നിവിൻപോളിയുടെ മഹാവീര്യർ സിനിമയ്ക്ക് ആസ്പദമായ എം. മുകുന്ദന്റെ ' കണ്ണീർക്കഥ '
Mail This Article
ഒരു ദിവസം രാജാവ് മന്ത്രിക്ക് ഫോൺ ചെയ്തു. അടിയന്തരമായി കൊട്ടാരത്തിലേക്കു വരുവാൻ ആവശ്യപ്പെട്ടു. മഴപെയ്യുന്ന നിറം മങ്ങിയ ഒരപരാഹ്നമായിരുന്നു അത്. അന്നേരം മന്ത്രി തന്റെ യുവതിയായ ഭാര്യയോടൊന്നിച്ചു കളിതമാശകൾ പറഞ്ഞിരിക്കുകയായിരുന്നു. അയാൾ മനസ്സാലെ ശപിച്ചുകൊണ്ട് വസ്ത്രം മാറി തലപ്പാവ് എടുത്തണിഞ്ഞ് രാജധാനിയിലേക്കു പുറപ്പെട്ടു. കോൺക്രീറ്റ് നിരത്തിലൂടെ കുതിര മിന്നൽ വേഗത്തിൽ പായുമ്പോൾ എന്താണ് ഇത്ര അടിയന്തരമായ കാര്യം എന്ന് അയാൾ അതിശയിച്ചു. ഒരുപക്ഷേ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാനായിരിക്കുമോ? കാരണം ഇന്ന് അവധിദിവസമാണ്. ഒഴിവുദിവസങ്ങളിൽ രാജാവ് ഒരിക്കലും വിളിച്ച് ശല്യം ചെയ്യാറില്ല. നിന്റെ കെട്ടിയോൾ ആ കറമ്പിപ്പെണ്ണിനെയും കൂട്ടി എങ്ങോട്ടെങ്കിലും പോകൂ.' “ഹാവേ നൈസ് വീക്കെൻഡ്'’ തലേദിവസം വൈകുന്നേരം ഫയലുകൾ എല്ലാം ഒപ്പിടുവിച്ചു യാത്ര ചോദിച്ച് പിരിയുമ്പോൾ രാജാവ് പറയുകയുണ്ടായി. കറുമ്പിപ്പെണ്ണ്- അതാലോചിച്ച് മന്ത്രിക്കു ചിരി വന്നു. ഒരു വെളുത്ത ചന്തക്കാരിയാണ് മന്ത്രിയുടെ ഭാര്യ. പക്ഷേ,രാജ്യത്തെ വെളുത്ത പെണ്ണുങ്ങളെ മുഴുവൻ തന്റെ ഭാര്യമാരാക്കുന്ന രാജാവിൽനിന്ന് മന്ത്രി അത് മറച്ചുവയ്ക്കുകയാണു ചെയ്തത്.
“മന്ത്രീ, നിന്റെ പ്രിയതമ വെളുത്തിട്ടോ കറുത്തിട്ടോ? ഒരിക്കൽ രാജാവ് ചോദിച്ചു .'കറുത്തിട്ട്' മന്ത്രി പറഞ്ഞു. ‘എന്നാലും എനിക്കൊന്നു കാണണം.’ രാജാവിന് മന്ത്രിയെ സ്വന്തം കണ്ണുകളെ എന്നപോലെ വിശ്വാസമാണ്. എന്നാൽ പെണ്ണിന്റെ കാര്യത്തിൽ രാജാവ് ആരെയും വിശ്വസിക്കില്ല.
ബുദ്ധിശാലിയായ മന്ത്രി തന്റെ തോട്ടക്കാരന്റെ ഭാര്യയെ കസവുചേലയുടുപ്പിച്ച് രാജാവിന്റെ മുൻപിൽ ഹാജരാക്കി. കരിങ്കാക്കയെപ്പോലെ കറുത്ത തോട്ടക്കാരന്റെ ഭാര്യ മന്ത്രിയുടെ ഭാര്യയാണ് എന്നു ധരിച്ച് രാജാവ് മന്ത്രിയെ സഹതാപത്തോടെ ഒന്നു നോക്കി. ആ കഥ സ്മരിച്ച് ചേതകവേഗത്തോടെ പായുന്ന കുതിരപ്പുറത്തിരുന്ന് മന്ത്രി ഉച്ചത്തിൽ ചിരിച്ചു. കുതിര കൊട്ടാരത്തിന്റെ മുൻപിൽ എത്തിയപ്പോൾ മട്ടുപ്പാവിൽ തന്റെ കിരീടം ധരിച്ച് കണ്ണടയ്ക്കുള്ളിലൂടെ അക്ഷമോടെ വെളിയിൽ നോക്കിനിൽക്കുന്ന രാജാവിനെ മന്ത്രി കണ്ടു. അടിയന്തരാവസ്ഥ തന്നെ എന്ന് അയാൾ ഭയന്നു. മന്ത്രി കുതിരപ്പുറത്തുനിന്ന് ചാടിയിറങ്ങി. കൊട്ടാരം കോണിപ്പടി കയറി മട്ടുപ്പാവിൽ രാജാവിന്റെ അരികിൽച്ചെന്ന് തൊഴുതു. മന്ത്രിയെ കണ്ടപ്പോൾ രാജാവിന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു. ഏത് പ്രശ്നങ്ങൾക്കും ഒരു കംപ്യൂട്ടറിന്റെ വേഗത്തിൽ ഉത്തരം കണ്ടെത്തുവാൻ കഴിവുള്ള അതിബുദ്ധിശാലിയത്രെ മന്ത്രി. ‘സോറി ടു ഡിസ്റ്റർബ് യൂ' രാജാവ് പറഞ്ഞു: “പക്ഷേ, രാവിലെ മുതൽ എനിക്ക് അസഹനീയമായ ഒരു മോഹം.’ "ഉണർത്തിച്ചാലും” മന്ത്രി തൊഴുതു കൊണ്ടുതന്നെ നിന്നു. രാജാവിന്റെ ഇന്നുവരെയുള്ള എല്ലാ മോഹങ്ങളും നിറവേറ്റികൊടുത്തിട്ടുള്ള തനിക്ക് ഇനി വരും കാലവും അതിനു കഴിയുമാറാകണേ എന്ന് അയാൾ മനസ്സാലെ പ്രാർത്ഥിച്ചു. “എനിക്ക് കണ്ണുനീർ കുടിക്കണം”..രാജാവ് പറഞ്ഞു. അതു കേട്ട് മന്ത്രി ഞെട്ടി. ‘ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത്. അങ്ങ് ഒരിക്കലും ദു:ഖിക്കുവാനോ കരയുവാനോ പാടില്ല. അങ്ങ് രാജാവാണ്.' “യു ഫൂൾ, എനിക്ക് ദുഃഖിക്കണം എന്ന് ആരാണ് പറഞ്ഞത്? എനിക്ക് കണ്ണുനീർ വേണം. ഒരു വെളുത്ത പെൺകിടാവിന്റെ ഇളംകണ്ണുനീർ. പോയി കൊണ്ടുവരൂ.'
അതു കേട്ട് മന്ത്രി സ്തംഭിച്ചു നിന്നു.
മട്ടുപ്പാവിൽ നിന്നിറങ്ങി നടക്കുമ്പോൾ മന്ത്രിയിൽ പല വിചാരങ്ങൾ കെട്ടുപിണഞ്ഞു കിടന്നു. തോട്ടക്കാരന്റെ പെണ്ണിനെ തന്റെ പത്നിയായി മാറ്റി കൊട്ടാരത്തിൽ കൊണ്ടുചെന്നു കാണിച്ചത് ഭാഗ്യം എന്നു മന്ത്രി വിചാരിച്ചു. അല്ലെങ്കിൽ ഇന്ന് രാജാവ് തന്റെ ഭാര്യയുടെ കണ്ണുനീർ കുടിക്കുമായിരുന്നു. മന്ത്രിയുടെ ഭാര്യയോളം വെളുത്ത മറ്റൊരു പെണ്ണ് ആ രാജ്യത്തില്ല. അവിടെ വെളുത്ത പെണ്ണുങ്ങൾ അപൂർവ്വമായിരുന്നു. എല്ലാ പെണ്ണുങ്ങളും കാക്കക്കറുമ്പികളെപ്പോലെ കറുത്തിട്ടായിരുന്നു. സേനാധിപന്റെ ആദ്യഭാര്യ വെളുത്തിട്ടായിരുന്നു. അയൽ രാജ്യത്ത് യുദ്ധത്തിനു പോയപ്പോൾ ആരും കാണാതെ സംഘടിപ്പിച്ചു കൊണ്ടുവന്നതായിരുന്നു. പക്ഷേ, രാജാവ് അതറിയുകയും അവളെ തന്റെ മുൻപിൽ ഹാജരാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ ദുഃഖവും രോഷവും മൂലം ഉന്മാദിയായി മാറിയ സേനാധിപതി അവളെ വാളുകൊണ്ട് വെട്ടിക്കൊന്നു. ആത്മഹത്യയാണ് എന്ന് രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. മന്ത്രി ആ സംഭവം ഓർത്തു. എന്നെങ്കിലും ഒരിക്കൽ തനിക്കും സേനാധിപന്റെ ഗതിവരുമോ എന്ന് അയാൾ ഭയന്നു. ബംഗ്ലാവിൽ എത്തിയ മന്ത്രി സേനാധിപനെ ഫോണിൽ വിളിച്ചു. അന്നേരം സേനാധിപൻ എള്ളിന്റെ നിറമുള്ള തന്റെ രണ്ടാമത്തെ ഭാര്യയുമൊത്തു കിടക്കറയിൽ കളിതമാശകൾ പറഞ്ഞിരിക്കുകയായിരുന്നു. മന്ത്രി വിവരം അറിയിച്ചപ്പോൾ സേനാധിപനും സ്തംഭിച്ചു. അയാളുടെ അറിവിൽ പരിസരങ്ങളിൽ ഒരിടത്തും ഒരു വെളുത്ത പെണ്ണില്ലായിരുന്നു. മന്ത്രി വിഷമിച്ചു. അങ്ങ് എന്തിനാണ് ദുഃഖിച്ചിരിക്കുന്നത്?' ഭാര്യ വന്ന് അരികിൽ നിന്ന് വിശറികൊണ്ട് വീശുവാൻ തുടങ്ങി. കാസറ്റ് ഡെക്കിൽ നിന്ന് സ്റ്റീരിയോ സംഗീതം ഒഴുകുന്നുണ്ടായിരുന്നു. അയാൾ എഴുന്നേറ്റ് അത് ഓഫ് ചെയ്തു. "എന്നോട് പറയില്ലെ?'’ ഭാര്യ പരിഭവപ്പെട്ടു. തൂവെള്ള നിറവും വട്ടമുഖവുമുള്ള അതിസുന്ദരി. ഒന്നു ചെറുതായി നുള്ളിയാൽ മതി. അവൾ പൊട്ടിക്കരയും. കണ്ണുകളിൽ നിന്നു കുടുകുടാ കണ്ണുനീർ ഒഴുകും. രാജാവിന് മതിവരുവോളം കുടിക്കാം."ഇല്ല, ഒരിക്കലും ഞാനിതു സമ്മതിക്കില്ല" മന്ത്രി പിറുപിറുത്തു. കൊട്ടാരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുമോ? അവിടെ എന്തെല്ലാമോ സംഭവിച്ചിരിക്കുന്നു എന്ന് അവൾ ഭയന്നു. ‘എന്നോട് പറയില്ലേ?' അവൾ വീണ്ടും പരിഭവം പറഞ്ഞുകൊണ്ട് അയാളുടെ തലയിൽ നിന്ന് സുവർണ്ണത്തലപ്പാവ് എടുത്തു മാറ്റി. കഷണ്ടിത്തലയിൽ പതുക്കെ തലോടി. മന്ത്രി പതുക്കെ വിവരം പറഞ്ഞു. "ഒരു വെളുത്ത പെണ്ണിനെയല്ലേ വേണ്ടത്. ഞാൻ കാണിച്ചു തരാം”.അവൾ പറഞ്ഞു. മന്ത്രിക്കു ജീവൻ തിരിച്ചു കിട്ടിയതുപോലെ തോന്നി. അയാളുടെ വീഞ്ഞിന്റെ ലഹരിയുള്ള കണ്ണുകൾ വേണ്ടത്? ഞാൻ കാണിച്ചുതരാം.' അവൾ പറഞ്ഞു. മന്ത്രിക്ക് ജീവൻ തിരിച്ചു കിട്ടിയതുപോലെ തോന്നി. അയാളുടെ വീഞ്ഞിന്റെ ലഹരിയുള്ള കണ്ണുകൾ മിന്നിത്തിളങ്ങി. "പൂവ് വിൽക്കുന്ന ശകുന്തള.' മന്ത്രി ചാടിയെഴുന്നേറ്റു. ദേവീ ക്ഷേത്രത്തിനു മുകളിലേക്കു കയറിപ്പോകുന്ന പടവുകളിൽ ഇരുന്ന് പെൺകിടാവുകൾ പൂവ് വിൽക്കുന്നത് അയാൾ ഓർമ്മിച്ചു. പക്ഷേ, അവർ കാക്കക്കുറത്തികളെപ്പോലെ കറുത്തിട്ടായിരുന്നു. അവൾ വെളുത്തിട്ടാണോ? മന്ത്രിക്ക് വിശ്വാസം വന്നില്ല. “ഉം, വെളുത്തിട്ട്. “നിന്നോളം വെളുത്തിട്ടാണോ?’ ‘എന്നോളം വെളുത്തിട്ട്.’ അവൾ പുഞ്ചിരി തൂകി. അങ്ങനെ ഒരു വെളുത്ത പെൺകിടാവ് രാജ്യത്തുള്ള കാര്യം എങ്ങനെ താൻ അറിയാതെ പോയി? മന്ത്രിയെന്ന നിലയിൽ തന്റെ കാര്യശേഷി നശിക്കുകയാണോ? അങ്ങനെ ചിന്തിച്ചുപോയി, മന്ത്രി. അയാൾ ഉടനെ തന്റെ വാൾ എടുത്ത് അരയിൽ തിരുകി ദേവീക്ഷേത്രത്തിലേക്കു പുറപ്പെട്ടു. പൊടിപടലം പറപ്പിച്ച് മിന്നൽ വേഗത്തിൽ കുതിരപ്പുറത്തു വന്നിറങ്ങിയ മന്ത്രി ക്ഷേത്രപ്പടവുകളിൽ ഇരുന്ന് പൂവ് വിൽക്കുന്ന പെൺകിടാവുകൾക്കിടയിൽ അസ്വാസ്ഥ്യം പരത്തി. ജമന്തിപ്പൂവുകൾ വിൽക്കുന്ന ശകുന്തളയെക്കണ്ട് അയാളുടെ മനസ്സ് ഒരു പേടമാനിനെപ്പോലെ തുള്ളിച്ചാടി.
രാജസന്നിധിയിലേക്കാണ് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ ചുഴലിക്കാറ്റിൽപ്പെട്ടു പോയ ഒരു കിളിയെപ്പോലെ അവൾ സംഭ്രമം കൊണ്ടു. "അച്ഛനും വരണം,' അവൾ പറഞ്ഞു. “അച്ഛനെയല്ല, നിന്നെയാണ് രാജാവിനു വേണ്ടത്.’ മന്ത്രി അവളെ കുതിരപ്പുറത്ത് കയറ്റിയിരുത്തി പൊടിയുയർത്തിക്കൊണ്ട് പാഞ്ഞകന്നു. ക്ഷേത്രപ്പടവുകളിൽ മറ്റു പൂക്കാരികൾ പരിഭ്രമത്തോടെ അതു നോക്കിനിന്നു. മന്ത്രി വെളുത്ത പെൺകിടാവിനെ സിംഹാസനത്തിന്റെ മുൻപിൽ കൊണ്ടുചെന്നു നിറുത്തി. രാജാവിന് തന്റെ സ്വന്തം കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല. ഇത്ര വെളുത്ത് സുന്ദരിയായ ഒരു പെണ്ണിനെ അയാൾ ഇതുവരെ കണ്ടിരുന്നില്ല. "ഏതു നാട്ടുകാരിയാണ് ഇവൾ?' ഗാംഭീര്യത്തോടെ രാജാവ് ചോദിച്ചു. “നമ്മുടെ നാട്ടുകാരി.’ മന്ത്രി തൊഴുതുകൊണ്ടു പറഞ്ഞു. "എന്താണ് പെൺകിടാവേ നിന്റെ പേര്?' വിറയാർന്നുകൊണ്ട് അവൾ പേരു പറഞ്ഞുകൊടുത്തു. ‘സുന്ദരീ ഭയപ്പെടരുത്. ഞാൻ നിന്നെ ഒന്നും ചെയ്യുകയില്ല. എനിക്കു വേണ്ടത് നിന്റെ കണ്ണുനീർ മാത്രം.' “അയ്യോ, എന്നെ കരയിക്കരുത്.’ പെൺകിടാവ് കേണു പറഞ്ഞു. രാജാവ് വലതുകൈ ഉയർത്തിയപ്പോൾ ഒരു പരിചാരകൻ തളികയിൽ സ്ഫടികംകൊണ്ടു തീർത്ത ഒരു പാനപാത്രം കൊണ്ടുവന്നു. രാജാവ് സിംഹാസനത്തിൽ നിന്നു താഴെ ഇറങ്ങി കണ്ണട നേരെയാക്കി പാനപാത്രവുമായി ശകുന്തളയുടെ അരികിൽ ചെന്നു. പാനപാത്രം അവളുടെ മുഖത്തിനു മുൻപിൽ പിടിച്ചുകൊണ്ട് രാജാവ് കല്പിച്ചു.”കരയൂ..'
മന്ത്രിയും സേനാധിപനും ആകാംക്ഷയോടെ നോക്കിനിന്നു.
അകത്തെ പട്ടുതിരശ്ശീലകൾക്കിടയിൽ വെളുത്ത മുഖങ്ങൾ തെളിഞ്ഞു. ”കരയു..’ രാജാവ് വീണ്ടും ആജ്ഞാപിച്ചു. കരച്ചിൽ വരുന്നില്ല. രാജാവിന്റെ മുഖത്ത് നോക്കുവാൻ ധൈര്യമില്ലാതെ അവൾ സ്വന്തം കാൽ വിരലുകളിൽ കണ്ണുനട്ടുകൊണ്ട് നിന്നു. "ശകുന്തളേ, തമ്പുരാന് നിന്റെ കണ്ണുനീർ കുടിക്കണം. അതിനുവേണ്ടിയാണ് നിന്നെ ഇവിടെ കൊണ്ടുവന്നത്. കരഞ്ഞു കരഞ്ഞ് കണ്ണുനീരിന്റെ ഒരു അരുവിയൊഴുകട്ടെ, കരയൂ.' മന്ത്രി പറഞ്ഞു.
‘കരച്ചിൽ വരാതെ എങ്ങനെയാ കരയുക?' പൊടുന്നനേ അവൾ ക്ഷോഭിച്ചു.
"എനിക്ക് കരയാൻ അറിയില്ല.' “നീ ഒരിക്കലും കരഞ്ഞിട്ടില്ലേ?' രാജാവിനും ക്ഷോഭം വന്നു. ‘കുട്ടിയായിരുന്നപ്പോൾ കരഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ കുട്ടിയാ കരയാൻ? “പൂക്കാരീ, രാജസന്നിധിയിൽ തർക്കുത്തരം പറയരുത്. രാജാവ് നിന്റെ കണ്ണീർ കുടിക്കുവാനായി ദാഹിച്ചുനിൽക്കുന്നു.' സേനാധിപൻ ഇടപെട്ടു. രാജാവിന്റെ ക്ഷമ നശിക്കുകയായിരുന്നു. അയാൾ അവളുടെ കവിളിൽ പിടിച്ച് ശക്തിയായി നുള്ളി. അവിടെ ഒരു ചെമ്പരത്തിമൊട്ട് വിരിഞ്ഞു. “വേദനിക്കുമ്പോൾ നീ തനിയെ കരയും.' രാജാവ് വലതുകൈ ഉയർത്തി ആംഗ്യം കാണിച്ചപ്പോൾ അയാളുടെ കയ്യിൽ ഒരു ചാട്ട പ്രത്യക്ഷമായി. എത്രയോ അടിമകളെയും കുറ്റവാളികളെയും ശിക്ഷിച്ച് തേയ്മാനം വന്ന തോൽവാറുള്ള ഒരു ചാട്ടയായിരുന്നു അത്. രാജാവ് അല്പം അകലെ മാറിനിന്ന് വായുവിൽ ചാട്ട ചുഴറ്റി. അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞുനിന്നു. രാജാവിന്റെ കല്പനപ്രകാരം ഭടന്മാർ അവളുടെ ചേല അഴിച്ചുമാറ്റിയപ്പോൾ നാണത്താൽ താൻ ഭൂമിയിലേക്കു താണുപോകുന്നതായി അവൾക്കു തോന്നി. ഞാൻ അവസാനമായി പറയുകയാണ്. കരഞ്ഞ് കണ്ണീർ വീഴ്ത്തുക.' രാജാവ് പാനപാത്രം അവളുടെ കണ്ണിനു താഴെ ചേർത്തു പിടിച്ചു. പക്ഷേ, അവളുടെ കണ്ണുകൾ കണ്ണീർ തൂകിയില്ല. ഒന്ന് നനയുകപോലും ചെയ്തില്ല. ‘ധിക്കാരി.-‘ രാജാവ് മുറുമുറുത്തുകൊണ്ട് ചാട്ടയെടുത്ത് അവളുടെ ചുമലിൽ ഒന്ന് പ്രഹരിച്ചു. അവളുടെ തൂവെള്ള ചുമലിൽ ഉടനെ ഒരു രക്തനാര് തെളിഞ്ഞുവന്നു. സേനാധിപന്മാരും ഭടന്മാരും അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ഇല്ല, ഒരുതുള്ളി കണ്ണുനീർ പോലും അവിടെ ഉറവു കൊണ്ടില്ല. രാജാവ് ചാട്ട ഉയർത്തി വീണ്ടും പെൺ കിടാവിന്റെ നേരെ വീശി. നേർത്ത ഒരു കരച്ചിലോടെ അവൾ നിലത്തു വീണു. എല്ലാവരും അവളുടെ ചുറ്റും വട്ടം കൂടി നിന്നു. അവളുടെ കണ്ണുകളിൽ തലകുനിച്ചു നോക്കി. ഇല്ല, ഒരുതുള്ളി കണ്ണുനീരുപോലും അവിടെ തെളിഞ്ഞില്ല. "പ്രഭോ, അവൾ കരയുകയില്ല. കണ്ണുനീരിനു പകരം അങ്ങയ്ക്ക് അവളുടെ രക്തം കുടിച്ച് ദാഹശമനം വരുത്തിക്കൂടെ?' മന്ത്രി താണു തൊഴുതുകൊണ്ട് ഉണർത്തിച്ചു. രാജാവ് ഒരു നിമിഷം മന്ത്രിയുടെ മുഖത്ത് ഒന്ന് നോക്കിനിന്ന ശേഷം കൈയിലെ ചാട്ട് ഉയർത്തി അയാളുടെ മുഖത്തിനുനേരെ വീശി.
വീഞ്ഞു കുടിച്ച് ഉന്മത്തനായ രാജഗുരു ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പിച്ചവച്ചുകൊണ്ട് സിംഹാസനത്തിനു മുമ്പിലേക്കു നടന്നു വന്നു. രാജാവ് ചാട്ട് നിലത്തിട്ട് കുനിഞ്ഞ് ഗുരുവിന്റെ പാദങ്ങളിൽ തൊട്ടു.
രാജഗുരു രാജനര ബാധിച്ച കണ്ണുകളാൽ ചുറ്റും നോക്കി. ചോര സ്രവിക്കുന്ന ശരീരവുമായി പരവതാനിയിൽ നഗ്നയായി കിടക്കുന്ന പെൺകിടാവിനെയും കണ്ണിൽ ദാഹവുമായി നിൽക്കുന്ന രാജാവിനെയും ഗുരു മാറി മാറി നോക്കി. പിന്നീട് അയാൾ വേച്ചുവേച്ചു നടന്ന് വലിയ കൂജയിൽ നിന്ന് വീഞ്ഞ് പകർന്ന് മോന്തിക്കുടിച്ച് ചിറികൾ തുടച്ച് തിരികെ വന്നു.
‘ഒരു തൂവൽ കൊണ്ടുവരൂ.. ’ ഗുരു അറിയിച്ചു.
ഭടന്മാർ ഓടിപ്പോയി ഒരു പക്ഷിയുടെ തൂവൽ കൊണ്ടുവന്നു. ഗുരു പെൺകിടാവിന്റെ അരികിൽ മുട്ടുകുത്തിയിരുന്നു. ലഹരിയിൽ അയാളുടെ കണ്ണുകൾ അടഞ്ഞുപോകുന്നുണ്ടായിരുന്നു. അയാൾ സാവധാനം തൂവൽ അവളുടെ താടിയിന്മേൽ മുട്ടിച്ചു. അവൾ മുഖം ഒരുവശത്തേക്കു തിരിച്ചു.
"ഗുരോ, അങ്ങ് എന്താണ് ഈ ചെയ്യുന്നത്?’’
സിംഹാസനത്തിൽ ഇരുന്നുകൊണ്ട് ഗാംഭീര്യത്തോടെ രാജാവ് ചോദിച്ചു. രാജഗുരു മറുപടി പറയാതെ തൂവൽകൊണ്ടു പെൺകിടാവിന്റെ കക്ഷത്തിൽ സാവധാനം ഒന്നു സ്പർശിച്ചു. അവൾ വേദന മറന്ന് ചിരിച്ചു. പിന്നീട് ഗുരു തൂവൽ അവളുടെ മാറിടങ്ങളിലും നാഭിയിലും ഉരസിയപ്പോൾ പെൺകിടാവ് കിലുകിലാ ചിരിക്കുവാൻ തുടങ്ങി. അവൾ ഇക്കിളിയാൽ പരവതാനിയിൽ കിടന്നുരുണ്ടു. പൊട്ടിപ്പൊട്ടിച്ചിരിക്കവെ പെൺകിടാവിന്റെ കണ്ണുകൾ കണ്ണുനീർ ചുരത്തി.
സിംഹാസനത്തിൽ നിന്ന് ഇറങ്ങി വന്ന രാജാവ് അവളുടെ അരികിൽ മുട്ടുകുത്തി നിന്ന് തല കുനിച്ച് അവളുടെ കുതിർന്ന കണ്ണുകളിൽ ആർത്തിയോടെ ചുണ്ടുകൾ അമർത്തി. ധാരയായി ഒഴുകുന്ന ആ ശുദ്ധജലം അയാൾ ഊറ്റിയൂറ്റി കുടിച്ചു. അങ്ങനെ രാജാവിന് ദാഹശമനം വരുകയായി.
മന്ത്രിയും സേനാധിപനും ബംഗ്ലാവിൽ തിരികെ ചെന്ന് കിടപ്പുമുറിയുടെ കതകുകൾ അടച്ച് അവരവരുടെ പ്രിയതമകളോടൊന്നിച്ച് കളിയും ചിരിയും തുടർന്നു.
Content Summary: Kanneerkadha - Story of M Mukundan, inspiration of Mahaveeryar Movie