ADVERTISEMENT

ഹിന്ദി സിനിമയിലെ പ്രശസ്തനായ സംവിധായകനാണ് മുസാഫർ അലി. അദ്ദേഹത്തിന്റെ ഗമന്‍  (Gaman, 1978) എന്ന ആദ്യ സിനിമയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ ബഹുമതിയും (ഛായാ ഗാംഗുലി, ആപ് കി യാദ് ആത്തി രഹി), മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതിയും (ജയ്‌ദേവ്) ലഭിച്ചു. ഉമ്രാവ് ജാന്‍ (Umrao Jaan, 1981) എന്ന സിനിമയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡും (രേഖ) ഖയ്യാമിന് മികച്ച സംഗീതത്തിനുള്ള അവാര്‍ഡും ആശാ ബോസ് ലേക്ക് മികച്ച പിന്നണി ഗായികക്കുള്ള അവാര്‍ഡും മന്‍സൂറിന് മികച്ച കലാ സംവിധാനത്തിനുള്ള അവാര്‍ഡും ലഭിച്ചു. അതുപോലെ മികച്ച സംവിധായകന്‍, മികച്ച നടി, മികച്ച സംഗീത സംവിധായകന്‍ എന്നിവയ്ക്കുള്ള ഫിലിം  ഫെയര്‍ അവാര്‍ഡും ലഭിച്ചു. 2005-ല്‍ അലിക്ക് പദ്മശ്രീ പുരസ്കാരവും ലഭിച്ചു. അദ്ദേഹം ഒരു സിനിമാ സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, കവി, ചിത്രകാരന്‍, ഫാഷന്‍ ഡിസൈനര്‍, സാമൂഹ്യ പ്രവര്‍ത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 

കോട്​വാരയുടെ ഭരണാധികാരിയായിരുന്ന രാജാ സയ്യിദ് സാജിദ് ഹുസൈൻ അലിയുടെ മൂത്ത മകനാണ് മുസാഫർ അലി. അതുകൊണ്ടുതന്നെ ലക്‌നൗവിൽ സ്ഥിതി ചെയ്യുന്ന ഉന്നതര്‍ക്കായുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ലാ മാർട്ടിനിയർ സ്കൂളിലാണ് അദ്ദേഹം പഠിച്ചത്. തുടര്‍ന്ന് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടി. ചിത്രകലയിലോ സിനിമയിലോ അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. കൊൽക്കത്തയിലെ ഒരു പരസ്യ ഏജൻസിയിലാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രശസ്ത കവി സുഭാഷ് മുഖോപാധ്യായയാണ് സിനിമയെ സാമൂഹിക അഭിപ്രായത്തിന്റെയും കലാപരമായ ആവിഷ്കാരത്തിന്റെയും മാധ്യമമായി ഉപയോഗിക്കാനുള്ള ആശയത്തിലേക്ക് അലിയുടെ മനസ്സ് തുറന്നിട്ടത്. 1971-ൽ എയർ ഇന്ത്യയിൽ ജോലി ചെയ്യുന്നതിനായി അലി താമസിയാതെ മുംബൈയിലേക്കു മാറി. 10 വർഷത്തിനു ശേഷം, സിനിമയ്ക്കും കലയ്ക്കും വേണ്ടി തന്റെ സമയം പൂർണ്ണമായും നീക്കിവയ്ക്കാൻ അദ്ദേഹം എയര്‍ ഇന്ത്യയിൽ  നിന്നു രാജിവച്ചു. 

“എന്തുകൊണ്ടാണ് ഒരാൾ ആത്മകഥ എഴുതേണ്ടത്? എന്റെ കാലത്തിന്റെയും എന്റെ വീക്ഷണത്തിന്റെയും പ്രസക്തി സമകാലികാവസ്ഥയിൽ ഞാന്‍ തിരിച്ചറിയുന്നു. എന്റെ മാധ്യമവുമായുള്ള എന്റെ ഇടപഴകൽ, എന്റെ സംവേദനക്ഷമത, മാറിക്കൊണ്ടിരിക്കുന്ന ചുറ്റുപാടുകൾ എന്നിവ എന്നെത്തന്നെ പ്രകടിപ്പിക്കാനും എന്റെ സ്വപ്നങ്ങളെ നിർവചിക്കാനും എന്നെ പ്രേരിപ്പിച്ചു” - പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ ഈ വര്‍ഷം പ്രസിദ്ധീകരിച്ച അലിയുടെ ആത്മകഥ– സികർ: ഇൻ ദ ലൈറ്റ് ആന്റ് ഷെയ്ഡ് ഓഫ് ടൈം ( Zikr: In the Light and Shade of Time )  ഇപ്രകാരമാണ് ആരംഭിക്കുന്നത്. 

രാജാവായിരുന്ന തന്റെ പിതാവിനെ കുറിച്ചുള്ള ഓര്‍മ്മകളിലൂടെ ആദ്യ ഭാഗത്ത് അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ചരിത്രം-- ബ്രിട്ടീഷ് ഭരണം, ജമീന്ദാരി സമ്പ്രദായത്തിന്റെ തകര്‍ച്ച, സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യ--അവതരിപ്പിക്കുന്നു. അക്കാലത്തെ സാധാരണ താലൂക്ദാർമാരിൽ നിന്നു വളരെ വ്യത്യസ്തനായിരുന്നു പിതാവ്. മുസ്‌ലിംകളോട് ചേർന്നു നിൽക്കുന്ന ഒരു മുസ്‌ലിം പ്രഭുവായി അദ്ദേഹത്തിന് ഒരിക്കലും നിലകൊള്ളാൻ കഴിഞ്ഞില്ല. എഡിൻബർഗിലെ വിദ്യാഭ്യാസം അദ്ദേഹത്തെ വളരെ തുറന്ന മനസ്സുള്ളവനാക്കി. സ്‌കോട്ട്‌ലൻഡിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹം ആഡംബര ജീവിതശൈലി ഉണ്ടായിരുന്നിട്ടും അധഃസ്ഥിതരോട് അഗാധമായ അനുഭാവത്തിലായിരുന്നു. കര്‍ഷകര്‍ക്കായി അദ്ദേഹം ഒരു പാർട്ടി രൂപീകരിക്കുകയും പാർട്ടിക്ക് വേണ്ടി ഒരു ഗാനം എഴുതുകയും ചെയ്തു.  ഇന്ത്യൻ ഹ്യൂമനിസ്റ്റ് യൂണിയൻ എന്ന അനൗപചാരിക ഗ്രൂപ്പിന്റെ നേതൃത്വം പിതാവിനായിരുന്നു. ഈ ഗ്രൂപ്പ് ലഖ്‌നൗവിലെ ഖൈസർ ബാഗിൽ മാസത്തിലൊരിക്കൽ യോഗം ചേരുകയും ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ആശയങ്ങൾ ചർച്ച ചെയ്തു എന്നുമാണ് അലി എഴുതുന്നത്‌. ഇംഗ്ലീഷ് സാവിൽ റോ സ്യൂട്ടുകളും വരയുള്ള സിൽക്ക് ഷർട്ടുകളും ധരിച്ചിരുന്ന അദ്ദേഹം 1947-ന് ശേഷം ഇന്ത്യയിലെ തുണിമില്ലുകൾ ദേശസാൽക്കരിക്കുന്ന ദിവസം വരെ കൈകൊണ്ട് നെയ്ത ഖാദി വസ്ത്രങ്ങൾ അല്ലാതെ മറ്റൊന്നും ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു. അദ്ദേഹത്തിനു നെഹ്രു മുതലായ ദേശീയ നേതാക്കളുമായി നല്ല ബന്ധമുണ്ടായിരുന്നു. മാനുഷിക മൂല്യങ്ങളും ആശയങ്ങളും ഉള്ള ഒരു മനുഷ്യൻ എന്ന നിലയിൽ നെഹ്‌റു അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു. പല കാര്യങ്ങളിലും അദ്ദേഹം നെഹ്രുവിനോടു വിയോജിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മതേതര ആശയങ്ങളെ പിതാവ് ബഹുമാനിച്ചിരുന്നു. നെഹ്‌റുവിനെ കാണാൻ അദ്ദേഹം പലപ്പോഴും ഡൽഹിയിൽ പോകുമായിരുന്നു. 1962-ൽ ഒരിക്കൽ, അലി തന്റെ രണ്ടാനമ്മയുടെ മകളായ കനൈസിനോടൊപ്പം അദ്ദേഹത്തെ അനുഗമിച്ചു. 

"ഞാൻ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എല്ലാത്തിനും പിന്നിലെ പ്രേരകശക്തി കവിതയാണ്. കവിത എന്നെ നയിക്കുന്നു. കവിത എന്നതു താളവും സന്തുലിതാവസ്ഥയുമാണ്; അത് എന്റെ സൃഷ്ടികളുടെ  സത്തയാണ്." ആത്മകഥയിലെ ഒരദ്ധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്. കുട്ടിക്കാലത്ത്  ലഖ്‌നൗവിലെ കവികളെ അലി പിന്തുടർന്നിട്ടുണ്ട്. അർസൂ, ഫിറാഖ് ഗോരഖ്പുരി, ജോഷ് മലിഹാബാദി പോലുള്ള കവികള്‍. പഠിക്കാനായി അലിഗഢിലേക്ക് പോയപ്പോള്‍ ഷഹ്രിയാർ, ഖലീൽ-ഉർ-റഹ്മാൻ ആസ്മി  മുതലായ കവികളുടെ പുതിയ മേഖലയിലേക്കു അദ്ദേഹം കടന്നു. പിന്നെ ഫൈസ്. സൂഫി കവികളില്‍ അമീർ ഖുസ്രോ, റൂമി, ഹസ്രത് ഷാ നിയാസ് എന്നിവര്‍.

കവിതയോടും സംഗീതത്തോടുമുള്ള പ്രണയം അലിയുടെ സിനിമകളിലെ ഗാനങ്ങളിലും കാണാം. ഗമന്‍ എന്ന ആദ്യ സിനിമയുടെ സംഗീതം ജയ്‌ദേവ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കവിതകൾ എഴുതിയിരിക്കുന്നത് പ്രശസ്ത ഉര്‍ദു കവികളായ ഷഹ്രിയാർ (അഖ്‌ലാഖ് മുഹമ്മദ് ഖാൻ), മഖ്ദൂം മൊഹിയുദ്ദീൻ (അബു സയീദ് മുഹമ്മദ് മഖ്ദൂം മൊഹിയുദ്ദീൻ ഖുദ്രി) എന്നിവരാണ്. ഹൈദരാബാദിൽ പ്രോഗ്രസീവ് റൈറ്റേഴ്‌സ് യൂണിയൻ സ്ഥാപിക്കുകയും സഖാവ് അസോസിയേഷനിലും (Comrades Association) കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ സജീവ പ്രവര്‍ത്തകനുമായിരുന്നു മഖ്ദൂം മൊഹിയുദ്ദീൻ. മുൻ ഹൈദരാബാദ് സംസ്ഥാനത്തെ നിസാമിനെതിരായ 1946-1947 തെലങ്കാന കലാപത്തിന്റെ മുൻനിരയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഗമനിലെ ഗാനങ്ങള്‍ക്കു സംഗീതം കൊടുക്കുക എന്ന ആവശ്യവുമായി അലി ജയ്ദേവിനെ കാണാൻ പോയപ്പോൾ, അദ്ദേഹത്തിന് ആശങ്കകള്‍ ഉണ്ടായിരുന്നു. ബോളിവുഡ് വാണിജ്യ സിനിമയുമായി ചെറിയ രീതിയില്‍ ബന്ധപ്പെട്ടവർ പോലും ആര്‍ട്ട് സിനിമകളെ ബഹുമാനിച്ചിരുന്നില്ല. ഈ സിനിമയിലെ ഗാനങ്ങള്‍ ഉണ്ടായിവന്നതിനെ കുറിച്ച് അലി വിശദമായി പ്രതിപാദിക്കുന്നുണ്ട്. സുരേഷ് വാഡ്കര്‍ ആലപിച്ച ‘സിനേ മെ ജലന്‍ ആംഖോമെ തൂഫാന്‍’, ഛായാ ഗാംഗുലി ആലപിച്ച ‘ആപ് കി യാദ് ആത്തി രഹി’, ഹരിഹരന്‍ ആലപിച്ച ‘അജീബ് സനേഹ മുജ്പര്‍’-- ഈ സിനിമയിലെ ഗാനങ്ങൾ ഇന്നും ഗാനപ്രിയരെ ആകര്‍ഷിക്കുന്നു. 

കവിതയോടുള്ള പ്രേമം ഈ ആത്മകഥയിലും തെളിഞ്ഞു കാണാം. ഈ പുസ്തകത്തില്‍ അദ്ദേഹം കവിതകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഉര്‍ദുവിൽ നിന്നും പേര്‍ഷ്യനിൽ  നിന്നും അദ്ദേഹം തന്നെയാണ് കവിതകള്‍ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയത്. 17 അദ്ധ്യായങ്ങളുണ്ട് പുസ്തകത്തില്‍. ഓരോ അദ്ധ്യായവും ആരംഭിക്കുന്നതു കവിതയിലാണ്. തുടക്കം മിർസ ഗാലിബിന്റെ വരികളിൽ. റൂമി, ഫൈസ് അഹമ്മദ് ഫൈസ്, റാഹി മാസൂം റാസ– അറിയപ്പെടുന്നവരും അത്ര പരിചയം ഇല്ലാത്തവരുമായ ധാരാളം പേരുടെ കവിതകള്‍. ചില അദ്ധ്യായത്തില്‍ കവിതകൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. 

muzaffar-ali-movies
Photo Credit: Wikipedia

ഓരോ സിനിമയ്ക്കും അദ്ദേഹം ഓരോ അദ്ധ്യായം നീക്കിവച്ചിട്ടുണ്ട്. “ഗമൻ എന്ന സിനിമയുടെ ആശയം എനിക്ക് കിട്ടിയത് കൽക്കത്തയിൽ നിന്നാണ്, അതിന്റെ പ്രചോദനം അലിഘറിൽ നിന്നും അതിന്റെ ആത്മാവ് അവധിന്റെ ഹൃദയത്തിൽ നിന്നും അതിന്റെ പാലറ്റ് എന്റെ പെയിന്റിംഗുകളിൽ നിന്നും. സിനിമയുടെ ഓരോ ഫ്രെയിമും മനസ്സിൽ രൂപപ്പെട്ടതുപോലെ ഞാൻ വരച്ചു”. ഉത്തര്‍ പ്രദേശിലെ ഒരു ഗ്രാമത്തിൽ  നിന്ന് രോഗിണിയായ അമ്മയെയും ഭാര്യയേയും ഉപേക്ഷിച്ച് ജോലി തേടി മുംബൈയില്‍ എത്തുന്ന  ഗുലാം ആണ് സിനിമയിലെ പ്രധാന കഥാപാത്രം. തന്റെ കൂട്ടുകാരന്റെ സഹായത്തോടെ  ടാക്സികൾ വൃത്തിയാക്കുന്ന ജോലി അയാള്‍ക്ക് ലഭിക്കുന്നു. ഗുലാം പിന്നീട് ഡ്രൈവിംഗ് പഠിക്കുകയും ടാക്സി  വാടകയ്ക്ക് എടുത്ത് ഓടിക്കുകയും ചെയ്യുന്നു. എത്ര ശ്രമിച്ചിട്ടും ഗ്രാമത്തിലെ കുടുംബത്തെ സന്ദർശിക്കാൻ ആവശ്യമായ പണം സമ്പാദിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. 

പത്തൊൻപതാം നൂറ്റാണ്ടിൽ ലഖ്‌നൗവിൽ ജീവിച്ചിരുന്ന കൊട്ടാരം നര്‍ത്തകിയും കവിയുമായിരുന്ന ഉമ്രാവ് ജാനിന്റെ ജീവിതം ആസ്പദമാക്കിയാണ് ഉമ്രാവ് ജാന്‍ എന്ന സിനിമ. അവരുടെ കവിതകളിലൂടെയും, ഗസലുകളിലൂടെയുമാണ്‌ അവരുടെ അനുഭവങ്ങൾ സൗന്ദര്യത്തിന്റെ ആവിഷ്കാരങ്ങളായി വിവർത്തനം ചെയ്യപ്പെടുന്നത്. 

“ചരിത്രത്തിൽ നിന്ന് സെല്ലുലോയിഡിലേക്കുള്ള യാത്ര വളരെ മടുപ്പിക്കുന്നതായിരുന്നു, അതേ സമയം മനോഹരവുമായിരുന്നു. ഉംറാവു ജാൻ ജനിച്ചത് ഒരു ചിത്രകാരന്റെ മനസ്സിലാണ്, ഗൃഹാതുരത്വത്തിന്റെയും സ്വപ്നത്തിന്റെയും കൂടിച്ചേരൽ. ബോംബെ സിനിമാ സംഗീത രംഗം വളരെ ശക്തമായിരുന്നു. അതിൽ റൊമാന്റിക് ചലച്ചിത്ര സംവിധായകർ, മികച്ച കവികൾ, ഏറ്റവും കഴിവുള്ള സംഗീത സംവിധായകർ, ആത്മാവിനെ സ്പർശിക്കുന്ന ശബ്ദങ്ങളും ഉണ്ടായിരുന്നു.  ക്ലാസിക്, നാടോടി പാരമ്പര്യങ്ങളുടെ ശീലുകള്‍ ഉപയോഗിച്ചുള്ള മനോഹര ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഉമ്രാവു ജാനു വേണ്ടി, ലക്‌നൗവിലെ ഒരു കൊട്ടാരം നര്‍ത്തകിയുടെ ബോളിവുഡ് അച്ചിൽ വീഴാത്ത ഒരു മ്യൂസിക്കൽ ട്രാക്ക് സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം. ഷഹ്ര്യാർ എഴുതി ഖയ്യാം ഈണം പകര്‍ന്ന മനോഹര ഗാനങ്ങള്‍ അങ്ങനെ പിറന്നു”.

തന്റെ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തിയ സാഹചര്യങ്ങൾ അലി വിവരിക്കുന്നുണ്ട്. "ഞാൻ തിരിഞ്ഞുനോക്കുമ്പോൾ, ഗമനിലെ ഗുലാം എന്നാ കഥാപാത്രമായി ഫറൂഖ് ഷെയ്ഖിനെ അല്ലാതെ മറ്റാരെയും കാണാൻ കഴിയില്ല”. തിരഞ്ഞെടുപ്പുകളും നിർദ്ദേശങ്ങളും ഉണ്ടായിരുന്നു. ഡോ. രാഹി മസൂം റാസയിലൂടെ അമിതാഭ് ബച്ചനെ സമീപിച്ച കാര്യം അലി വിവരിക്കുന്നുണ്ട്. കല്‍ക്കത്തയിലെ ജീവിതത്തിനിടയിൽ അലിക്ക് ബച്ചനുമായി പരിചയം ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചതിനു ശേഷം ബച്ചന്‍ പറഞ്ഞത് “മുസാഫർ, എനിക്ക്  ഇപ്പോൾ ഒരു വീര നായകന്‍റെ  ഇമേജ് ഉണ്ട്. എന്റെ പേരിൽ വലിയ തുക കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അതിനാൽ എനിക്ക് ഈ റിസ്ക് എടുക്കാൻ കഴിയില്ല”. പരീക്ഷിത് സാഹനിയായിരുന്നു തുടര്‍ന്ന് അലിയുടെ മനസ്സിൽ വന്നത്. അതും നടന്നില്ല. അപ്പോഴാണ്‌ ഗരം ഹവ എന്ന സിനിമയില്‍ ഫാറൂഖ് ഷെയ്ഖിനെ കാണുന്നത്. അങ്ങിനെയാണ് ആ റോളിന് ഷെയ്ഖിനെ തിരഞ്ഞെടുക്കുന്നത്. 

തന്റെ പൂര്‍ത്തീകരിക്കാത്ത സൂനി എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി അലി ദിലീപ് കുമാറിന്റെ കണ്ട കാര്യവും ഓര്‍ക്കുന്നുണ്ട്. “കുട്ടിക്കാലത്ത് ഞാൻ ബോളിവുഡ് സിനിമകൾ കണ്ടാണ്‌ വളര്‍ന്നത്‌. അവിടെ ദിലീപ് കുമാർ തീർച്ചയായും ഒരു അതികായനായിരുന്നു. കലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിന് അതിരുകൾ ഇല്ലായിരുന്നു”. ദിലീപ് കുമാറിന്റെ വീട്ടില്‍ അദ്ദേഹവും അലിയും താൻ വന്ന കാര്യം ഒഴികെ സൂര്യനു കീഴിലുള്ള മറ്റ് എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. യാത്ര പറയുമ്പോൾ അദ്ദേഹം അലിയോട് പറഞ്ഞു:‘ദിലീപ് കുമാർ’ എന്ന കൂട്ടിൽ താമസിക്കുന്നതാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. 

ഉമ്രാവ് ജാന്‍ എന്ന കഥാപാത്രമായി അഭിനയിച്ച രേഖയെ കണ്ടെത്തിയ സാഹചര്യം അലി ഇപ്രകാരം വിശദീകരിക്കുന്നു: “ഒരു ദിവസം, താജ്  ഹോട്ടലിലെ ഒരു ബാർബർ ഷോപ്പിൽ ഒരു മാസികയിൽ നിന്ന് ഒരു ജോടി കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ കണ്ടു. ഞാൻ മാഗസിൻ എടുത്തു. അത് ഉമ്രാവു ജാന്റെ നോട്ടമായിരുന്നു. അതെന്നെ ഞെട്ടിച്ചുകളഞ്ഞു. ആ കണ്ണുകൾ സുഭാഷിണിയെയും (അലിയുടെ ആദ്യ ഭാര്യയും ഉമ്രാവ് ജാനിന്റെ കോസ്റ്റ്യൂം ഡിസൈനറും) പ്രസാദിപ്പിക്കാൻ പ്രയാസമുള്ള ഷാമയെയും (ഷാമ സൈദി ഈ സിനിമയുടെ സ്ക്രിപ്റ്റില്‍ പങ്കാളിയാണ്) സ്‌പർശിച്ചു. ഖയ്യാം, ഷഹ്രിയാർ പിന്നെ നിര്‍മ്മാതാവായ എസ്.കെ. ജെയിന്‍ -- എല്ലാവരെയും വിജയ സാധ്യതയുള്ള ആ മുഖം വശീകരിച്ചു. ഈ സിനിമയുടെ അതേ പേരിലുള്ള റീമേക്കില്‍ (സംവിധാനം ജെ.പി. ദത്ത) ഐശ്വര്യ റായിയാണ്  ഉമ്രാവ് ജാനായി അഭിനയിച്ചത്. അവരുടെ ഉർദു ബോധത്തെക്കുറിച്ച് ഒരാൾ ജാവേദ് അക്തറിനോട് ചോദിച്ചപ്പോൾ സ്വതസിദ്ധമായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ മറുപടി  ഇപ്രകാരമായിരുന്നു:“ദൈവം നിങ്ങളെ സൗന്ദര്യത്താൽ അനുഗ്രഹിക്കുമ്പോൾ, ഉർദു സ്വാഭാവികമായി വരുന്നു”. അതുപോലെ ചിത്രീകരണത്തെയും മറ്റു പിന്നണി പ്രവര്‍ത്തനങ്ങളെയും കുറിച്ച് അലി  ദീര്‍ഘമായി എഴുതിയിട്ടുണ്ട്. ഇത് പലപ്പോഴും ബോളിവുഡിന്റെ പ്രവര്‍ത്തന രീതികളിൽ നിന്നു മാറിയ ഒരു സിനിമാക്കാരന്റെ ദുര്‍ഘട യാത്രകളുടെ വിവരണങ്ങളാണ്. 

സുഭാഷിണി അലിയ്ക്കു രേഖയെ മുമ്പ് പരിചയമുണ്ടായിരുന്നു. സുഭാഷിണിയുടെ കുടുംബത്തെ കാണാനായി രേഖ അവരുടെ വീട്ടിൽ പോകുമായിരുന്നു. സുഭാഷിണിയുടെ അമ്മയുടെ തറവാടിനെ കുറിച്ച് അലി Vadakath: A Tharawad in Kerala  എന്ന പേരില്‍  ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്യുകയുണ്ടായി. ഈ തറവാട്ടില്‍ വളരെ പ്രശസ്തരായ വ്യക്തികൾ  ഉണ്ടായിരുന്നു. സുഭാഷിണി, അവരുടെ അമ്മ സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യൻ നാഷണല്‍ ആര്‍മിയുടെ പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റൻ  ലക്ഷ്മി സൈഗാള്‍, അവരുടെ സഹോദരി മൃണാളിനി സാരാഭായി, അവരുടെ മകള്‍ മല്ലികാ സാരാഭായി, പിന്നെ സ്വാതന്ത്ര്യ സമരസേനാനിയും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കുട്ടിമാളു അമ്മ. അങ്ങനെ വളരെ ശക്തമായ ഈ തമിഴ് അന്തരീക്ഷത്തിൽ ഉത്തരേന്ത്യക്കാരിയായ ഉമ്രാവു ജാൻ സിനിമയായി ജനിക്കുകയായിരുന്നു.   

എണ്‍പതുകളിൽ കാശ്മീരിലേക്കുള്ള യാത്രകൾ അലിയെ സൂഫിസത്തിലേക്ക് ആകൃഷ്ടനാക്കി. പതിനേഴാം നൂറ്റാണ്ടിലെ ഹബ്ബാ ഖാത്തൂൺ എന്ന കശ്മീരി കവയിത്രിയിൽ ആകൃഷ്ടനായ അദ്ദേഹം അവരുടെ ജീവിതത്തെ ആസ്പദമാക്കി സൂനി എന്നൊരു സ്വപ്ന പദ്ധതിയ്ക്കു തുടക്കമിട്ടു. അന്നത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഡോ.ഫാറൂഖ് അബ്ദുള്ളയുമായി പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ അദ്ദേഹം പദ്ധതി അംഗീകരിച്ചു. ഗ്യാരന്റികളും മറ്റ് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് വിവിധ ബാങ്കുകളിൽ നിന്ന്  ഏഴ് ദശലക്ഷത്തിലധികം രൂപയുടെ വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ അദ്ദേഹത്തെ സഹായിച്ചു. പ്രധാന കഥാപാത്രങ്ങളായി ഡിംപിൾ കപാഡിയയെയും അവർക്കൊപ്പം വിനോദ് ഖന്നയെയും തെരെഞ്ഞെടുത്തു. 1988 മുതൽ നിർമ്മാണത്തിലിരിക്കുന്ന ഈ ചിത്രം 1990 ൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. ചില ഭാഗങ്ങള്‍ കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ചെങ്കിലും സായുധ തീവ്രവാദത്തിന്റെ തുടക്കം മുസാഫർ അലിയെ കാശ്മീര്‍ വിട്ടുപോകാന്‍ പ്രേരിപ്പിച്ചു. മറ്റൊരു കാരണം ഡോ. ഫാറൂഖ് അബ്ദുള്ളയുടെ സർക്കാർ അദ്ദേഹത്തെ രക്ഷിക്കാൻ ഉണ്ടായിരുന്നില്ല. 1989-ൽ മുടങ്ങിപ്പോയ ഈ സംരംഭത്തിന്റെ പേരിൽ വലിയ സാമ്പത്തിക ബാധ്യത അദ്ദേഹത്തിന് ഉണ്ടായി. 

സിനിമയില്‍ നിരവധി ഗാനങ്ങളുണ്ട്. ഇവയെല്ലാത്തിന്റെയും രചന ഷഹ്ര്യാറും സംഗീതം ഖയ്യാമും ആണ്. 

അലി പഠനത്തിൽ മിടുക്കനായിരുന്നില്ല, അതുപോലെത്തന്നെയായിരുന്നു സ്പോർട്സിലും. സ്കൂളിൽ പഠിക്കുന്ന സമയത്ത് അലി സ്കെച്ചുകളും ചിത്രങ്ങളും വരയ്ക്കുമായിരുന്നു. പിന്നീട് ജോലി കിട്ടി കൊൽക്കത്തയിലേക്ക് പോയപ്പോൾ അദ്ദേഹം ചിത്രകലയെ കൂടുതൽ ഗൗരവത്തോടെ സമീപിക്കുകയും 1968-ൽ ഗ്യാലറി ഓഫ് ഫൈൻ ആർട്ട്സിൽ തന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു. “എനിക്ക് സ്വപ്നങ്ങളില്‍ പോലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു ലോകം കൽക്കട്ട തുറന്നു തന്നു” എന്നാണ് അലി പറയുന്നത്. അലി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ കലാസംവിധായകനും വൈസ് ചെയർമാനുമായിരുന്നു സത്യജിത് റായ്. സിനിമയുടെ സംസ്‌കാരത്തിലേക്ക് അദ്ദേഹം അലിയുടെ മനസ്സ് തുറന്നു. ഈ അന്തരീക്ഷം അലിയെ ചിത്രങ്ങള്‍ വരയ്ക്കാൻ പ്രേരിപ്പിച്ചു.“ഈ മാധ്യമത്തിൽ ഞാൻ ശക്തനായിത്തീര്‍ന്നു. അലിഗഡിന്റെ കവിത എന്നിലൂടെ സംസാരിക്കാൻ തുടങ്ങിയതായി എനിക്ക് തോന്നി–പ്രത്യേകിച്ചും റാഹിയുടേയും  ഫൈസിന്റെയും കവിതകൾ. അക്കാലത്ത് വരച്ച ചിത്രങ്ങള്‍  അക്കാദമി ഓഫ് ഫൈൻ ആർട്ടിൽ പ്രദര്‍ശിപ്പിക്കുകയുണ്ടായി. 

ഇതിന്റെ തുടര്‍ച്ചയാണ് അലിയുടെ കാറുകളെ കുറിച്ചുള്ള ചിത്രങ്ങൾ (Automotive painting). അലിയുടെ സ്വതസിദ്ധമായ അമൂർത്ത ശൈലിയിലാണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഡെലേജ്, ബെന്റ്‌ലി, റോൾസ് റോയ്‌സ് തുടങ്ങിയ ക്ലാസിക് കാറുകളുടെ ഈ പെയിന്റിംഗുകൾ വിന്റേജ് ഓട്ടോമൊബൈലുകളുടെ രൂപകൽപ്പനയുടെയും വിശദാംശങ്ങളുടെയും തെളിവാണ്.“എന്റെ ചെറുപ്പത്തില്‍  ഈ കാറുകളുടെ കഥകൾ കേട്ടും ചിത്രങ്ങള്‍ കണ്ടുമാണ്‌ വളര്‍ന്നത്‌. അറുപതുകളിലും എഴുപതുകളിലും  തകർന്ന വീടുകളിൽ ഉപേക്ഷിക്കപ്പെട്ട യന്ത്രങ്ങളായി മാറിയ കാറുകളെ ഞാൻ കണ്ടു. ഞാൻ വരച്ച ഓരോ കാറും ഇപ്പോൾ ഒരു പുതിയ ഭാവി കണ്ടെത്തുന്ന മഹത്തായ ഭൂതകാലത്തിന്റേതാണ്.  ഇത് എന്റെ ജ്യാമിതി ഡിസൈൻ ശ്രേണിക്ക് ഒരു പുതിയ വിപുലീകരണം നൽകി. എനിക്ക് വീണ്ടും ഒരു കുട്ടിയെ പോലെ തോന്നി” – അലി എഴുതി.  

അലിയുടെ ഓട്ടോമൊബൈല്‍ പെയിന്റിങ്ങുകളെ  ലാൻഡ്‌സ്‌കേപ്പിലെ കാറുകളുടെ സൗന്ദര്യം, കാറുകളിലൂടെ ലാൻഡ്‌സ്‌കേപ്പിന്റെ അനുഭവം എന്ന് വിശേഷിപ്പിക്കാം. ഒരു കലാകാരൻ തന്റെ കലയെ ഈ രീതിയിൽ കാറുകളെ വരയ്ക്കാന്‍ ഉപയോഗിക്കുമ്പോൾ മാന്ത്രികത ചിറകു വിരിക്കുന്നു. “ഒരു കാറിന്റെ  മിക്കവാറും എല്ലാ അവതാരങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. ഈ പെയിന്റിംഗുകൾ എന്റെ പിതാവിന്റെ സ്മരണയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്“ – എന്ന് അലി പറയുന്നു.  ഈ ചിത്രങ്ങളെ Metaphors in Metal എന്ന പേരില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

കൊല്‍ക്കത്തയിൽ നിന്ന് അലി പുതിയ ജോലിയില്‍ പ്രവേശിക്കാനായി ഡല്‍ഹിയിലേക്ക് പോയി. അവിടെ എ.എസ്‌.പി. എന്ന പരസ്യ കമ്പനിയിലെ ഹ്രസ്വകാല ജീവിതം പരസ്യത്തിലും കലയിലും ഒരു പുതിയ കാഴ്ചപ്പാട് നൽകി. അക്കാലത്ത് പല ചിത്രകാരന്മാരും ഡൽഹിയിൽ താമസമാക്കാന്‍ തുടങ്ങിയിരുന്നു, അങ്ങനെ നഗരം ആധുനിക കലയുടെ കേന്ദ്രമായി മാറി. തയ്യബ് മേത്ത, എം എഫ് ഹുസൈൻ എന്നിവരുൾപ്പെടെ അവരിൽ പലരുമായും അലി  അടുത്ത ബന്ധം പുലർത്തി.  

muzaffar-ali1
മുസാഫർ അലി, Photo Credit: MuzaffarAli/Twitter

“എന്തിനാണ് എന്റെ കാലുകൾ എന്നെ അവസാനമില്ലാത്ത വഴികളിലേക്ക് വലിക്കുന്നത് എന്ന് എനിക്കറിയില്ല”. ഷഹ്ര്യാറിന്റെ ഈ വരികളിലാണ് ഒരു അദ്ധ്യായം തുടങ്ങുന്നത്. ഡല്‍ഹിയിൽ നിന്ന് എയര്‍ ഇന്ത്യയിൽ ജോലി കിട്ടി അലി മുംബൈയിലേക്ക് പോയി. നരിമാന്‍ പോയിന്റിൽ കടല്‍ നോക്കി നില്‍ക്കുന്ന ചെറിയ അപ്പാർട്ട്‌മെന്റ് ചിത്രം വരയ്ക്കാൻ  ഏറ്റവും പ്രചോദനം നൽകുന്നതായിരുന്നു. 1972-ൽ, പണ്ടോൾ ആർട്ട് ഗാലറിയിൽ അലി തന്റെ  കൊളാഷുകളുടെ ഒരു പ്രദർശനം നടത്തി, ഭാഗ്യവശാൽ, അവയിൽ പലതും വിറ്റു. അതൊരു പുതിയ അദ്ധ്യായത്തിന്റെ തുടക്കമായിരുന്നു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. എയർ ഇന്ത്യയിലെ ജോലി അദ്ദേഹത്തെ മഹാരാഷ്ട്രയിലെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചു. അദ്ദേഹം ബോംബെയെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി - ആളുകൾ, അവരുടെ ജീവിതം, അവരുടെ ആവാസവ്യവസ്ഥ, അവരുടെ സംസ്കാരം.“ഇത് വളരെ വ്യത്യസ്തമായ വീക്ഷണ കോണ്‍ തരുന്നു. ഇത് ബോളിവുഡ് പ്രൊജക്റ്റ് ചെയ്യുന്നതിനു തികച്ചും വിപരീതമാണ്, ലോകത്തിന്റെ കണ്ണിൽ ഒരുപാട് ഇന്ത്യകൾ ഉണ്ടായിരുന്നു. ഞാൻ ഏത് ഇന്ത്യക്കാരനാണെന്ന് എനിക്ക് പലപ്പോഴും ആശയക്കുഴപ്പമുണ്ടായിരുന്നു” – അലി എഴുതി.  

“എന്റെ ഉള്ളിലെ സർഗ്ഗാത്മക ആവാസവ്യവസ്ഥ ഒരു വലിയ മാറ്റത്തിലൂടെ കടന്നുപോവുകയായിരുന്നു. എന്റേത് പോലുള്ള സിനിമകൾക്ക്  ബോളിവുഡ് സംസ്കാരത്തിനിടയില്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ പെയിന്റിംഗ് എന്നെ ആവിഷ്കരിക്കാനുള്ള  ഒരു മാർഗമായി മാറി. അത് വളരെ ജൈവികമായും സ്വാഭാവികമായും സംഭവിച്ചു. ബോളിവുഡ് ഒരു സ്വതന്ത്ര മനസ്സിന്, സ്വപ്ന ജീവിക്ക് പറ്റിയ സ്ഥലമല്ല. വിജയിച്ച ആളുകൾക്ക് മാത്രമുള്ള സ്ഥലമാണിത്. മറ്റുള്ളവർ ഏകാന്തതയിലും ദാരിദ്ര്യത്തിലും മരിക്കുന്നു. മരിക്കുമ്പോൾ മാത്രമാണ് നിങ്ങൾ ഇതിഹാസമാകുന്നത്. അപ്പോൾ തങ്ങളുടെ ആദരവ് അർപ്പിക്കാൻ വെള്ള വസ്ത്രം ധരിച്ച് അവര്‍ ശ്മശാനത്തിൽ എത്തുന്നു” – അലി ഇപ്രകാരം എഴുതി. സിനിമയ്ക്കും കലയ്ക്കും വേണ്ടി തന്റെ സമയം പൂർണ്ണമായും നീക്കിവയ്ക്കാൻ അദ്ദേഹം പത്തു വർഷത്തിനു ശേഷം, എയർ ഇന്ത്യയില്‍നിന്നു ജോലി രാജിവച്ചു. 

ഗമന്‍ പോലെയുള്ള ഫീച്ചർ സിനിമകള്‍ക്കു പുറമേ ആഗമന്‍, അഞ്ജുമന്‍ എന്നീ ഫീച്ചര്‍ സിനിമകളും അലി സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ  നിരവധി ടെലിവിഷൻ സീരിയലുകൾ, ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ എന്നിവയും. 1991-ൽ അദ്ദേഹം കൊട്‌വാരയിലെയും ലക്‌നൗവിലെയും തന്റെ വേരുകളിലേക്കു തിരിച്ചുപോയി കൊട്‌വാര വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കരകൗശലത്തിലൂടെ എംപ്ലോയ്മെന്റ് അറ്റ് ഡോർസ്റ്റെപ്പ് മൂവ്മെന്റ് ത്രൂ ക്രാഫ്റ്റ് (Employment at Doorstep movement through craft) എന്ന പ്രസ്ഥാനം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ വാസ്തുശില്പിയായ ഭാര്യ മീര അലിയ്‌ക്കൊപ്പം അവരുടെ അന്താരാഷ്ട്ര  ബ്രാൻഡായ ഹൗസ് ഓഫ് കൊട്‌വാരയും സ്ഥാപിച്ചു. 

അതിരുകളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്ന  കാഴ്ചപ്പാടോടെയുള്ള 2001-ൽ സ്ഥാപിതമായ ഡൽഹി ആസ്ഥാനമായുള്ള റൂമി ഫൗണ്ടേഷന്റെ തലവനും അലിയാണ്. ഈ സ്ഥാപനം എല്ലാ വര്‍ഷവും ലോക സൂഫി സംഗീതോത്സവമായ ജഹാൻ-ഇ-ഖുസ്രു സംഘടിപ്പിക്കുകയും ചെയ്യുന്നു. പ്രശസ്‌ത ഇറ്റാലിയൻ ഛായാഗ്രാഹകൻ വിറ്റോറിയോ സ്‌റ്റോറാരോയ്‌ക്കൊപ്പം റൂമിയെക്കുറിച്ച് ഒരു അന്താരാഷ്ട്ര സിനിമ സംവിധാനം ചെയ്യാനുള്ള അലിയുടെ പദ്ധതികൾ കാസ്റ്റിംഗ് തടസ്സങ്ങൾ കാരണം പുരോഗമിച്ചില്ല. "താരങ്ങള്‍ക്കൊപ്പം പ്രവർത്തിക്കുന്നത് എന്നെപ്പോലുള്ള സ്വപ്നാടകരെ  സ്വപ്നം കാണാൻ അനുവദിക്കില്ല" എന്ന് അദ്ദേഹം പറയുകയുണ്ടായി. മറ്റൊരു പദ്ധതിയായ വാജിദ് അലി ഷാ ഫെസ്റ്റിവൽ, കഥക്, തുംരി, കൃഷ്ണ ഭക്തി എന്നിവയെ അവധിലെ സമ്പന്നമായ സൂഫി പാരമ്പര്യവുമായി സംയോജിപ്പിച്ച് എല്ലാവര്‍ഷവും അവതരിപ്പിക്കുന്നു. 

1998-ൽ ലക്‌നൗ പാർലമെന്റ് മണ്ഡലത്തിൽ വാജ്‌പേയിക്കെതിരെ അലി മത്സരിച്ചു. അതുപോലെ എന്‍.ഡി. തിവാരിക്ക് എതിരെയും അദ്ദേഹം മത്സരിക്കുകയുണ്ടായി. ഈ പുസ്തകത്തിലൂടെ പല മേഖലകളിൽ  പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ചിത്രം ചുരുൾ  അഴിഞ്ഞു വരുന്നു. 

സീനേ മെ ജലന്‍, ആഖോം മെ തൂഫാൻ എന്ന ഗമനിലെ പ്രശസ്ത ഗാനം ഗ്രാമത്തില്‍ നിന്ന് മുംബെയിലേക്ക് കുടിയേറിയ മനുഷ്യരുടെ മാത്രമല്ല എല്ലാ കുടിയേറ്റക്കാരുടെയും  ഉള്ളിലെ തീതന്നെയാണ്. (നെഞ്ചിനുള്ളിൽ എന്താണ് എരിയുന്നത്... കണ്ണുകളിലെ തീ... എന്തുകൊണ്ടാണ് ഈ നഗരത്തിലെ ഓരോ വ്യക്തിയും ഇത്ര വിഷമിക്കുന്നത്? ഈ സ്ഥലം എത്ര ഏകാന്തമാണ് സുഹൃത്തുക്കളെ, കണ്ണെത്താ ദൂരത്തോളം മരുഭൂമി). അക്കാലത്ത്  ഗമൻ  സിനിമയിലേതു പോലുള്ള ഒരു ലോകം ബോംബെയിൽ ഉദയം ചെയ്യുകയായിരുന്നു. എല്ലായിടത്തുമുള്ള  ആളുകളുടെ ഒഴുക്ക് നഗരത്തിന്റെ യഥാർത്ഥ സ്വഭാവത്തെ മാറ്റിമറിച്ചു. ഒരു മഹാനഗരത്തിന്റെ നിർമ്മാണം ഒരു സ്ഥലത്തിന്റെ അഴിച്ചുപണിയാണ്. സ്ഥലം ഓരോ വർഷവും പാളികളായി ഭീഷണി നേരിടുന്നു, ഓരോ വർഷവും അത് നഗരദൃശ്യത്തിന്റെ സൗന്ദര്യശാസ്ത്രത്തെ മാറ്റിമറിക്കുന്നു.“ഈ ദുരന്തത്തിന്റെ ഭീകരത ആളുകളെ മുഖമില്ലാത്തവരാക്കി മാറ്റുകയായിരുന്നു...നമ്മുടെ അനിവാര്യ വിധിയാണോ ഈ ഏകാന്തത?”

 

Content Summary:  Review of the Book- Zikr: In the Light and Shade of Time written by  Indian FilmMaker Muzaffar Ali 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com