പ്രതിഭ കൊണ്ട് മറയ്ക്കപ്പെടുന്ന കറുത്ത പാടുകൾ
Mail This Article
രണ്ടു ദിവസം മുമ്പ് മാത്രം നടന്ന, ഗാന്ധിജിയുടെ മരണത്തിന്റെ വാർത്തകൾ കൊണ്ട്, ഭാരതത്തിലെ വർത്തമാന പത്രങ്ങൾ - അന്ന് 46 പത്രങ്ങളെ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നുള്ളൂ, ഇന്നത് ഒരു ലക്ഷത്തിന് മേലെ എന്നാണ് അറിവ് - നിറഞ്ഞു നിന്ന 1948 ഫെബ്രുവരി ഒന്നാം തിയതി, പകുതി ഭൂമി അപ്പുറത്ത് ന്യൂയോർക്കിൽ പുറത്തിറങ്ങിയ ഗുഡ് ഹൌസ്കീപ്പിംഗ് എന്ന വനിതാ മാസികയിൽ - വിർജീനിയ വുൾഫും സോമർസെറ്റ് മോമുമൊക്കെ ഈ മാസികയിൽ എഴുതിയിട്ടുണ്ട് - ഒരു ചെറുകഥ പ്രസിദ്ധീകരിച്ചു വന്നു. ജെറോം ഡേവിഡ് സാലിഞ്ജർ എന്ന ജെ. ഡി. സാലിഞ്ജറുടെ - അതെ, കാച്ചർ ഇൻ ദ് റൈ എന്ന കമിംഗ് ഓഫ് എയ്ജ് നോവലിന്റെ കർത്താവ്, അന്നദ്ദേഹത്തിന് മുപ്പത് വയസ് തികഞ്ഞിട്ടില്ല - 'എനിക്കറിയാവുന്ന ഒരു പെൺകുട്ടി" (A Girl I Knew), അതായിരുന്നു ആ കഥ, ഒരു പ്രണയകഥയാണത്, അതിലെ ഒരു വാചകം ഇങ്ങനെ: "എന്റെ കാഴ്ചയില്‍ അവളൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല, പ്രപഞ്ചത്തെയാകെ ചേർത്തു പിടിച്ചുകൊണ്ട്, ആ ബാൽക്കണിയുടെ കൈവരിയില്‍ ചാരി, വെറുതെ നിൽക്കുകയല്ലാതെ" (She wasn't doing a thing that I could see, except standing there leaning on the balcony railing, holding the universe together). കഥാനായകന് കാമുകിയെ ആദ്യം കാണുന്ന രംഗമാണിത്, പ്രേമത്തിലേക്ക് വളരുന്ന ആദ്യാകർഷണത്തെ ഇതിലും നന്നായി അധികമാരും പറഞ്ഞു കാണില്ല. നന്മ നിറഞ്ഞ ഒരു മനസ്സിനു മാത്രമേ ഇത്തരം ഒരു കാഴ്ച കാണാനാവൂ, ഇത്ര രമണീയമായി അതിനെ എഴുത്തിലേക്ക് രൂപം മാറ്റാനാവൂ എന്ന് നമുക്ക് തീർച്ചയാകും ഇത് വായിക്കുമ്പോൾ. എന്നാൽ നമ്മൾ മനസ്സിലാക്കിയത് ശരി തന്നെയോ?
തൊണ്ണൂറ്റിയൊന്ന് വർഷം നീണ്ട ജീവിതത്തിന്റെ അധികഭാഗവും അജ്ഞാതവാസത്തിലായിരുന്നു സാലിഞ്ജർ. വേദാന്ത ചിന്തയിൽ ഭ്രമിച്ചിരുന്ന ഈ കാലഘട്ടത്തിനിടയിലാണ് ഒരു നോവലും നാല് നോവല്ലകളും കുറെയധികം ചെറുകഥകളും അദ്ദേഹം എഴുതിയത്, അവയിൽ അവസാനം പുറത്തുവന്നത് ഒരു നോവല്ല, Hapworth 16, 1924, ന്യൂയോർക്കർ വാരികയിൽ, 1965ൽ. ഇതിനകം, യൂജിൻ ഒനീലിന്റെ മകൾ ഊനയുമായും ആദ്യ ഭാര്യയായ സിൽവിയ വെൽട്ടറുമായും ഉണ്ടായിരുന്ന ബന്ധങ്ങൾ അവസാനിപ്പിച്ച്, ക്ലെയർ ഡഗ്ളസ് എന്ന യുവതിയെ - അവർക്കന്ന് 19 വയസ് - വിവാഹം ചെയ്തിരുന്നു, അവരിലാണ് അദ്ദേഹത്തിന്റെ രണ്ട് മക്കൾ, മാർഗരറ്റും മാത്യുവും, ജനിച്ചത്. ക്ലെയറുമായുള്ള ബന്ധവും 12 വർഷം മാത്രം നീണ്ടു, സാലിഞ്ജറുടെ വിശ്വാസപ്രമാണങ്ങൾ കൊണ്ട് പൊറുതിമുട്ടി, ആ സ്ത്രീ പിരിഞ്ഞു പോയി. പിന്നെയാണ് ജോയ്സ് മെയ്നാർഡ് എന്ന പതിനെട്ടുകാരിയായ എഴുത്തുകാരിയെ പ്രണയിക്കുന്നത്, അമ്പത്തിമൂന്നാമത്തെ വയസ്സിൽ, 1972 ൽ.
ജോയ്സും സാലിഞ്ജറും തമ്മിലുള്ള ബന്ധം - ഒരു വർഷത്തിനു ശേഷം രണ്ട് 50 ഡോളർ നോട്ടുകളിൽ എഴുത്തുകാരൻ ആ ബന്ധം അവസാനിപ്പിച്ചു - നമ്മളറിയുന്നത് മുഖ്യമായും ജോയ്സ് എഴുതിയ At Home in the world എന്ന ആത്മകഥയിൽ നിന്ന്, അതിൽ തെളിയുന്ന സാലിഞ്ജർ തികഞ്ഞ സ്വർത്ഥനാണ്, ചെറുപ്രായത്തിലുള്ള പെൺകുട്ടികളോട് അമിതമായ പ്രതിപത്തിയുള്ളയാളാണ്. അതിന് തെളിവായി അദ്ദേഹത്തിന്റെ മൂന്നാമത്തെ വിവാഹം, 21 കാരി കോളീൻ ഒനീലുമായി, അത് നടന്നത് 1988 ൽ ആണെങ്കിലും അവരുടെ ബന്ധം തുടങ്ങുമ്പോൾ കോളീൻ ഒരു കൗമാരക്കാരി, സാലിഞ്ജറോ അറുപതുകളിലും. ഡേവിഡ് എഡൽസ്റ്റൈൻ, ന്യൂയോർക്ക് ദ്വൈവാരികയുടെ സിനിമാ നിരൂപകൻ, പറഞ്ഞതുപോലെ, "അയാൾക്ക് സുന്ദരികളായ പെൺകുട്ടികളെ ഇഷ്ടമായിരുന്നു, അത്ര തന്നെ." Salon.com എന്ന പുരോഗമനരാഷ്ട്രീയ മാധ്യമത്തിന്റെ സ്ഥാപകരിൽ ഒരാളായ ലോറ മില്ലർ, പക്ഷെ, വാക്കുകൾ പിശുക്കുന്നില്ല, "ഈ എഴുത്തുകാരൻ ഒരു മോശം പിതാവും, അതിനേക്കാൾ മോശം ഭർത്താവുമാണ്. സ്വന്തം പ്രശസ്തിയെ നിരാകരിച്ചു കൊണ്ട് പൊതു ജീവിതത്തിൽ നിന്നു് വിട്ടുമാറി നിൽക്കുമ്പോഴും, അതേ പ്രശസ്തിയുപയോഗിച്ച്, ന്യൂ ഹാംഷൈർ കോർണിഷ് കോളനിയിലെ തന്റെ സ്വയം നിർമ്മിത കോട്ടമതിലിനുള്ളിൽ നിന്ന് കൗമാരക്കാരികളായ പെൺകുട്ടികൾക്ക് പ്രലോഭിപ്പിക്കുന്ന കത്തുകളെഴുതി അവരെ വശത്താക്കാൻ മടിയൊട്ടില്ലതാനും" (the author was a terrible father and worse husband, a man who withdrew from public life and repudiated his fame, yet was not above using that fame (via creepily seductive letters) to court teenage girls from his redoubt in Cornish, N.H.). സാഹിത്യത്തെ ഷെൽഫുകളിൽ വച്ച്, സാലിങ്ജറുടെ അസാന്മാർഗ്ഗികതയെ കുറിച്ച് സംസാരിക്കാൻ ആഹ്വാനം ചെയ്ത വേറെയും എഴുത്തുകാരെ നമുക്ക് കാണാം, അവർക്കെതിരെ നിന്ന്, ജോയ്സ് മെയ്നാർഡ് ഒരു അവസരവാദിയാണെന്ന് പറഞ്ഞ, വാഷിങ്ടൺ പോസ്റ്റിലെ നിരൂപകൻ, ജോനാഥൻ യാർഡ്ലിയെ പോലെ ചുരുക്കം ചിലരേയും.
സാലിഞ്ജറെ കുറിച്ച് കൂടുതൽ അറിയാൻ മറ്റൊരിടം കൂടിയുണ്ട്, അദ്ദേഹത്തിന്റെ മകൾ, മാർഗരറ്റ്, എഴുതിയ Dream Catcher - A Memoir എന്ന ആത്മകഥ. മകൾ പിതാവിനെ കുറിച്ച് പറയുന്ന ഒരു വാചകം ശ്രദ്ധേയമാണ്: "അദ്ദേഹത്തിന് എന്നോട് സ്നേഹമുണ്ടായിരുന്നു, അതേസമയം തന്നെ, അദ്ദേഹത്തിന്റെ ആത്മരതി ഒരു രോഗത്തോളമെത്തിയിരുന്നു" (He loved me, but he was also pathologically self-centered). തന്റെ അമ്മയ്ക്ക് അനുഭവിക്കേണ്ടി വന്ന പീഠനങ്ങളെ കുറിച്ചും മാർഗരറ്റ് വിശദമായി എഴുതുന്നു.
ഡേവിഡ് ഷീൽഡ്സും ഷെയ്ൻ സലേർണോയും ചേർന്നെഴുതിയ "Salinger" എന്ന കൃതി, ഏകാകിയായ എഴുത്തുകാരന്റെ ജീവിതത്തെ 720 പേജുകളിലായി നമുക്ക് മുന്നിൽ വയ്ക്കുന്നു. അതിൽ കുറെ പേജുകൾ ഒരു കഥ പറയുന്നുണ്ട്, ആ കഥയിലെ നായിക ജീൻ മില്ലർ എന്ന 14 വയസുകാരി പെൺകുട്ടിയാണ്, നായകൻ സാലിഞ്ജറും, അന്നദ്ദേഹത്തിന് പ്രായം 30 വയസ്. അവരുടെ ബന്ധം തുടങ്ങുന്നത് ഡെയ്ട്ടോണ ബീച്ചിലെ ഒരു ഹോട്ടലിന്റെ സ്വിമ്മിംഗ് പൂളരികിൽ, ജീൻ "വുതറിങ് ഹൈറ്റ്സ്" വായിച്ചു കിടക്കുമ്പോൾ. ആ സൗഹൃദം അഞ്ചു വർഷം നീണ്ടു, അതിനവസാനമാണ് അവർ തമ്മിൽ ആദ്യമായി ശാരിരികബന്ധത്തിൽ ഏർപ്പെടുന്നത്, ആ ദിവസം തന്നെയാണ് സാലിഞ്ജർ ആ ബന്ധം അവസാനിപ്പിച്ചതും. അതിനപ്പുറത്തേയ്ക്ക് ആ ബന്ധത്തെ നീട്ടിക്കൊണ്ടുപോകാൻ അദ്ദേഹം കാരണമൊന്നും കണ്ടില്ല എന്നു വേണം കരുതാൻ.
സാലിഞ്ജർ ബന്ധപ്പെട്ട സ്ത്രീകൾ, സിനിമ - തിയറ്റർ കലാകാരി എലെയ്ൻ ജോയ്സിനെപ്പോലെ, ഇനിയുമെത്ര പേർ. എങ്കിലും, ഈ കുറ്റാരോപണങ്ങൾക്കൊക്കെ ഒടുവിൽ, സാലിഞ്ജർ എന്ന പ്രതിഭയ്ക്ക്, ന്യൂയോർക്ക് ടൈംസിൽ വെർലിൻ ക്ലിൻകെൻബർഗ് എന്ന പത്രാധിപർ എഴുതിയ ഒരു മുഖപ്രസംഗം പിന്തുണയുമായെത്തുന്നു, "ഈ ലോകത്തിൽ നിന്നുള്ള സാലിഞ്ജറുടെ വിട്ടുനിൽക്കലിൽ ഒരു നൈർമ്മല്യമുണ്ട്, അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ എന്തുതന്നെയായാലും, അദ്ദേഹത്തിന്റെ സ്വഭാവം എന്തുതന്നെയായാലും. അരനൂറ്റാണ്ട് നീണ്ട ആ ഏകാന്തതയും മൗനവും, അസാമാന്യ മന:ധൈര്യം വേണ്ട ഒരു സർഗ്ഗപ്രകിയ തന്നെയായിരുന്നു" (There was a purity in Mr. Salinger's separation from the world, whatever its motives, whatever his character. His half-century of solitude and silence was a creative act in itself, requiring extraordinary force of will). ഹോൾഡൻ കോൾഫിൽഡ്, ഒന്നിലധികം തലമുറകളെ ഏറെ സ്വാധീനിച്ച കാച്ചർ ഇൻ ദ് റൈയിലെ നായകൻ - ഒരു പക്ഷെ, ആ കഥാപാത്രത്തെ നമുക്ക് കിട്ടിയത് സാലിഞ്ജറുടെ ഈ സ്വഭാവ രീതി ആയിരിക്കാം എന്നാണ് വെർലിൻ സൂചിപ്പിച്ചത്.
ആധുനിക നോവൽ സാഹിത്യചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കൃതികളിലൊന്നാണ് കാച്ചർ ഇൻ ദ് റൈ എങ്കിൽ നവോത്ഥാന കാലഘട്ടത്തിനു ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പെയ്ൻ്റിങ് ഏതെന്ന ചോദ്യത്തിന് ഉത്തരമൊന്നേ ഉണ്ടാവാൻ വഴിയുള്ളൂ, 25 അടിയിലേറെ നീളത്തിൽ, 12 അടിയോളം പൊക്കത്തിൽ, സ്പെയിനിലെ ഒരു കൊച്ചു പട്ടണത്തിൽ നടന്ന ബോംബാക്രമണത്തെ അപലപിക്കുന്നു 'ഗേണിക്ക' (Guernica) എന്ന ആ ബ്ലാക് ആൻ്റ് വൈറ്റ് ചിത്രം. അതിന്റെ സ്രഷ്ടാവായ പാബ്ലോ പിക്കാസോ, സാലിഞ്ജറെപോലെ, സ്ത്രീകളോട് വലിയ പ്രതിപത്തി കാണിച്ചിരുന്നു, രണ്ടു ഭാര്യമാരും മൂന്ന് പങ്കാളികളും കൂടാതെ അനവധി സ്ത്രീകളുമായി അദ്ദേഹം സ്നേഹം പങ്കുവച്ചിരുന്നു, അതിൽ മാരി-തെരേസ് വാൾട്ടറെ പോലെ, എമിലിയൻ ഗിസ്ലോട്ടിനെ (ഇവരെക്കുറിച്ച് ഗെർട്റൂഡ് സ്റ്റെയ്ൻ തന്റെ ഒരെഴുത്തിൽ ഓർമ്മിക്കുന്നുണ്ട്) പോലെ, ലിഡിയ ഡേവിഡിനെ പോലെ ചിലരെല്ലാം, ബന്ധം തുടങ്ങുമ്പോൾ ചെറുപ്രായമായിരുന്നു, ജാക്വലിൻ റോഗിനെ പോലെ ചിലരുമായി അദ്ദേഹത്തിന് പല ദശാബ്ദങ്ങളുടെ പ്രായ വ്യത്യാസമുണ്ടായിരുന്നു, സാറ മർഫിയെ പോലെ ചിലർ വിവാഹിതകളായിരുന്നു, അവരിൽ മിക്കവരും പിക്കാസോ ചിത്രങ്ങൾക്ക് മോഡലുകളാവുകയും ചെയ്തു, ആരെന്ന് തിരിച്ചറിയാതെ അവരെ നമ്മൾ പല ചിത്രങ്ങളിലും കണ്ടിട്ടുമുണ്ടാവും. ഈ ബന്ധങ്ങൾക്കെല്ലാം രണ്ട് ഭാവങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഒന്നുകിൽ അദ്ദേഹം അവരെ ആരാധിച്ചു, അല്ലെങ്കിൽ അധിക്ഷേപിച്ചു. ഫ്രാൻസ്വ ഷിലോ (Francoise Gilot) എന്ന കാമുകിയോട് ഒരിക്കൽ പിക്കാസോ പറഞ്ഞ വാക്കുകളിൽ നിന്ന് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വ്യക്തമാണ്: "രണ്ടു തരം സ്ത്രീകളേയുള്ളൂ, ദേവതകളും ചവുട്ടികളും" (There are only two kinds of women, goddesses and doormats). "ഓരോ സ്ത്രീയേയും ഉപേക്ഷിക്കുമ്പോൾ, അവരെ കത്തിച്ചു കളയുക. അവളെ നശിപ്പിക്കുന്നതു വഴി അവർ പ്രതിനിധീകരിക്കുന്ന ഭൂതകാലത്തേയും നശിപ്പിക്കുക (Each time I leave a woman, I should burn her. Destroy the woman, destroy the past she represents) എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും മറ്റൊന്നല്ല വിളിച്ചു പറയുന്നത്. വെറുതെയല്ല ഡോറ മാർ എന്ന കാമുകി, ബന്ധം പിരിയുന്ന വേളയിൽ പിക്കാസോയോട് പറഞ്ഞത്: "ഒരു കലാകാരൻ എന്ന നിലയിൽ, നിങ്ങൾ അസാധാരണ കഴിവുള്ള ആളാകാം, എന്നാൽ ധാർമ്മികമായി നിങ്ങൾ വിലകെട്ടവനാണ്" (As an artist you may be extraordinary, but morally speaking, you are worthless).
ടെറിറ്റോറിയൽ ഇംപരറ്റിവ് - ഈ വാക്ക് ആദ്യമായി ഞാൻ കേൾക്കുന്നത് എഴുപതുകളുടെ മദ്ധ്യത്തിൽ എം. കൃഷ്ണൻ നായർ സാഹിത്യ വാരഫലത്തിൽ എഴുതി വച്ചപ്പോഴാണ്, ഒരു സ്ഥലം, പ്രദേശം, മണ്ഡലം, തനിക്ക് സ്വന്തമെന്ന് കരുതുന്ന ജന്തുലോകത്തിന്റെ ചോദനയെയാണ്, സ്വഭാവവിശേഷത്തെയാണ്, ഈ ഭാഷാപ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. സ്വന്തം ആവാസമണ്ഡലം ഏതുവിധേനയും കാത്തുപരിപാലിക്കുന്ന വന്യമൃഗങ്ങൾ പ്രദർശിപ്പിക്കുന്നത് ഈ സ്വഭാവമാണ്. കാണികൾ വളരെ കുറഞ്ഞ, ഇരിപ്പിടങ്ങൾ ഒരുപാട് കാലിയായി കിടക്കുന്ന ഒരു സിനിമ തിയറ്ററിൽ, അപരിചിതനായ ഒരാൾ, നിങ്ങളുടെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്ന അസ്വാരസ്യം ഈ ചോദനയിൽ നിന്ന് വരുന്നു. ആ പേരിൽ (The Territorial Imperative) റോബർട്ട് ആർഡ്റി എഴുതിയ പ്രശസ്തമായ ജനകീയശാസ്ത്ര കൃതിയുമുണ്ട്, സ്വഭാവരൂപികരണശാസ്ത്രം (ethology) എന്ന ശാസ്ത്രശാഖയുടെ പ്രചാരത്തിൽ ഈ കൃതിയുടെ സംഭാവന വലുതാണ്. നമുക്ക് സ്വന്തമായ മണ്ഡലത്തിലാണ് നമുക്കേറ്റവും പ്രിയപ്പെട്ടവർ, സാലിഞ്ജറേയും പിക്കാസോയേയും പോലുള്ള പ്രതിഭകളടക്കം, വസിക്കുന്നത് എന്നതിനാൽ അവർക്കെതിരേയുള്ള ഓരോ ആക്രമണവും നമ്മുടെ പ്രദേശത്തിൽ നടക്കുന്ന അധിനിവേശമായി നമുക്കനുഭവപ്പെടുന്നു, എല്ലാവിധ ശക്തിയുമെടുത്ത് നമ്മൾ പ്രതിരോധിക്കാൻ തുടങ്ങുന്നു. അത്, അറിഞ്ഞ കാര്യങ്ങൾ വിശ്വസിക്കാതിരിക്കുക, അവ കണക്കിലെടുക്കാതിരിക്കുക, ഇമ്മാതിരി പ്രവൃത്തികളിലൂടെയാവും ചിലപ്പോൾ. ഇതും മണ്ഡലസമ്പന്ധിയായ ചോദന, ടെറിട്ടോറിയാലിറ്റി, മൂലമാകാം.
ഇതിനെല്ലാമപ്പുറം, ആ വലിയ ചോദ്യവും മുന്നിൽ തെളിയുന്നു: പ്രതിഭയെ അളക്കേണ്ടത് സദാചാരബോധത്തിന്റെ അളവുകോൽ വച്ചാണോ?
Content Summary : Varantha column by Jojo Antony about the deviant personality of J D Salinger