്ചെടുത്തു. അതില്‍ ഒരെണ്ണം മാത്രമാണ് വളര്‍ന്നുകിട്ടിയത്. കൊച്ചുരാമന്റെ പ്രതീക്ഷയേയും തോല്‍പ്പിച്ച് ആ പ്ലാവ് വളര്‍ന്നു. അതിനെ ആ കൃഷിക്കാരന്‍ എങ്ങനെ പരിപാലിച്ചു എന്ന് കഥാകൃത്ത് വിവരിക്കുന്നതിങ്ങനെ-
' ചക്കയുടെ കനം കൊണ്ട് കൊമ്പൊടിഞ്ഞുപോകുമെന്ന് അവന്‍ പേടിക്കാറുണ്ട്. ദൃഷ്ടിദോഷം പറ്റാതിരിക്കാന്‍ കോലം എഴുതിച്ച് പിലാവിന്റെ തടിയോട് ചേര്‍ത്തുവച്ച്, അമ്പലങ്ങളിലെ നിര്‍മാല്യമാലകള്‍ ശാഖകളില്‍ തൂക്കി. ഇത്തിക്കണ്ണി പിടിക്കാതെ കൂടെക്കൂടെ അവന്‍ പിലാവില്‍ കയറി നോക്കി. പട്ടയില്‍ പുഴുക്കേടോ മറ്റോ കണ്ടാല്‍ ഉടനുടന്‍ പ്രതിവിധികള്‍ ചെയ്യും. ഉണക്ക് തട്ടാതിരിക്കാന്‍ തടിയില്‍ കൊമ്പും ചവറും പൊതിയും. ചക്ക മുഴുവന്‍ വാഴക്കച്ചി കൊണ്ട് മൂടും. അതില്‍ നിന്നുള്ള ആദായം ഗണിക്കുമ്പോള്‍ ഈ ശ്രദ്ധയൊന്നുമില്ല '.
നാട്ടില്‍ ആര്‍ക്കുവേണമെങ്കിലും ചക്ക കൊടുക്കാന്‍ കൊച്ചുരാമനു സന്തോഷമേയുണ്ടായിരുന്നുള്ളു. ഭാഗം നടന്നപ്പോള്‍ കൊച്ചുരാമന്‍ ആശിച്ചപോലെ പ്ലാവ് കിട്ടി. പക്ഷേ പിന്നീടുള്ള അളവില്‍ അതു മറ്റൊരാളുടെ വസ്തുവിലുമായി. ആ പ്ലാവിന്റെ പേരില്‍ കൊച്ചുരാമനും പുതിയ ഉടമസ്ഥനായ വൈദ്യനും തമ്മില്‍ കുറേ നിയമയുദ്ധം നടന്നു. പക്ഷേ കൊച്ചുരാമനു പ്ലാവ് നഷ്ടമാവുക തന്നെ ചെയ്തു. കൊച്ചുരാമന്റെ കണ്‍മുന്നില്‍ അയാളുടെ ജീവനായ പ്ലാവില്‍ നിന്ന് മറ്റാരോ ചക്കയിടുന്നു. അയാള്‍ക്കതു സഹിക്കാനാകുമോ. ചക്കയിട്ട കുട്ടികള്‍ നാലിലൊന്നു ചക്ക കൊച്ചുരാമന്റെ പുരയിലുമെത്തിച്ചു. അത് കണ്ട കൊച്ചുരാമന്റെ നിയന്ത്രണം വിട്ടുപോകുന്നു-
' കൊണ്ടുപോടാ നിന്റെ ഓശാരം. ഇവിടെയെന്നാ നിന്റെ ഒരു തുണ്ടം ചക്കയ്ക്ക് കൊതിച്ചിരിക്കുകയാണോ?. ഈ ചക്ക തിന്ന് എന്റെ മതീം കൊതീം മാറിയതാ, കൊണ്ടുപോ അവിടന്ന് '
എന്നിട്ടും ആ കുട്ടികള്‍ ചക്ക അവിടെവച്ചുപോയി. സ്വര്‍ണ്ണവര്‍ണം പകരാന്‍ തുടങ്ങിയ നീണ്ടുരുണ്ട ചക്കച്ചുള ഇരിഞ്ഞെടുക്കാന്‍ തുടങ്ങിയ മകന് അയാള്‍ നല്ല തല്ലു കൊടുത്തു. ചക്കയെടുത്തു വേലിക്കപ്പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. ഒടുവില്‍ പ്ലാവിന്റെ ഉടമയായ വെദ്യന്റെ ഭാര്യ ഇടപെട്ട് പ്ലാവിരിക്കുന്ന സ്ഥലം കൊച്ചുരാമനു തിരികെ നല്‍കുന്നു. പക്ഷേ കൊച്ചുരാമന് അതിലൊരു സന്തോഷവുമില്ല. ഭാര്യയോടും മക്കളോടും പോലും താൽപര്യമില്ലാതെ അയാള്‍ മൗനിയായി. ഇതിനിടെ ആ പ്ലാവ് ഉണങ്ങി ഇലയില്ലാതെ ചുള്ളിക്കമ്പുകള്‍ ഒടിഞ്ഞുവീഴാന്‍ തുടങ്ങി. പക തീരാത്ത വൈദ്യന്‍ പ്ലാവില്‍ രസം കുത്തിവച്ചുകാണുമെന്ന് അയല്‍ക്കാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ കൊച്ചുരാമന്റെ മറുപടി ഇങ്ങനെ-
'അയാളല്ലിത് ചെയ്തത്. അവരെനിക്ക് വിട്ടുതരുന്നതിന്റെ തലേദിവസം രാത്രി അക്കാര്യം നടന്നു, അതാരാ ചെയ്തതെന്ന് എനിക്കറിയാം.'
പ്ലാവ് ഒരു വ്യക്തിയില്‍ തീര്‍ക്കുന്ന സ്വാധീനമാണ് ചെമ്പന്‍ പ്ലാവ് എന്ന കഥ ഓര്‍മ്മിപ്പിക്കുന്നത്. എന്റേതെന്നു സ്വരുക്കൂട്ടി ചേർത്തു പിടിക്കാൻ ഇവിടെ കൊച്ചുരാമനു ഭാര്യയും മക്കളും മാത്രം പോരാ, അയാൾ നട്ടു നനച്ചു വളർത്തിയ ചെമ്പൻപ്ലാവും വേണം. അത് നഷ്ടപ്പെടുന്നത് അയാൾക്ക് സഹിക്കില്ല. സ്വന്തം ഭാര്യ മറ്റൊരാളുടേതായാൽ കത്തിയെടുക്കുന്ന പുരുഷനെപ്പോലെ തന്റേതല്ലാതായ പ്ലാവിനെ കണ്ടിരിക്കാൻ കൊച്ചുരാമന് എങ്ങനെ സാധിക്കാൻ...
Content Summary: Summary of Malayalam Story Chemban Plaavu written by Karoor Neelakanta Pillai