ADVERTISEMENT

ദരിദ്രന്റെ ഉറ്റബന്ധു സമ്പന്നനല്ല, ദരിദ്രൻ തന്നെയെന്ന് ജീവിതത്തിലൂടെ അറിഞ്ഞിട്ടുണ്ട് മാധവൻ പുറച്ചേരി. അതുകൊണ്ടാണ് ദാരിദ്ര്യം അനുഭവിച്ച വ്യക്തിയിൽ നിന്ന് മാത്രമുണ്ടാകുന്ന മുന്നറിയിപ്പ് അദ്ദേഹം നൽകുന്നത്. എപ്പോഴെങ്കിലും ദാരിദ്ര്യത്തിന്റെ മഹാസൗഹൃദത്തണലിൽ കഴിഞ്ഞിട്ടുണ്ടോ. പിന്നീടൊരിക്കലും ആ തണലിനോട് സമ്പൂർണമായി വിട പറയാൻ എളുപ്പമല്ല ! നല്ല കാലങ്ങൾ, സുഖാനുഭവങ്ങൾ എത്ര പെട്ടെന്നാണു കടന്നുപോകുന്നത്. അവ പ്രത്യേകിച്ചൊരു പ്രത്യാഘാതവുമുണ്ടാക്കാതെ മിന്നിമറയുകയാണ്. എന്നാൽ, ദുഃഖം, വേദന, പ്രണയത്തിന്റെ ഉൾപ്പിടച്ചിൽ ഒന്നും അത്ര വേഗം വിട്ടുപോകുന്നില്ല. എത്ര വലിയ സുഖാനുഭവത്തിലൂടെ കടന്നുപോകുമ്പോഴും പിന്നിട്ട വിഷാദത്തിന്റെ കരിമേഘം രചിക്കുന്ന നിഴൽ തലയ്ക്കു മുകളിൽ, ഹൃദയത്തിന്റെ ഒത്തനടുക്ക് ചോരയൊലിപ്പിച്ച് അനാഥമായി അവശേഷിച്ചിട്ടുണ്ടാകും. എന്നെ ഏറ്റെടുക്കൂ, ഞാനിവിടെയുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടുമിരിക്കും. ദാരിദ്ര്യവും പിന്നിട്ട കാലത്തിന്റെ തീവ്രവേദനകളും ഒഴിയാബാധയായതുകൊണ്ടാണ് അമ്മയുടെ ഓർമ്മപ്പുസ്തകം യാഥാർഥ്യമായത്. പട്ടിണിയുടെ കടലിൽ മുങ്ങിത്താണ കുടുംബത്തെ ഒരു തുഴ പോലുമില്ലാതെ സങ്കടക്കയത്തിൽ താണുപോകാതെ കാത്ത അമ്മയെ ഈ പുസ്തകത്തിന്റെ കേന്ദ്രബിന്ദുവാക്കിയതും. ഒട്ടും എളുപ്പമായിരുന്നില്ല ഈ തീർഥാടനം. അമ്മയ്‌ക്കൊപ്പം ഓർമകളിലൂടെ പിൻനടത്തം. ഓർമ്മകൾ പകർത്തുന്നതിനു പകരം സ്വയമോർമിക്കുന്നുതുപോലെ അമ്മയുടെ ഭാഷയിൽ പകർത്തുക. പകർന്നാടുക എന്നതൊക്കെ ക്ലീഷേയായിക്കഴിഞ്ഞ കാലത്ത്, താൻ കൂടി പ്രധാന ഭാഗം അഭിനയിച്ച നാടകത്തിന്റെ വീണ്ടെടുപ്പാണു നടന്നത്. ഓരോ ചുവടിലും നഗ്നപാദങ്ങളിൽ ആണിത്തുരുമ്പ് തറഞ്ഞു, മുറിഞ്ഞു ഞാൻ. ഓരോ വിരലിലും കാലചക്രം പാഞ്ഞുകേറി, ച്ചതഞ്ഞു, തൊടുമ്പോൾ പുളഞ്ഞു ഞാൻ എന്ന അവസ്ഥ. എന്നാൽ പുനർജനി നൂഴൽ പോലെ ഇരുണ്ടകാലത്തിന്റെ ഗുഹയിലൂടെ, ഓർമയുടെ ഇരുട്ടിലൂടെ, പേടിസ്വപ്‌നങ്ങളുടെ കൈ പിടിച്ചു നടത്തിയ ദുർഘട സഞ്ചാരത്തിനൊടുവിൽ ഊതിക്കാച്ചിയ പൊന്നുപോലെ, ചുറ്റും ഉരുണ്ടുകൂടിയ മേഘങ്ങളെ വകഞ്ഞുമാറ്റിയെത്തിയ സൂര്യകിരണം പോലെ ഗംഗാ അന്തർജ്ജനം എന്ന അമ്മ നിഷ്‌കളങ്കമായി ചിരിക്കുന്നു. സുഖമല്ലേ എന്നു ചോദിക്കുന്നു. ഇതൊക്കെ ഞാനോ എന്ന് അതിശയിക്കുന്നു. അമ്മേ... എന്ന വിളിയിൽ എല്ലാ സ്നേഹവും നിറച്ച്, ഒരായുസ്സിന്റെ കടപ്പാടിന്റെ കടം ഇറക്കി....മുന്നോട്ടുപോകട്ടെ....

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com