ആൽത്തറയിലെ മണ്ണിൽ വീണലിഞ്ഞു പോകുന്ന ഓർമകൾ
Mail This Article
അറുപതുകളിലും എഴുപതുകളിലും വടക്കു നിന്നു കൊച്ചിയിലേക്കെത്തുന്നവർക്കു പട്ടണത്തിന്റെ കവാടമായിരുന്നു കലൂർ, ആലുവ കഴിഞ്ഞു വരുന്ന ആദ്യത്തെ ബസ് സ്റ്റാന്റ്. ആ സ്റ്റാന്റിനു പുറകിൽ പട്ടണത്തിലെ കക്കൂസുകളിലെ വിസർജ്യങ്ങൾ കൊണ്ടു തള്ളുന്ന സ്ഥലം, എപ്പോഴും അമേദ്ധ്യം മണക്കുന്ന വിസർജ്യക്കൂന. ('അതിനുശേഷം രോഗീ ലേപനം' എന്ന നോവലിന്റെ ഭുമിക ഈ പാഴ്നിലത്തിന്റെ പരിസരങ്ങളിലാണ്) വടക്കുനിന്നു വരുന്നവർക്ക് 'മാതൃഭൂമി'യുടെ എറണാകുളം ഓഫീസ് കഴിഞ്ഞാൽ കലൂരിന്റെ ഗന്ധം അറിഞ്ഞു തുടങ്ങും.
മാതൃഭൂമി കെട്ടിടത്തിന്റെ പടിഞ്ഞാറേ അതിരിനോടു ചേർന്ന് വടക്കോട്ട് ഒരു വഴി പോകുന്നു, അശോക റോഡ് - അശോക എന്ന പേരിൽ ഒരു സി ക്ലാസ് സിനിമാ കൊട്ടക ആ വഴിയിലുണ്ട്. അതുവഴി ഒരു മൂന്ന് ഫർലോങ്ങ് പോയാൽ പാട്ടുപുരയ്ക്കൽ അമ്പലമായി. ഇനിയും മുന്നോട്ടു പോകുക, മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷന്റെ വീട്ടിലെത്തിച്ചേരാം. അതിനടുത്തു തന്നെ പ്രശസ്ത ചിത്രകാരനായിരുന്ന സി. എൻ കരുണാകരന്റെ സഹോദരൻ, ശ്രീധരന്റെ വീട് കാണാം, അവിടെ കരുണാകരൻ കുറേക്കാലം താമസിച്ചിരുന്നു. ചിന്ത രവി, പവിത്രൻ, ശ്രീരാമൻ തുടങ്ങി പ്രശസ്തരായ പലരും അക്കാലങ്ങളിൽ അവിടെ വരാറുമുണ്ടായിരുന്നു. ബൊഹേമിയൻ ജീവിതശൈലി സ്വീകരിച്ചിരുന്ന അവരിൽ ചിലർ ഒത്തുകൂടുമ്പോൾ കലാപമാണ്, പലയവസരങ്ങളിലും ഈ സമ്മേളനങ്ങൾ ഉന്മാദത്തിന്റെ അതിരുകൾ വരെയെത്തും. ചുറ്റുപാടുമുള്ള ചെറുപ്പക്കാർക്ക് ഈ കാഴ്ചകൾ കൗതുകമായിരുന്നു, ചില നാട്ടുകാർക്ക് അതത്ര സുഖിച്ചിരുന്നില്ലെന്നു മാത്രം.
തിരിച്ചു വരട്ടെ, പറയാൻ വന്നത് പാട്ടുപുരയ്ക്കൽ അമ്പലത്തെ പറ്റിയാണ്. അത്ര വലുതൊന്നുമല്ലാത്ത ഒരമ്പലം, പല അമ്പലങ്ങൾക്കുമുള്ളതുപോലെ അമ്പലവളപ്പിൽ ഒരാലും ആൽത്തറയും. ആ ആൽത്തറയിലായിരുന്നു നേരം ഇരുട്ടിത്തുടങ്ങിയാൽ മൈക്കിളിന്റെ ഇരുപ്പ്, കൈയ്യിലൊരു കത്തി, ഉള്ളിൽ കഞ്ചാവിന്റെ തിളയ്ക്കുന്ന പുക, നാവിൽ ഒഴിയാതെ അസഭ്യം, ആ വഴിയെ പോകുന്നവർക്കെല്ലാം അത് ലോഭമില്ലാതെ കിട്ടും. എന്നാൽ മൈക്കിൾ ഒരിക്കലും ആരേയും ഉപദ്രവിച്ചില്ല, ആരും മൈക്കിളിനേയും, അയാളുടെ ചീത്ത വിളികൾ കേട്ട് അതുവഴി കടന്നു പോകുന്നവർക്ക് മുഖത്ത് ഒരു പുഞ്ചിരിയാണ്.
സന്ധ്യയ്ക്കു മുമ്പേ, മൈക്കിളെത്തുന്നതിനും മുമ്പേ, മറ്റൊരാൾ ആ ആൽത്തറയിൽ വന്നിരിക്കും, അമ്പലത്തിൽ വരുന്ന കൂട്ടുകാരുമായി കൊച്ചുവർത്തമാനം പറയും, ഇരുട്ട് വീഴും മുമ്പേ വീട്ടിലേക്കു മടങ്ങും. ഒരു പട്ടാളക്കാരൻ, മേജർ എന്നാണ് നാട്ടുകാർ വിളിക്കുക. എല്ലാ വിരമിച്ച പട്ടാളക്കാരേയും പോലെ വീരകഥകൾ മേജറും പറയും, പട്ടാളകഥകൾ കേൾക്കുന്ന എല്ലാവരേയും പോലെ അന്നാട്ടുകാരും രസിച്ചതായി നടിക്കും, രസിച്ചില്ലെങ്കിൽ പോലും.
ആ ദിവസവും മേജറിന്റെ കഥകൾ അവർ കേട്ടിരിക്കുന്നുണ്ട്, പതിവില്ലാതെ മേജർ ഇടയ്ക്കിടെ കഥ നിർത്തി ശ്വാസമെടുക്കുന്നുമുണ്ട്, അതെന്തെന്നു കേൾവിക്കാർക്കു മനസ്സിലാകുന്നില്ല. കഥയുടെ പോക്കിന്റെ ഒരു തിരിവിൽ, മേജറിനും സംശയമായി, പറഞ്ഞു കൊണ്ടിരിക്കുന്ന കഥ സത്യം തന്നെയോ എന്ന്. അയാൾ കഥ നിർത്തി ശ്വാസമെടുത്തു. വീണ്ടും സംശയമായി, താനെവിടെയാണെന്ന്, അയാൾ ചുറ്റും നോക്കി, വീണ്ടും ശ്വാസമെടുത്തു. പിന്നെയും സംശയം, താനാരാണെന്ന്. ഒരു വട്ടം കൂടി ശ്വാസം നീട്ടി വലിച്ചു. ഒഴിഞ്ഞു പോകുന്ന ഓർമ്മകൾ അയാളിൽ തണുപ്പ് നിറച്ചു, ആ തണുപ്പിൽ ഒന്നും പറയാതെ, ഒന്നും കാണാതെ, മേജർ വെറുതെ ഇരുന്നു. അപ്പോഴും ഇരുട്ട് വീണിരുന്നില്ല, മൈക്കിൾ എത്തിയിരുന്നുമില്ല.
എം. കെ. പ്രസാദ്, പ്രശസ്ത പരിതസ്ഥിതി വാദി - അദ്ദേഹവും സമാനമായ ഒരു കഥ മുമ്പൊരിക്കൽ പറഞ്ഞിരുന്നു. കോവിഡിന്റെ ബാക്കിപത്രമായി സ്വന്തം ജീവൻ 2022 ജനുവരിയിൽ, തീർന്നു പോകുന്നതിനു മുമ്പ് പ്രസാദ് ഒരഭിമുഖത്തിൽ പറഞ്ഞതാണാ കഥ. ഒരു യാത്രയിലായിരുന്നു അദ്ദേഹം, വിമാനത്തിലാണു യാത്ര. വിമാനത്തിനുള്ളിലെ ദീർഘവൃത്താകൃതിയിലുള്ള അന്തരീക്ഷത്തിന്റെ വീർപ്പുമുട്ടലിൽ അദ്ദേഹത്തിനു ഭൂതകാലം നഷ്ടമായി, ആരെന്നോ, എന്തെന്നോ, എവിടെയെന്നോ, എങ്ങനെയെന്നോ, എങ്ങോട്ടെന്നോ എന്നില്ലാത്ത ഒരു വർത്തമാനകാലം മാത്രം ബാക്കിയാക്കിക്കൊണ്ട്.
പിന്നെയെപ്പോഴോ പ്രസാദിന് അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങൾ തിരിച്ചു കിട്ടി, 89 വയസ്സു വരെ, വിടാതെ കൂടെ നിന്നു.
നഷ്ടപ്പെട്ടു പോയ ഓർമ്മകൾ, ഒരു ഞൊടിനേരത്തേയ്ക്കാണെങ്കിൽ പോലും, തിരിച്ചുകിട്ടിയ ഒരു നടനുമുണ്ട്, അങ്ങ് ഹോളിവുഡിൽ, വില്ലി വോങ്ക എന്ന പേരുകേട്ടാൽ മനസ്സിലെത്തുന്ന ആ മുഖത്ത് എപ്പോഴും കുസൃതിയുണ്ടാകും, തിരക്കഥകൾ എഴുതിയിട്ടുണ്ട് അദ്ദേഹം, സംവിധാനം ചെയ്തിട്ടുമുണ്ട്, എമ്മി അവാർഡ് ജേതാവുമാണ്, പേര് ജീൻ വൈൽഡർ.
ഞാൻ ആദ്യം കാണുന്ന ജീൻ വൈൽഡർ ചിത്രം മെൽ ബ്രൂക്‌സ് സംവിധാനം ചെയ്ത Blazing Saddles എന്ന ഇരുണ്ട തമാശപ്പടം ആയിരുന്നു, വൈൽഡ് വെസ്റ്റ് ചിത്രങ്ങളുടെ ഒരു ഹാസ്യാനുകരണം (spoof). അതിന് മുമ്പേ വൂഡി അലന്റെ Everything you wanted to know about sex (but were afraid to ask) എന്ന ചിത്രം ഇറങ്ങിയിരുന്നു, എന്നാൽ നമ്മുടെ നാട്ടിൽ അന്നതു വന്നിരുന്നില്ല. ഹാസ്യത്തിന് ഒരു പുതിയ വ്യാഖ്യാനമായിരുന്നു ആ മെൽ ബ്രൂക്‌സ് ചിത്രം. അതിനുശേഷം കുറെയധികം വൈൽഡർ ചിത്രങ്ങൾ കണ്ടു, ആ ചിത്രങ്ങളെല്ലാം അദ്ദേഹത്തിനു ചിരിയുടെ ഒരു പ്രകാശവലയം തീർപ്പിച്ചു കൊടുത്തു, അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഒരു പുഞ്ചിരി കൊണ്ടുവരും എന്ന സ്ഥിതിയായി. എന്നാൽ 2016 ഓഗസ്റ്റ് ഇരുപത്തൊമ്പതാം തീയതി ലോകമറിഞ്ഞു, ഒടുവിലെ വർഷങ്ങളിൽ വൈൽഡർക്ക് നഷ്ടമായത് ആ ഓർമ്മകൾ തന്നെയാണെന്ന്. ഭൂതകാലമില്ലാത്ത ലോകത്ത് മൂന്ന് വർഷത്തോളം ജീവിച്ച ശേഷമാണ് ചുരുണ്ട സ്വർണ്ണത്തലമുടിയുള്ള ആ നടൻ കാലങ്ങളില്ലാത്ത ലോകത്തേക്കു പോയത്.
കൂടെ പറയാൻ ഒരു ഗവേഷണത്തിന്റെ കഥ കൂടിയുണ്ട്, 1997ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിന്റെ Cognition and Brain Sciences Unit ൽ നടന്ന ഒരു അന്വേഷണമായിരുന്നു അത്. അതിനെ കുറിച്ച് പറയുന്നതിനു മുമ്പ് അതാരെക്കുറിച്ചുള്ളതായിരുന്നു എന്ന് പറയണം. ജീൻ ഐറിസ് മർഡോക് ബ്രിട്ടനിൽ നിന്നു വന്ന എഴുത്തുകാരായ സ്ത്രീകളിൽ മുകളിലുള്ള സ്ഥാനങ്ങളിലൊന്നിന് അർഹതയുള്ളയാളാണ്. ബുക്കർ പ്രൈസ്, ഗോൾഡൻ പെൻ അവാർഡ്, ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് 'ഡെയിം' (Dame) സ്ഥാനം, Underground the Net, The Sea, The Sovereignty of Good തുടങ്ങിയ കൃതികൾ, ധാർമ്മികതയെ കുറിച്ചുള്ള പഠനങ്ങൾ, ഇതെല്ലാം അവർക്ക് ഒരു നാടിന്റെ, ലോകത്തിന്റെ തന്നെ ആദരവ് നേടിക്കൊടുത്തു. അതിനു പുറകെ വന്നതാണ് പീറ്റർ ഗറാർഡ്, ലിസ മലോണി, ജോൺ ഹോഡ്ജസ്, കാരലിൻ പാറ്റർസൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന, നേരത്തേ പറഞ്ഞ ഗവേഷണം. മർഡോക്കിന്റെ എഴുത്തിൽ വന്ന മാറ്റങ്ങളായിരുന്നു അതിന്റെ വിഷയം.
ഒരു നിമിഷം ആരുമൊന്നു സംശയിക്കും, തലച്ചോറിന്റെ വ്യവഹാരങ്ങളെ കുറിച്ചു പഠിക്കുന്നവർക്കു സാഹിത്യത്തിലെ ഭാഷയിൽ എന്തേ താൽപ്പര്യം? എന്നാൽ ഈ ഗവേഷകർ പഠിച്ചതു ഭാഷയുടെ സാഹിത്യ ഗുണത്തെ കുറിച്ചല്ല, ഭാഷയുടെ പ്രയോഗങ്ങളിൽ തലച്ചോറ് എന്തെല്ലാം വ്യതിയാനങ്ങളുണ്ടാക്കുന്നു എന്നാണവർ പരിശോധിച്ചത്. അവസാന നോവലായ Jackson's Dilemma യിലെത്തുമ്പോൾ മർഡോക്കിന്റെ ഭാഷാ സിദ്ധിയ്ക്കു കാര്യമായ ഉടവു പറ്റിയെന്ന് അവർ കണ്ടെത്തി, സമൃദ്ധമായിരുന്ന പദസമ്പത്ത് വറ്റിത്തുടങ്ങിയെന്നും. Jackson's Dilemma എഴുതി തീർത്ത് കാലമേറെ കഴിയും മുമ്പ് മർഡോക്കിന് ആൾസ്ഹൈമേഴ്‌സ് രോഗമുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഈ ഗവേഷണം "The effects of very early Alzheimer's disease on the characteristics of writing by a renowned author" എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. രോഗാവസ്ഥയിലുള്ള മർഡോക്കിന്റെ ജീവിതത്തെ കുറിച്ച് മറ്റൊരു പ്രബന്ധവും കൂടിയുണ്ട്, "Iris Murdoch--A Case Study of an Individual’s Tragic Battle with Alzheimer’s Disease" എന്ന പേരിൽ.
ഈ പഠനങ്ങൾ പുറത്തു വരുന്നതിനു പത്ത് വർഷം മുമ്പ്, 1987ൽ, ന്യൂ റിപ്പബ്ലിക് മാസികയിലെ ഒരു ലേഖനത്തിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു: "റീഗൺ ജരാഗ്രസ്‌തനാണോ?" (Is Reagan Senile? നമുടെ നാട്ടിലായിരുന്നെങ്കിൽ "റീഗണ് ചിന്നനോ?" എന്നായേനേ, ഒരുപക്ഷേ, തലക്കെട്ട്). അവർക്ക്, അവർക്ക് മാത്രമല്ല മറ്റു പലർക്കും, അക്കാര്യത്തിൽ സംശയമുണ്ടായിരുന്നു, അത്ര പരസ്യമായിരുന്നില്ല എന്ന് മാത്രം. റീഗൺ അന്നും അമേരിക്കൻ പ്രസിഡന്റാണ്, രണ്ടു കൊല്ലം കൂടി ആ സ്ഥാനത്തു തുടരുന്നുണ്ട് അദ്ദേഹം, 1989ൽ സ്ഥാനമൊഴിഞ്ഞ് അഞ്ചു കൊല്ലം കൂടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്മൃതിനാശം ഒരു രഹസ്യമല്ലാതായി. റീഗൺ അമേരിക്കയുടെ പ്രസിഡന്റായിരുന്ന കാലമത്രയും, അറ്റ്ലാന്റിക്കിനിപ്പുറം, ബ്രിട്ടനിൽ, പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ, ചർച്ചിലിനു ശേഷം ആ രാജ്യം കണ്ട ഏറ്റവും ശക്തയായിരുന്ന നേതാവ്. 1990 ൽ സ്ഥാനമൊഴിഞ്ഞ താച്ചർക്കു ഡിമെൻഷ്യയാണെന്നു തിരിച്ചറിഞ്ഞത് അവരുടെ മരണത്തിന് ഒരു വ്യാഴവട്ടക്കാലം മുമ്പ്, 2001ൽ.
വർത്തമാനകാലത്തിൽ നിന്ന് പുറകോട്ടുള്ള വഴികളെല്ലാം മാഞ്ഞു പോയവർ അങ്ങനെയെത്ര പേർ, എന്റെ സിനിമാഭ്രമത്തിൽ എനിക്കു കൂട്ടു വന്നവർ തന്നെ എത്രയെത്ര, ജെയിംസ് സ്റ്റിവാർട്ടിനെ പോലെ, ചാൾട്ടൺ ഹെസ്റ്റണെ പോലെ, ചാൾസ് ബ്രോൺസണെ പോലെ, റീറ്റ ഹെയ് വർത്തിനെ പോലെ, പീറ്റർ ഫോക്കിനെ പോലെ, ബർജസ് മെറഡിത്തിനെ പോലെ, റോബിൻ വില്യംസിനെ പോലെ, ഒമാർ ഷെറീഫിനെ പോലെ. ഓർമ്മയിൽ ചില ഭാരതീയരും കൂടെയുണ്ട്, രൺധീർ കപൂറിനെ പോലെ, ഇൻഡോ-ഇംഗ്ലീഷ് കവി നിസിം എസേക്കിയലിനെ പോലെ.
ജീൻ വൈൽഡർ വീണ്ടും മനസ്സിലേക്കെത്തുന്നു. ( 2016 ഓഗസ്റ്റ് 29), സ്റ്റാംഫഡ് കണക്റ്റിക്കട്ടിലെ വീട്, പാതിരാത്രിയായിക്കാണും, മുറിക്കുള്ളിലെ പുകമഞ്ഞു മൂടിയ വായു കാഴ്ചയെ കുറെയൊക്കെ മറയ്ക്കുന്നുണ്ട്. കട്ടിലിൽ തനിക്കരികിൽ, പാതിമയക്കത്തിലും തന്റെ കൈയ്യിൽ തലോടിക്കൊണ്ടിരിക്കുന്ന ഭാര്യയെ, ഓർമ്മകളെ പൊതിഞ്ഞു നിൽക്കുന്ന മാറാലകളെ ഭേദിച്ചു കൊണ്ട്, വൈൽഡർ സൂക്ഷിച്ചു നോക്കി, തലോടിക്കൊണ്ടിരിക്കുന്ന അവരുടെ വിരലുകളിൽ മറുകൈ കൊണ്ട് തൊട്ടു, എന്നിട്ട്, ദിവസങ്ങളായി നഷ്ടപ്പെട്ടു പോയിരുന്ന വാക്കുകളെ, പ്രയാസപ്പെട്ടാണെങ്കിലും തിരിച്ചുപിടിച്ചു കൊണ്ട് പറഞ്ഞു. "എനിക്കു നിന്നെ വിശ്വാസമാണ്," (I trust you), അങ്ങനെ മൂന്നു വട്ടം. തുടർന്ന്, മുറിയിലെ പാട്ടുപെട്ടിയിൽ നിന്ന് ചെറിയ ശബ്ദത്തിൽ കേൾക്കുന്ന, എലിയ ഫിറ്റ്സ്ജെറാൾഡ് പാടിയ, "മഴവില്ലിനപ്പുറം എവിടെയോ" (somewhere over the rainbow) എന്ന പാട്ട് ശ്രദ്ധിക്കാന്‍ തുടങ്ങി.
രണ്ടു ദിവസങ്ങൾക്ക് ശേഷം, ലോങ് റിഡ്ജ് യൂണിയൻ ശ്മശാനത്തിൽ, വൈൽഡറുടെ ശവസംസ്ക്കാര ചടങ്ങിൽ വച്ച് അദ്ദേഹത്തിന്റെ ഭാര്യ, കാരൻ, പറഞ്ഞു, "എനിക്ക് നിന്നെ വിശ്വാസമാണ്," ആ മൂന്ന് വാക്കുകളായിരുന്നു വൈൽഡറുടെ അവസാനത്തേതെന്നു. അന്ത്യാഭിവാദ്യം അർപ്പിക്കാൻ അന്നവിടെ കൂടിയിരുന്ന ഓരോരുത്തർക്കും തോന്നിയിരിക്കണം, മാറാലകൾക്കു പുറകിൽ നിന്ന് ആരോ തങ്ങളെ തുറിച്ചു നോക്കുന്നുണ്ടെന്ന്.
Content Summary: Varantha Column by Jojo Antony about People Losing Memories