ഉപ്പിന് പോകുന്നവർ എത്തിച്ചേരുന്നത് പറുദീസയിലാണ്
Mail This Article
ഭാഷാശാസ്ത്രം - അതോ ഭാഷാചരിത്രപഠനം എന്നാണോ? ഫിലോളജി ആണ് ഉദ്ദേശം, ലിംഗ്വിസ്റ്റിക്‌സ് അല്ല - രസകരമായ പല വിജ്ഞാനങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഭാരതീയവിജ്ഞാനത്തിൽ ആഴ്ന്ന ഗ്രാഹ്യമുണ്ടായിരുന്ന ജർമ്മൻ പണ്ഡിതൻ മാക്സ് മുള്ളറെ കുറിച്ച് നമുക്കറിയാം, അദ്ദേഹം ഭാഷാചരിത്രപഠനത്തിലും മതശാസ്ത്രത്തിലും (science of religion) ധാരാളമായി സംഭാവനകൾ ചെയ്ത ആളാണെന്നും. സംസ്കൃത ഭാഷയിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ ഭാഷാതാരതമ്യപഠനങ്ങൾക്കും (comparative philology) വളരെയധികം സഹായകമായിത്തീർന്നു. മുള്ളറെ ഓർക്കാൻ കാരണം, ആദ്യ ഖണ്ഡികയിൽ പറഞ്ഞ 'രസകരമായ' കാര്യങ്ങളിൽ ചിലത് ഓർമ്മയിൽ വന്നപ്പോഴാണ്.
അമ്മ അല്ലെങ്കിൽ മാതാവ് എന്നീ പദങ്ങളെടുക്കൂ. പല ഭാഷകളിൽ അവ സമാനമായി കാണപ്പെടുന്നു എന്നത് വിചിത്രമായി തോന്നുന്നില്ലേ? മാതൃ (സംസ്കൃതം), mother (ഇംഗ്ലീഷ്), മാതാ അല്ലെങ്കിൽ മാ (ഹിന്ദി), mater (ലത്തീൻ), madre (ഇറ്റാലിയൻ), мать (റഷ്യൻ), mãe (പോർച്ചുഗീസ്), അതങ്ങനെ നീണ്ട് പോകുന്നു. പദോൽപത്തിശാസ്ത്രത്തിലും (Etymology) ഭാഷാതാരതമ്യപഠനങ്ങളിലും ഇത്തരം കൗതുകകരമായ വസ്തുതകൾ ഇനിയും ഒരുപാട് കാണാം. മനുഷ്യചരിത്രത്തിന്റെ ഊടുവഴികളിലൂടെ, രക്തം ധമനികളിലൂടെയെന്നപോലെ, സംസ്കാരം ലോകമാകെ പടരുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ഇതിനെ സംസ്കാരവ്യാപനം (cultural diffusion) എന്ന് പറയാറുണ്ട്.
ബാബേൽ ഗോപുരത്തിൽ വച്ച്, അന്നുവരെ ലോകത്തുണ്ടായിരുന്ന ഏക ഭാഷ തകർന്നുവെന്നതും പിളർന്നുവെന്നതും കാൽപ്പനിക ഭാവനയാവാം, എന്നാൽ ഒരു ഭാഷ - ആദിമഭാഷ (protolanguage) എന്നാണ് ഭാഷാശാസ്ത്രജ്ഞന്മാർ പറയുക - പല ഭാഷയാകുന്നത് സംഭവ്യമാണെന്ന കാര്യം തിരിച്ചറിയാൻ കേരളത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്കുള്ള ഒരു യാത്ര മതി. ഭാഷകൾ വഴിതിരിയുമ്പോഴും ചിന്തകൾ വേർപിരിയുന്നില്ല എന്നതിന് തെളിവാണ് ഭാരതത്തിലേയും ഗ്രീസിലേയും റോമിലേയും ദൈവസങ്കൽപ്പങ്ങളിലും ഇതിഹാസകഥകളിലും കാണാനാവുന്ന സാദൃശ്യങ്ങൾ, അവ ത്രിത്വദൈവത്തിലും യുദ്ധകഥാഖ്യാനങ്ങളിലും എല്ലാം വെളിവാണ്.
2003ലാണ് യോസ (Mario Vargas LIosa) ആ കൃതി പ്രസിദ്ധപ്പെടുത്തുന്നത്, സിൻതെറ്റിസം (Synthetism) എന്ന പോസ്റ്റ് - ഇംപ്രക്ഷണിസ്റ്റ് ചിത്രകലാരീതിയുടെ വക്താവായിരുന്ന പോൾ ഗോഗാന്റേയും (Paul Gauguin) അദ്ദേഹത്തിന്റെ മുത്തശ്ശിയും എഴുത്തുകാരിയും സോഷ്യലിസ്റ്റുമായിരുന്ന ഫ്ളോറ ട്രിസ്റ്റന്റേയും ജീവിതങ്ങളെ ഒരു കണ്ണാടിയ്ക്കുള്ളിലും പുറത്തുമുള്ള കാഴ്ചകളാക്കി മാറ്റുന്ന "പറുദീസയിലേക്കുള്ള വഴി" (The Way to Paradise) എന്ന ആ നോവൽ. അതിനും മൂന്ന് വർഷം മുമ്പ്, ഡോമിനിക്കൻ റിപ്പബ്ളിക്കിലെ സ്വേച്ഛാധിപതിയായിരുന്ന റഫായേൽ ട്രുഹിയോയുടെ (Rafael Trujillo) വധത്തിന്റെ അകവും പുറവും കാണിച്ചുതരുന്ന "ആടുവിരുന്ന്" (The Feast of the Goat) എന്ന കൃതിയിൽ പരീക്ഷിച്ച രീതി - ചരിത്രത്തിന്റെ പുനർനിർവചനം. ഈയടുത്ത കാലത്ത് എസ്. ഹരീഷ്, തന്റെ ഓഗസ്റ്റ് 17 എന്ന കൃതിയില്‍ പരീക്ഷിച്ച എഴുത്തുരീതി - തന്നെയാണ് ഈ കൃതിയിലും യോസ തുടരുന്നത്. അദ്ദേഹത്തിന്റെ കാഴ്ചയിൽ മുത്തശ്ശിയും കൊച്ചുമോനും വിരുദ്ധ സ്വഭാവക്കാരാണ്, ഫ്ലോറ അച്ചടക്കമുള്ളവളും ചുരുക്കം ചില ഘട്ടങ്ങളിൽ വഴി മാറി നടന്നിട്ടുണ്ടെങ്കിലും ലൈംഗിക കാര്യങ്ങളിൽ പൊതുവേ വിമുഖയുമാണ്, ഗോഗാനാവട്ടെ, ലൈംഗിക അരാജകവാദിയും അച്ചടക്കം എന്നതിന് വിലയൊട്ടും കൊടുക്കാത്തവനും. തമ്മിൽ കണ്ടിട്ടില്ലാത്ത ഇവർ - നാൽപ്പത്തിയൊന്ന് വയസ്സു മാത്രം പ്രായത്തിൽ ഫ്ലോറ മരിച്ചു, അതിനും മൂന്ന് വർഷത്തിനു ശേഷമാണ് ഗോഗാൻ ജനിക്കുന്നത് - ഈ കൃതിയിൽ ഒത്തുചേരുമ്പോൾ സാഹിത്യം ഇത്തിരിയെങ്കിലും കൂടുതൽ ധന്യമാകുന്നു.
പറഞ്ഞു വന്നത് മറ്റൊന്നാണ്, അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ കൊച്ചുകുട്ടികളുടെ ഇടയിൽ, പ്രത്യേകിച്ച് പെൺകുട്ടികളുടെയിടയിൽ, പ്രചാരത്തിലുണ്ടായിരുന്ന ഒരു കളിയുണ്ട്, "ഉപ്പിനു പോണ വഴിയേത്, കാളം കാളം തെക്കേത്" എന്ന് വിളിച്ചു പറഞ്ഞു കൊണ്ട്, കുട്ടികൾ കൂട്ടം കൂടി നിന്ന് കളിക്കുന്ന ഒരു കളി. ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഈ കളി കുട്ടികളുടെ ഇഷ്ടവിനോദമായിരുന്നു, ശാന്തസമുദ്രത്തിന്റെ നടുക്കായി, ഓസ്ട്രേലിയയിൽ നിന്നും തെക്കൻ അമേരിക്കയുടെ പടിഞ്ഞാറൻ കരയി നിന്നും ഏതാണ്ട് തുല്യദൂരത്തിൽ, ഏറെക്കുറെ വൃത്താകൃതിയിൽ കാണപ്പെടുന്ന ഫ്രെഞ്ച് പോളിനേഷ്യൻ ദ്വീപായ താഹിതിയാണാ സ്ഥലം, ഗോഗാന്റെ പെയ്ൻ്റിങ്ങുകളിലൂടെ ലോകം അറിഞ്ഞ പവിഴദ്വീപ്. അവിടെ കുട്ടികൾ ഇതേ കളി ആവേശത്തോടെ കളിക്കുന്നു, സംസ്കാരത്തിന്റെ പ്രസരണത്തിന് സാക്ഷ്യം പറയാനെന്ന പോലെ. എന്നാൽ അവർ തേടുന്നത് ഉപ്പല്ല, പറുദീസയാണ്. അവരാ കളിയെ "പറുദീസയിലേക്കുള്ള വഴി" എന്നാണ് പേരിട്ടിരിക്കുന്നത്, യോസ കടം കൊണ്ടതും ആ പേര് തന്നെ.
ഇരുപത്തിരണ്ടു അധ്യായങ്ങളിലൂടെ കലുഷമായ രണ്ടു മനസ്സുകളുടെ കഥ പറയുന്ന ഈ നോവൽ ഫ്ലോറയ്ക്കും ഗൊഗാനും പകുത്തുവയ്ക്കുന്ന പതിനൊന്നു വീതം അധ്യായങ്ങളിൽ അവസാനത്തേതിൽ, ഗൊഗാന്റെ മരണം അന്യാദൃശ്യമാംവിധം വിവരിച്ചുകൊണ്ട് നോവൽ എന്ന സാഹിത്യശാഖയെ, സാഹിത്യത്തെയാകമാനം, ഈ കൃതി ഒരു പടി മേലേക്കുയർത്തുന്നു. അത് മാത്രമല്ല ഈ സാഹിത്യസൃഷ്ടിയെ ഉയരത്തിൽ വയ്ക്കുന്നതു്, ഉദാത്തമായ സാഹിത്യാവിഷ്കാരത്തിനു ദൃഷ്ടാന്തമായി മറ്റനേകം ഭാഗങ്ങളുണ്ട്: "മരിച്ചവന്റെ ആത്മാവ് ശ്രദ്ധിക്കുന്നു" (Spirit of the Dead Watching) എന്ന വിഖ്യാതമായ ഗോഗാൻ ചിത്രത്തിന് പ്രചോദനമാകുന്ന രംഗത്തെ കുറിച്ചുള്ള വർണ്ണന അത്തരത്തിലുള്ള ഒന്നാണ്.
സംസ്കാരത്തിന്റെ ചിതറിത്തെറിക്കലിനിടയിൽ ലോകത്തിന്റെ പല മൂലകളിലായി തെറിച്ചുവീണ മറ്റൊരു കളി, ബെൽജിയത്തിൽ ജനിച്ച്, സ്വന്തനാടായ ആർജൻറീനയിൽ വളർന്ന്, ഒടുക്കം ഫ്രാൻസിൽ ജീവിച്ചു മരിച്ച ഒരു എഴുത്തുകാരനും പ്രിയപ്പെട്ടതായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ നാട്ടിൽ ആ കളി "റായുഏലാ" (Rayuela) എന്നറിയപ്പെടുന്നെങ്കിൽ ദേശം മാറുമ്പോൾ കളിയും കുറച്ചൊക്കെ മാറുന്നു, പേരും മാറുന്നു, ടുമാട്ടു, പീവർ, ലായ് ലായ്, അങ്ങനെ പല വിധം. ഭാരതത്തിൽ പൊതുവെ ചിന്ത്രോ, സ്റ്റാപൂ, കിടി കട എന്ന് കുട്ടികൾ ഈ കളിയെ വിളിക്കുമ്പോൾ, തമിഴ്നാട്ടിലെ കുട്ടികൾ നൊണ്ടി എന്നും നമ്മുടെ കുട്ടികൾ കമ്പോടുകളി, വട്ടുകളി, തൊങ്ങിക്കളി എന്നുമൊക്കെ പറയും. നമ്മൾ ഇവിടെ ചർച്ച ചെയ്ത എഴുത്തുകാരൻ 1963ൽ "റായുഏലാ" എന്ന പേരിൽ ഒരു നോവൽ പ്രസിദ്ധീകരിച്ചു, മൂന്ന് കൊല്ലങ്ങൾക്കു ശേഷം അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത ഗ്രിഗറി റബാസ ആ കൃതിയ്ക്ക് നൽകിയ പേര് ഹോപ്സ്കോച്ച് (Hopscotch) എന്നാണ്, കമ്പോടുകളി സാർവ്വലൗകികമായി അറിയപ്പെടുന്നത് ആ പേരിലാണ്.
ഹൂലിയോ കോർട്ടസാർ (Julio Cortazar) ഈ നോവൽ ക്രമീകരിച്ചിരിക്കുന്ന രീതിയ്ക്കുണ്ടൊരു പ്രത്യേകത. 155 അദ്ധ്യായങ്ങളിൽ, ഹൊറേഷ്യോ ഒലിവേര എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഈ കൃതിയുടെ ഒടുക്കത്തെ 99 അദ്ധ്യായങ്ങൾ വായിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. ഒന്നു മുതൽ 56 വരെയുള്ള അദ്ധ്യായങ്ങൾ വായിച്ച് നോവൽ മടക്കിവയ്ക്കാമെന്ന് ചുരുക്കം. മറ്റൊരു വായനാ രീതിയും അദ്ദേഹം നിർദ്ദേശിക്കുന്നു, അതിനായി അദ്ധ്യായങ്ങൾ തിരഞ്ഞെടുക്കേണ്ട ക്രമം പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അതു പിന്തുടരുന്ന വായനക്കാരൻ, അൻപത്തഞ്ചാം അദ്ധ്യായം വായിക്കുന്നില്ല, അൻപത്തെട്ടാം അദ്ധ്യായത്തിന് ശേഷം 131ലേക്ക് പോകുന്നു, 131 ന്റെ അവസാനം 58 ലേക്ക് പോകാനാണ് നിർദ്ദേശം, ഈ രണ്ട് ആദ്ധ്യായങ്ങളിൽ നിന്ന് പുറത്തു കടക്കാനാവാതെ അയാൾ കുഴങ്ങുന്നു. അദ്ധ്യായങ്ങളെ ഇവ്വിധം ചാടിക്കളിക്കുന്ന രീതിയിലാണ് നോവലിന്റെ പേരിന്റെ പ്രസക്തി. മൈക്കലാഞ്ചലോ അൻ്റോണിയോണി, ഗോദാർദ്, തുടങ്ങിയ പ്രഗല്ഭരുടെ സിനിമകളെ സ്വാധീനിച്ചിട്ടുള്ള കോർട്ടസാർ വായനക്കാരുമായി ചേർന്ന് കമ്പോടു കളിക്കുകയാണ്.
കളിയിൽ നിന്ന് കലയിലേക്ക് സഞ്ചരിക്കുന്ന മറ്റൊരു പ്രശസ്ത കൃതി കൂടി ഓർമ്മയിലെത്തുന്നു, "സ്ഫടികമണിക്കളി" (The Glass Bead Game), എഴുതിയത് ഒന്നിലധികം നൂലുകളാൽ ഭാരതവുമായി ബന്ധിക്കപ്പെട്ട ഹെർമാൻ ഹെസ്സെ. ചിലർക്കെങ്കിലും അറിയാം, അദ്ദേഹം മലയാള ഭാഷയ്ക്ക് ഒടുങ്ങാത്ത സംഭാവനകൾ നൽകിയ ഹെർമൻ ഗുണ്ടർട്ടിന്റെ മകൾ, മാരിയുടെ ആറു മക്കളിൽ ഒരാളായിരുന്നു എന്ന കാര്യം. പലർക്കുമറിയാം, ബുദ്ധന്റെ കാലത്ത്, ബി. സി. 6, 5 നൂറ്റാണ്ടുകളിൽ - ബുദ്ധന്റെ കാലഘട്ടം ഏതെന്ന കാര്യത്തിൽ ഇപ്പോഴും അഭിപ്രായൈക്യമില്ല, ഭാരതത്തിൽ പൊതുവെ 6, 5 നൂറ്റാണ്ടുകളെന്ന് കരുതപ്പെടുമ്പോൾ പൂർവേഷ്യയിൽ പത്താം നൂറ്റാണ്ടാണ് ബുദ്ധകാലമെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ് - കപിലവസ്തുവിൽ ജനിച്ച മറ്റൊരു സിദ്ധാർത്ഥൻ എങ്ങിനെ സ്വന്തം സ്വത്വം തിരിച്ചറിഞ്ഞുവെന്ന് പറയുന്ന "സിദ്ധാർത്ഥ - ഒരു ഇന്ത്യൻ നോവൽ" (Siddhartha - an Indian Novel) എന്ന കൃതിയെഴുതിയതു് ഹെസ്സെ ആണെന്ന്. എഴുപതുകളുടെ തുടക്കത്തിൽ കോൺറാഡ് റൂക്സ് ഈ കൃതി സിനിമയാക്കിയപ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളെ ശശി കപൂർ, സിമി ഗരേവാൾ അടക്കമുള്ള കുറെ ഭാരതീയരാണ് അവതരിപ്പിച്ചത്, സിമി ഗരേവാൾ പൂർണ്ണ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ഒരു രംഗം ഒരുപാട് ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഭാരതവുമായി ബന്ധപ്പെട്ടതല്ലെങ്കിലും, മറ്റൊരു പ്രത്യേകത കൂടി ആ ചലച്ചിത്രത്തിനുണ്ടായിരുന്നു, ബെർഗ് മാന് പ്രിയപ്പെട്ട സ്വെൻ നൈയ്ക്ക്വിസ്റ്റ് ആയിരുന്നു അതിന്റെ ഛായാഗ്രാഹകൻ.
ഹെസ്സെയുടെ അവസാനത്തെ നോവൽ ആണ് ദ് ഗ്ലാസ് ബീഡ് ഗെയിം, ജർമ്മനിയിലെ കാസ്റ്റേലിയ എന്ന ദേശത്തെ ജോസഫ് നെക്റ്റ് എന്ന ഒരു മനുഷ്യന്റെ ചെറുപ്പത്തിൽ നിന്ന് വലിപ്പത്തിലേക്കുള്ള വളർച്ചയാണ് വിഷയം. ആ നിലയിൽ നോക്കിയാൽ ബിൽഡുംഗ്സ്റോമാൻ (Bildungsroman) എന്ന സാഹിത്യജനുസ്സിൽ പെടും ഈ കൃതി. ഒരാളുടെ പല ജീവിതമെന്ന മട്ടിലും കാണാവുന്ന ഈ നോവൽ, അതുകൊണ്ടുതന്നെ, പക്വതയിലേക്കുള്ള ഒരു യാത്രയാണ് ഇതിലെന്ന് തീർത്തും പറയാൻ വയ്യ. ഇതേ സന്നിഗ്ദത നോവലിന്റെ ശീർഷകമായി തിരഞ്ഞെടുത്ത കളിയിലുമുണ്ട്.
ഗ്ലാസ് ബീഡ് ഗെയിം രണ്ടു പേർക്ക് കളിക്കാവുന്ന ഒരു മേശപ്പുറക്കളിയാണ് (tabletop game). ദീർഘചതുരത്തിലുള്ള ഒരു മരപ്പലകയിൽ ഓരോ കളിക്കാരനും ആറു വീതം വൃത്താകൃതിയിലെ പൊഴികളും ഒരു നീളൻ പൊഴിയും പല നിറങ്ങളിൽ കുറെ സ്ഫടികമണികളും ലഭിക്കുന്നു, പൊഴികളിലൂടെ സ്ഫടികമണികളുടെ മുന്നേറ്റമാണ് വിജയിയെ നിശ്ചയിക്കുന്നത്. അത്ര പ്രചാരമൊന്നുമില്ലാത്ത ഈ കളി തന്നെ നോവലിന് പേരായി കണ്ടെടുത്തതെങ്ങനെയെന്നുള്ള സംശയം വായന തുടങ്ങുന്നതു വരെ മാത്രമേ കാണൂ. കാരണം, ഹെസ്സെയുടെ മനസ്സിലുള്ള കളി ഇതല്ല, അത് അദ്ദേഹം തന്നെ മെനഞ്ഞെടുത്ത ഒന്നാണ്, ഇവിടെ സ്ഫടികമണികളുടെ സ്ഥാനത്ത് ഒരു തത്വചിന്തയോ സംഗീത ശകലമോ ആണ്, മരപ്പലകയാകട്ടെ അയഥാർത്ഥവും. നായകന്റെ ചിന്തകളുടെ അതിലൂടെയുള്ള പുരോഗതിയാണ് കളി. അതിന്റെ നിയമങ്ങളെ കുറിച്ച് ഹെസ്സെ അധികമൊന്നും വിശദീകരിക്കുന്നില്ല.
ഹെർമാൻ ഹെസ്സെ ഒരു ലിറ്റററി ജീനിയസായിരുന്നോ എന്ന ചോദ്യത്തിന്, അദ്ദേഹം ഒരു നോബൽ സമ്മാന ജേതാവായിട്ടുപോലും, നിഷേധം ഉത്തരമായി തരുന്നവർ ഒരുപാട് പേരുണ്ടാവും. എന്നിരുന്നാലും എഴുപതുകളിലെ നമ്മുടെ സാഹിത്യചിന്തകളിൽ പലപ്പോഴും കടന്നു വന്നിരുന്നു അദ്ദേഹം, ഭാരതീയ ചിന്തയുടെ വഴികളിൽ കുറെയൊക്കെ നടന്ന വ്യക്തിയായതുകൊണ്ടാവാം അങ്ങനെ. അതല്ലെങ്കിൽ, തന്റെ കൃതികളിൽ, നമ്മൾ എന്നും ഉയരത്തിൽ കണ്ടിരുന്ന ആത്മാന്വേഷണത്തിന് (soul searching) പ്രാമുഖ്യം കൊടുത്തിരുന്നു എന്നതുകൊണ്ടുമാവാം.
കളികളെ ചുറ്റിപ്പറ്റി കഥകളെഴുതിയ എഴുത്തുകാർ വേറെയുമുണ്ട്. കോർട്ടസാർ തന്നെ കളിയുടെ ഒടുക്കം' (End of the Game) എന്ന പേരിൽ ഒരു ചെറുകഥ എഴുതി. 'ഹിച്ഹൈക്കിങ്ങ് ഗെയിം' (The Hitch hilking Game) എന്ന പേരിൽ എഴുതി മിലൻ കുന്ദേരയും, 'ഒരു താൽക്കാലിക പ്രശ്നം' (A Temporary Matter) എഴുതിയ ജുംപ ലാഹിരിയും കോർട്ടസാറിന് കൂട്ടിനുണ്ട്.
ഒരു മടക്കയാത്ര കൂടി നടത്തേണ്ടതുണ്ട്, നമ്മൾ പറഞ്ഞു തുടങ്ങിയ സംസ്കാര വ്യാപനത്തിലേക്ക്. പ്രപഞ്ചം ഒരേയൊരു സംസ്കാരത്തിൽ നിന്ന് ചുറ്റുപാടും വ്യാപിച്ചതാണെന്ന് പറയുന്നു ഒരു സിദ്ധാന്തം, hyperdiffusionism എന്ന് പറയപ്പെടുന്നതെന്തോ അത്. മനുഷ്യവര്‍ഗ്ഗം പലകാലങ്ങളില്‍ നടത്തിയ പലായനങ്ങളിൽ നിന്നാണ് വ്യാപനം സംഭവിക്കുന്നതെന്ന് മറ്റു ചിലർ വാദിക്കുന്നു. അതെന്തായാലും മനുഷ്യവിനിമയങ്ങൾക്കുള്ളിലാണ് ഈ പ്രസരണം നടക്കുന്നത്, വിനിമയമാകട്ടെ ഭാഷയ്ക്കുള്ളിലും.
ഭാഷയിലാണ് മനുഷ്യർ ജീവിക്കുന്നത് എന്നുള്ളതുകൊണ്ട്, ഭാഷ - അത് വാചികമോ ആംഗികമോ സാത്വികമോ ആഹാര്യമോ ആവാം - ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള പകർച്ചയാണ് എന്നുള്ളതുകൊണ്ട്, വിവിധ ഭാഷകൾക്കിടയിലെ വിനിമയം മനുഷ്യജീവിതത്തിലൂടെയാണ് എന്നുള്ളതുകൊണ്ട്, ഉപ്പിനു പോകുന്നവർക്ക് പറുദീസയിലും എത്തിച്ചേരാം, അവിടെ ഗോഗാനെ പോലെ, ഫ്ലോറ ട്രിസ്റ്റനെ പോലെ, പലരും പാർക്കുന്നുണ്ടാവാം, അവിടത്തെ കുട്ടികൾ കമ്പോടുകളിയിൽ ആനന്ദിക്കുന്നുമുണ്ടാവാം.
Content Summary : Varantha column by Jojo Antony about language and culture