ADVERTISEMENT

‘ ആശുപത്രിയിലെ കിടക്കയിൽ ഞങ്ങളൊരുമിച്ചു കിടന്നു. വളരെ പതിയെ ലൂസി ചോദിച്ചു: ‘‘ഇത് മറ്റെന്തെങ്കിലുമാകാനുള്ള എന്തെങ്കിലും സാധ്യതയുള്ളതായി നിനക്കു തോന്നുന്നുണ്ടോ?’’ ഇല്ല. ഞാൻ പറഞ്ഞു. ചെറുപ്പക്കാരായ പ്രണയിനികളെപ്പോലെ ഞങ്ങൾ പരസ്പരം ആഞ്ഞു പുൽകി’. ഡോ.പോൾ കലാനിധി എഴുതിയ ‘ശ്വാസം വായുവിലലിയുമ്പോൾ’ (When breath becomes air) എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായത്തിലെ വരികളാണിത്. 

അവരവരിലേക്കുള്ള ഒരു മടക്കയാത്രയായി വായന അനുഭവപ്പെട്ടിട്ടുണ്ടോ. ഈ പുസ്തകം നമ്മളിലേക്കു തന്നെ തിരിച്ചുവച്ച ഒരു കണ്ണാടിയാണ്. അത്രയേറെ വീർപ്പുമുട്ടലോടെയല്ലാതെ ഇതു വായിച്ചുതീർക്കുക വയ്യ. പോളും ലൂസിയും ഇതിൽ എഴുതിയിട്ടിരിക്കുന്ന ഓരോ അക്ഷരങ്ങളും നമ്മുടെ തന്നെ അസ്തിത്വം അനുനിമിഷം ഓർമപ്പെടുത്തുകയാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതം തന്നെയാണിത്. എപ്പോഴെങ്കിലും ഒന്നു സന്ദർശിക്കേണ്ട, ഒരേസമയം നശ്വരവും അനശ്വരവുമായ നമ്മുടെ കുഞ്ഞു ജീവിതം. 

36–ാം വയസ്സിൽ ശ്വാസകോശ അർബുദത്തിന് കീഴടങ്ങിയ ഇന്ത്യൻ വംശജനായ അമേരിക്കൻ ന്യൂറോ സർജൻ ഡോ.പോൾ കലാനിധിയുടെയും അദ്ദേഹത്തിന്റെ പങ്കാളി ലൂസിയുടെയും ജീവിതമാണത്. അമേരിക്കയിലെ പ്രശസ്തമായ സ്റ്റാൻഫഡ് സർവകലാശാലയിൽ ന്യൂറോ സർജറി റസിഡന്റ് ആയിരിക്കെ 37–ാം വയസ്സിലാണ് പോളിന് ഗുരുതരമായ നാലാം സ്റ്റേജിലെത്തിയ ശ്വാസകോശ അർബുദം സ്ഥിരീകരിക്കുന്നത്. സ്വന്തം സ്കാൻ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം പോളും ലൂസിയും തമ്മിൽ നടന്ന സംഭാഷണമാണ് ആദ്യമെഴുതിയത്. പത്തു വർഷത്തിലേറെ പഴക്കമുള്ള തങ്ങളുടെ പ്രണയം, ദാമ്പത്യം, തങ്ങൾക്കുണ്ടായേക്കാവുന്ന കുട്ടികൾ, വൈദ്യശാസ്ത്രരംഗത്തെ ശോഭനമായ ഭാവി, അല്ലലില്ലാത്ത ജീവിതം – സ്വപ്നം കണ്ടതെല്ലാം ആ ഒരുനിമിഷം കൊണ്ട് അലിഞ്ഞില്ലാതെയാകുന്നതായി പോളിന് അനുഭവപ്പെട്ടു. ഇനിയെത്രനാൾ. ഡോക്ടർ കൂടിയായ പോളിന് യാഥാർഥ്യത്തെക്കുറിച്ചു ശരിയായ ബോധ്യമുണ്ടായിരുന്നു. അങ്ങനെയാണു കടുത്ത വേദനകൾക്കിടയിലും പോൾ തന്റെ ജീവിതം എഴുതാൻ തുടങ്ങിയത്. 

paul-kalanithi-1
പോൾ കലാനിധി

തെക്കേ ഇന്ത്യയിലെ രണ്ടു വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട അച്ഛനും അമ്മയും എതിർപ്പുകൾ അവഗണിച്ച് പ്രണയവിവാഹിതരായി അമേരിക്കയിലെത്തിയതു മുതലുള്ള കലാനിധി കുടുംബത്തിന്റെ ജീവിതം പോൾ വരച്ചിടുന്നു. അമേരിക്കയിലെ ആദ്യ തലമുറ കുടിയേറ്റ കുടുംബങ്ങൾ അഭിമുഖീകരിച്ച വിഷമസന്ധികളും മാതാപിതാക്കളുടെ നിശ്ചയദാർഡ്യം അതിനെയെല്ലാം മറികടന്നതും മക്കളായ സുമൻ, ജീവൻ, പോൾ എന്നിവർക്കു മികച്ച വിദ്യാഭ്യാസം ലഭ്യമാക്കിയതുമെല്ലാം മനോഹരമുഹൂർത്തങ്ങളിലൂടെ ഇതൾ വിരിയുന്നു. ബ്രിട്ടനിലെയും അമേരിക്കയിലെയും ഉന്നത സർവകലാശാലകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പോളിന് തുടക്കത്തിൽ സാഹിത്യത്തിലായിരുന്നു താൽപര്യം. ഇംഗ്ലിഷ് സാഹിത്യത്തിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും. ചരിത്രത്തിലും തത്വചിന്തയിലും എംഫിലും നേടി. ജനനവും മരണവും തമ്മിലുള്ള ബന്ധവും അതിനിടയിലുള്ള ജീവിതത്തിൽ മനുഷ്യമസ്തിഷ്കം വഹിക്കുന്ന പങ്കും എന്നും ആകർഷിച്ചിരുന്നതായി പോൾ എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ ആഴത്തിലുള്ള വായനയുടെ തെളിവായി സാമുവൽ ബെക്കറ്റ്, ലിയോ ടോൾസ്റ്റോയ്, നബക്കോവ്, ഷേക്സ്പിയർ, ടി.എസ്.എലിയറ്റ്, വിറ്റ്മാൻ, കാഫ്ക, കോൺറാഡ്, ഡാർവിൻ, നീത്‌ഷേ തുടങ്ങിയ ഒട്ടേറെ പ്രഗൽഭ എഴുത്തുകാരുടെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ സമൃദ്ധമായി പുസ്തകത്തിലുണ്ട്. തുടർന്നു തന്റെ മാർഗം വൈദ്യശാസ്ത്രമാണെന്നു തിരിച്ചറിഞ്ഞ പോൾ അതിലേക്കു തിരിയുകയും അമേരിക്കയിലെ കഠിനമൽസരപരീക്ഷകൾ മറികടന്ന് മെഡിക്കൽ കോഴ്സിന് പ്രവേശനം നേടുകയുമാണ്. അവിടെവച്ചാണു ലൂസിയെ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയബദ്ധരാകുന്നതും.  

‘ആശുപത്രിക്കിടക്കിയിൽ ലൂസിക്കൊപ്പം കിടക്കുകയായിരുന്നു. ഞങ്ങൾ രണ്ടു പേരും കരയുകയായിരുന്നു. തൊട്ടടുത്ത കംപ്യൂട്ടർ സ്ക്രീനിനിലെ സിടി സ്കാൻ ദൃശ്യങ്ങൾ അപ്പോഴും മാഞ്ഞിരുന്നില്ല. അതേസമയം, ഒരു ഡോക്ടർ എന്ന നിലയിലുള്ള എന്റെ വ്യക്തിത്വത്തിന് ഇനി പ്രസക്തിയൊന്നുമില്ല എന്നും മനസ്സിലായിരുന്നു. കാൻസർ വിവിധ അവയവങ്ങളിലേക്കു പടർന്നു കഴിഞ്ഞിരിക്കുന്നു. രോഗനിർണയം കൃത്യമാണ്. മുറിയിൽ നിശബ്ദത നിറഞ്ഞു നിന്നു. എന്നെ സ്നേഹിക്കുന്നുവെന്ന് ലൂസി പറഞ്ഞു. ‘‘എനിക്കു മരിക്കേണ്ട’’. ഞാൻ പറഞ്ഞു. ഞാനവളോടു പുനർവിവാഹത്തെപ്പറ്റി സൂചിപ്പിച്ചു, കാരണം അവൾ ഒറ്റയ്ക്കായിപ്പോകുന്നതിനെപ്പറ്റി എനിക്ക് ആലോചിക്കാനേ വയ്യായിരുന്നു. എന്തിനെക്കുറിച്ചോർത്താണ് നിനക്ക് ഏറ്റവും ഭയം, അല്ലെങ്കിൽ ദുഃഖം? ലൂസി എന്നോടു ചോദിച്ചു. നിന്നെ വിട്ടുപിരിയുന്നതോർത്ത്. ഞാൻ മറുപടി പറഞ്ഞു. ഒരു കുഞ്ഞ് വീട്ടിൽ സന്തോഷം കൊണ്ടുവരും എന്നെനിക്കറിയാം. പക്ഷേ, അതേക്കുറിച്ചുള്ള അന്തിമതീരുമാനം ലൂസിയുടേതാവണം എന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. എന്തായാലും, ആ കുഞ്ഞിനെ അവൾക്ക് ഒറ്റയ്ക്ക് വളർത്തേണ്ടി വരും. കൂടാതെ, എന്റെ രോഗം ഗുരുതരമാകുന്നതനുസരിച്ച് ഞങ്ങൾ രണ്ടു പേരെയും അവൾക്ക് കരുതേണ്ടിയും വരും. നമ്മൾ ഒരുമിച്ചുള്ള സമയം ഒരു കുഞ്ഞു വരുമ്പോൾ കുറയുമോ? നമ്മുടെ കുഞ്ഞിനോടു യാത്രപറയേണ്ടി വരുമെന്നതു നിന്റെ അവസാനനിമിഷങ്ങൾ കൂടുതൽ വേദനാജനകമാക്കുമോ? ലൂസി എന്നോടു ചോദിച്ചു. അതൊരു വലിയ കാര്യമായിക്കൂടേ. ഞാൻ ചോദിച്ചു. വേദനകൾ ഒഴിവാക്കി ജീവിതമില്ലെന്ന് എനിക്കും ലൂസിക്കും മനസ്സിലായിരുന്നു. ഞങ്ങൾ സംസാരിച്ച് ഒരു തീരുമാനത്തിലെത്തി. ഞങ്ങളുടെ കുടുംബാംഗങ്ങൾ ആ തീരുമാനത്തിൽ കൂടെ നിന്നു. ഒരു കുഞ്ഞു വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു. മരണത്തിനു പകരം, ജീവന്റെ തുടർച്ച’.  

paul-kalanithi-family
എലിസബത്ത് അക്കേഡിയ, പോൾ കലാനിധി, ലൂസി

ആ ആലോചനയിൽ നിന്നാണ് അവസാനനാളുകളിൽ മാതാപിതാക്കളാകാനുള്ള തീരുമാനം പോളും ലൂസിയും ചേർന്നെടുക്കുന്നത്. അങ്ങനെയാണ് പോളിന്റെ ജീവിതത്തിലെ അവസാനത്തെ സന്തോഷമായി ഐവിഎഫിലൂടെ ആ കുഞ്ഞു മാലാഖ ജനിക്കുന്നത്– എലിസബത്ത് അക്കേഡിയ. എട്ടുമാസം അവൾ പകർന്നുനൽകിയ അളവറ്റ ആഹ്ളാദം കൂടി അനുഭവിച്ചാണു പോൾ മടങ്ങുന്നത്. 2015 മാർച്ച് 9ന് ആ ശ്വാസം നിലയ്ക്കുന്നു, എന്നന്നേക്കുമായി, 22 മാസം കാൻസർ രോഗത്തോടു പൊരുതിയ ശേഷം. അദ്ദേഹത്തെ സ്നേഹിച്ചവരെല്ലാം തന്നെ ആ സമയം അടുത്തുണ്ടായിരുന്നു. നമ്മളും മനസ്സു കൊണ്ട് പോളിനും ലൂസിക്കും ഒപ്പമിരിക്കുന്നു, എന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു. 

∙ഫെബ്രുവരി 4 ലോക കാൻസർ ദിനമായിരുന്നു. ഒരു കോടി പേരാണ് ലോകത്ത് ഒരു വർഷം കാൻസർ പിടിപെട്ട് മരണമടയുന്നത്. 

Content Summary: Love Letter Column on When Breath Becomes Air by Paul Kalanithi