ADVERTISEMENT

കുപ്രസിദ്ധമായ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറിന്റെ പേരാണ് ‘പെഗാസസ്’. ക്യാപ്റ്റൻ ഗോവിന്ദൻ എഴുതിയ ആദ്യ നോവലിൽ പെഗാസസ് കപ്പലിന്റെ പേരാണ്, ഒരു പ്രേതക്കപ്പലിന്റെ. അതേസമയം, വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ വിവരം ചോർത്തലിനായി ഉപയോഗിക്കുന്ന പെഗാസസിന്റെ പ്രവർത്തനത്തോടു സാമ്യമുള്ള ചിലതും നോവലിൽ സംഭവിക്കുന്നുണ്ട്. മർച്ചന്റ് നേവിയിൽ ക്യാപ്റ്റനായ കോട്ടയം കുമാരനല്ലൂർ സ്വദേശി ഗോവിന്ദന്റെ കഥകൾ ആസ്വാദക ശ്രദ്ധ നേടിയവയാണ്. കടൽച്ചൊരുക്ക്, വിമോചനസമരങ്ങൾ, നങ്കൂരബാലൻ, മാൻഡിഗോ, ഇരുപത്തിനാലാമത്തവൻ, മസിൽ ബാരൽ, കാട്ടുചൊട്ടൻ, മരണാനന്തരം, എര തുടങ്ങിയവയാണ് ഗോവിന്ദന്റെ പ്രസിദ്ധീകരിച്ചിട്ടുള്ള ശ്രദ്ധേയ കഥകൾ. ഹൈപ്പർ ലോക്കൽ ആയിരിക്കുമ്പോൾ തന്നെ ഇന്റർനാഷനലും കൂടിയാണ് ഗോവിന്ദന്റെ കഥകൾ. കോട്ടയത്തെ വെട്ടുപന്തു കളിയെപ്പറ്റി എഴുതുന്ന കഥാപരിസരത്തു നിന്ന് ഐവറികോസ്റ്റിലെ കലാപബാധിതപ്രദേശങ്ങളിലെ മനുഷ്യാവസ്ഥയെപ്പറ്റിയുള്ള തീക്ഷ്ണമായ പ്രമേയത്തിലേക്കും തിരിച്ചും അനായാസേന സഞ്ചരിക്കാനുള്ള കഴിവാണ് ഗോവിന്ദന്റെ പ്രത്യേകതകളിലൊന്ന്.  

ക്രൈംത്രില്ലറാണ് പെഗാസസ്. അതേസമയം, കടലും കപ്പൽയാത്രകളും തീരദേശജീവിതവുമെല്ലാം നിറഞ്ഞ എഴുത്ത് വേറിട്ട വായനാനുഭവമാകും. കടൽ നോവലുകൾ മലയാളത്തിൽ പൊതുവെ കുറവാണ്. ഒരു ക്യാപ്റ്റൻ തന്നെ എഴുതുന്നതിനാൽ ആ ജീവിതത്തിന്റെ ആധികാരിക വിവരത്തുണ്ടുകൾ നോവലിൽ അങ്ങോളമിങ്ങോളം കാണാം. രായണ്ണൻ, മരിയാരാജ്, ഡോമി, ആന്റോ, ഫെലിക്സ്, ധനരാജ്, ക്യാപ്റ്റൻ ഏബ്രഹാം ജോസ്, രോഹിത് സിങ്, സെയ്താലി, അമല റോയി തുടങ്ങിയ ഒരുപിടി കഥാപാത്രങ്ങളുടെ പാത്രചിത്രീകരണത്തിലൂടെ സമകാലിക സമൂഹത്തെ കാർന്നുതിന്നുന്ന വലിയൊരു വിപത്തിനു നേരെയാണ് എഴുത്തുകാരൻ വിരൽചൂണ്ടിയിരിക്കുന്നത്. കപ്പലുകൾ സഞ്ചരിക്കുന്നത് ലോകത്തിന്റെ ഇടവഴികളിലൂടെയാണ്. ആ ഇരുൾസ്ഥലികളിൽ നമ്മൾ അറിയുന്നതിനപ്പുറം മറ്റൊരു ഇരുണ്ട ലോകമുണ്ടെന്നും അവിടുത്തെ നിയമങ്ങൾ വേറെയാണെന്നും ‘പെഗാസസ്’ വായന പറഞ്ഞുതരുന്നു. ആകാംക്ഷയൊട്ടും നഷ്ടപ്പെടുത്താതെ വായനക്കാരെ പുസ്തകത്തിനകത്തു പൂട്ടിയിടാനുള്ള വിദ്യ ഗോവിന്ദനറിയാം. ആർട്ടിസ്റ്റ് ജി. ഗോപീകൃഷ്ണനാണു കവർ. ഗോവിന്ദൻ പറയുന്നു: 

എഴുത്തനുഭവം:

പെട്ടെന്നു തീർന്ന നോവലാണ്. കോവിഡ് കാലത്ത് 21 ദിവസം വീട്ടിൽ ക്വാറന്റീൻ ഇരുന്നപ്പോൾ മനസ്സിലെത്തിയ ത്രെഡ്. 18 ദിവസം കൊണ്ട് എഴുതി പൂർത്തിയാക്കി.

കടൽ:

ഇപ്പോൾ നോർത്ത് അറ്റ്ലാന്റിക് വഴി ജർമനിയിലെ ഹാംബുർഗിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. കടൽ യാത്രയ്ക്കിടെ എഴുത്തു നടക്കാറില്ല. നേരമില്ല എന്നതാണു യാഥാർഥ്യം. ജോലിയിലാണു ഫോക്കസ്. ചില ആശയങ്ങൾ മനസ്സിലെത്തിയാൽ കുറിച്ചുവയ്ക്കും. കരയ്ക്കിറങ്ങിയ ശേഷം മാത്രമേ എഴുതൂ.

Content Summary: Love Letter Column by Ajish Muraleedharan on Book Pegasus written by Govind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com