കൂടല്ലൂരിന്റെ കഥാകാരൻ
Mail This Article
ലോകസാഹിത്യഭൂപടത്തിൽ കൂടല്ലൂർ എന്ന ചെറിയ ഗ്രാമത്തെ മിഴിവോടെ വരച്ചിട്ട എഴുത്തുകാരനാണ് എംടി. കുടല്ലൂരിന്റെ കഥാകാരൻ എന്നതു തുടക്കത്തിൽ എംടിക്കു കീർത്തിമുദ്രയായിരുന്നെങ്കിൽ പിന്നീട് ഒഴിയാബാധയുമായി.അഭിമുഖത്തിലും മറ്റും ചോദ്യങ്ങളേറെയും കൂടല്ലൂരിനെക്കുറിച്ച്. കൂടല്ലൂരിനപ്പുറം എംടിക്ക് മറ്റൊരു ലോകം ഇല്ലെന്ന രീതിയിൽ. ശക്തി പരിമിതിയായി അരോപിക്കപ്പെടുന്ന ദുരവസ്ഥ.
പാടത്തിന്റെ കരയിലെ ഒരു തകർന്ന തറവാട്ടുവീടിന്റെ മുകളിൽ ചാരുപടിയുടെ മുമ്പിൽ അരണ്ട വെളിച്ചത്തിൽ എഴുതിയ സാധനങ്ങൾ വീണ്ടും അയവിറക്കിയും എഴുതാനുദ്ദേശിക്കുന്നവയെക്കുറിച്ചു വീണ്ടും സ്വപ്നങ്ങൾ നെയ്തെടുത്തും ഇരുന്ന കുട്ടി സ്വന്തം ഗ്രാമത്തെക്കുറിച്ചെഴുതുന്നത് സ്വാഭാവികം.താന്നിക്കുന്നിന്റെ നെറുകയിൽ നിന്നാൽ കാണുന്ന വയലുകളെക്കുറിച്ച്. പാത. ഭാരതപ്പുഴ. കരിയന്നൂർപാലം. കണ്ണാന്തളിപ്പൂക്കൾ.ഏകാന്തതയുടെ മഹാസാമ്രാജ്യത്തെ നോക്കിനിന്നുകൊണ്ട്, ഒരു ഗ്രാമീണബാലൻ കവിതകളും കഥകളും രൂപപ്പെടുത്തിയപ്പോൾ ഗ്രാമവും ഗ്രാമചിഹ്നങ്ങളും ഒഴിവാക്കാനാകുമോ.വളർച്ചയുടെ പടവുകൾ കയറിയപ്പോൾ എഴുത്തുകാരന്റെ ലോകം മാറി.കാഴ്ചയും കാഴ്ചപ്പാടുകളും മാറി. വിദൂരനഗരങ്ങളെക്കുറിച്ചും വന്യമായ ഭൂഭാഗങ്ങളെക്കുറിച്ചും മലയാളിക്ക് അപരിചിതമായ മനുഷ്യാവസ്ഥകളെക്കുറിച്ചും എഴുതേണ്ടിവന്നു. കൂടല്ലൂർ എന്ന ഗ്രാമത്തെക്കുറിച്ച് അരുമയായി എഴുതിയതുപോലെ അമേരിക്കയിലെ ഫിലഡെൽഫിയയെക്കുറിച്ചും എഴുതി. കരുത്തോടെ. ആർദ്രതയോടെ. സൂക്ഷ്മാംശങ്ങൾ നഷ്ടപ്പെടാതെ. കൂടല്ലൂരിനെ ഏറെയിഷ്ടമാണെങ്കിലും അതിനപ്പുറവും തനിക്കു ലോകങ്ങൾ ഉണ്ടെന്നു തെളിയിക്കാനുള്ള വാശിയോടെ. അങ്ങനെ പിറന്നുവീണ കഥകളിലൊന്നാണ് ഷെർലക്. അമേരിക്കയുടെ പശ്ഛാത്തലത്തിൽ എഴുതിയ അപൂർവ കഥ.
പുറത്തിറങ്ങി നടന്നു. മനുഷ്യരെ കാണില്ല. റോഡിലൂടെ വാഹനങ്ങൾ മാത്രം പായുന്നു. റോഡ് റിപ്പെയർ ചെയ്യുന്ന ഒരു സംഘം ചുവന്ന കുപ്പായക്കാരെ കണ്ടു. പിന്നെ ഷോപ്പിങ് സെന്ററിലെത്തി. ഭക്ഷണശാലകൾ അവിടെത്തന്നെ ഏഴെണ്ണമുണ്ട്. ടിവിയിൽ ഏതു ചാനലിലും കൂടുതൽ പരസ്യങ്ങൾ ഭക്ഷണ സാധനങ്ങളുടെയാണ്. അമേരിക്ക വലിയൊരു വയറാണെന്ന് ഡയറിയിൽ കുറിച്ചിടണമെന്നു നിശ്ഛയിച്ചു.
ബാലു. ആരിയമ്പാടത്തുകാരൻ ബാലകൃഷ്ണൻ. ലഹരിയുടെ ചിറകിലേറി നടന്ന നാളുകൾക്കൊടുവിൽ ചോര ഛർദിച്ച് ആശുപത്രിവാസം കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കാനും പുതിയൊരു ഭാവി രൂപപ്പെടുത്താനുമായി അമേരിക്കയിൽ ചേച്ചിയുടെയും ഭർത്താവിന്റെയും വീട്ടിലെത്തിയ ഇരുപത്തിയേഴുകാരൻ. ചേച്ചിയുടെ ഭർത്താവു യാത്രകളിലാണ്. വല്ലപ്പോഴുമെ വീട്ടിലെത്തൂ. ചേച്ചി രാവിലെ ജോലിക്കുപോയാൽ വൈകിട്ടേ തിരിച്ചെത്തൂ. പക്ഷേ വീട്ടിൽ ബാലു തനിച്ചല്ല. ഷെർലക് ഉണ്ട് കൂടെ. ഷെർലക് ഹോംസ് ഷിൻഡെ. വളർത്തുപൂച്ചയ്ക്കു ഷെർലക് എന്ന പേരു കൊടുത്തതു കൗതുകത്തിനല്ല. തന്റെ അസാന്നിധ്യത്തിൽ ചേച്ചി എന്തൊക്കെ ചെയ്യുന്നു, ആരെയൊക്കെ കാണുന്നു എന്നൊക്കെ ചേച്ചിയുടെ ഭർത്താവിനു വിവരം കൊടുക്കുന്ന ചാരനാണവൻ. പകൽ ഒറ്റയ്ക്കായിരിക്കുമ്പോൾ ബാലു എന്തൊക്കെ ചെയ്യുന്നെന്നു ചേച്ചിക്കും അവൻ പറഞ്ഞുകൊടുക്കുന്നുണ്ട്. എങ്ങനെയെന്നറിയില്ല.ഏതു ഭാഷയിലെന്നറിയില്ല. എല്ലാം ചേച്ചി വ്യക്തമായറിയുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പുറത്തിറങ്ങുമ്പോഴുമെല്ലാം പിന്തുടരുന്നുണ്ട് ഷെർലകിന്റെ ചാരക്കണ്ണുകൾ. അമേരിക്കയിലെ പൂച്ചകൾക്കു നഖങ്ങളില്ല. വേദനയില്ലാത്ത ഓപറേഷനിലൂടെ നീക്കം ചെയ്തിരിക്കുന്നു. വില കൂടിയ ഫർണിച്ചറുകളും മറ്റും കേടാക്കാതിരിക്കാൻ. പേടിക്കാതെ എടുത്ത് ലാളിക്കാൻ, ഓമനിക്കാൻ. മറ്റൊരത്ഭുതം കൂടി ബാലു കണ്ടെത്തുന്നുണ്ട്. അമേരിക്കൻ പൂച്ചകൾ മ്യാവൂ ശബ്ദത്തിൽ കരയുന്നുമില്ല.
തനിച്ചിരിക്കുമ്പോഴത്തെ മടുപ്പുപോലും ബാലുവെ അലട്ടുന്നില്ല. സദാ തന്റെ പിറകിൽ ചുറ്റിത്തിരിയുന്ന പൂച്ചയുടെ കണ്ണുകൾ അയാളെ ഭയപ്പെടുത്തുന്നു. എത്താമെന്നു പറഞ്ഞ ദിവസം എത്താതിരുന്ന ഭർത്താവിന്റെ അസാന്നിധ്യത്തിന്റെ വേദന മറക്കാൻ വൈൻ കുടിക്കുന്നുണ്ട് ചേച്ചി. പ്രലോഭനം ഒഴിവാക്കാൻ ബാലുവിനു കൊടുക്കുന്നുമില്ല. ചികിൽസ കഴിഞ്ഞെത്തുന്നതല്ലേയുള്ളൂ. നിർത്തിയെന്നു ബാലു പറയുന്നുമുണ്ട്. അമേരിക്കയുമായി ഒരു ഒത്തുതീർപ്പിനു ശ്രമിക്കുന്ന ബാലുവും പൂച്ചയും ഒടുവിൽ സൗഹൃദം പങ്കിടുന്നുണ്ട്; വോഡ്കയുടെ ലഹരിയിൽ.
ബാലു അവനോടു പറയുന്നു: എടാ ഷെർലക്, നീ മലയാളം പഠിക്കണം. മ–ല–യാ–ളം.
ഷെർലക് മലയാളം പഠിക്കുന്നില്ല. ബാലു അമേരിക്കയുമായി ഒത്തുതീർപ്പിലെത്തുന്നുമില്ല. പക്ഷേ, ഒരു ശത്രുവിനെപ്പോലെ തുടങ്ങി പിന്നീടു സൗഹൃദം സ്ഥാപിച്ച് ഷെർലക് ബാലുവിനെ കീഴ്പ്പെടുത്തുന്നു; പേടിക്കാതെ കിടന്നുറങ്ങാൻ കാവലിരിക്കുന്നു.
അൻപതുകളിലെ കേരളീയ യുവത്വത്തിന്റെ പ്രതിരൂപങ്ങളെ കഥയിലവതരിപ്പിച്ച അതേ എംടി തന്നെയാണ് ഗ്രാമപ്രകൃതിയിൽനിന്നു നഗരത്തിലേക്കു സഞ്ചരിക്കുന്ന യുവാക്കളെയും സൃഷ്ടിച്ചത്. ആത്മനിന്ദയും അമർഷവും പകയുമുള്ളവരിൽനിന്ന് മഹാനഗരത്തിൽ ചേക്കേറുന്ന ആത്മശൈഥില്യത്തിന്റെ യുവത്വങ്ങളിലേക്ക് കൂടുമാറ്റം. അലറുന്ന മഹാനഗരങ്ങളിലേക്ക്.ഒരുപക്ഷേ നഗരം തന്നെ തിരിച്ചറിഞ്ഞിരിക്കും. നഗരങ്ങൾക്കു വികാരങ്ങളും ആത്മാവുമുണ്ടെന്ന് നീണ്ട യാത്രയ്ക്കിടയിൽ പലപ്പോഴും ഓർമിച്ചതാണ്.അറവുകാരന്റെയും വിധവയുടെയും മുൾത്താനിയുടെയും തേവിടിശ്ശിയുടെയും ഹൃദയമുള്ള നഗരങ്ങളെ അയാൾ കണ്ടിരുന്നു (അവർ).
കൂടല്ലൂരിന്റെ കഥാകാരൻ എന്നു വിശേഷിപ്പിച്ച് എംടിയുടെ ലോകത്തെ പരിമപ്പെടുത്താൻ ശ്രമിച്ചവർ അദ്ദേഹത്തിന്റെ നഗരകഥകളും വായിക്കണം. കിട്ടാത്ത വരങ്ങൾക്കായി അടഞ്ഞ വാതിലുകൾക്കുമുമ്പിൽ പ്രാർഥിച്ചു കാത്തുനിൽക്കുന്നവരെ കാണണം.ദേവിയുടെ അനുഗ്രഹത്താൽ ലഭിച്ച വരത്തിന്റെ കരുത്തിൽ പ്രണയതീർത്ഥാടനം നടത്തുന്ന വിനോദിനിയെയും മാസ്റ്ററെയും കാണണം.
'ശാന്തിപർവം' എന്ന കഥയിൽ എംടി എഴുതുന്നു:
നീണ്ട യാത്രയ്ക്കിടയിൽ മറന്നുവച്ച ഏതോ വിലപിടിച്ച വസ്തു തിരിഞ്ഞുപിടിക്കാൻവേണ്ടി വർഷങ്ങൾക്കുശേഷം ഇറങ്ങിയിരിക്കുകയാണ്. യാത്രയുടെ അവസാനം പണ്ടു തുടങ്ങിയ സ്ഥലത്താണോ ?
Content Summary: Remembering the story Sherlock by M T Vasudevan Nair