വേർപിരിയുവാൻ മാത്രം ഒന്നിച്ച ജലബാലയും സി.പിയും
Mail This Article
ആദ്യം സി.പിയുടെ ജീവിതത്തിൽ നിന്നാണു ജലബാല ഇറങ്ങിപ്പോയത്; ഇപ്പോഴിതാ സ്വന്തം ജീവിതത്തിൽ നിന്നു തന്നെയും. ജലബാല വൈദ്യ മലയാളിക്കു നാടകപ്രവർത്തകയും നർത്തകിയും മാത്രമായിരുന്നില്ല. ഒ.വി. വിജയനും എം.പി. നാരായണപിള്ളയും ടി.ജെ.എസ്. ജോർജുമെല്ലാം എഴുതിയ കുറിപ്പുകളിലൂടെ ചിരപരിചിതയാണ്. സി.പി. രാമചന്ദ്രനെന്ന പത്രപ്രവർത്തക ജീനിയസ്സിന്റെ ജീവിതം ഒരുകാലത്തു പങ്കിട്ടിരുന്നു അരങ്ങിലെ ആ ‘ജ്വലിക്കുന്ന സൗന്ദര്യം’. എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന സുരേഷ് വൈദ്യയുടെയും പാതി ഇംഗ്ലിഷും പാതി ഇറ്റാലിയനുമായ ഗായിക മാഡ്ജിന്റെയും മകളായി ലണ്ടനിൽ ജനിച്ച ജലബാല പറളിക്കാരൻ സി.പി.രാമചന്ദ്രന്റെ ജീവിതത്തിലേക്കു വന്നതും ഇറങ്ങിപ്പോയതും വിജയനും നാരായണപിള്ളയും ടിജെഎസുമെല്ലാം എഴുതിയിട്ടുണ്ട്.
ജലബാല വീണ ജാലവിദ്യ
പഠനശേഷം പത്രപ്രവർത്തനം തിരഞ്ഞെടുത്ത ജലബാല ഒരു ട്രെയിനിയായിരിക്കെയാണ് സിപിയെ പരിചയപ്പെട്ടതും പ്രണയത്തിലായതും. ആരാധകർ ഏറെയുണ്ടായിരുന്നു സിപിയുടെ ധിഷണയ്ക്കും അദ്ദേഹത്തിന്റെ പേനയ്ക്കും. രാകിമൂർപ്പിച്ച ഭാഷയിൽ അദ്ദേഹം എഴുതിയ പംക്തികൾ വായനക്കാരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. പിന്നീടു ന്യൂസ് ഏജായി മാറിയ ക്രോസ്‌റോഡ്സിലും ശങ്കേഴ്സ് വീക്കിലിയിലും പിന്നീടു ദീർഘകാലം ഹിന്ദുസ്ഥാൻ ടൈംസിലും സി.പി ജോലി ചെയ്തു. ശങ്കേഴ്സി വീക്കിലിയിൽ എഴുതിയിരുന്ന മാൻ ഓഫ് ദി വീക്ക്, ഫ്രീതിങ്കിങ് തുടങ്ങിയ പംക്തികളിലൂടെ അദ്ദേഹം നിറഞ്ഞുനിന്നു. അസാമാന്യമായ വിശകലനപാടവത്തോടെ, വടിവൊത്തെ ആംഗലത്തികവോടെ സി.പി എഴുതി. ‘ഒരു ബിഎ പോലും ഇല്ലാതെ സ്വന്തം പരിശ്രമം കൊണ്ടു പത്തു പിഎച്ച്ഡിയുടെ അറിവും അതിലേറെ വിവേകവും സി.പി സമ്പാദിച്ചു’വെന്നാണ് ടിജെഎസ് എഴുതിയത്. വാക്കിന്റെ ആ ജാലവിദ്യയാകണം ജലബാലയെ വീഴ്ത്തിയത്. 1958ൽ ഇരുവരും വിവാഹിതരായി. ആറുവർഷം ആടിയുലഞ്ഞുനീങ്ങിയ ദാമ്പത്യത്തിനൊടുവിൽ 1964ൽ ഇരുവരും വിവാഹമോചിതരായി. ഇതിനിടയിൽ രണ്ടു കുഞ്ഞുങ്ങൾ പിറന്നിരുന്നു.
വിടവുകൾ എരിച്ച ദാമ്പത്യം
‘ഘോഷയാത്ര’ എന്ന പുസ്തകത്തിൽ ടി.ജെ.എസ്. ജോർജ് അതേക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്: ‘മൃദുലഹൃദയനായിരുന്നു സി.പി. സ്നേഹം കൊണ്ടു ജീവിതം നിറയ്ക്കാൻ ധീരമായ ഒരു കാൽവയ്പ് ഇഷ്ടൻ ഒരിക്കൽ നടത്തി. സുമുഖിയും പാതി ഇംഗ്ലീഷുകാരിയുമായ ജലബാലയെ വിവാഹം കഴിച്ചു. സി.പിക്കു മുപ്പത്തിനാലു വയസ്സ്. ജലബാലയ്ക്ക് വയസ്സ് ഇരുപത്. പ്രേമത്തിന്റെ തിരത്തള്ളലിലും ഒളിച്ചോട്ടത്തിന്റെ ആവേശത്തിലും ആ ബന്ധത്തിന്റെ അപര്യാപ്തതകൾ സി.പി. തിരിച്ചറിഞ്ഞില്ല’. ഇരുവരും തമ്മിലുണ്ടായിരുന്ന അന്തരത്തെക്കുറിച്ചും ടിജെഎസ് എഴുതുന്നുണ്ട്. പ്രായവ്യത്യാസത്തിനും അപ്പുറം ഇരുവർക്കുമിടയിലെ ബൗദ്ധികമായ വിടവ് വലുതായിരുന്നു. ശീലിച്ചുവന്ന ജീവിതരീതികളും സാമ്പത്തികചുറ്റുപാടുകളുമൊക്കെ വ്യത്യസ്തമായിരുന്നു. അവരുടെ വിവാഹമോചന വാർത്ത അവരെയും ചുറ്റുമുള്ളവരെയും അത്ഭുതപ്പെടുത്തിയില്ലെന്നു ടിജെഎസ് പറയുന്നുണ്ട്. ഒരു നാടകത്തിന്റെ സ്വാഭാവികാന്ത്യം ആയിരുന്നു അത്. എന്നാൽ രണ്ടു കുട്ടികളുടെയും കസ്റ്റഡി അവകാശം അമ്മയായ ജലബാലയ്ക്കു നൽകുകയും അച്ഛനു സന്ദർശനാനുമതി മാത്രം നൽകുകയും ചെയ്ത കോടതിവിധി സി.പിയെ തകർത്തുകളഞ്ഞു. പത്രപ്രവർത്തനചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു വിധി ബി.ജി. വർഗീസിനു വേണ്ടി നേടിയെടുത്ത സി.പി. ഇക്കാര്യത്തിൽ കോടതിയിൽ പരാജിതനായി. മകളെ കാണാൻ സി.പിക്ക് അവസരം കിട്ടിയ അത്തരമൊരു ദിവസം അദ്ദേഹം അനുഭവിച്ച വികാരവിക്ഷുബ്ധതയ്ക്കും ടിജെഎസ് സാക്ഷിയായിരുന്നു.
ഗുരുസാഗരവും രാമചന്ദ്രനും
‘ഒ.വി.വിജയന്റെ ലേഖനങ്ങൾ’ എന്ന ബൃഹദ് ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്ന കുറിപ്പുകളിൽ തന്റെ സ്നേഹിതനായ ഗോപാൽ ശർമ്മനെക്കുറിച്ചും കാമുകിയായ ജലബാലയെക്കുറിച്ചും വിജയൻ പറയുന്നുണ്ട്. സി.പിയെയും ജലബാലയെയും അദ്ദേഹത്തിന് അടുത്ത് അറിയാമായിരുന്നു. ‘ഗുരുസാഗരം’ എന്ന പ്രശസ്ത നോവലിലെ കുഞ്ഞുണ്ണിയെന്ന കഥാപാത്രത്തിന്റെ മാതൃക സി.പിയാണെന്നു പറയപ്പെടുന്നു. വിജയൻ എഴുതുന്നത് ഇങ്ങനെയാണ്:
‘ഇന്ത്യൻ എക്സ്പ്രസിന്റെ നൃത്ത, നാടക നിരൂപകനായി വിഷമിച്ചുകഴിയുകയായിരുന്ന ശർമ്മൻ പത്രലോകത്തിൽ പ്രധാനിയായിരുന്ന ഒരു സുഹൃത്തിന്റെ ഭാര്യയുമായി പ്രണയത്തിലായി. ഈ പ്രണയം ശർമ്മനെ പത്രലോകത്തിൽ ഒറ്റപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ് അദ്ദേഹത്തെ പിരിച്ചുവിട്ടു. എക്സ്പ്രസ് വാരാന്തപ്പതിപ്പിൽ ശർമ്മൻ അവസാനമെഴുതിയ സമ്പൂർണവൃത്തം(Full circle) എന്ന ഗദ്യകവിതകൾക്കു പ്രതിഫലം കൊടുക്കാൻ പോലും എക്സ്പ്രസിന്റെ റസിഡന്റ് എഡിറ്ററായിരുന്ന നന്ദൻ കാഗൽ കൂട്ടാക്കിയില്ല. അതിനിടയ്ക്ക് ശർമ്മന് ഒരു വയറ്റുദീനം വന്ന് അവശനായി. പോരെങ്കിൽ സാമ്പത്തികമായ അവശതയും സമൂഹത്തിലുള്ള ഒറ്റപ്പെടലും’.
വിജയൻ പറയുന്ന പത്രലോകത്തിലെ പ്രധാനി സി.പി. രാമചന്ദ്രൻ തന്നെയായിരുന്നു; ഗോപാൽ ശർമ്മന്റെ കാമുകി സി.പിയുടെ ഭാര്യയായിരുന്ന ജലബാലയും. ആ കവിത പിന്നീട് രാഷ്ട്രപതി ഭവനിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയതിനെക്കുറിച്ചും ജലബാല ചൊൽക്കാഴ്ചയായി അവതരിപ്പിച്ച് യൂറോപ്യൻ പര്യടനം നടത്തിയതിനെക്കുറിച്ചും വിജയൻ ആ കുറിപ്പിൽ എഴുതുന്നുണ്ട്. ലണ്ടനിൽ വച്ച് ഒരു നിരൂപകൻ ജലബാലയെ ഇസഡോറ ഡങ്കനോട് ഉപമിക്കുക പോലും ചെയ്തു.
കത്തിപോലെ ആ കല്യാണക്കുറി
സി.പി.രാമചന്ദ്രൻ–ജലബാല ബന്ധത്തെ നിശിതമായി കീറിമുറിച്ചു പരിശോധിച്ചത് എം.പി. നാരായണ പിള്ളയായിരുന്നു. സി.പിയുടെ സഹോദരീ പുത്രിയെയാണ് വിവാഹം ചെയ്തതെന്ന കാര്യം ആ നിശിതവിശകലനത്തിന് നാരായണപിള്ളയ്ക്ക് ഒരു തടസ്സമേ ആയില്ല. ‘മറുനോട്ടം’ എന്ന നാരായണപിള്ളയുടെ ലേഖനസമാഹാരത്തിൽ ‘സി.പി. രാമചന്ദ്രൻ’ എന്ന കുറിപ്പുമുണ്ട്.
‘Jalabala Vaidya and Gopal Sharman invite the pleasure of your company at the wedding of their daughter Anasuya ’ എന്നെഴുതിയ കല്യാണക്കുറി സി.പി.രാമചന്ദ്രനു ലഭിച്ചതിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് നാരായണ പിള്ള കുറിപ്പ് തുടങ്ങുന്നതു തന്നെ. തുടർന്ന് എഴുതുന്നു: ‘കത്തിലെ വധു സി.പി. രാമചന്ദ്രന്റെ മകളായിരുന്നു. ഏക മകൾ. സ്വന്തം മകളുടെ വിവാഹത്തിന് ഇത്തരം ഒരു ക്ഷണക്കത്ത് തപാലിൽ ലഭിക്കാനുള്ള ഭാഗ്യം എത്ര തന്തമാർക്കുണ്ടായിട്ടുണ്ടാകും?’.
അരിസ്റ്റോട്ടിലിയൻ ദുരന്തനായകൻ
ഒരു അരാജക ജീനിയസ്സിന്റെ എല്ലാ കുഴപ്പങ്ങളും രാമചന്ദ്രനിലുണ്ടായിരുന്നു.ഒരു അരിസ്റ്റോട്ടിലിയൻ ദുരന്തനായകന്റെ ഛായ. ഈഗോയോടു ‘പ്ലീസ് ഗോ’ എന്നുപറയാനുള്ള വിമുഖത കൂടപ്പിറപ്പായിരുന്നു. ധാർഷ്ട്യം വിട്ടുകളിക്കാത്ത സ്വേച്ഛാചാരി. നാരായണപിള്ള എഴുതുന്നു: ‘മഹാത്മാക്കളുടെ കൂടെക്കഴിയുന്നത് എളുപ്പമല്ല. ഒരുമാതിരിപ്പെട്ട മനുഷ്യർക്ക് സി.പി. രാമചന്ദ്രന്റെ കൂടെ കഴിയാൻ പറ്റില്ല. ജലബാലയ്ക്കു മാത്രമല്ല, സി.പിയുടെ അമ്മയ്ക്കു പോലും. കൂടെ താമസിച്ചിട്ടുള്ള എല്ലാവരുടെയും അഭിപ്രായം ഇതായിരുന്നു. കാരണം മറ്റു മനുഷ്യരുമായിട്ടുള്ള സി.പിയുടെ ബന്ധം ‘അദ്ധ്യക്ഷനും ശേഷം സഭാവാസികളും’ എന്ന തലത്തിലായിരുന്നു. രാപകൽ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന ആ മനുഷ്യന് ഭാര്യയെയോ അമ്മയെയോ സഹോദരങ്ങളെയോ മക്കളെയോ നാട്ടുകാരെയോ സ്വന്തമായ വ്യക്തിത്വമുള്ള തുല്യമനുഷ്യരായി കാണാൻ സാധിച്ചിരുന്നില്ല. ആദർശം ബുദ്ധിയുടെ തലത്തിലായിരുന്നു’. മക്കൾ സി.പിയോടു ചെയ്ത കടുംകൈകളെക്കുറിച്ചും നാരായണപിള്ള തുറന്നെഴുതുന്നുണ്ട്. സി.പിയുടെ അമ്മയ്ക്കു ജലബാലയെ വലിയ ഇഷ്ടമായിരുന്നു. ജലബാല തേനൂരിലെ വീട്ടിൽ വന്നു താമസിച്ചതിനെക്കുറിച്ചു നാരായണ പിള്ളയും പ്രഭാ നാരായണപിള്ളയും എഴുതിയിട്ടുണ്ട്. അമ്മ ഡൽഹിയിൽ ജലബാലയ്ക്കും സി.പിക്കുമൊപ്പം പോയി താമസിച്ചിരുന്നു. സി.പി മരിച്ചപ്പോൾ ഡൽഹിയിൽ നിന്നു ഫോണിൽ അമ്മയോടു ദീർഘമായി സംസാരിക്കുകയും ചെയ്തു. ഇരുവരും വിവാഹമോചിതരായ ശേഷവും അമ്മയ്ക്കു ജലബാലയോടുള്ള ഇഷ്ടം പോയില്ല. പേനയിലും ഗ്ലാസിലും ഒരു തുള്ളി പോലും പാഴാക്കാതെ സി.പി മടങ്ങിയിട്ടു കാൽനൂറ്റാണ്ടിലേറെയായി. ഇപ്പോഴിതാ ജലബാല അരങ്ങൊഴിഞ്ഞിരിക്കുന്നു. സി.പി ആവർത്തിച്ചുപറയാറുള്ളതുപോലെ ‘ആഫ്റ്റർ ഓൾ, വാട്ട് ഈസ് ലൈഫ്, മൈ ഫ്രണ്ട്’.
Content Summary: Artist Jalabala Vaidya and Journalist CP Ramachandran Career and Relationship