ADVERTISEMENT

ആരൊക്കെ തടസ്സപ്പെടുത്തിയാലും സർഗ്ഗശക്തിയെ തോൽപിക്കാനാവില്ലെന്നു നാം കേൾക്കാറുണ്ട്.  ഇതു സർഗാവിഷ്കാരത്തിന്റെ അനശ്വരതയിൽ നമുക്കുള്ള പ്രതീക്ഷയിൽനിന്നുണ്ടായ മിത്തുകളിലൊന്നാണ്. പലതരം ശത്രുതകളെ ജയിക്കാൻ എല്ലാ കലാസൃഷ്ടിക്കും കഴിയണമെന്നില്ല. ചെറുവിമർശനങ്ങൾ പോലും സഹിക്കാൻ എഴുത്തുകാർക്കു കഴിയാറില്ല. ആരെങ്കിലും താൻ ഖണ്ഡനവിമർശനം സ്വാഗതം ചെയ്യുന്നുവെന്നു പറഞ്ഞാൽ അതൊരു ഭംഗിവാക്കായി കരുതണം. “സഞ്ചരിച്ചാലും! നിന്റെ ചഞ്ചലൽച്ചിലമ്പൊച്ച നെഞ്ചലിഞ്ഞൊരു യുവാവെങ്കിലും ശ്രവിച്ചേക്കാം” എന്ന് സ്വന്തം കവിതയോടു  ജി. ശങ്കരക്കുറുപ്പ് പറഞ്ഞതു കേസരിയിൽ വന്ന കഠിനവിമർശനം താങ്ങാതെയാണ്. 

വ്യക്തിയധിക്ഷേപങ്ങൾ വരും, പോകും എന്നു സമാധാനിക്കാം. അവയ്ക്കുപുറത്തു കാലം സർഗവാസനയോടു കാട്ടുന്ന നിർദയത്വം പരിഹാരമില്ലാത്തതാണ്. മറ്റെല്ലാം തച്ചുടയ്ക്കുന്ന കൂട്ടത്തിൽ അത് കലാസൃഷ്ടികളെയും ഇല്ലാതാക്കുന്നു. മനുഷ്യാവിഷ്കാരങ്ങളുടെ അതിജീവനത്തിനായുള്ള ലോകത്തിന്റെ തിരഞ്ഞെടുപ്പു കഠിനമാണ്. ഒരു സോഫോക്ലീസ്, ഒരു പ്ലേറ്റോ,  ഒരു വ്യാസൻ, ഒരു കാളിദാസൻ എന്നിങ്ങനെ ഓരോ ജനതയിലും ഇങ്ങനെ ചിലരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ലെന്നു തോന്നുംവിധം നിശിതമായ ശൂന്യതയാണത്. കഷ്ടിച്ച് അയ്യായിരം വർഷം പഴക്കമുള്ള മനുഷ്യന്റെ എഴുത്തുചരിത്രത്തിൽ മണ്ണടിഞ്ഞ രചനകളാണു കൂടുതൽ. ചിലതു ഭാഗ്യം കൊണ്ടാണു നശിക്കാതെ കുറേ വർഷങ്ങൾ നിലനിൽക്കുന്നത്. ഇപ്പോൾ നമ്മുടെ കയ്യിലുള്ളവ ഭാവിയിൽ ശേഷിക്കുമോ എന്ന് ഒരു ഉറപ്പുമില്ല. എന്നാലും സർഗശക്തിയുടെ അനശ്വരത എന്ന മിത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാറില്ല. ചിലപ്പോൾ നശിച്ചുപോയതിലും നാം ഇതേ അനശ്വരത സങ്കൽപിക്കുന്നു, ഉദാഹരണത്തിനു സാഫോയുടെ രചനകൾ. പുരുഷന്മാരുടെ മാത്രം ലോകമായ പ്രാചീന യവനകാലത്തുനിന്നു നാം ആകെപ്പാടെ കേൾക്കുന്ന സ്ത്രീയാണവർ. ഇതിനർഥം അക്കാലത്തെ ബാക്കിയെല്ലാ പെൺകവികളും, സാഫോയെക്കാൾ മികച്ചവർ അടക്കം, തങ്ങളുടെ കാലത്തുതന്നെയോ അതിനുശേഷമോ സമ്പൂർണമായി വിസ്മൃതരായിപ്പോയെന്നാണ്. സാഫോയുടെതന്നെ ഒരൊറ്റ കവിത മാത്രമാണു പൂർണരൂപത്തിൽ നമ്മുടെ കയ്യിൽ കിട്ടിയിട്ടുള്ളത്. ബാക്കിയെല്ലാം കവിതാശകലങ്ങൾ മാത്രം. എങ്കിലും പതിനായിരം കവികളെക്കാൾ വലുപ്പം നാം സാഫോയിൽ കാണുന്നു; അവരുടെ നശിച്ചുപോയ കവിതകളുടെ പേരിൽ. 

ഫ്രാന്‍സ് കാഫ്ക Image Credit: Wikimedia Commons, Klaus Wagenbach Archiv, Berlin
ഫ്രാന്‍സ് കാഫ്ക Image Credit: Wikimedia Commons, Klaus Wagenbach Archiv, Berlin

ഇത്തരം ശകലങ്ങൾ, ഫ്രാഗ്‌മെന്റ്സ്, വായനക്കാർക്കു ഇരട്ടി ആനന്ദം നൽകുന്നുണ്ടാകണം. വാൾട്ടർ ബെന്യമിൻ പൂർത്തിയാക്കാത്ത ലേഖനങ്ങളാണു കൂടുതലും. റോബർട്ട് വാൽസറുടെ അപൂർണമായ കുറിപ്പുകളും നാം സമാഹരിച്ചുവായിച്ചു. അപൂർണതയുടെ വല്ലാത്ത ജിജ്ഞാസയ്ക്ക് മറ്റൊരു ഉദാഹരണം കാഫ്കയുടെ ഡയറികളാണ്. അയാൾ എല്ലാം ഒരൊറ്റ നോട്ട്ബുക്കിലാണ് എഴുതിയത്. കഥയും സ്വപ്നവും അനുഭവവും പ്രതിദിനഡയറിക്കുറിപ്പുമെല്ലാം. താൻ എഴുതുന്നതിൽ സാഹിത്യേതരം എന്ന ഒരു വിഭാഗം കാഫ്കയ്ക്ക് ഇല്ലായിരുന്നു. എഴുത്ത് എന്ന പ്രവൃത്തി അതിൽത്തന്നെ സമ്പൂർണത നേടുമ്പോൾ അനുഭവം, കഥ, ലേഖനം എന്നിങ്ങനെയുള്ള വിഭജനങ്ങൾ മാഞ്ഞുപോകുന്നു. ഇവിടെ നോട്ട്പുസ്തകത്തിൽ കഥപോലെ തുടങ്ങിയതു പൂർത്തിയാകുന്നില്ല. അതിനിടയിൽ ദിനാന്ത്യക്കുറിപ്പുകളും രാത്രികണ്ട സ്വപ്നങ്ങളുടെ വിവരണവും നാടക, പുസ്തക വിശകലനങ്ങളും രേഖാചിത്രങ്ങളും വരുന്നു. എന്നാൽ ഇതിലെല്ലാം കാഫ്കയുടെ ഗദ്യത്തിന്റെ നോട്ടം നാമറിയുന്നു. കാഫ്കയുടെ സുഹൃത്തായ മാക്സ്ബ്രോഡ് ഈ ഡയറി ആദ്യം പ്രസിദ്ധീകരിക്കുമ്പോൾ അതിലെ ദിനാന്ത്യക്കുറിപ്പുകളൊഴികെ എല്ലാം ഒഴിവാക്കിയിരുന്നു. സ്വകാര്യപരാമർശങ്ങളും നീക്കി. എന്നാൽ, കാഫ്കയ്ക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ സംഭവിച്ച പരിണാമം നോക്കൂ, വായനക്കാരും നിരൂപകരും അയാളെ ഭാഷയുടെയും ഭാവനയുടെയും സ്രോതസ്സാക്കിമാറ്റി. ഒന്നും കളയാനില്ലാത്ത ഒരു കനിയായി കാഫ്കയുടെ ഗദ്യം സമൃദ്ധികൊണ്ടു. അയാൾ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കിടെ കോടതിയിൽ ഹാജരാക്കാൻ തയാറാക്കിയ നിയമപരമായ റിപ്പോർട്ടുകൾ പോലും സമീപകാലത്ത് പുസ്തകമായി ഇറങ്ങി. ഇതിനിടെ, സമ്പൂർണരൂപത്തിലുള്ള കാഫ്കയുടെ ഡയറികൾ ഒരാവശ്യമായിരുന്നു. റോസ് ബെഞ്ചമിന്റെ പുതിയ ഇംഗ്ലിഷ് പരിഭാഷ കാഫ്കയെ മറ്റൊരു പുനർവായനയ്ക്കു വച്ചു. ഒരുകാര്യം പറയാം, ഗദ്യം ഒരാളുടെ ഉള്ളിൽ പാർക്കുന്ന ഭീതിയോ പലായനമോ പുറത്തുചാടുന്നതാണ്. എല്ലാ ആന്തരികഭാരങ്ങളുടെയും രൂപാന്തരമോ പ്രഛന്നവേഷമോ ഗദ്യത്തിലാണു യാഥാർഥ്യമാകുന്നത്. വിവാഹം ഏതാണ്ട് ഉറപ്പിച്ച് അയാൾക്കു താമസിക്കാൻ വേറെ വീട് മാതാപിതാക്കൾ അന്വേഷിച്ചുതുടങ്ങുമ്പോൾ, കാഫ്കയുടെ ഉറക്കം നഷ്ടമാകുന്നു. ആ ദിവസങ്ങളിൽ കാഫ്ക ഒരു ഗുസ്തിക്കാരന്റെ കഥ ഡയറിയിൽ എഴുതുന്നു- തൊട്ടടുത്ത താമസിക്കുന്ന ഒരാൾ തീർത്തും അപരിചിതൻ. അവർ തമ്മിൽ സംസാരിച്ചിട്ടില്ല. പക്ഷേ എന്നും ഗുസ്തിപിടിക്കാൻ കാഫ്കയുടെ മുറിയിൽ വരും. വാതിൽ തുറക്കേണ്ടതാമസമേയുള്ളു അവൻ മുറിയിലേക്ക് ഇടിച്ചുകയറി ഗുസ്തിപിടിക്കാൻ തുടങ്ങും. ഗുസ്തിപിടിച്ചു മതിയായാൽ അപ്പോൾത്തന്നെ മടങ്ങിപ്പോകുകയും ചെയ്യും.എന്നും ഇതു തുടരുന്നു. ഒരുദിവസം കാഫ്ക എന്തോ അത്യാവശ്യം വായിക്കാനുള്ളതുകൊണ്ടു വാതിൽ മുട്ടു കേട്ടിട്ടും തുറന്നില്ല. അന്ന് അവൻ ഒരു മഴു കൊണ്ടു വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. അവനെ ഒരിക്കലും ഒഴിവാക്കാനാവില്ല. പിന്നീട് അവൻ വരുന്നനേരം നോക്കി വാതിൽത്തുറന്നുവച്ചു താൻ ഒരുങ്ങിയിരിക്കാൻതുടങ്ങി. കാഫ്ക തുടർന്നെഴുതുന്ന ഒരു വാക്യമിതാണ് - I know how to accommodate to circumstances.

കവികൾക്കും കഥക്കാർക്കും അവരുടെ ജീവിതത്തിൽ ഓർമവച്ചകാലം മുതലുള്ള ഒരു പരാജയത്തെയും വെറുതെ വിടാനാവില്ല. തനിക്കു ലഭിച്ച വിദ്യാഭ്യാസമാണു തന്റെ ജീവിതം നരകതുല്യമാക്കിയതെന്ന് ആവർത്തിച്ചെഴുതുന്ന കാഫ്ക തന്റെ ഉഗ്രശത്രുക്കളുടെ പട്ടിക ഡയറിയിലെഴുതുന്നുണ്ട്. അതിൽ മാതാപിതാക്കളും ബന്ധുക്കളും കഴിഞ്ഞാൽ പ്രധാനശത്രു തന്നെ സ്ഥിരമായി സ്കൂളിൽ കൊണ്ടുപോയിരുന്ന ഒരു ആയയാണ്. മറ്റൊരാൾ സ്കൂളിലേക്കുള്ള യാത്രയിൽ ഒരുതവണ മാത്രം വഴിയിൽ കണ്ട ഏതോ ഒരു സ്ത്രീയും. അതാരാന്നുപോലും അറിയില്ല. എങ്കിലും പക മരിച്ചാലും പോകില്ലെന്നു കാഫ്ക എഴുതുന്നു.

ആരൊക്കെ ചവിട്ടിത്താഴ്ത്തിയാലും യഥാർഥ കലാകാരൻ ഒരുദിവസം ഉയർന്നുവരുമെന്നു നാം പറയാറുണ്ടെങ്കിലും യഥാർഥജീവിതത്തിൽ ചെറിയ വീഴ്ചപോലും താങ്ങാൻശേഷിയുള്ളവരല്ല കലാകാരന്മാർ. എല്ലാവരും എഴുതിജയിക്കുകയില്ല. പിന്നെന്തിനു വിഷമിക്കുന്നു എന്നു ചോദിക്കാറുണ്ട്. ശരിയാണ്, മഹാപ്രപഞ്ചത്തിൽ ഇതിനകം എത്രയോ ഗംഭീര ജീവജാലങ്ങളാണു വംശമറ്റുപോയത്. നൂറുവർഷം മുൻപു പാറിനടന്നിരുന്ന പലയിനം ചിത്രശലഭങ്ങളും മിന്നാമിനുങ്ങുകളും ഇപ്പോഴില്ല. എത്രയോ പുഴകളും ജലാശയങ്ങളും വറ്റിപ്പോയി. മനുഷ്യരിൽത്തന്നെയും എത്രയോ വംശങ്ങളും ഭാഷകളും ഇല്ലാതായി. ഈ സ്ഥിരനാശത്തിനിടയ്ക്ക്  കവികളുടെയോ ചിത്രാകാരന്മാരുടെയോ തിരോധാനം പരിഗണനാർഹമല്ലതന്നെ. കാലാവസ്ഥാമാറ്റം മുതൽ സ്വേച്ഛാധികാര ഭരണകൂടം വരെ മനുഷ്യരുടെ സമാധാനം കെടുത്തുന്ന നൂറുകണക്കിനു പ്രശ്നങ്ങളിൽ ഏറ്റവും അടിയിലാണു എഴുത്തും കലയും കിടക്കുന്നത്. ലോകം എഴുത്തിനെക്കാൾ വലിയ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ പുസ്തകങ്ങൾ അതീവന്യൂനപക്ഷമായ ഒരു സമൂഹത്തിന്റെ മാത്രം താൽപര്യമാകുന്നു. ആ ചെറിയ ലോകത്തിരുന്നാണു നാം വായിക്കുന്നത്, അവിടേക്ക് എത്താൻ വേണ്ടിയാണു നാം എഴുതുന്നത്, അവിടെ നാമുറങ്ങുകയും ഉണരുകയും ചെയ്യുന്നു.

മീർച കർത്തരസ്കു Image Credit Wiki Commons Photo by Cosmin Bumbutz
മീർച കർത്തരസ്കു Image Credit Wiki Commons Photo by Cosmin Bumbutz

റൊമേനിയൻ നോവലിസ്റ്റായ മീർച കർത്തരസ്കു എഴുത്ത് എന്ന പ്രക്രിയയെ പലതലത്തിൽ വിശകലനം ചെയ്യുന്നുണ്ട് സോളിനോയ്ഡ് എന്ന കൃതിയിൽ. അതിൽ സർവാധിപത്യഭരണകൂടത്തെ പല്ലുപറിക്കുന്ന ഒരു ദന്തഡോക്ടറായാലും സർവാധിപത്യസംവിധാനത്തെ പല്ലുപറിക്കാനിരിക്കുന്ന കസേരയായും സങ്കൽപിക്കുന്നുണ്ട്. എന്നാൽ ഈ ഡെന്റൽ ചെയറിന്റെ തടവിൽനിന്ന് ഒരു ബദൽമാനത്തിലേക്കു നമുക്കു പോകാനാകുമെന്നു കർത്തരസ്കു കരുതുന്നു. ദ്വിമാനലോകത്തുള്ള ഒരു ജീവിക്കു ത്രിമാനലോകത്തെ അറിയാനാവില്ല. എന്നാൽ മനുഷ്യനു ദ്വിമാനപരിമിതി അറിയാം. മനുഷ്യൻ ദ്വിമാനവും ത്രിമാനവും അറിയുന്നു. എന്നാൽ അതിനപ്പുറം നാലാമതോ അഞ്ചാമതോ ഉള്ള dimension എന്തായിരിക്കുമെന്ന് അവന് അറിയില്ല. അതറിഞ്ഞാൽ മരണത്തെ ജയിക്കാനായേക്കും, അല്ലെങ്കിൽ നമ്മുടെ ജീവന്റെ പൊരുൾ കണ്ടെത്താനായേക്കാം. അങ്ങനെയെങ്കിൽ കലയുടെ അനുഭവം ഈ ലോകത്തുതന്നെ ഫോർത്ത് ഡൈമൻഷനിലേക്കു നമ്മെ നയിക്കുമെന്നാണ് കർത്തരസ്കു സങ്കൽപിക്കുന്നത്. ഈ സർറിയലിസത്തിനകത്താണു സോളിനോയ്ഡ് സംഭവിക്കുന്നത്. അതുനിങ്ങളെ ഭൂമിയിൽനിന്ന് ഉയർത്തിനിർത്തുന്നു. Dreams of levitations എന്നു വിശേഷിപ്പിക്കാവുന്ന ഒരു കാന്തികമണ്ഡലമാണത്. കൃതിയിലെ കാലം എഴുപതുകളിലെ ചെസഷ്ക്യൂവിന്റെ കമ്യൂണിസ്റ്റ് റൊമേനിയയാണ്. രാജ്യതലസ്ഥാനമായ ബൂക്കാറെസ്റ്റ്, ലോകത്തിലെ ഏറ്റവും വിഷാദഭരിതമായ, അവശിഷ്ടങ്ങളുടേതുമാത്രമായ നഗരമാണെന്നു എഴുത്തുകാരൻ ആവർത്തിച്ചുപറയുന്നു. ആ നഗരത്തിൽ ചെലവഴിച്ച കുട്ടിക്കാലത്തിന്റെ ഭ്രമാത്മകമായ അനുഭവങ്ങൾ പിന്നിട്ടാണു 24-ാം വയസ്സിൽ നഗരപ്രാന്തത്തിലെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നത്. ഈ നോവലിലെ അനുഭവഘടനയെ നിർമിക്കുന്നതിൽ സ്വപ്നവ്യാഖ്യാനങ്ങൾക്കും  പുസ്തകങ്ങൾക്കും വലിയ പങ്കുണ്ട്. വായനയിൽനിന്നും എഴുത്തിൽനിന്നും ഉണ്ടായിവരുന്ന പ്രതിലോകമാണു സോളിനോയ്ഡിലുള്ളത്. 

പ്രാരംഭത്തിൽ യുവാവായ നരേറ്റർ സ്വയം വിശേഷിപ്പിക്കുന്നതു താൻ സാഹിത്യകാരനല്ല എന്നാണ്. പക്ഷേ ഒരിക്കൽ താനെഴുതിയിരുന്നു. പത്തൊൻപതാം വയസ്സിൽ ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിച്ചു താനെഴുതിയ കാവ്യം നിർദയം തിരസ്കരിക്കപ്പെട്ടതോടെ എഴുത്ത് അവസാനിപ്പിച്ചു. സർവകലാശാലയിലെ സാഹിത്യസദസ്സിലാണ് ആ കാവ്യം ആദ്യം വായിച്ചത്. 30 കയ്യെഴുത്തുതാളിലായി ഒരു മണിക്കൂർ നീണ്ട വായന. ആ വായനയ്ക്കൊടുവിൽ അവിടെയിരുന്ന നിരൂപകൻ ഈ കവിതയെ നിശിതം വിമർശിച്ചു. സാഹിത്യവ്യാധി എന്നാണ് അദ്ദേഹം ആ രചനയെ വിശേഷിപ്പിച്ചത്. നിരൂപകനുപിന്നാലെ മറ്റുള്ളവരും അതേറ്റുപിടിച്ചു. കൊടിയ അപമാനത്തിനും അപകർഷത്തിനും നടുവിൽ കവി ഇല്ലാതായിപ്പോയി. അന്നേ ദിവസം വീട്ടിലെത്തിയശേഷം ആ കടലാസുകൾ അലമാരയിൽ വച്ചുപൂട്ടി. കവിജീവിതം അന്ന് അവസാനിച്ചുവെന്നാണു കർത്തരസ്കുവിന്റെ നായകൻ പറയുന്നത്. അന്ന് അവർ ആ കവിതയെ പ്രശംസിച്ചിരുന്നുവെങ്കിൽ താനിപ്പോൾ ഡസൻകണക്കിനു പുസ്തകങ്ങളെഴുതിയ ഒരെഴുത്തുകാരനായി തീർന്നേനെ എന്നും അയാൾ പറയുന്നു.സ്വയം നടത്തുന്ന പുച്ഛമായും ഈ പ്രസ്താവന സംശയിക്കപ്പെടാം. 

മീർച കർത്തരസ്കു Image Credit: Wikimedia Commons Photo by Amrei-Marie

സാഹിത്യരചനയ്ക്കുപകരം അന്നുമുതൽ അയാൾ ഡയറിയെഴുതാൻ തുടങ്ങി. അങ്ങനെ എഴുതിയ ഡയറിയിലെ കാര്യങ്ങളാണു ഇപ്പോൾ അയാൾ വിവരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സംഭവം ചെറുപ്പത്തിൽ താൻ വായിച്ച ഒരു പുസ്തകമാണ് എന്ന് അയാൾ പറയുന്നു. തുടക്കത്തിലെ കുറേപേജുകൾ നഷ്ടമായ, ഗ്രന്ഥകാരന്റെ പേരില്ലാത്ത ആ പുസ്തകത്തിലെ ഉള്ളടക്കം ഓർമയില്ല. അതിലെ ഒരു സംഭവം മാത്രം ഓർക്കുന്നു, അതാണു തന്റെ ജീവിതം മാറ്റിമറിച്ചത്. 

ആ കഥ ഇങ്ങനെ ചുരുക്കാം- ഒരു മനുഷ്യൻ മരണംവരെ ഏകാന്തതടവിനു ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നു. എത്രവർഷങ്ങൾ അവിടെ കഴിഞ്ഞെന്ന് അയാൾക്ക് അറിയില്ല. പുറംലോകം ഇനി കാണാനാകുമെന്ന് അയാൾക്ക് ഒരു പ്രതീക്ഷയുമില്ല. ഒരിക്കൽ ഒരുരാത്രി അയാൾ ഉറക്കം ഞെട്ടുമ്പോൾ തടവറയുടെ ഭിത്തിക്കപ്പുറത്തുനിന്ന് ഒരു മുട്ടു കേട്ടു. തുടർന്നുള്ള ദിവസങ്ങളിൽ പാതിരാവിൽ ആ മുട്ട് കേട്ടുകൊണ്ടിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അയാൾക്കു മനസ്സിലായി, തൊട്ടടുത്ത സെല്ലിൽ കഴിയുന്ന ഒരാൾ തനിക്ക് ഒരു സന്ദേശം നൽകാൻ ശ്രമിക്കുകയാണെന്ന്. അതൊരു കോഡ്ഭാഷയാണ്. എല്ലാദിവസവും രാത്രിയിൽ ആ ശബ്ദം ശ്രദ്ധാപൂർവം കേട്ട് അതിൽനിന്നു തടവുകാരൻ ഒരു ഭാഷയുണ്ടാക്കി. അത് ആ തടവറയിൽനിന്നു രക്ഷപ്പെടാനുള്ള ഗൂഢമാർഗമായിരുന്നു. ആരുമറിയാതെ അയാൾ തടവറ ഭേദിച്ചു സ്വതന്ത്രനായി, മറ്റൊരുനാട്ടിൽ പുതിയ പേരിൽ ജീവിച്ച്, സമൂഹത്തിലെ ഉന്നതമായ ഒരു അധികാരസ്ഥാനത്തെത്തി. ഒരുദിവസം അയാൾ ആ തടവറയെക്കുറിച്ചും തന്നെ അവിടെനിന്നു രക്ഷിച്ച ആളെക്കുറിച്ചും ഓർത്തു. അയാളെ നേരിട്ടുകണ്ടു നന്ദി പറയാനും കഴിയുമെങ്കിൽ അയാളെ മോചിപ്പിക്കാനും ഈ മനുഷ്യൻ തീരുമാനിച്ചു. അങ്ങനെ  ആ തടവറ സന്ദർശിച്ച അയാൾ പണ്ടു താൻ കിടന്ന ഏകാന്തസെല്ലിനു മുന്നിലെത്തി. അയാൾ ജയിലറോടു പറഞ്ഞു, എനിക്ക് ഇതിനടത്തുള്ള സെല്ലിലെ ആളെ ഒന്നു കാണണം. ജയിലർ പറഞ്ഞു, ഇതിനപ്പുറം തടവുമുറിയില്ല. ഇതാണ് ഈ ജയിലിലെ അവസാനമുറി. ആ ഭിത്തിക്കപ്പുറം കടലാണുള്ളത്. തടവുകാരൻ ദിവസവും രാത്രി കേട്ടിരുന്നതു കടൽത്തിരകൾ ജയിൽഭിത്തിയിൽ വന്നലയ്ക്കുന്നതിന്റെ ശബ്ദമായിരുന്നു. 

തിരകൾ തടവറയുടെ കൽഭിത്തിയിൽ വന്നടിക്കുന്നതിന്റെ സ്വരം ഒരു രക്ഷാമാർഗമായി അറിയാൻ ഒരു തടവുകാരനു മാത്രമേ കഴിയൂ. കാരണം അയാൾക്കു മോചനം അനിവാര്യമാണ്. അടഞ്ഞ തടവറയിൽനിന്ന് ആരുമറിയാതെ ഇറങ്ങിപ്പോകാൻ ത്രിമാനത്തിനപ്പുറമുള്ള ഒരു ജീവിക്കു കഴിയുന്നു. ഇപ്രകാരം ത്രിമാനങ്ങളെ ലംഘിക്കുന്ന ജ്ഞാനമോ അനുഭവമോ പകരാൻ സാഹിത്യത്തിനു സാധിക്കും. മോചനം സാധ്യമാക്കുന്ന ഒരു കോഡ്, പകരുകയാണു പുസ്തകങ്ങൾ ചെയ്യുന്നത്. തടവുകാരനായ ആൾ കടൽത്തിരയുടെ ശബ്ദം ഒരു ഭാഷയായി പരിവർത്തനം ചെയ്തതുപോലെ, സാഹിത്യത്തിലും ചില രഹസ്യമാർഗങ്ങൾ, ഒരു നാലാംമാനം തുറന്നുവരുമെന്ന് കർത്തരസ്കു വിശ്വസിക്കുന്നു. 

സോളിനോയ്ഡിന്റെ ഏറ്റവും ഉന്മാദകരമായ അനുഭവം മറ്റു പലർക്കുമൊപ്പം കാഫ്കയുടെയും ബോർഗെസിന്റെയും സാന്നിധ്യമാണ്. ആദ്യഭാഗത്തു കാഫ്കയുടെ ഡയറിയിലെ ഒരു കഥ നോവലിന്റെ തീം എന്നപോലെ വിവരിക്കുന്നുണ്ട്. അന്ത്യഭാഗത്തു ഒരു വലിയ ലൈബ്രറിയും അവിടെ ഒരു ലൈബ്രേറിയനും പ്രത്യക്ഷപ്പെടുന്നു. നോവലിന്റെ മധ്യഭാഗത്തു കലയുടെ മൂല്യം സംബന്ധിച്ച പഴയൊരു ചോദ്യവും ചർച്ച ചെയ്യുന്നു. ചോദ്യമിതാണ്- ആളിപ്പടരുന്ന ഒരു കെട്ടിടത്തിൽ മൊണോലിസ പോലെ ഒരുകൂട്ടം വിഖ്യാന പെയിന്റിങ്ങുകളും ഒരു കുഞ്ഞും അകപ്പെട്ടാൽ നിങ്ങൾ ആദ്യ രക്ഷ ആർക്കാണു നൽകുക, കുഞ്ഞിനോ ചിത്രങ്ങൾക്കോ..

ഈ ചർച്ചയുടെ വിശദാംശങ്ങളും കാഫ്ക, ബോർഗെസ് തുടങ്ങിയ നോവലിലെ മറ്റു സാന്നിധ്യങ്ങളും മറ്റൊരു സന്ദർഭത്തിൽ പറയാമെന്നു കരുതുന്നു.

Content Summary: Ezhuthumesha Column written by Ajay P Mangatt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com