ചങ്ങമ്പുഴ: സ്പന്ദിക്കുന്ന 75 വർഷങ്ങൾ
Mail This Article
‘മരിച്ചുകഴിഞ്ഞാൽ പിന്നെയും നമുക്കൊരു ജീവിതമുണ്ടാകുമോ? നാം ഇവിടെ ചെയ്‌തിട്ടുള്ള കുറ്റങ്ങൾ മറ്റൊരു ലോകത്തിൽ ഏറ്റുപറയേണ്ടിവരുമോ?’യെന്ന് സന്ദേഹിയായി ചോദിച്ചിട്ടുണ്ട് ചങ്ങമ്പുഴ. കുറ്റബോധത്തിന്റെയും ഏറ്റുപറച്ചിലിന്റെയും അലകടലാകുലതകളുടെയും മഹാകവിതകളായിരുന്നു അദ്ദേഹം എഴുതിയതും. കാവ്യശരീരത്തിൽ വൈകാരികത ദുർബലതയായി കരുതിയില്ല. ഇനി കരുതിയിരുന്നെങ്കിൽ പോലും ഇങ്ങനെയല്ലാതെ ചങ്ങമ്പുഴയ്ക്ക് എഴുതാനാകുമായിരുന്നില്ല. സമാനതകളില്ലാത്ത അസ്സൽ മലയാളാനുഭവമാകുന്നു ആ കവിതകൾ. പാടങ്ങളൊക്കെ മണ്ണിട്ടു നികത്തിയാലും കുന്നുകളൊക്കെ ഇടിച്ചുനിരത്തിയാലും പുഴകളൊക്കെ മെലിഞ്ഞാലും കേരളീയതയെ കണ്ടെടുക്കാൻ ചങ്ങമ്പുഴയും പിയും ബാക്കിയുണ്ടാകും. ചങ്ങമ്പുഴയില്ലായിരുന്നെങ്കിൽ ഇത്രമേൽ മധുരിക്കില്ലായിരുന്നു പ്രണയം, പൊള്ളിക്കില്ലായിരുന്നു വിരഹം. ചങ്ങമ്പുഴയ്‌ക്കു മുൻപുള്ള മലയാളിയല്ല ചങ്ങമ്പുഴയെ വായിച്ചതിൻ ശേഷമുള്ള മലയാളി.
പ്രചോദനത്തിന്റെ മഹാകവി
അതിഹ്രസ്വമായിരുന്ന ഒരായുസ്സിന്റെ പുസ്‌തകം മുഴുവൻ വേദനയുടെ ലഹരിപിടിക്കുന്ന വരികളെഴുതിയാണ് ചങ്ങമ്പുഴ വിടവാങ്ങിയത്. ചിത്തമുരളി തകർന്നുപോയപ്പോഴും കഷ്‌ടം, കൊതിയുണ്ട് പാടുവാൻ എന്നു പാടി. മലയാളികളെ പ്രേമിക്കാൻ പഠിപ്പിച്ചു. ശൃംഗാരത്തിൽ നിന്നും അശ്ലീലത്തിൽ നിന്നും പ്രേമത്തെ സംരക്ഷിച്ചുനിർത്തി. ആപാദചൂഢം കവിയായിരുന്നു ചങ്ങമ്പുഴ. പോയിടത്തെല്ലാം കാവ്യദേവതയും കൂടെപ്പോയി. ഇടപ്പള്ളിയിൽ, തിരുവനന്തപുരത്ത്, പുണെയിൽ, മദ്രാസിൽ, തൃശൂരിൽ, വീണ്ടും ഇടപ്പള്ളിയിൽ. കവിതയിലേ വൃത്തം തികഞ്ഞിരുന്നുള്ളൂ. ജീവിതം മുക്തഛന്ദസ്സായിരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത കവിജൻമത്തിന്റെ അലച്ചിലുകളിലൊന്നും കാവ്യദേവത പിണങ്ങിപ്പോയില്ല. കവിക്ക് അധികനാളുകൾ ഇല്ലെന്നറിഞ്ഞാവണം കനിഞ്ഞനുഗ്രഹിക്കുകയും ചെയ്തു.
ചങ്ങമ്പുഴയെപ്പോലെ കാവ്യപ്രചോദനമുണ്ടായ കവികൾ മലയാളത്തിലെന്നല്ല, ലോകകവിതയിൽ തന്നെ കുറവായിരിക്കും. ‘മഴവിൽക്കൊടിയുടെ മുന മുക്കി എഴുതാനുറഴറീ ഭാവന ദിവ്യമൊരഴകിനെയെന്നെ മറന്നു ഞാൻ’ എന്നു കവി ആവേശഭരിതനായി. ജീവിതാഭിനിവേശങ്ങളിലെന്ന പോലെ പദകൽപനകളിലും ബിംബങ്ങളിലും അതിധൂർത്തനായിരുന്നു കവി. ഇടവപ്പാതി പോലെ അത് ഇടമുറിയാതെ തിമർത്തു. എഴുതിത്തുടങ്ങിയാൽ ഒഴുകിത്തുടങ്ങുന്നതുപോലെയായിരുന്നു ചങ്ങമ്പുഴയ്‌ക്ക്. സ്വേച്ഛയാൽ കവിക്ക് അതു നിർത്താനാകുമായിരുന്നില്ല. ഒഴുക്ക് വിചിത്രഭാവനകളുടെ നീലക്കയങ്ങളിലേക്കു കൂട്ടിക്കൊട്ടുപോകുമ്പോൾ കവി നിന്നുകൊടുത്തു. സ്‌ഥല, സമയങ്ങളെ മറികടന്നുള്ള എഴുത്തായിരുന്നു ചങ്ങമ്പുഴയുടേത്. കവിതയെഴുതാനിരിക്കുമ്പോൾ പാതിരയെന്നോ പകലെന്നോ ഇല്ലായിരുന്നു. നട്ടപ്പാതിരയ്ക്കു തുടങ്ങിയാലും പുലർന്നു നട്ടുച്ചയെത്തിയാലും കവി അറിയുമായിരുന്നില്ല. കവിതയെഴുതുന്നതിനിടെ ലോകം അവസാനിച്ചാലും കവിയെ ഏശുമായിരുന്നില്ല. കയ്യിലെ സിഗരറ്റ് എരിഞ്ഞെരിഞ്ഞ് വിരൽ പൊള്ളിച്ചാലും കവി പെട്ടെന്ന് അറിയില്ലായിരുന്നു.
അതിരമണീയ കാലം
പാതിരാവിൽ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്നുള്ള കാവ്യസഞ്ചാരങ്ങൾ പതിമൂന്നാമത്തെ വയസ്സിലേ തുടങ്ങിയിരുന്നു. ‘ബാഷ്‌പാഞ്‌ജലി’ മുതൽ ആ കവിതയിൽ അനുരക്തമായിരുന്നു മലയാളം. ‘മധുരനാരങ്ങ പോലെ വിറ്റഴിഞ്ഞ’ രമണനാവട്ടെ കവിയെ അമരനാക്കി. മലയാളി പ്രേമിക്കാൻ പഠിച്ചത് രമണീയമായ ആ കാവ്യകാലത്താണ്. ആദ്യാനുരാഗം പോലെ വിശുദ്ധമായ അനുഭവമായിരുന്നു എത്രയോ തലമുറകൾക്കു രമണൻ. രമണൻ നോട്ട്‌ബുക്കിലേക്ക് പകർത്തിയെടുത്തു വായിക്കുകയും നെഞ്ചോടുചേർക്കുകയും ചെയ്‌ത എത്രയോ ആളുകളുണ്ടായിരുന്നു ഭൂമി മലയാളത്തിലും അതിനു പുറത്തും. വിദൂരദേശങ്ങളിലെ പട്ടാള ബാരക്കുകളെ പോലും രമണൻ വികാരനിർഭരമാക്കി, പ്രണയതീക്ഷ്‌ണമാക്കി.
‘ചങ്ങമ്പുഴ ഞങ്ങൾക്ക് ഒരോടക്കുഴൽ തന്നു’വെന്ന് എം.ടി.വാസുദേവൻ നായർ എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴയുടെ രമണൻ തരംഗമായ കാലത്ത് അകലെ ഒരു വീട്ടിൽ അതിന്റെ കയ്യെഴുത്തുപ്രതിയുണ്ടെന്ന് അറിഞ്ഞ് അവിടേക്കു പോയതിനെക്കുറിച്ചും രാത്രി ഉറക്കമിളച്ച് പകർത്തിയെടുത്തതിനെക്കുറിച്ചും എംടി എഴുതിയിട്ടുണ്ട്. ഇടയ്ക്ക് എംടിക്കും രമണൻ പകർത്താൻ അവസരം കിട്ടി. ‘ഒരു ദീർഘനിശ്വാസത്തോടെ’ എന്ന വരിയായിരുന്നു എംടി പകർത്തിയെഴുതിയത്. ‘കൂട്ടത്തിൽ ചേരാതെ നിൽക്കുന്ന വലിയ അക്ഷരങ്ങൾ. എന്റെ സഹായം കൊണ്ടു വേഗം കുറയും, ഉപദ്രവമേ ഉണ്ടാകൂ എന്നവർ തീരുമാനിച്ചു’ എംടി അതേക്കുറിച്ച് പിന്നീടെഴുതി. വായന എത്ര വികാരതീവ്രമായ അനുഭവമാണെന്ന് എംടി ആദ്യമായി മനസ്സിലാക്കിയതു രമണനിലൂടെയാണ്.
ഒഴിയാത്ത ചഷകങ്ങൾ
നിരന്തരമായി എഴുതുമ്പോഴും വായനയ്ക്കു ചങ്ങമ്പുഴ മുടക്കം വരുത്തിയിരുന്നില്ല. നിഷ്ഠയോടെ അദ്ദേഹം വായിച്ചുകൊണ്ടിരുന്നു. കവിതയും നോവലും വിമർശനവുമെല്ലാം വായിച്ചു. യൂറോപ്പിൽ നിന്നു വരെ പുസ്തകങ്ങൾ വരുത്തിവായിച്ചു. കനപ്പെട്ട പുസ്തകങ്ങൾ മുതൽ കുറ്റാന്വേഷണ കൃതികൾ വരെ അതിലുണ്ടായിരുന്നു. പദ്യം മാത്രമല്ല ഗദ്യവും അദ്ദേഹത്തിന് അനായാസം വഴങ്ങുമായിരുന്നു. ‘കളിത്തോഴി’യെന്ന നോവൽ മാത്രമല്ല, ജ്യോതിഷത്തെക്കുറിച്ചു പോലും ഒരു പുസ്തകമെഴുതി.
ചങ്ങമ്പുഴയുടെ ഭാര്യ ശ്രീദേവി അദ്ദേഹത്തിന്റെ ചില അതിനിഷ്ഠകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. കവിതയെഴുതുമ്പോൾ അദ്ദേഹത്തിനു പ്രത്യേക കസേരയും മൂന്നുതട്ടുകളുളള മേശയും വേണമായിരുന്നു. മുകളിലത്തെ തട്ട് കടലാസ്സു വച്ചെഴുതാനായിരുന്നു. രണ്ടാമത്തേതിൽ ഒരു ഗ്ലാസ് വെള്ളം. മൂന്നാമത്തേതിൽ ഒരു കുപ്പി മദ്യം. മദ്യം കവിതയെഴുത്തിനു നല്ല രാസത്വരകമാണെന്നു കവി കരുതിയിരുന്നു. കവിയശസ്സ് കൂടിവന്നതിനൊപ്പം മദ്യക്കുപ്പി ഒഴിയുന്നതിനും വേഗം കൂടി. സൗഹൃദങ്ങൾ കവിയെ മദ്യചഷകത്തിൽ മുക്കി. ഓരോ തവണ മദ്യപിക്കുമ്പോഴും അദ്ദേഹം പറഞ്ഞു, ‘ഇല്ല ഇനിയില്ല’. അടുത്തദിവസം ഇതു വീണ്ടും ആവർത്തിക്കും. മലരണിക്കാടുകൾ തിങ്ങിവിങ്ങാനും മഞ്ഞണിഞ്ഞു മദാലസയായി മഞ്‌ജുചന്ദ്രിക നൃത്തമാടാനും മദ്യം തുണച്ചിരുന്നോ? പക്ഷേ അതിനു ചങ്ങമ്പുഴ കൊടുക്കേണ്ടി വന്നതു ജീവന്റെ വിലയായിരുന്നു. ക്ഷയരോഗബാധിതനായി വീടിന്റെ മുറ്റത്തുണ്ടാക്കിയ ചെറുകുടിലിൽ കഴിഞ്ഞിരുന്ന ചങ്ങമ്പുഴയെ കണ്ടതിനെപ്പറ്റി എം.എൻ. വിജയൻ എഴുതിയിട്ടുണ്ട്. അപ്പോഴും മദ്യപിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലേക്കു തിരിച്ചുവന്നാൽ ഇനിയൊരിക്കലും മദ്യപിക്കില്ലെന്നു പ്രതിജ്‌ഞയെടുത്തിരുന്നു. ഇടയ്‌ക്കു തൃശൂരിൽ താമസിച്ചിരുന്ന കാലത്തു ചങ്ങമ്പുഴ പൂർണമായും മദ്യപാനം നിർത്തിയിരുന്നു. എന്നാൽ ചില കൂട്ടുകെട്ടുകൾ വീണ്ടും മദ്യത്തിന്റെ ഇരുൾ നിലങ്ങളിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി.
എതിർത്തുതോൽപ്പിക്കാനും ഒടിച്ചുമടക്കാനും ശ്രമിച്ചവരെ കടന്നാക്രമിച്ച കവി കൂട്ടുകാർക്കു മുന്നിൽ അനുസരണയുള്ള ആട്ടിൻകുട്ടിയായിരുന്നു. ഇടപ്പള്ളിയുടെ മരണം ചങ്ങമ്പുഴയുടെ മനസ്സിനെയും കവിതയെയും പിടിച്ചുകുലുക്കി. കൊല്ലത്തു ചെന്നു രാഘവൻപിള്ളയുടെ ശരീരം ദഹിപ്പിച്ച സ്‌ഥലം സന്ദർശിച്ചപ്പോഴാവണം ‘രമണൻ’ മനസ്സിൽ എഴുതാൻ തുടങ്ങിയിട്ടുണ്ടാവുക. മദ്യപാനം നിർത്തി അടങ്ങിയൊതുങ്ങി കഴിയാൻ ശ്രമിച്ച കവിയെ ലഹരിക്ക് എറിഞ്ഞുകൊടുത്തതിൽ സൗഹൃദങ്ങൾക്കു പങ്കുണ്ടായിരുന്നു. അതിപ്രശസ്തനായിരുന്ന അദ്ദേഹത്തിനു സാഹിത്യലോകത്തും പുറത്തുമെല്ലാം എണ്ണമറ്റ കൂട്ടുകാരുണ്ടായിരുന്നു. എന്തിനും സഹകരിക്കുന്ന ശാരദാകാശമായിരുന്നു അദ്ദേഹത്തിനു സൗഹൃദം.
അങ്കുശമില്ലാത്ത ചാപല്യങ്ങൾ
ഒരു കൊച്ചു കാറ്റെങ്ങാൻ വന്നുപോയാൽ തെരുതെരെ പൂമഴയാകുമായിരുന്നു ചങ്ങമ്പുഴ. പ്രണയങ്ങൾ കവിതയിൽ മാത്രമായിരുന്നില്ല. കവിയെന്ന നിലയിൽ ചെറുപ്പത്തിലേ കൈവന്ന പ്രശസ്‌തിയും സുഭഗമായ രൂപവും അദ്ദേഹത്തിന് ഏറെ പ്രണയികളെ ഉണ്ടാക്കിക്കൊടുത്തു. അതിൽ സമൂഹത്തിലെ ഉന്നതരുടെ ഭാര്യമാർ വരെയുണ്ടായിരുന്നു. ഒരു ഡോക്‌ടറുടെ ഭാര്യ എഴുതിയ കത്ത് ഒരിക്കൽ എത്തിയതു ചങ്ങമ്പുഴയുടെ ഭാര്യയുടെ കയ്യിലാണ്. മദ്രാസിൽ പഠനത്തിനായി കവി വന്നാൽ ബന്ധം സുഗമമായി തുടരാമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ സ്‌ത്രീയെ ചങ്ങമ്പുഴയുടെ ഭാര്യയ്‌ക്കും അറിയാമായിരുന്നു. അതു കുടുംബത്തിൽ പൊട്ടിത്തെറിയുണ്ടാക്കി. കവി നിയമപഠനത്തിനു മദ്രാസിലേക്കു പോയി. ഒടുവിൽ ആ സ്‌ത്രീയുടെ സഹോദരൻമാർ കവിയെ ഭീഷണിപ്പെടുത്തി നാട്ടിലേക്കു തിരിച്ചയയ്‌ക്കുകയായിരുന്നു. ഒരിക്കൽ കൂട്ടുകാരുമായി പന്തയം വച്ച കവി എറണാകുളം മഹാരാജാസ് കോളജിന്റെ ഗോവണി കയറിവരികയായിരുന്ന പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. ചങ്ങമ്പുഴയോടു സ്‌നേഹവും ബഹുമാനവും ഉണ്ടായിരുന്നതുകൊണ്ട് പരസ്യമായി ചുംബിച്ചിട്ടും പെൺകുട്ടി പരാതിപ്പെടാൻ പോയില്ല. ഇതിലും എത്രയോ കടന്ന പെരുമാറ്റങ്ങൾ പലപ്പോഴും കവിയുടെ ഭാഗത്തുനിന്നുണ്ടായി. കവിയായതുകൊണ്ടും കവി ചങ്ങമ്പുഴയായതുകൊണ്ടും എല്ലാം പൊറുക്കപ്പെട്ടു.
ജീവിതത്തിന്റെ പകർപ്പവകാശം
എഴുപത്തഞ്ചു വർഷങ്ങൾക്കു മുൻപു ക്ഷയമാണ് കവിയെ മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. ചങ്ങമ്പുഴയുടെ മരണത്തെക്കുറിച്ച് ഉറൂബ് എഴുതിയിട്ടുണ്ട്: ‘ഞാൻ മുറിയിലേക്കു കടന്നു. അവിടെ അദ്ദേഹം നീണ്ടുനിവർന്ന് അന്ത്യവിശ്രമം കൊള്ളുകയായിരുന്നു. യാത്ര പുറപ്പെട്ട രീതിയിലാണ് കിടപ്പ്. തലയിൽ അപ്പോഴും ആ മഫ്ലർ അഴിയാതെ നിൽക്കുന്നു. ഒന്നുരണ്ടു പല്ലുകളുടെ തലപ്പ് വെളിയിൽ കാണാം. ഒരു പുഞ്ചിരിയാണെന്നേ തോന്നൂ. മരിച്ചുകിടക്കുകയാണെന്നു പറയാൻ മനസ്സു സമ്മതിച്ചില്ല. ഓ, അദ്ദേഹം ഉറങ്ങുകയാണ്. നീണ്ടുനീണ്ടു പോകുന്ന ഉറക്കം. നേർത്ത കാൽപെരുമാറ്റങ്ങൾ മാത്രമേ നിശ്ശബ്ദതയെ ഭഞ്ജിച്ചുള്ളൂ. പ്രായോഗികമതിയായ നാരായണയ്യരുടെ (മാനേജർ) പരിശ്രമങ്ങൾ തുടർന്നു. കോയമ്പത്തൂർക്കു കൊണ്ടുപോകാൻ വേണ്ടി വന്ന കാറ്, അദ്ദേഹത്തിന്റെ മൃതദേഹം ഇടപ്പള്ളിക്ക് എത്തിക്കാൻ കാത്തുനിൽക്കുന്നു’. കവിതയും കള്ളും കൂട്ടുകാരും കാമിനിമാരും നിറഞ്ഞ ‘ധന്യനാമിടപ്പള്ളിലെ ഗാനകിന്നര’ന്റെ ജീവിതം 1948 ജൂൺ 17ന് അവസാനിച്ചു. കവി നേരത്തെ പറഞ്ഞിരുന്നു:
ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം
കേവലംമരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും സ്നേഹഗീതിയാലതു
നിസ്‌തുലമാക്കിത്തീർക്കാനാവുകിലതേ, കാമ്യം!
Content Summary: Remembering Changampuzha Krishna Pillai and his Literary Works on his Death Anniversary