ADVERTISEMENT

ഞാനല്ല ധീരൻ. ഞാൻ ഒരു ധീരതയും പ്രകടിപ്പിച്ചിട്ടില്ല. കുത്തേറ്റു വീണ എന്നെ രക്ഷിക്കാൻ വേണ്ടി ഓടിക്കൂടിയവർ. അവരാണ് യഥാർഥ നായകർ: പൊതുവേദിയിൽ അക്രമിയുടെ കുത്തേറ്റ് മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം തിരിച്ചെത്തിയ റുഷ്ദി വീണ്ടും പൊതുസദസ്സിനു മുന്നിലെത്തിയപ്പോൾ പറഞ്ഞു. 

അവരുടെ സാന്നിധ്യം അന്ന് ഇല്ലായിരുന്നെങ്കിൽ ഇന്നിവിടെ നിൽക്കാൻ ഞാൻ അവശേഷിക്കുമായിരുന്നില്ല. ആ ദിവസം, അന്നത്തെ അവരുടെ ധൈര്യം... അതൊക്കെയാണ് വാഴ്ത്തപ്പെടേണ്ടത്: അദ്ദേഹം പറഞ്ഞു. 

എനിക്ക് അവരിൽ ഒരാളുടെ പോലും പേര് അറിയില്ല. അവരിൽ ആരുടെയും മുഖവും എന്റെ ഓർമയിലില്ല. എന്നാൽ, ഇപ്പോഴത്തെ എന്റെ ജീവിതത്തിന് ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു... 

റുഷ്ദിക്കൊപ്പം അന്നത്തെ ചടങ്ങിൽ പങ്കെടുത്ത മോഡറേറ്റർക്കും പരുക്കേറ്റിരുന്നു. 

അക്രമ സംഭവങ്ങൾക്കുശേഷവും ഓൺലൈനായി പല ചടങ്ങുകളിലും പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് അദ്ദേഹം പൊതുജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുന്നത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രത്യേക കണ്ണട ധരിച്ചിരുന്നു. ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് ഒരു കൈയ്ക്ക് ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. എന്നാൽ, പതിവ് ഉൻമേഷത്തിനും പ്രസരിപ്പിനും ഒട്ടും കുറവുണ്ടായിരുന്നില്ല. വാക്കുകളിലും പിശുക്ക് കാണിക്കാതിരുന്ന അദ്ദേഹം ഗൗരവമുള്ള കാര്യങ്ങൾക്കൊപ്പം തമാശയും പറഞ്ഞ് സദസ്സിനെ കയ്യിലെടുത്തു. ചികിത്സയ്ക്കും വിശ്രമത്തിനുമിടെ ഇന്ത്യ പശ്ചാത്തലമായി വിക്ടറി സിറ്റി (വിജയ നഗരം) എന്ന പേരിൽ പുതിയ നോവലും അദ്ദേഹം പുറത്തിറക്കിയിരുന്നു. 

സൽമാൻ റുഷ്ദി.
സൽമാൻ റുഷ്ദി.

തിരിച്ചെത്താൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. തിരിച്ചെത്താതിരിക്കാമായിരുന്നു. അങ്ങനെയും ഒരു സാധ്യതയുണ്ട്. എങ്കിലും ഞാൻ തിരിച്ചെത്തി: റുഷ്ദി പറഞ്ഞു. പെൻ അമേരിക്കയുടെ ധീരതാ പുരസ്കാരം ഏറ്റുവാങ്ങാനാണ് 75 വയസ്സുകാരനായ എഴുത്തുകാരൻ നേരിട്ടെത്തിയത്. ആശ്വാസവും അദ്ഭുതവും നിറ‍ഞ്ഞ കണ്ണൂകളോടെ റുഷ്ദിയെ വരവേറ്റ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് നിലയ്ക്കാത്ത കയ്യടികളോടെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. 

ഓഗസ്റ്റിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയപ്പോൾ ഹാദി മതാർ എന്നയാളാണ് റുഷ്ദിയെ ആക്രമിച്ചത്. വധഭീഷണി ഉൾപ്പെടെ നേരിട്ട് ഒളിവിൽ കഴിയുകയും പിന്നീട് സ്വതന്ത്ര ജീവിതം ആസ്വദിക്കുകയും ചെയ്ത റുഷ്ദിക്കെതിരായ ആക്രമണം അപ്രതീക്ഷിതവും അതിലേറെ ഞെട്ടിക്കുന്നതുമായിരുന്നു. എന്നാൽ, തോൽക്കാൻ താൻ തയാറല്ലെന്നും ആക്രമണങ്ങൾക്ക് തന്നെ തളർത്താനാവില്ലെന്നും പ്രഖ്യാപിക്കുന്നതായിരുന്നു ധീരതാ പുരസ്കാര ച‌ടങ്ങിലെ സാന്നിധ്യം. ആറ് ആഴ്ച ആശുപത്രിയിൽ കിടന്ന അദ്ദേഹം ദിസവങ്ങളോളം വീട്ടിലും വിശ്രമത്തിലായിരുന്നു. 

അക്രമ സംഭവങ്ങൾക്കു ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ താൻ ഭാഗ്യവാനാണെന്ന് റുഷ്ദി പറഞ്ഞിരുന്നു. എനിക്ക് പ്രകടിപ്പിക്കാനുള്ള ഏറ്റവും പ്രധാന വികാരം എന്നെ രക്ഷപ്പെടുത്തിയതിനുള്ള നന്ദി ആണ്. 

British-US author Salman Rushdie and his wife Rachel Eliza Griffiths arrive for the PEN America Literary Gala at the American Museum of Natural History in New York City on May 18, 2023. This year's gala, hosted by US comedian Colin Jost, is honoring Canadian writer and producer Lorne Michaels. (Photo by TIMOTHY A. CLARY / AFP)
ന്യൂയോർക്കിൽ ‘പെൻ അമേരിക്ക’യുടെ ധീരതാ പുരസ്കാരച്ചടങ്ങി‍ൽ എഴുത്തുകാരൻ സൽമാൻ റുഷ്ദിയും ഭാര്യ റേച്ചൽ എലിസയും. ചിത്രം:എഎഫ്പി

അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ എന്നും പെൻ അമേരിക്ക ആദരിച്ചിരുന്നു. എന്നാൽ, അവരുടെ ദൗത്യം മറ്റെന്നത്തേക്കാളും ഇന്ന് പ്രധാനപ്പെട്ടതാണ്. ഭീകരവാദത്തെ പേടിക്കാൻ നാം തയാറല്ലെന്നതിന്റെ തെളിവാണ് പുതിയ ചടങ്ങെന്നും തന്റെ സാന്നിധ്യമെന്നും കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. 

പെൻ അമേരിക്കയുടെ ഇത്തവണത്തെ സ്വതന്ത്ര എഴുത്തിനുള്ള ( Freedom to write award ) പുരസ്കാരം ഇറാൻ ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന എഴുത്തുകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ നാർജസ് മൊഹമ്മദിക്കാണ്.

നേരത്തേ തടവിൽ കിടന്നിട്ടുള്ള അവരുടെ ഭർത്താവ് താഗി റഹ്മാനിയാണ് പുരസ്കാരം സ്വീകരിച്ചത്. 

എന്റെ കുട്ടികൾ അനുഭവിക്കുന്ന പീഡനം വിവരിക്കാൻ വാക്കുകളില്ല. സ്വന്തം അമ്മയുടെ ശബ്ദം പോലും അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്റെ മക്കൾ ഇ‌ടയ്ക്കിടെ പറയാറുള്ള ഒരു കാര്യമുണ്ട്. അച്ഛൻ അടുത്തുള്ളപ്പോൾ അമ്മ ജയിലിലായിരിക്കും. അമ്മ അടുത്തുണ്ടെങ്കിൽ അച്ഛൻ ജയിലിലും. രണ്ടുപേർക്കുമൊപ്പം ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കു വിധിച്ചിട്ടില്ല: താഗി പറഞ്ഞു. 

അടിച്ചമർത്താൻ ശ്രമിക്കുന്ന അക്രമികളുടെ ഹീനമായ ശ്രമങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറുകയായിരുന്നു ഒരിക്കൽക്കൂടി പെൻ അമേരിക്ക പുരസ്കാര വിതരണ ചടങ്ങ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടരുമെന്നും സ്വതന്ത്രമായ എഴുത്ത് വെല്ലുവിളികളെ നേരിട്ട് പ്രകാശിപ്പിക്കപ്പെടുമെന്നും ലോകത്തിനു നൽകിയ ഉറപ്പ് കൂടിയായി റുഷ്ദിയുടെയും താഗി റഹ്മാനിയുടെയും സാന്നിധ്യം.  

Content Summary: Salman Rushdie speech while attending Pen America Award Function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com