ADVERTISEMENT

ഒന്നാമനാകാൻ ഒരിക്കലും കഴിയില്ലെന്ന തിരിച്ചറിവുണ്ടായിട്ടും രണ്ടാമനാകാൻ വിസ്സമ്മതിച്ചിരുന്ന ഒരു വ്യക്തിയെ എനിക്കറിയാം. സാമ്പത്തികമായി ഭേദപ്പെട്ട സൗകര്യങ്ങളുള്ള ഒരു കർഷക കുടുംബത്തിലാണ് അയാൾ ജനിച്ചത്, കുറെ സഹോദരങ്ങളിൽ ഒരാളായിട്ട്. അയാളൊരിക്കലും ഒരു പരീക്ഷയിലും ഉയർന്ന മാർക്ക് വാങ്ങിയില്ല, കഷ്ടി ജയിച്ചു കയറുകയായിരുന്നു ഓരോ വട്ടവും. അയാളൊരു കളിയിലും മികവ് കാട്ടിയില്ല, കൂട്ടത്തിൽ, പുറകിലെ പാതിയിൽ, ആരും കാണാതെ അയാൾ കഴിഞ്ഞു. ശാരീരിക ക്ഷമതയിൽ ശരാശരി മാത്രമായിരുന്ന അയാൾ ഒരിക്കലും ഒരാളുമായും ബലപരീക്ഷണത്തിന് പോയതുമില്ല, ആത്മധൈര്യം ഒരു ശക്തിയായി കൂട്ടിനില്ലാതിരുന്നതും കാരണമായിരുന്നിരിക്കാം. ഒരു വലിയ കമ്പനിയിൽ ട്രെയ്നിയായാണ് അയാൾ തൊഴില്‍ ജീവിതം തുടങ്ങുന്നത്, ചെറിയ ശമ്പളത്തിൽ, അവിടെയും അദൃശ്യനായി നിലകൊണ്ടു അയാൾ, ഒന്നാമനല്ലാതെ, രണ്ടാമനാകാൻ സമ്മതിക്കാതെ, കൂട്ടത്തിനുള്ളിൽ ഒളിച്ച്. ആ മറവിനുള്ളിൽ നിന്ന് നോക്കിയാൽ അയാൾക്ക് കാണാം, സമൃദ്ധിയിൽ കഴിയുന്ന സ്വന്തം സഹോദരങ്ങളെ. അവരേക്കാളൊക്കെ ധനികനാവണം എന്ന വാശി അയാളെ അധികം വൈകാതെ മറുനാട്ടിലെത്തിച്ചു, അവിടെ തിടം വച്ച് വളര്‍ന്നു അയാൾ, നാട്ടിൽ വരുമ്പോൾ ഓരോ വട്ടവും പണവും മദ്യവും എറിഞ്ഞ് ബന്ധുക്കളുടെയും നാട്ടുകാരുടെയും സ്നേഹം വാങ്ങി, ആ സ്നേഹം തിരിച്ചു കൊടുത്ത് ബന്ധുക്കളിൽ നിന്ന് തന്നെ സ്വത്തും പണവും സൗകര്യങ്ങളും ഉപകാരങ്ങളും പലയിരട്ടി പകരം വാങ്ങി, ചിലപ്പോൾ ചില ബന്ധങ്ങളെ മുറിച്ചുകൊണ്ടു പോലും. പല ബന്ധങ്ങളും അയാളെ ഒഴിഞ്ഞുപോയത് ഓരോ പ്രവൃത്തിക്കും പുറകിൽ അയാൾ ഒളിപ്പിച്ചുവച്ച കണക്കുകൂട്ടലുകളും കിഴിക്കലുകളും മൂലമായിരുന്നു, ഓരോ രൂപ ചെലവാക്കുമ്പോഴും വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് അയാൾ ഉറ്റുനോക്കിയിരുന്നു, കുറെയൊക്കെ പണം അയാൾ സമ്പാദിച്ചു, ആ പണം വച്ച് കൂടുതൽ പണമുണ്ടാക്കി, അത് പണയം വച്ച് വലിയ ബന്ധങ്ങൾ കണ്ടുപിടിച്ചു. എന്നിട്ടും അയാൾ ഒന്നാമനായില്ല, രണ്ടാമൻ ആയിരിക്കാൻ തയ്യാറായതുമില്ല, ആർക്കും കാണാനാവാതെ, ആർക്കും കണ്ടുപിടിക്കാനാവാതെ, അയാൾ ഒരു പിടികിട്ടാപ്പുള്ളിയായി, ആർക്കും ഒരു പിടിയും കിട്ടാത്ത പുള്ളി, അങ്ങനെ അതിലെങ്കിലും അയാൾ ഒന്നാമനായി. 

സമാനമായ ഒരു കഥ നിങ്ങളും കേട്ടിട്ടുണ്ട്, ആലപ്പുഴയിൽ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് എന്ന ഗ്രാമത്തിൽ ജനിച്ച്, അബുദാബിയിലേക്ക് കുടിയേറി, കുറെയധികം പണം സമ്പാദിച്ച്, ആ പണം വാരിയെറിഞ്ഞ് ബന്ധങ്ങളും സൗഹൃദങ്ങളും വാങ്ങി - അയാൾ അവധിക്ക് എത്തുമ്പോൾ വീട്ടിലും നാട്ടിലും ആഘോഷമായിരുന്നു - ആ ബന്ധങ്ങൾക്ക് പുറകിലിരുന്ന് ഒന്നാമനാകാനുള്ള കണക്കുകൾ കൂട്ടി, ഒരു ജനുവരി 21 ന് കുന്നം എന്ന ഗ്രാമത്തിലെ കൊല്ലക്കടവ് പാലത്തിനരികെ KLQ 7831 നമ്പറുള്ള അംബാസഡർ കാറിൽ കത്തിക്കരിഞ്ഞ ഒരു മൃതദേഹം ശേഷിപ്പിച്ച്, കാര്യങ്ങൾ കൈവിട്ടു പോയിയെന്ന് തീർച്ചയായപ്പോൾ കൂടെയുണ്ടായിരുന്ന അളിയനേയും, ഡ്രൈവറേയും, കൊലയ്ക്കായി അബുദാബിയിൽ നിന്ന് കൊണ്ടുവന്ന കൂട്ടാളിയേയും കൈയ്യൊഴിഞ്ഞ് എവിടെയോ മറഞ്ഞു പോയി. ആര്‍ക്കും കാണാനാവാതെ, ആര്‍ക്കും കണ്ടുപിടിക്കാനാവാതെ, അയാൾ ഒരു പിടികിട്ടാപ്പുള്ളിയായി, ആർക്കും ഒരു പിടിയും കിട്ടാത്ത പുള്ളി, അങ്ങനെ അതിലെങ്കിലും അയാൾ ഒന്നാമനായി. 

കണക്കുകൾ കൊണ്ട് നിറച്ച ഒരു ലോകമായിരുന്നു സുകുമാരക്കുറുപ്പിന്റേത്. കൗമാരവും പ്രേമവും വിവാഹവും അബുദാബിയിലേക്കുള്ള കുടിയേറ്റവും ശേഷമുള്ള ജീവിതവുമെല്ലാം മുമ്പേ കൂട്ടിവച്ച കണക്കുകളിലെ അക്കങ്ങൾക്കനുസരിച്ചു മാത്രം അയാൾ മുന്നോട്ട് നീക്കി. ചാക്കോയുടെ കൊലപാതകത്തിന് രണ്ടു കൊല്ലം മുമ്പുതന്നെ അതിലേക്കുള്ള വഴി അയാൾ വെട്ടിത്തുടങ്ങിയിരുന്നു. കേസിൽ ഒന്നാം പ്രതിയായിരുന്ന ചിന്നക്കൽ ഷാഹു പിന്നൊരിക്കൽ പറഞ്ഞു, ചാക്കോയെ കിട്ടിയിരുന്നില്ലെങ്കിൽ കുറുപ്പ് ഒരു പക്ഷെ തന്നെ കൊല്ലുമായിരുന്നുവെന്ന്. ഒരു നിരപരാധിയുടെ ചിതാഭസ്മത്തിന് പിന്നാലെ അയാളും കാഴ്ചയിൽ നിന്ന് മറഞ്ഞു പോയി, ഒരുപാട് കഥകളും സന്ദേഹങ്ങളും ബാക്കിയാക്കിക്കൊണ്ട്. 

ഒരു ഫിലിം റെപ്രസൻ്റേറ്റീവ് എന്ന നിലയിൽ ഒരു സിനിമാകൊട്ടകയിൽ നിന്ന് അടുത്തതിലേക്കുള്ള യാത്രയ്ക്കിടയിൽ തീയായി, ചാരമായി, തീർന്നു പോയ ചാക്കോയെ പോലെ മഞ്ഞുപാളികളുടെ തെളിമയില്ലായ്മയിൽ നഷ്ടപ്പെട്ടു പോയ ജീവിതങ്ങൾ വേറെയുമുണ്ട് ഒട്ടനവധി. ഒന്നാമനാകാനുള്ള കഴിവേതുമില്ലെങ്കിലും രണ്ടാമനാകാനുള്ള വിസ്സമതവും കണക്കുകൾ കൂട്ടാൻ മാത്രമറിയാവുന്ന ഒരു മനസ്സും മാത്രം കൈമുതലായുള്ളവർ ഇറങ്ങിപ്പുറപ്പെടുമ്പോൾ അവശേഷിക്കുക കീറിമുറിയ്ക്കപ്പെട്ട മനുഷ്യബന്ധങ്ങളും ആത്മാവൊഴിഞ്ഞ ശരീരങ്ങളുമാവും. 

അത്തരമൊരു കഥ 1944ൽ പുറത്തു വന്നു, സ്വീഡിഷ് ഭാഷയിൽ. ആ കഥയിലെ രണ്ടു പേരെങ്കിലും രണ്ടാമതാകാൻ വിസ്സമ്മതിച്ച വ്യക്തിത്വങ്ങളായിരുന്നു, മൂന്നാമതൊരു കഥാപാത്രമാകട്ടെ, ഒന്നാമനായിരുന്നിട്ടും സ്വയമതറിഞ്ഞിരുന്നോ എന്ന് നമ്മൾ സംശയിച്ചു പോകുന്ന ഒരു മനുഷ്യനും. ഈ മൂന്നു പേരും ഒത്തുകൂടുന്നത് 'കുള്ളൻ' (The Dwarf) എന്ന നോവലിന്റെ പരിസരങ്ങളിലാണ്, 1951 ലെ നോബൽ സമ്മാനം ലഭിച്ച പാർ ലാഗർക്വിസ്റ്റിന്റെ (Par Lagerkwist) മാസ്റ്റർപീസിന്റെ ചുറ്റുപാടുകളിൽ. 

ചരിത്രത്തെ അപനിർമ്മിക്കുന്ന കൃതികൾ മലയാളത്തിൽ കുറെയോക്കെയുണ്ട്, സി. വി. രാമൻ പിള്ള മുതൽ എസ്. ഹരീഷ് വരെ അത്തരം ശ്രമങ്ങൾ നടത്തി വിജയിച്ചവരാണ്. ലാഗർക്വിസ്റ്റും അതിനു തന്നെയാണ്‌ ഉദ്യമിക്കുന്നത്, അതിനായി അദ്ദേഹം സമയയാത്ര നടത്തുന്നത് നവോത്ഥാനകാലത്തെ ഇറ്റലിയിലേക്കും. അവിടെ ലിയോണാർഡോ ഡാവിഞ്ചിയുണ്ട്, മുൻ ഖണ്ഡികയിൽ ഞാൻ സൂചിപ്പിച്ച ആ മൂന്നാമൻ, ഒന്നാമനാകാൻ കൗശലം ആവശ്യമേയില്ലാത്ത, പരിധിയില്ലാത്ത സ്വന്തം പ്രതിഭ കൊണ്ട് എക്കാലവും ഒന്നാമനായ ആ മൂന്നാമൻ, ഈ കൃതിയിൽ ബെർണാഡോ പേരിലാണ് അദ്ദേഹത്തെ നാം കാണുക. 

മറ്റു രണ്ടുപേരിൽ ഒരാളും നമുക്ക് പരിചയമുള്ള വ്യക്തിയാണ്. 'മാക്കിയവെല്ലിയൻ' (Machiavellian) എന്ന പ്രയോഗം കേട്ടിട്ടില്ലേ, കുബുദ്ധി, സൂത്രശാലി, ചതിയൻ, മനസ്സാക്ഷിയില്ലാത്തവൻ, അങ്ങനെ പല അർത്ഥങ്ങൾ ആ വാക്കിന് കൽപ്പിച്ചു കിട്ടിയിട്ടുണ്ട്. The Prince എന്ന രാഷ്ട്രീയ പ്രബന്ധത്തിലൂടെ, അതിലെ നായകനെ മുന്നിൽ നിർത്തി, നിക്കോളോ മാക്കിയവെല്ലി എന്ന ഇറ്റാലിയൻ തത്വചിന്തകൻ ലോകത്തിനെ പഠിപ്പിച്ച കുതന്ത്രങ്ങളിൽ നിന്നാണ് ആ പ്രയോഗമുണ്ടായത്. അതിലെ തന്ത്രങ്ങൾ മുഴുവൻ മാക്കിയവെല്ലി കണക്കുകൂട്ടിയെടുത്തതല്ല എന്ന കാര്യം ഒരു രഹസ്യമൊന്നുമല്ല, അതിന് വഴികാട്ടിയത് 14-15 നൂറ്റാണ്ടുകളുടെ തിരിവിൽ കത്തോലിക്ക സഭയുടെ പരമാധികാരിയായിരുന്ന അലക്സാണ്ടർ ആറാമൻ പാപ്പയുടെ മകൻ എന്ന് പറയപ്പെടുന്ന ഒരു അധികാരമോഹിയായിരുന്നു, കർദ്ദിനാൾ പട്ടം വഹിച്ച്, എന്നാൽ ചരിത്രത്തിലാദ്യമായി ആ സ്ഥാനം രാജിവച്ച് (അതുവഴി ആ ചരിത്രത്തിലെങ്കിലും ഒന്നാമനാണ് അയാൾ), ഫ്രാൻസിലെ ലൂയി പന്ത്രണ്ടാമൻ രാജാവിന്റെ സൈന്യാധിപനായി, അതിന്റെ ബലത്തിൽ ഇറ്റലിയുടെ ഒരു ഭാഗം സ്വന്തം രാജ്യമാക്കി മാറ്റിയെടുത്ത സെസാർ ബോർജിയ, കുപ്രസിദ്ധമായ ബോർജിയ കുടുംബാംഗം. ലാഗർക്വിസ്റ്റിന്റെ കഥയിലും പ്രിൻസ് എന്ന പേരിൽ തന്നെയാണ് അയാളുടെ പ്രത്യക്ഷം. രണ്ടാമനാകാൻ മനസ്സില്ലാത്ത ഒരാൾ, ഒരു പിടികിട്ടാപ്പുള്ളി, ആര്‍ക്കും ഒരു പിടിയും കിട്ടാത്ത പുള്ളി. 

മറ്റയാൾ രണ്ടടിയിലധികം പൊക്കമില്ലാത്ത ഒരു കുള്ളൻ, പിക്കോളിൻ എന്ന് പേരു്, തിന്മയുടെ ആൾരൂപം, രൂപത്തിനത്ര വലിപ്പമില്ലെങ്കിൽ കൂടി തിന്മയുടെ ആഴത്തിന് അന്തമില്ല. രണ്ടാമനാകാതിരിക്കാനായി രാജകുമാരനോടൊപ്പം നിന്ന് ക്രൂരതയിലും കുതന്ത്രത്തിലും ഒന്നാമനായവൻ, ഒടുവിൽ, മുക്കാലിയിൽ തളയ്ക്കപ്പെട്ടു ജീവിതാന്ത്യം വരെ അവിടെ കഴിയാൻ വിധിയ്ക്കപ്പെട്ട പുള്ളി, പിടിയ്ക്കപ്പെട്ടെങ്കിലും ആർക്കും ഒരു പിടിയും കിട്ടാത്ത പുള്ളി. 

ചരിത്രത്തിലും ഇത്തരം പിടികിട്ടാപ്പുള്ളികൾ പലരെ നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്, പെട്ടെന്ന് ഓർമ്മ വരുന്നത് വിയന്നയുടെ തെരുവുകളിൽ ചിത്രം വരച്ച് നിത്യവൃത്തി കഴിച്ചിരുന്ന ഒരു ചെറുപ്പക്കാരനെയാണ്. പിന്നീട് അയാൾ മ്യൂണിക്കിലേക്ക് കൂടുമാറി, അപ്പോഴേക്കും ഒന്നാം ലോകയുദ്ധം തുടങ്ങാറായിരുന്നു, സൈന്യത്തിൽ ചേരാൻ അത് കാര്യങ്ങൾ എളുപ്പമാക്കി. യുദ്ധം കഴിഞ്ഞും അയാൾ കുറെക്കാലം കൂടി പട്ടാളത്തിൽ കഴിഞ്ഞു, രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തിന് സമയമാകും വരെ. തന്ത്രങ്ങളിലൂടെ, കണക്കുകൂട്ടലുകളിലൂടെ, കരുണ വീശാത്ത മനസ്സോടെ, അയാൾ ഓരോരോ പടികൾ കയറി, ലോകത്തെ അടുത്ത ലോകയുദ്ധത്തിലും സർവ്വനാശത്തിന്റെ മുനമ്പിലുമെത്തിച്ചു. ഒടുവിൽ, ഒരു ഏപ്രിൽ മുപ്പതാം തിയതി, ഏതോ ഒരു നിലവറയുടെ ഇരുട്ടിൽ തന്റെ കാമുകിയായ ഈവ ബ്രൗണിനെ വിവാഹം ചെയ്ത്, ഒരു ദിവസം പോലും തികയുന്നതിനു മുമ്പ്, ഒരു വെടിയുണ്ടയിൽ യാത്രയവസാനിപ്പിച്ചു (ഈ വാദത്തെ ലെവ് ബെസൈമെൻസ്കി 'ഹിറ്റ്ലറുടെ മരണം' എന്ന പുസ്തകത്തിൽ ഖണ്ഡിക്കുന്നുണ്ട്, സയനൈഡ് വിഷം മൂലമാണ് അയാൾ മരിച്ചതെന്നാണ് ലേഖകൻ അതിൽ സമർത്ഥിക്കുന്നത്). മരണം ഏത് വിധത്തിലായാലും, അതിനു മുമ്പേ തന്നെ, ചരിത്രത്തിലെ സ്വേച്ഛാധിപതികളുടെ നിരയിൽ അയാൾ ഒന്നാമനായിക്കഴിഞ്ഞിരുന്നു, ഒരു പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞിരുന്നു, ആർക്കും ഒരു പിടിയും കിട്ടാത്ത പുള്ളി. 

കൂടെ ചേർക്കാവുന്ന ഒരു കഥ കൂടി പറയാം, നേരത്തെ സൂചിപ്പിച്ച കുതന്ത്രങ്ങളുടെ രാജകുമാരൻ, സെസാർ ബോർജിയ, അയാളുടെ അവസാന യുദ്ധത്തിന്റെ കഥയാണത്. ബോമോണ്ടിലെ പ്രഭുവായിരുന്ന (Louis De Beaumont) ലൂയിയുടെ കോട്ട വളഞ്ഞ ബോർജിയയുടെ സൈന്യത്തെ കബളിപ്പിച്ച് ലൂയിയുടെ പോരാളികൾ രക്ഷപ്പെട്ടിരുന്നു, 1507 ലാണ് സംഭവം. ഇതിൽ മാനക്കേട് തോന്നിയ ബോർജിയ, സഹായികളോടൊപ്പം ആ പോരാളികളെ പിന്തുടർന്നു, പക്ഷെ അവരെ കണ്ടെത്തിയപ്പോഴേക്കും കൂട്ടം തെറ്റി അയാൾ ഏകനായിക്കഴിഞ്ഞിരുന്നു. എതിരാളികൾക്ക് അയാളെ പിടികൂടാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല, അവരുടെ കുന്തമുനയിൽ വീണുപോയ അയാളെ അവർ വസ്ത്രങ്ങളും ആഭരണങ്ങളും ഊരിമാറ്റി, പൂർണ്ണ നഗ്നനാക്കി, മുഖത്ത് ഒരു തുകൽ കവചമിട്ട്, വഴിയിൽ ഉപേക്ഷിച്ചു. അവരൊന്നു കൂടി ചെയ്തു, അയാളുടെ ഗുഹൃഭാഗം ഒരു ഓട്ടുകഷണം കൊണ്ട് ഒട്ടൊന്ന് മൂടിവച്ചിരുന്നു, മരണം കാത്ത് കിടക്കുന്ന രാജകുമാരന് സങ്കോചം തോന്നേണ്ട എന്ന് കരുതിയതു കൊണ്ടാണോ എന്തോ. 

ചരിത്രം തരുന്ന പാഠങ്ങൾ പലപ്പോഴും എളുപ്പത്തിൽ വായിച്ചെടുക്കാവുന്ന ലിപികൾ കൊണ്ട് എഴുതപ്പെട്ടവയാകണം എന്നില്ല. ഒരു വെടിയുണ്ടയുടെ രൂപത്തിൽ, ചിലപ്പോഴോക്കെ ഒരോട്ടു കഷണത്തിന്റെ രൂപത്തിൽ പോലും, അവ പ്രത്യക്ഷമാകുന്നു.

Content Summary: Varantha column by Jojo Antony about Machiavellian Minds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com