ADVERTISEMENT

തനിച്ചിരിക്കുമ്പോൾ വായിക്കാനെടുക്കേണ്ട ഒരു ക്രൈം ത്രില്ലറാണ് സിവിക് ജോൺ എഴുതിയ ‘ഷാങ്ഹായ്’. ആവി പറക്കുന്ന ഒരു കട്ടൻചായ അടുത്തുവച്ചു വായന തുടങ്ങാം. വായന കഴിയുമ്പോൾ സിരകളിൽ ചൂടു പകർന്നിട്ടുണ്ടാകുമെന്നുറപ്പ്. ചൈനയിലെ ഷാങ്ഹായ് മഹാനഗരത്തിൽ നടക്കുന്ന ഒരു മരണവും വിവിധ രാജ്യക്കാരായ ഒരു സംഘം അതിനു പിന്നാലെ നടത്തുന്ന അന്വേഷണവുമാണ് നോവലിന്റെ ഇതിവൃത്തം. 2017 ഒക്ടോബർ 26ന് തുടങ്ങി ഡിസംബർ 31ന് അവസാനിക്കുന്ന തരത്തിൽ ഓരോ ദിവസത്തെയും സംഭവവിവരണം ആയിട്ടാണു നോവലിന്റെ ഘടന. ഷാങ്ഹായിയിൽ ആണു നടക്കുന്നതെങ്കിലും അമേരിക്കയും റഷ്യയും വിയറ്റ്നാമും ഇന്ത്യയും പാക്കിസ്ഥാനും ഹോങ്കോങ്ങും അവിടുത്തുകാരായ ആളുകളുമെല്ലാം വിവിധ ദൗത്യങ്ങളുമായി നോവലിൽ അണിനിരക്കുന്നു. 

എഴുത്തുകാരന്റെ സ്വത്വം എവിടെയും പ്രത്യക്ഷപ്പെടുന്നില്ല എന്നതു സിവിക് ജോൺ കൃതികളുടെ ഒരു പ്രത്യേകതയായി തോന്നിയിട്ടുണ്ട്. പൂർണമായും കഥാപാത്രങ്ങളുടെ മനസ്സിലൂടെയാണു വായന മുന്നോട്ടുപോകുന്നത്. വായന കഴിയുമ്പോഴും അവരേയുള്ളൂ. അവരുടെ ജീവിതം നമ്മളിലേൽപ്പിച്ച ആഘാതം എത്ര വലുതാണെന്നു മനസ്സിലാകുമ്പോഴേ എഴുത്തുകാരൻ അനുഭവിച്ച വേദന എത്ര വലുതാണെന്നു മനസ്സിലാകുകയുള്ളൂ. ഇരുണ്ട ഭൂമികയാണു ഷാങ്ഹായിയുടേത്. കഥാപാത്രങ്ങളും അങ്ങനെ തന്നെ. മലയാള പരിസരത്തു നിന്നെഴുതുമ്പോഴും അതിന്റെ നിഴൽപോലും വീഴാത്ത ഒരു ഇന്റർനാഷനൽ ത്രില്ലർ അനുഭവിപ്പിക്കാൻ എഴുത്തുകാരനു കഴി‍ഞ്ഞിട്ടുണ്ട്. കോതമംഗലം സ്വദേശിയായ സിവിക്ക് അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ, ഛാ‌യ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവിക് സംസാരിക്കുന്നു:

∙എഴുതിയേ പറ്റൂ, എനിക്ക് എഴുതാൻ കഴിയും, എഴുതണം എന്നു ശക്തിയായി തോന്നിയ ആ നിമിഷം?

തീർത്തും യാദൃശ്ചികമായാണ് എഴുത്തിലേക്ക് എത്തിച്ചേരുന്നത്. എഴുതണമെന്ന് ശക്തിയായി തോന്നിയ നിമിഷം എന്നതിനേക്കാൾ നമ്മൾ എന്തിനെഴുതണം എന്ന ചോദ്യം സ്വയംചോദിക്കുന്ന നിമിഷങ്ങൾ ഉണ്ട്. വല്ലാതെ മനസ്സുലച്ച ചില സാഹചര്യങ്ങളിൽ എഴുത്ത് ഒരു രക്ഷയായി വന്നു ഭവിച്ചു എന്നു വേണമെങ്കിൽ പറയാം.

∙ജോലി എന്താണ്? എഴുത്തുമായി ബന്ധപ്പെട്ടതാണോ? ജോലിക്കിടയിൽ എഴുതുവാൻ സമയം കണ്ടെത്തുന്നത് എങ്ങനെ?

എഴുത്തുമായി  ബന്ധമുള്ള ജോലികളല്ല ഇതുവരെ ചെയ്തുവന്നത്. ഏഴു വർഷത്തോളം കേരളത്തിനു പുറത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു വർഷമായി ഇപ്പോൾ കൊച്ചിയിൽ മറ്റൊരു സ്വകാര്യ സ്ഥാപനത്തിൽ. അവയൊന്നും എഴുത്തുമായി ഒരു രീതിയിലും ബന്ധപ്പെട്ടു നിൽക്കുന്നവയല്ല. പുസ്തകങ്ങളോടുള്ള ഭ്രമം ഒന്നുകൊണ്ടു മാത്രമാണ് എഴുത്തിലേക്ക് എത്തിച്ചേരുന്നത്. എഴുതുവാൻ സമയം കണ്ടെത്തുന്നതിലും പ്രാധാന്യം ഞാൻ എപ്പോഴും കൊടുക്കുക കൂടുതൽ പുസ്തകങ്ങൾ വായിക്കാനാണ്. വീണുകിട്ടുന്ന സമയമെല്ലാം പുസ്തകങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. 

∙മുഖ്യധാരാ സാഹിത്യം, അല്ലെങ്കിൽ മുഖ്യധാരാ ഭാഷ മാറ്റിനിർത്തിയതായി തോന്നിയിട്ടുള്ള ആശയങ്ങളോ വാക്കുകളോ എഴുതാനാണോ ശ്രമിക്കുന്നത്? നിങ്ങൾ എന്താണു വായനക്കാരോടു പറയാൻ ശ്രമിക്കുന്നത്?

പലപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ, അല്ലെങ്കിൽ നമുക്ക് പറയാൻ ഉണ്ട് എന്നു തോന്നുന്ന കാര്യങ്ങൾക്ക് വേണ്ടി മാത്രമാണു കഥയെന്ന മാധ്യമത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. അവ മുഖ്യധാര സാഹിത്യവുമായി ചേർന്നു നിൽക്കുന്നവയാണോ എന്നു ചോദിച്ചാൽ അറിയില്ല. ഒരു സോഷ്യൽ കമന്ററി എന്നതിനപ്പുറം കൃത്യമായി ഒരു കഥ പറയാനുണ്ടാവുക, അതിനെ മികവോടെ അവതരിപ്പിക്കാൻ കഴിയുക, ചിലപ്പോഴെങ്കിലും അതുവരെയും പരിചയിച്ചിട്ടുള്ള സാമ്പ്രദായികമായ ഭാവതലങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്നതാവുക എന്നതിനാണ് ഞാൻ ഇതുവരെയും മുൻഗണന കൊടുത്തിട്ടുള്ളത്. മറ്റൊരാളുടെ നിർബന്ധത്തിന് വഴങ്ങിയോ ഡെഡ്‌ലൈനുകൾ മുൻനിർത്തിയോ അല്ലെങ്കിൽ എല്ലാവരും ഈയൊരു വിഷയത്തിൽ എഴുതുന്നു എന്ന കാരണം കൊണ്ടോ ഒരിക്കലും കഥ എഴുതാൻ ഞാൻ ശ്രമിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. എനിക്ക് പറയണമെന്നു തോന്നുന്ന കഥ അത് എത്ര സമയം എടുത്തിട്ടാണെങ്കിലും ഏറ്റവും നന്നായി പറയാനാണ് ശ്രമിക്കാറുള്ളത്.

∙വീട്ടിലെ സാഹചര്യങ്ങൾ എങ്ങനെയായിരുന്നു? ഒരു എഴുത്തുകാരനാകും എന്ന് എപ്പോഴെങ്കിലും തോന്നിയിരുന്നോ?

അച്ഛൻ, അമ്മ, അനിയൻ എന്നിവർ അടങ്ങുന്നതാണു കുടുംബം. ആരും അങ്ങനെ സാഹിത്യവുമായി ബന്ധപ്പെട്ട നിൽക്കുന്നവരല്ല. അടുത്തുള്ള ലൈബ്രറികളിൽ നിന്നു പുസ്തകങ്ങൾ ധാരാളമായി വായിക്കാൻ സാധിച്ചിരുന്നു. പിന്നീട് പഠനകാലത്ത് സ്വന്തമായി പുസ്തകം വാങ്ങി വായിക്കാനുള്ള സാഹചര്യമൊരുങ്ങി. ജോലി കിട്ടിയപ്പോഴും അതു തുടർന്നു. നല്ല പുസ്തകങ്ങൾ വായിക്കുക എന്നതിനപ്പുറം എഴുതുക എന്നത് ഒരിക്കലും സ്വപ്നത്തിൽ പോലും ഉണ്ടായിരുന്ന ഒരു കാര്യമായിരുന്നില്ല. ഇപ്പോഴും മറ്റൊരാൾ അറിയാത്ത ഒരു പുസ്തകത്തെ തേടിപ്പിടിച്ചു വായിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തോളം വലുതല്ല മറ്റൊന്നും. 

∙എഴുത്തുകാരൻ എന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം?

കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ‘സോൾ കിച്ചൻ’ എന്ന കഥ പുറത്തുവന്ന സമയം. ഒരു ദിവസം ഒരു സുഹൃത്തിന്റെ ശബ്ദസന്ദേശം എനിക്ക് എത്തി. അയാൾ വ്യക്തിജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഒരു കാലഘട്ടമായിരുന്നു അത്. എല്ലാം അവസാനിച്ചു എന്ന് തോന്നലിൽ നിന്നിരുന്ന ഒരു സമയത്ത് ഇനിയും കുറച്ചുകൂടി മുന്നോട്ടു പോകാം എന്നൊരാത്മവിശ്വാസം നൽകാൻ നിന്റെ കഥയ്ക്ക് സാധിച്ചു എന്നാണ് ആ ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്. വർഷങ്ങൾക്കിപ്പുറം വ്യക്തിജീവിതത്തിലെ ആ മോശം കാലഘട്ടം പിന്നിട്ട് അയാൾ സന്തോഷകരമായ ഒരു പുതിയ ജീവിതം നയിക്കുന്നതു കാണുമ്പോൾ എഴുത്തുകൊണ്ട് ജീവിതത്തെ തൊടുക എന്നത്  വെറുംവാക്കല്ല  എന്ന് തോന്നും. 

∙പ്രസിദ്ധീകരിച്ച കൃതികൾ

പത്തുവർഷങ്ങൾ പിന്നിടുന്നു എഴുത്തിൽ. കണ്ടും വായിച്ചും പരിചയിച്ച ജീവിതങ്ങളെ പലപ്പോഴായി എഴുത്തിലേക്ക് സന്നിവേശിപ്പിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. മൂന്ന് കഥാസമാഹാരങ്ങളും ഒരു നോവലും ആണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. അതിസുന്ദരം ഒരു മരണം, സീസൺ ഫിനാലെ, ഛായ എന്നിവ കഥാസമാഹാരങ്ങൾ. ആദ്യ നോവൽ ഷാങ്ഹായ്.

∙ഗ്രൂമിങ്, കാൻഡിഡ ഓറിസ് സൊലൂഷൻ, ബേണർ. മലയാളം എഴുത്തുകളിൽ അങ്ങനെയധികം കണ്ടിട്ടില്ലാത്ത പദങ്ങൾ ഷാങ്ഹായ് എന്ന നോവലിൽ ധാരാളം കാണാം. ഇവയുടെ ഉപയോഗത്തിലേക്ക് എഴുത്തുകാരൻ ചെന്നെത്തുന്നത് എങ്ങനെയാണ്?

അങ്ങനെ കണ്ടുവരാത്തവ എന്നു പറയാൻ കഴിയില്ല. 2019ലാണ് ഷാങ്ഹായ് എഴുതുന്നത്. വൈദ്യശാസ്ത്രപരമായ വിശദാംശങ്ങളിൽ നോവൽ ഇന്നും അപ്ടുഡേറ്റ് ആയി വായിക്കാൻ കഴിയുമെന്നാണ് വിശ്വാസം. എന്നാൽ സാങ്കേതികവിദ്യയുടെ കാര്യത്തിൽ അത്ര അപ്ടുഡേറ്റ് അല്ല. പക്ഷേ, ഈ ത്രെഡ് യാദൃശ്ചികമായി ഒരു പത്രവാർത്തയിൽ നിന്നു വീണു കിട്ടിയതാണ്. ആദ്യമൊന്നും അതിന്റെ പുറകേ സഞ്ചരിക്കണമെന്നു തോന്നിയിട്ടുണ്ടായിരുന്നില്ല. പിന്നീട് എപ്പോഴോ അതിനകത്തേക്കു പ്രവേശിക്കുകയായിരുന്നു. ഇത്തരമൊരു വിഷയം ആയതിനാൽ കുറച്ച് ഗവേഷണം ആ മേഖലകളിൽ വേണ്ടി വന്നിരുന്നു. എഴുത്ത് എന്ന പ്രക്രിയയ്ക്കു വേണ്ടി അധികം സമയം എടുത്തിട്ടില്ല. പക്ഷേ, ആ എഴുത്തിലേക്ക് എത്താൻ വേണ്ട വിവരങ്ങൾ ശേഖരിക്കാൻ കുറച്ചേറെ സമയം വേണ്ടി വന്നിരുന്നു. നോവലിൽ പറഞ്ഞിട്ടുള്ള എല്ലാ സാങ്കേതികവിദ്യകളും സാങ്കേതികപദങ്ങളുമെല്ലാം നിലനിൽക്കുന്നവ തന്നെയാണ്. ഞാനായിട്ട് അവ അവതരിപ്പിച്ചു എന്നു പറയുന്നതു ശരിയല്ല. എല്ലാം ഇവിടെയുള്ളവ തന്നെയാണ്. 

∙സിവിക് ജോണിന്റെ ആദ്യ നോവൽ ആണല്ലോ ഷാങാഹായ്. കഥകളിൽ നിന്ന് നോവലിലേക്കുള്ള ഭാവപരിണാമം എങ്ങനെയായിരുന്നു?

ആദ്യ നോവൽ യഥാർഥത്തിൽ ഇതാകില്ലായിരുന്നു. സോൾ കിച്ചൻ എന്ന കഥയായിരുന്നു നോവലാകേണ്ടിയിരുന്നത്. പിന്നീട് പലപ്പോഴും അതു നോവലിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതു പൂർത്തിയായിരുന്നെങ്കിൽ അതായിരുന്നേനെ ഞാൻ എഴുതിയിട്ടുള്ള ഏറ്റവും നല്ല നോവൽ. കുറച്ചുകൂടി വായനക്കാരെ തൊടാൻ അതിനു കഴിയുമായിരുന്നു. ഷാങ്ഹായ് ആണ് ആദ്യ നോവൽ എന്നു പറയാമെങ്കിലും എഴുത്തിന്റെ വലുപ്പം മാത്രം വച്ച് കൃത്യമായി ഈ പുസ്തകത്തെ അങ്ങനെ അടയാളപ്പെടുത്താനാകുമോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം ഞാൻ എഴുതിയിട്ടുള്ള കഥകളൊക്കെ പരമ്പരാഗതമായിട്ടുള്ള കഥകളുടെ വലുപ്പത്തിനുള്ളിൽ നിൽക്കുന്ന ഒന്നല്ല. കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങളിൽ ഞാൻ എഴുതിയിട്ടുള്ള കഥകളെല്ലാം സാധാരണ കഥകളുടെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ വലുപ്പമുള്ള കഥകളാണ്. കഥയാണ് അതിന്റെ വലുപ്പം തീരുമാനിക്കുന്നത് എന്നാണു ഞാൻ വിശ്വസിക്കുന്നത്. നമുക്ക് എന്താണോ പറയാനുള്ളത് അവിടെ എത്തുന്നതാണ് അതിന്റെ വലുപ്പം. ചിലപ്പോൾ ഒറ്റപ്പേജിൽ പറഞ്ഞു തീർക്കാൻ പറ്റുമായിരിക്കും. ചിലപ്പോൾ ചില കാര്യങ്ങൾ വായനക്കാരിലേക്ക് എത്തിക്കാൻ കുറേക്കൂടി വലുപ്പത്തിൽ പറയേണ്ടി വരും. അപ്പോൾ ആ രീതിയിൽ കഥ രൂപപ്പെടുത്തേണ്ടി വരും. 

∙രാജ്യാന്തര മാനങ്ങളുള്ള ഒരു ത്രെഡ്. പല രാജ്യക്കാരായ കഥാപാത്രങ്ങൾ. അപരിചിത ഭൂപ്രദേശങ്ങൾ. എത്രമാത്രം ഹോംവർക്ക് വേണ്ടി വന്നു ഷാങ്ഹായ് എഴുതാൻ?

കഥനടക്കുന്നത് ഷാങ്ഹായിൽ ആയതുകൊണ്ട് അതിന് രാജ്യാന്തരമാനം എന്നു പറയാൻ കഴിയുമോ എന്നെനിക്കറിയില്ല. ഇത് എവിടെയും നടക്കാവുന്ന ഒരു കഥയാണ്. എവിടെയും നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. പല രാജ്യക്കാരായ കഥാപാത്രങ്ങൾ ഉണ്ട് എന്നതു യാഥാർഥ്യമാണ്. മനഃപൂർവം ഒരു മലയാളി കണക്‌ഷൻ കൊണ്ടുവരിക എന്നതു നമ്മുടെ എഴുത്തുകളിൽ പൊതുവെ കണ്ടുവരാറുണ്ട്. അതു പലപ്പോഴും ആ എഴുത്തിനെ പരിമിതപ്പെടുത്തുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇവിടെ അങ്ങനെയൊന്നു വേണ്ട എന്നു ഞാൻ തീരുമാനിച്ചിരുന്നു. ഇത്തരമൊരു സംഭവത്തിൽ ആരൊക്കെ ഉണ്ടാകാമോ അവരൊക്കെ തന്നെയേ ഇതിൽ ഉണ്ടായിട്ടുള്ളൂ. സാധാരണ നമ്മൾ വായിച്ചുപരിചയിച്ചിട്ടുള്ള ഒരു പുസ്തകം പോലെ ആകരുത് ഷാങ്ഹായ് എന്ന നിർബന്ധം എഴുതുമ്പോൾ എനിക്കുണ്ടായിരുന്നു. ഒരുപരിധിവരെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. ഇതിൽ പറ‍ഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടുപിടിക്കാനായി കുറേയേറെ വായനയും ഗവേഷണവും വേണ്ടി വന്നിട്ടുണ്ട്. അതെത്രമാത്രം ആളുകളിലേക്ക് എത്തി എന്ന് എനിക്ക് ഉറപ്പില്ല. ഒരുപക്ഷേ, ഇനിയുള്ള ഇതിന്റെ ഭാഗങ്ങൾ പുറത്തുവരുമ്പോൾ ഞാൻ നടത്തിയ ഗൃഹപാഠത്തിന്റെ ആഴം അവർക്കു മനസ്സിലാകുമായിരിക്കും. 

∙നെറ്റ്‌വർക് പണി അവസാനിപ്പിക്കുന്നില്ല എന്ന സൂചനയോടെയാണല്ലോ അവസാനം. ഒരു സ്വീക്വൽ തന്നെയാണോ മനസ്സിൽ?

ഷാങ്ഹായിക്ക് ഒരു തുടർച്ച എന്തായാലും ഉണ്ടാകും. പലവട്ടം ഇതു മാറ്റി എഴുതിയപ്പോഴും ഇതിന്റെ മുന്നോട്ടുള്ള കഥപറച്ചിലിൽ അത് എങ്ങനെ ബാധിക്കും എന്ന് ശ്രദ്ധിച്ചിരുന്നു. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു പൂർവചരിത്രം പറഞ്ഞുവയ്ക്കുക എന്നതാണ് ഇതിൽ ചെയ്തിട്ടുള്ളത്. രണ്ടു ഭാഗങ്ങൾ കൂടി ഷാങ്ഹായിക്ക് ഉണ്ടാകും. അതിനുശേഷമോ സമാന്തരമായോ ഈ കഥാപാത്രങ്ങളുടെ എല്ലാം സ്പിൻഓഫുകൾ ഉണ്ടാകും. ഷാങ്ഹായിലെ കഥാപാത്രങ്ങളെല്ലാം തന്നെ വെറ്ററൻസ് ആണ്. അവർ ഇടപെട്ടിരുന്ന മേഖല ഒരു സാധാരണ മേഖലയുമല്ല. വളരെ ആഴത്തിലുള്ള ചരിത്രമാണ് ഓരോരുത്തർക്കും ഉള്ളത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇന്നു വരെ നടന്നിട്ടുള്ള പല സുപ്രധാന ചരിത്രസംഭവങ്ങളിലൂടെയുമാണ് ഇവർ കടന്നുപോകുന്നിട്ടുള്ളത്. അതെല്ലാം പറയണം എന്ന ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ആദ്യ നോവലിൽ അധികം വിട്ടുപറയാതെ ചെറിയ ഒരു സൂചന നൽകി മാത്രം അവസാനിപ്പിച്ചത്. എഴുതാൻ നല്ല സമയം വേണം എന്ന ധാരണയുണ്ട്. വിപുലമായ ഗവേഷണം വേണ്ട വിഷയമാണ്. ഒരേ സംഭവത്തിന്റെ പല മാനങ്ങൾ അറിഞ്ഞാൽ മാത്രമേ നമുക്ക് കഥയോട് നീതി പുലർത്താൻ കഴിയൂ. ഈ വർഷം അവസാനത്തോടെ രണ്ടാം ഭാഗം പൂർത്തിയാക്കാനാകും എന്നാണു വിശ്വാസം. 

Content Summary: Love Letter Column by Ajish Muraleedharan about Civic John and his Crime Thriller Novel Shanghai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com