മുണ്ടുടുത്തും മലയാളം പറഞ്ഞും ഓർമകളിലൂടെ നടക്കുന്നുണ്ട് ആഷർ; മലയാളി ആശിച്ച പരിഭാഷകൻ
Mail This Article
ലണ്ടൻ സർവകലാശാലയിലെ പഠനകാലത്ത് വി.കെ.കൃഷ്ണമേനോന്റെ പ്രഭാഷണങ്ങൾക്ക് അതീവ ശ്രദ്ധയോടെ ചെവിയോർത്തിരിക്കുമായിരുന്നു ആർ.ഇ.ആഷർ. മേനോന്റെ അതിമനോഹരമായ ആ ഇംഗ്ലിഷ് വാഗ്‌വിലാസം പിറവിയെടുത്ത കേരളം വർഷങ്ങൾക്ക് ഇപ്പുറം തന്റെ പ്രിയപ്പെട്ട എഴുത്തിടമായി മാറുമെന്ന് ആഷർ കരുതിയതേയില്ല. ബഷീറിന്റെയും തകഴിയുടെയും രചനകളുടെ ഹൃദയബന്ധുവായ വിവർത്തകനായാണ് ആഷർ കേൾവി കേട്ടതെങ്കിലും മുട്ടത്തു വർക്കിയുടെ കഥാപരിഭാഷയിലൂടെയാണ് ആഷറിന്റെ മലയാളപ്രവേശം.1969ൽ ലണ്ടനിൽനിന്ന് പ്രസിദ്ധപ്പെടുത്തിയ Keralam എന്ന പുസ്തകത്തിലാണ് ആ കഥ വന്നത്. എന്നാൽ ആഷർ കേരളത്തിലെത്തിയ കഥ മറ്റൊന്നാണ്. ബ്രിട്ടിഷ് സൈന്യത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരായിരുന്നു അന്ന് ലണ്ടൻ സർവകലാശാലയിൽ തമിഴ് ക്ലാസെടുത്തിരുന്നത്. താരതമ്യപഠനത്തിൽ ബദ്ധശ്രദ്ധനായിരുന്ന ആഷർ അവർക്കു ശിഷ്യപ്പെട്ടു. സംസാരഭാഷ പഠിക്കാൻ വൈകാതെ തമിഴ്നാട്ടിലെത്തി. ദ്രാവിഡഭാഷാഭംഗിയിൽ മുക്തനായ ആഷർ മലയാളത്തെയും ഇഷ്ടപ്പെട്ടുതുടങ്ങി. മദ്രാസ് സർവകലാശാലയിലെ കെ.എം.പ്രഭാകര വാരിയരാണ് ആഷറുടെ ആദ്യ മലയാളം മാഷ്. അറുപതുകളുടെ ആദ്യം ആഷറുടെ രണ്ടാംവരവിൽ കേരളത്തിൽ ആറു മാസമുണ്ടായിരുന്നു.