ADVERTISEMENT

വൃത്താകൃതിയിലുള്ള പൂമുഖവും ഉയരമുള്ള മുറികളും നിറഞ്ഞ ആ വീട്ടിലാണ് അഞ്ചു സുഹൃത്തുക്കളും ഒന്നിച്ചു കൂടാറുണ്ടായിരുന്നത്. അവർ പരസ്പരം പുസ്തകങ്ങൾ വായിച്ചു കേൾപ്പിച്ചു. സംഗീതത്തെ പറ്റി ആവേശത്തോടെ സംസാരിച്ചു.

ജർമൻ എഴുത്തുകാരനും സംഗീതജ്ഞനുമായിരുന്ന ഓസ്കാർ ബൗമിന്റെ വീടായിരുന്നു അത്. അവിടെ കൂടിയിരുന്ന മറ്റ് സുഹൃത്തുക്കളാവട്ടെ, ഒന്നിനൊന്ന് മികച്ച എഴുത്തുകാരും – മാക്സ് ബ്രോഡ്, ലുഡ്‌വിഗ് വിൻഡർ, ഫ്രാൻസ് കാഫ്ക, ഫെലിക്സ് വെൽറ്റ്ഷ്. പ്രാഗിലെ മൊണ്ടാന സ്ട്രീറ്റിൽ സ്ഥിതി ചെയ്തിരുന്ന ആ വീട് ഇവരുടെ സ്ഥിരം സന്ദർശന ഇടമായിരുന്നു. നിരന്തര ചർച്ചകളിലൂടെ സ്വയം കണ്ടെത്തിയ പ്രതിഭകൾ.

‘പ്രക്ഷുബ്ധം’– ഈ ഒറ്റവാക്കിലുണ്ട് കാഫ്ക. നിരന്തര അനിശ്ചിതത്വങ്ങളിൽ സ്വയം ഇളകി മറിഞ്ഞുകൊണ്ടിരുന്ന ഒരാൾ. തന്നിലേക്കെത്തുന്ന ഏതൊരാളെയും ഇതേ അനിശ്ചിതത്വത്തിൽ മുക്കിക്കൊല്ലാറുണ്ട് കാഫ്ക. സങ്കീർണമായ രചനാശൈലി സ്വീകരിച്ച ഈ എഴുത്തുകാരന്റെ അസ്ഥിരപ്രകൃതം പലപ്പോഴും ചർച്ചയ്ക്ക് വിഷയമായിട്ടുണ്ട്. പക്ഷേ ചിന്തകളുടെ ആഴക്കടലിൽ മുങ്ങിത്താഴുമ്പോഴും ഇടയ്ക്കൊക്കെ ചിലരെയെങ്കിലും അയാൾ കൂടെ നിർത്തി. 

Franz
Imge Credit: commons.wikimedia.org

ആഴത്തിലുള്ള ബൗദ്ധിക ബന്ധവും പരസ്പര ആരാധനയുമായിരുന്നു ഫ്രാൻസ് കാഫ്കയും മാക്സ് ബ്രോഡും തമ്മിലുണ്ടായിരുന്നത്. ഇന്ന് ലോകം വായിക്കുന്ന കാഫ്‌കയുടെ പല കൃതികളും കത്തുകളും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ബ്രോഡ്. താൻ എഴുതിയവയെ സംശയദൃഷ്ടിയോടെ കണ്ടിരുന്ന കാഫ്‌ക മരണസമയത്ത് അവയെല്ലാം നശിപ്പിച്ചു കളയുവാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബ്രോഡ് അതിന് തയാറായില്ല. എന്നുമാത്രമല്ല, അവയിൽ പലതും പ്രസിദ്ധീകരിക്കുവാൻ മുൻകൈയെടുക്കുകയും ചെയ്തു. ദ് ട്രയൽ (1925), ദ് കാസിൽ (1926), അമേരിക്ക (1927) എന്നിവയും അതിൽ ഉൾപ്പെടുന്നു. നാത്‌സിപ്പടയിൽനിന്ന് ജീവൻ രക്ഷിക്കാൻ ഓടുമ്പോഴും ബ്രോഡ് തന്നോട് ചേർത്തുപിടിച്ചത് കാഫ്കയുടെ രചനകളായിരുന്നു. അന്ന് കത്തിക്കാതെ സൂക്ഷിച്ച അക്ഷരങ്ങളിലൂടെ നാം കാഫ്കയെ അറിയുമ്പോൾ അതിനു കാരണക്കാരൻ ബ്രോഡാണെന്നുകൂടി ഓർക്കണം.

കാഫ്കയും ബ്രോഡും Image Credit: Wikimedia Commons
കാഫ്കയും ബ്രോഡും Image Credit: commons.wikimedia.org

നിരന്തരം ഒരു കേൾവിക്കാരന്റെ കുപ്പായമണിഞ്ഞ് ബ്രോഡ്, കാഫ്കയുടെ വൈകാരിക ആശങ്കകളെ മനസ്സിലാക്കി. 41 ാം വയസ്സിലാണ് കാഫ്ക മരിക്കുന്നത്. ബ്രോഡുമായി ഉണ്ടായിരുന്നത് 22 വർഷത്തെ സൗഹൃദവും. ഇത്രമേൽ ആഴത്തിൽ കാഫ്കയെ അറിഞ്ഞതിനാൽത്തന്നെ അദ്ദേഹത്തിന്റെ ജീവചരിത്ര കർത്താവ് എന്ന ദൗത്യം വളരെ മികവോടെ ബ്രോഡ് പൂർത്തീകരിച്ചു. കാഫ്കയുടെ പ്രിയപ്പെട്ട മനുഷ്യരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എന്നും ബ്രോഡാനുള്ളത്. ‘അവ പ്രസിദ്ധീകരിക്കാൻ യോഗ്യമല്ലെന്ന് നീ കരുതുന്നുവെങ്കിൽ അവ കത്തിച്ചുകളയുക’ എന്നു പറയണമെങ്കിൽ സ്വന്തം മനസ്സിനെക്കാൾ ബ്രോഡിനെ കാഫ്ക വിശ്വസിച്ചിരുന്നുവെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

കാഫ്കയുടെ ജീവിതത്തിലെ മറ്റൊരു സുപ്രധാന സൗഹൃദം, 1912 ൽ അദ്ദേഹം കണ്ടുമുട്ടിയ ഫെലിസ് ബൗറുമായുള്ളതായിരുന്നു. സൗഹൃദത്തേക്കാൾ ആഴത്തിലുള്ള, ആത്മബന്ധമെന്നോ പ്രണയമെന്നോ വിളിക്കാവുന്ന ഒന്ന്. അവരുടെ ബന്ധം കാഫ്കയുടെ വ്യക്തിപരവും സർഗ്ഗാത്മകവുമായ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു. കാഫ്കയും ബൗറും തമ്മിലുള്ള കത്തുകൾ അവരുടെ വൈകാരിക ബന്ധത്തിന്റെ ആഴവും പ്രതിബദ്ധതയും വെളിപ്പെടുത്തുന്നു. എന്നാൽ അടുപ്പത്തോടുള്ള കാഫ്കയുടെ അനിശ്ചിസ്ഥതാവസ്ഥ ഏറ്റവും പ്രകടമായതും ബൗറുമായുള്ള ബന്ധത്തിൽ തന്നെയായിരുന്നു. കാഫ്കയുടെ ‘ദ് മെറ്റമർഫോസിസ്’ എന്ന നോവലിന് പ്രചോദനം നൽകിയത് പോലും ഈ ബന്ധമാണ്.

felice-kafka
ഫെലിസും കാഫ്കയും Image Credit: kafkamuseum.cz/en/photogallery

‘‘എന്നിൽനിന്ന് ഒരിക്കലും നിനക്ക് കലർപ്പില്ലാത്ത സന്തോഷം ലഭിക്കില്ല; പകരം ലഭിക്കുന്നതോ, ഒരാൾ ആഗ്രഹിക്കാത്തത്ര, കലർപ്പില്ലാത്ത കഷ്ടപ്പാടുകൾ മാത്രം.’’

1912നും 1915നുമിടയിൽ അഞ്ഞൂറിലധികം കത്തുകളാണ് കാഫ്ക അവർക്ക് അയച്ചത്. മനസ്സിൽ വളരെ ആഴത്തിൽ സ്നേഹിക്കുന്ന സമയത്തും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. തീരുമാനത്തിന്റെ നിമിഷം അടുക്കുമ്പോൾ ആന്തരികസംഘർഷം രൂക്ഷമായി. ഏകാന്തതയും കൂട്ടും ഒരേ സമയം ആഗ്രഹിക്കുന്ന അവസ്ഥ. സ്നേഹിക്കുമ്പോഴും ഒന്നിക്കാനുള്ള മടി. ഈ ആശയക്കുഴപ്പം എഴുത്തുകളിലൂടെ വികസിച്ച ഈ ബന്ധത്തെ കാര്യമായിത്തന്നെ ബാധിച്ചു. താൻ കടുത്ത ക്ഷയരോഗബാധിതനാണ് എന്ന് തിരിച്ചറിവാണ് കാഫ്കയെ പൂർണമായ അകൽച്ചയിലേക്കു നയിച്ചത്. 

kafka-ottala
കാഫ്കയും ഒട്ട്‌ലയും Image Credit: kafkamuseum.cz/en/photogallery

തന്റെ അനുജത്തി ഒട്ട്‌ലയുമായുള്ള കാഫ്കയുടെ അടുത്ത ബന്ധം, വ്യക്തിജീവിതത്തിന്റെ പ്രക്ഷുബ്ധതയ്‌ക്കിടയിൽ അദ്ദേഹത്തിന് ആശ്വാസം നൽകിയ ഒന്നായിരുന്നു. 1892-ലാണ് ഒട്ട്‌ല ജനിച്ചത്. 5 സഹോദരങ്ങളിൽ ചെറുപ്പം മുതലേ ഒട്ട്‌ലയോട് കാഫ്ക ഒരു പ്രത്യേക അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. രണ്ടു പേർക്കും എഴുത്തിനോടും സാഹിത്യത്തോടും അഗാധമായ അഭിനിവേശമുണ്ടായിരുന്നു. ഇത് അവരുടെ ബന്ധത്തിന് ശക്തമായ അടിത്തറ നൽകി. കർക്കശസ്വഭാവം പുലർത്തിയിരുന്ന പിതാവിനോടോ കുടുംബത്തിലെ മറ്റ് അംഗങ്ങളോടോ മിണ്ടാതെ അകന്നു നിന്ന സമയത്തു പോലും ഒട്ട്‌ലയുമായി കാഫ്ക സംവദിച്ചു. 

വിഷാദം, സാമൂഹിക ഉത്കണ്ഠ, സർഗാത്മക പ്രതിസന്ധി എന്നീ പ്രശ്നങ്ങളിലൂടെ കാഫ്ക കടന്നുപോയപ്പോഴെല്ലാം ഒട്ട്‌ല അദ്ദേഹത്തിന് തുണയായി നിന്നു. കാഫ്കയ്ക്ക് തന്റെ ആഴത്തിലുള്ള വികാരങ്ങളും ചിന്തകളും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു സങ്കേതമായി മാറി ആ കുഞ്ഞനുജത്തി. കാഫ്ക മരിച്ചു വർഷങ്ങൾക്കുശേഷം നാത്‌സി ക്യാംപിൽ വെച്ചാണ് ഒട്ട്ല മരണപ്പെടുന്നത്. വര്‍ഷങ്ങൾ നീണ്ട യാതന അനുഭവിച്ചപ്പോഴും അവർ നിരന്തരം ഓർത്തത് തന്റെ സഹോദരനെയാണ്. 

kafka-books
Image Credit: commons.wikimedia.org

"പക്ഷിയെ തിരയുന്ന കൂടാണ് ഞാൻ"

സങ്കീർണവും അഗാധവുമായ ബന്ധങ്ങളായിരുന്നു കാഫ്കയ്ക്ക് ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നത്. കുറ്റബോധം, ഒറ്റപ്പെടൽ, ജീവിതത്തിന്റെ അർഥം തേടിയുള്ള നിരാശാജനകമായ തിരച്ചിൽ എന്നിങ്ങനെ മനുഷ്യ ജീവിതത്തിന്റെ അസ്തിത്വബോധത്തെ ചോദ്യം ചെയ്യുന്ന വിഷയങ്ങളാണ് എന്നും അദ്ദേഹം എഴുതിയിരുന്നത്. നിരന്തര സംഘർഷം അനുഭവിച്ചുകൊണ്ടിരുന്ന മനസ്സും ജീവിതവും. അവസാനമില്ലാത്ത മനോവ്യാപാരങ്ങൾ ആശങ്കയിലാഴ്ത്തിയപ്പോഴും കാഫ്ക ചിലരെ മാത്രം മനസ്സോട് ചേർത്തു നിർത്തി. അതിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു പേരാണ് മാക്സ് ബ്രോഡും ഫെലിസ് ബൗറും ഒട്ട്‌ല കാഫ്കയും.

Content Summary: Franz Kafka And His Favourite People And Friends