ADVERTISEMENT

37 വർഷം മാത്രം ജീവിച്ചിരുന്ന ഒരു കവിയെ സംബന്ധിച്ചിടത്തോളം 75 വർഷം എന്നത് വലിയൊരു കാലയളവാണ്. രണ്ടു കവി ജൻമത്തിലുമധികം. ഇക്കാലത്തിനിടെ, നാട്ടിൽ കവികൾ ഒട്ടേറെയുണ്ടായി. കഥയും നോവലും ഇല്ലാതായാലും കവിത മരിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് വീണ്ടും കവിതകൾ തളിർക്കുന്നു. പൂക്കുന്നു. വാടുന്നു. വീണ്ടും തളിർക്കുന്നു. എന്നാൽ 75 വർഷം മുമ്പ് അകാലത്തിൽ മരിച്ച കവി തന്നെയാണ് ഇന്നും ഏറ്റവും പുതിയ കവിയുടെയും മാറ്റുരച്ചു നോക്കാനുള്ള ഉരകല്ല്. കവിത്വത്തിൽ ആ കവിക്കൊപ്പമെത്തുക. അദ്ദേഹത്തെപ്പോലെ അറിയപ്പെടുക. പ്രശസ്തനാകുക. തലമുറകൾക്കു ശേഷവും സ്പന്ദിക്കുക. എന്നാൽ, ഇന്നും അതു വന്യമായ ആഗ്രഹം മാത്രമാണ്. തീവ്രമായ ആവേശം മാത്രമാണ്. ഏറ്റവും ദുസ്സാധ്യമായ സ്വപ്നം മാത്രമാണ്. എല്ലാ കവികൾക്കും വെല്ലുവിളിയുയർത്തിയ ആ കവി. 

മലരൊളി തിരളും മധുചന്ദ്രികയിൽ മഴവിൽക്കൊടിയുടെ മുന മുക്കി എഴുതിയ ഗന്ധർവ്വൻ. കവിതകളിലൂടെ അദ്വൈതാമല ഭാവ സ്പന്ദിത വിദ്യുത് മേഖല സൃഷ്ടിച്ച എഴുത്തുകാരൻ. കവിയുടെ ജീവിതം ജീവിച്ച്, കവിയായി മരിച്ച മലയാളത്തിന്റെ ഒരേയൊരു ചങ്ങമ്പുഴ. 

ചങ്ങമ്പുഴയുടെ കാലത്തെന്നപോലെ അദ്ദേഹത്തിനു ശേഷമുള്ള കവികളെയും രണ്ടു വിഭാഗക്കാരാക്കി തിരിക്കാം. അദ്ദേഹത്തെപ്പോലെ കവിത എഴുതാൻ ശ്രമിച്ചവരും അദ്ദേഹത്തിൽ നിന്നു വ്യത്യസ്തമായി എഴുതാൻ ശ്രമിച്ചവരും. ഈ രണ്ടു വിഭാഗത്തിലല്ലാത്ത കവികൾ ഇല്ല എന്ന ഒറ്റ വസ്തുത മാത്രം മതി ചങ്ങമ്പുഴയുടെ പ്രതിഭയെ അടയാളപ്പെടുത്താൻ. 

main

ചങ്ങമ്പുഴക്കവിതയെ ആക്ഷേപിക്കുന്നവർ മിക്കവരും നിരൂപകൻമാരാണെന്നു പറഞ്ഞിട്ടുണ്ട് പൊൻകുന്നം വർക്കി. സ്പന്ദിക്കുന്ന അസ്ഥിമാടം എന്ന കവിതാ സമാഹാരത്തിന്റെ അവതാരികയിൽ. എന്നാൽ പല നിരൂപണങ്ങളിലും കാണുന്നത് ഉൽ‌കൃഷ്ടമായ കലയുടെ ശുദ്ധിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മറിച്ച് അസൂയയുടെ കറയാണ്. ചങ്ങമ്പുഴയുടെ ഒരു ഈരടിയെങ്കിലും അറിയാത്ത ഒരാൾ പോലും യുവതലമുറയിൽ കാണില്ലെന്ന് അദ്ദേഹം പറഞ്ഞത് 1945 ലാണ്. ഒരു കാര്യം കൂടി അദ്ദേഹം എടുത്തുപറഞ്ഞു. ചങ്ങമ്പുഴുയടെ ഒരു ഈരടിയെയെങ്കിലും ആക്ഷേപിക്കാത്ത കവികളും നിരൂപകരും കുറവാണ്. അതേ, ചങ്ങമ്പുഴയെ പ്രകീർത്തിക്കാൻ തങ്ങളുടെ ആവശ്യമില്ലെന്നു മനസ്സിലാക്കിയപ്പോൾ വിമർശിച്ചെങ്കിലും പ്രശസ്തരാകാൻ ശ്രമിച്ചവരുടെ എണ്ണവും കുറവല്ല കേരളത്തിൽ. കവിതയ്ക്കു ദല്ലാളുടെ ആവശ്യമില്ല. ഇടനിലക്കാർ വേണ്ടാത്ത കലയാണ് കവിത. വിമർശകരും നിരൂപകരും കവികളും എന്തൊക്കെ പറഞ്ഞാലും ചങ്ങമ്പുഴ ജനങ്ങളോട് നേരിട്ട് ഇടപെടുന്നു; കവിത എന്ന ഏറ്റവും ശുദ്ധമായ കലയിലൂടെ. 

ഇന്നു പകൽ മുഴുവൻ ശക്തിയായ മഴയായിരുന്നു. രാത്രിയും അതു ശമിച്ചിട്ടില്ല. ഞാൻ മൂടിപ്പുതച്ച് ഈ കസേരയിൽ ഇരിക്കുകയാണ്. ശക്തിയായ ജലദോഷം. അസഹനീയമായ തണുപ്പ്. എന്റെ ശാരീരിക ശക്തികൾ വിശ്രമം ആവശ്യപ്പെടുന്നു. പക്ഷേ, അതുകൊണ്ടു കാര്യമില്ല. എന്റെ ഹൃദയത്തിനു വിശ്രമിക്കാൻ സാധ്യമല്ല. അതു സദാ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അതിനു വിശ്രമം വേണ്ട. അതു വിശ്രമിക്കുകയില്ല. അതിലെ സ്പന്ദനങ്ങൾ അവസാനിച്ചാലും അതിനു വിശ്രമം ലഭിക്കുമോയെന്ന് സംശയമാണ്. എന്റെ ദേവീ, എന്തൊരു ഹൃദയമാണ് എന്റെ ഹൃദയം. 

1944 നവംബർ 11 നാണ് ഡയറിയിൽ ചങ്ങമ്പുഴ ഇങ്ങനെ എഴുതിയത്. ആത്മപ്രശംസയല്ല, അതിവേദനയിൽ, അതിയായി കരഞ്ഞുകൊണ്ട്, വിറയ്ക്കുന്ന വിരലുകളെ വരുതിയിലാക്കി എഴുതിയ വരികൾ. 

കവിത രക്തസക്ഷസാണ്. അവളെ കാമിച്ചാൽ നിന്റെ അവസാനതുള്ളി രക്തവും അവൾ ഊറ്റിക്കുടിക്കും എന്നു പറഞ്ഞതു ജി.എൻ.പിള്ളയാണ്. മരണക്കിടക്കയിൽ കിടക്കുമ്പോൾ. തന്നെ കാണാൻ വന്ന ബാലചന്ദ്രൻ ചുള്ളിക്കാടിനോട്. 

കവിതയായിരുന്നു ചങ്ങമ്പുഴയുടെ നിത്യകാമുകി. കവിതയ്ക്കുവേണ്ടിയാണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും എഴുതിയതും. ജീവിക്കാൻ വേണ്ടി കവിതയെഴുതിയല്ല കവിയല്ല അദ്ദേഹം. എഴുതാതിരിക്കാൻ ആവാത്തതുകൊണ്ടുമാത്രം എഴുതേണ്ടിവന്ന പീഡിതാത്മാവാണ്. 

changampuzha-books-2-

അവസാന കാലത്ത് രോഗം കൊണ്ടു വലയുമ്പോൾ, വിദഗ്ധ ചികിത്സ തേടാൻ‌ പറഞ്ഞവരോട് ചങ്ങമ്പുഴ പറഞ്ഞത് വൈകിപ്പോയെന്നാണ്. ഇനി ഇങ്ങനെ പോകട്ടെ എന്നും അദ്ദേഹം പറഞ്ഞു. 

എന്തുകൊണ്ടായിരിക്കും ചങ്ങമ്പുഴ ഇന്നും മലയാളത്തിന്റെ നിത്യകാമുകനായി 

നിലനിൽക്കുന്നത് ? പകരം വയ്ക്കാനാവാത്ത കവിതയുടെ പേരിൽ. മറ്റൊരാൾക്കും അനുകരിക്കാനാവാത്ത ജീവിതത്തിന്റെ പേരിൽ. 

മലയാളത്തിൽ എഴുതി പ്രശസ്തരായി, ചങ്ങമ്പുഴയെ വിമർശിക്കുന്നവർ പോലും ഒരു കാര്യം രഹസ്യമായി സമ്മതിക്കും. മലയാളം ഇന്നും നിലനിൽക്കുന്നതിന്റെ കാരണങ്ങളിലൊന്ന് അവർ കമ്പോടു കമ്പ് വിമർശിക്കുന്ന കവി തന്നെയാണ്. ആദ്യത്തെ കാഴ്ചയിലെ അനുരാഗം പോലെ ആദ്യ വായനയിൽത്തന്നെ മനസ്സിനോട് ഒട്ടിപ്പിടിക്കുന്ന ആ കവിത... എന്തൊരു കവിതയാണിത് എന്ന് വീണ്ടും വീണ്ടും പറയാൻ പ്രേരിപ്പിക്കുന്ന ആ അദ്ഭുതം... 

സുപ്രഭാതമേ, നീയെനിക്കന്നൊ–

രപ്സരസ്സിനെ കാണിച്ചുതന്നു .

ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ–

സ്നേഹമൂർത്തിയെ കാണിച്ചുതന്നു. 

പ്രാണനും കൂടി കോൾമയിർക്കൊള്ളും 

പൂനിലാവിനെ കാണിച്ചുതന്നു...

Content Summary: Remembering Changampuzha Krishna Pillai and his Poems on his Death Anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com