ADVERTISEMENT

ഏകാന്തരായ മനുഷ്യർ സ്ഥിരമായി എത്തിപ്പെടാറുള്ള ഒരു ഇടമാണ് പാമുക്ക്. ഇസ്തംബുൾ എന്ന നഗരത്തിന്റെ വശ്യാനുഭൂതി കൊണ്ട് വായനക്കാരുടെ സ്വപ്നങ്ങളിൽ മഞ്ഞ് പെയ്യിക്കുന്നയാൾ. നിങ്ങൾ ഇടയ്ക്കിടെ പോകാറുള്ള വായനശാലയുടെ മൗനമുറികളിൽ, നിങ്ങളെ കാത്ത് ഒർഹാൻ പാമുക്കിന്റെ പുസ്തകങ്ങളും ഇരിപ്പുണ്ടാകും. തണുത്ത പ്രഭാതങ്ങളിൽ പെട്ടെന്ന് വീഴുന്ന വെയിൽ പോലെ നിങ്ങളിലേക്ക് വളരെ വേഗം ആഴ്ന്നിറങ്ങാൻ പോന്നവ.

 

istanbul

‘‘എന്റെ സുന്ദരിയായ കറുത്ത പനിനീർ പുഷ്പം’’ എന്ന് തന്റെ പ്രണയിനിയെ വിളിക്കുന്ന ഈ തുർക്കിക്കാരൻ ഇന്ന് ലോകം അറിയുന്ന സാഹിത്യകാരന്മാരിൽ ഒരാളാണ്. നൊബേൽ സമ്മാനജേതാവായ പാമുക്കിന്റെ രചനകൾ ആത്മാവിന്റെ നിറത്തെ മാറ്റിമറിക്കുന്നു. തുറന്നിട്ട ജനാലകളും പടർന്നു നിൽക്കുന്ന അത്തിമരങ്ങളുമുള്ള അദ്ദേഹത്തിന്റെ ലോകം, അഗാധമായ വ്യഥകളെ ഓർമിപ്പിക്കുന്ന ശിശിരകാലങ്ങളാണ്.

pamukmainbooks

 

സ്നേഹം ഒരു വിശുദ്ധ നിശബ്ദതയാണ്.

മിക്ക പുസ്തകങ്ങളുടെ പശ്ചാത്തലം ഇസ്തംബുൾ എന്ന തുർക്കി നഗരമാണ്. ചായം തേക്കാത്ത തടിമാളികകളും കല്ലുപാകിയ തെരുവുകളും നിറഞ്ഞ ആ നഗരത്തിന്റെ നിറവും നിഴലും പാമുക്കിലുണ്ട്. നഗരത്തിന്റെ ഭ്രാന്തൻ തിരക്കിൽ ഓരോ കഥാപാത്രത്തെയും പൊതിയുന്ന നിശബ്ദത വായനക്കാരന്റെ മനസ്സിനെ കീഴടക്കുന്നു.

 

pamukbook

പാമുക്കിനെ വായിക്കുമ്പോൾ, ഒരേസമയം മാനസിക സംഘർഷം അനുഭവിക്കുകയും ആർത്തുല്ലസിക്കുകയും ചെയ്യാം. സാധാരണമായതിനെ പോലും ആലിംഗനം ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അദ്ദേഹത്തിന്റെ കൃതികളിലുണ്ട്. ശ്രദ്ധയോടെ എഴുതപ്പെട്ട ആ വരികളിൽ പ്രപഞ്ചമാകെ നിശ്ചലം നിൽക്കുന്നതായി തോന്നും. കഥാപാത്രങ്ങളുടെ വാചാലമായ നിശബ്ദത, അനിശ്ചിതത്വം, ദുഃഖം എന്നിവയെല്ലാം വായനക്കാരന്റെയും തേടലായി മാറാറുണ്ട്. ‘ദ് വൈറ്റ് കാസിൽ’ മുതൽ ‘സ്നോ’ വരെ, ഓരോ കൃതിയും ഒന്നിന്നൊന്ന് മികച്ചതാണ്.

നമ്മൾ വീട് എന്ന് വിളിക്കുന്നത് ഒരുതരം തേടലാണ്, ഒരുതരം തീവ്രാഭിലാഷമാണ്.

 

കൊടുങ്കാറ്റിനും മഴയ്ക്കും പിന്നാലെ അകലെ പ്രത്യക്ഷപ്പെട്ട മഴവില്ലും തെളിഞ്ഞ ആകാശവും കാണാൻ എന്ന വ്യാജേന ഒരു വൈകുന്നേരം പുറത്തേക്കിറങ്ങിയ അയാൾ, തന്റെ കാമുകിയുമായി തെരുവുകളിലൂടെ ഒന്നും മിണ്ടാതെ നടന്നു. അവളുടെ കഴുത്ത് എത്ര നീണ്ടതാണെന്നും നടത്തം എത്ര മനോഹരമാണെന്നും ശ്രദ്ധിച്ച ഒരു വൈകുന്നേരം… സ്വന്തം ജീവിതത്തിലെ ഈ പ്രണയാനുഭവം വിവരിക്കുന്നത് പോലെ തന്നെയാണ് ഒർഹാൻ പാമുക്കിന്റെ പുസ്തകങ്ങളിലെ പ്രണയങ്ങളും. നിശബ്ദമായ ഒരു മനോഹരാനുഭവം.

pamuk-red-collage
Image Credit: OrhanPamukAuthor/facebook

 

"ഒരു വൃക്ഷമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല; അതിന്റെ അർഥമാകുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്" എന്ന് പറഞ്ഞ എഴുത്തുകാരൻ തന്റെ കൃതികളിൽ സൂഫിസത്തെയും ഉത്തരാധുനികതയെയും ചാരുതയോടെ തുന്നിച്ചേർത്തു. സൈലന്റ് ഹൗസ്, ദ് ബ്ലാക്ക് ബുക്ക്, എ സ്‌ട്രേഞ്ച്നെസ് ഇൻ മൈ മൈൻഡ്, ദ് റെഡ് ഹെയേഡ് വുമൺ, ദേ ന്യൂ ലൈഫ്, ഇസ്തംബുൾ: മെമ്മറീസ് ആൻഡ് ദ് സിറ്റി, ദ് മ്യൂസിയം ഓഫ് ഇന്നസെൻസ് എന്നിങ്ങനെ എഴുതിയ ഓരോ പുസ്തകവും ഒരു ഭ്രാന്തൻ അധിനിവേശം പോലെ നമ്മെ ആവേശിക്കുന്നു.

 

പങ്കിടാൻ സാധിക്കാത്ത വിഷാദങ്ങൾ, അഭയകേന്ദ്രമായി മാറുന്ന അകൽച്ചകൾ, വിചിത്രമായ പ്രണയങ്ങൾ, അനിവാര്യമായ മരണങ്ങൾ എന്നിവയെല്ലാം പാമുക്കിൽ നമുക്ക് കാണാം. ഏകാന്തത നിറഞ്ഞ തന്റെ ജീവിതത്തെ അക്ഷരങ്ങൾ കൊണ്ട് മോടിപിടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നിഴലിൽ ഉറങ്ങുന്ന സ്നേഹത്തിന്റെ നിമിഷങ്ങളെ തന്നിലേക്ക് എത്തുന്ന വായനക്കാർക്കായി പാമുക്ക് മാറ്റിവച്ചിരിക്കുന്നു. 

 

ഏകാന്തത വിഷാദത്തിന്റെ ഹൃദയമാണ്. അതു തെളിയിക്കുവാൻ ഒരു നഗരം തന്നെ അതിന്റെ സത്തയായി മാറുന്നത് പാമുക്കിൽ നമുക്ക് കാണാം. തുർക്കിയുടെ സംസ്കാരവും സ്വത്വവുമാണ് അദ്ദേഹത്തിന്റെ വേരുകൾ. വേനൽക്കാലത്തേക്കാൾ ഇസ്തംബുളിന്റെ മഞ്ഞുകാലത്തെ ഇഷ്ടപ്പെട്ടയാൾ, ഗതകാലത്തിന്റെ മധുരഗന്ധത്തോടൊപ്പം അസ്വസ്ഥമായ ഒരു അനിശ്ചിതത്വവും കഥാപാത്രങ്ങളിലും പ്രമേയങ്ങളിലും എഴുതിച്ചേർത്തു.

 

ഇന്ന് 71- ാം ജന്മദിനം ആഘോഷിക്കുന്ന ഒർഹാൻ പാമുക്കിന്റെ 'മൈ നെയിം ഈസ് റെഡ്' എന്ന നോവൽ പ്രസിദ്ധീകൃതമായിട്ട് ഈ വർഷം 25 സംവത്സരങ്ങൾ തികയുന്നു എന്നൊരു പ്രതേകത കൂടിയുണ്ട് 2023 ന്. ‘‘സാന്ത്വനപ്പിക്കുന്നുവെന്ന് നാം തെറ്റിദ്ധരിക്കുന്ന പുസ്തകങ്ങൾ, നമ്മുടെ ദുഃഖത്തിന് ആഴം കൂട്ടുകയേ ഉള്ളൂ’’ എന്ന അതിലെ ഒരൊറ്റ വാചകം മതി ആ കൃതിയുടെ ആഴം മനസ്സിലാക്കാൻ. ജീവിതത്തിന്റെ മഹാനഷ്ടങ്ങളും കലുഷിതമായ അകൽച്ചകളും പങ്കുവയ്ക്കുന്നതിനോടൊപ്പം ഭാവിയുടെ പ്രതീക്ഷയും ശാന്തതയും സ്വസ്ഥതയും വാഗ്ദാനം ചെയ്യുന്നുണ്ട് പാമുക്കിന്റെ പുസ്തകങ്ങൾ.

 

കർട്ടനുകൾ വകഞ്ഞു മാറ്റി മുറിയിലെ ജനാലപ്പടിയിലിരുന്ന്, പുറത്തെ മണ്ണിലേക്ക് ഉതിർന്നു വീഴുന്ന മഞ്ഞിൻകണത്തെ നോക്കുന്ന ഒരു മനുഷ്യൻ – ഒർഹാൻ പാമുക്കിനെ സങ്കൽപിക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് കടന്നുവരുന്ന ഒന്നായിരിക്കും ഈ ദൃശ്യം. 

 

വിരസത തങ്ങിനിൽക്കുന്ന വൈകുന്നേരങ്ങളിൽ നിങ്ങൾക്ക് ഓടിയടുക്കാനാകുന്ന പുസ്തകങ്ങളാണ് അദ്ദേഹത്തിന്റേത്. ദുരന്തങ്ങളുടെയും അശാന്തിയുടെയും മണ്ണിൽ മെല്ലെ മെല്ലെ അടർന്നുവീഴുന്ന മഞ്ഞിൻകണങ്ങൾ പോലെ മനസ്സിനെ പുൽകുന്നവ...!

Content Summary: Remembering Orhan Pamuk And His Literary Works On His Birth Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com