ഷെർലക് ഹോംസ്, ബേക്കർ സ്ട്രീറ്റിലെ അമരൻ
Mail This Article
ദ് ഗെയിം ഈസ് അഫട്ട്!
സ്വിറ്റ്സർലൻഡിലെ ഇന്റർലാക്കനിൽനിന്നു സസ്റ്റെൻപാസിലേക്കുള്ള റെയിൽ റൂട്ടിൽ, മെയ്റിൻഗെൻ എന്ന മനോഹര ഗ്രാമത്തിൽ കുറേപേർ ഇറങ്ങും. ഇവിടെ ഒരു തീർഥാടന കേന്ദ്രമുണ്ട്, 120 മീറ്റർ ഉയരമുള്ള ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ. റെയ്ക്കൻബാക്ക് ഫോൾസ്- 126 വർഷം മുൻപ് ഒരു വിക്ടോറിയൻ കുറ്റാന്വേഷകൻ തന്റെ ശത്രുവിനെയും വലിച്ച് അഗാധത്തിലേക്കു പതിച്ച സ്ഥലം. അയാളുടെ ആരാധകരാണ് ഇവിടെ ആദരാഞ്ജലി അർപ്പിക്കുന്ന സഞ്ചാരികൾ. അയാൾ മരിച്ചില്ല, ഇപ്പോഴും ജീവിക്കുന്നു. പക്ഷേ ജീവിച്ചിരിക്കാൻ അയാൾ എന്നെങ്കിലും ജനിച്ചിരുന്നോ? ഷെർലക് ഹോംസ്! വിശ്വസാഹിത്യത്തിലെ അദ്ഭുത പ്രതിഭാസമായി, മൂന്നു നൂറ്റാണ്ടുകളിൽ സാംസ്കാരിക രംഗത്തും മനുഷ്യ ഭാവനയിലും മുദ്ര പതിപ്പിച്ച് അനശ്വരത നേടിയ സാങ്കൽപിക സൃഷ്ടി, കുറ്റാന്വേഷക പ്രതിഭ. സാഹിത്യ ചരിത്രത്തിൽ ഏറ്റവുമധികം പുനരാഖ്യാനം ചെയ്യപ്പെട്ട കഥാപാത്രം - നൂറുകണക്കിന് സിനിമകൾ, ആയിരത്തിലധികം ടിവി എപ്പിസോഡ്, തിയറ്റർ, അനിമേഷൻ, ഗെയിം, കോമിക്സ്- മാറി വന്ന മാധ്യമങ്ങൾക്ക് അതീതമായി സർവസമ്മതൻ, കാലദേശാതീതൻ.
ലോകപ്രശസ്തമായ മേൽവിലാസം - 221 b, Baker Street, London.
ഐക്കണിക്ക് പഞ്ച്‌ലൈൻ: Elementary, my dear Watson!
സ്രഷ്ടാവായ സ്കോട്ടിഷ് ഡോക്ടർ ആർതർ കോനൻ ഡോയലിനെ മറികടന്ന് കുതിച്ച അഗ്രഗണ്യനാണ് ഹോംസ്. ഈ എഴുതിയത് ശരിയാണോ? കഥാകാരനല്ലേ തന്റെ അതുല്യപ്രതിഭ കൊണ്ട് കഥാപാത്രത്തെ അമരനാക്കുന്നത്? ഹോംസ് ബുദ്ധിമാനെങ്കിൽ അതിനും അപ്പുറത്തെ ധൈഷണികനാണ് ഡോക്ടർ ഡോയൽ - ആറടി അഞ്ചിഞ്ച് ഉയരം, നൂറു കിലോ തൂക്കം, കായിക താരം, ക്രിക്കറ്റർ, പ്രൈസ് ഫൈറ്റർ, ഒന്നാം കിട സ്നൂക്കർ പ്ലേയർ, സ്കീയിങ് ഗിയർ-ലൈഫ് ജാക്കറ്റ്- ഇൻഫ്ലേറ്റഡ് റാഫ്റ്റ് ഇൻവെന്റർ, വാർ കറസ്പോണ്ടന്റ്, സാഹസികൻ, എന്തിനും തയാറായ വീരൻ, ഒന്നാം തരം എഴുത്തുകാരൻ, പ്രസംഗകൻ, സാമൂഹികസേവകൻ! ഡോയൽ ഒരു കൽപിത കഥാപാത്രമെന്നു തോന്നിപ്പോകും. ഫ്രഞ്ച്/ഐറിഷ്/സ്കോട്ടിഷ് പാരമ്പര്യമുള്ള ആർതർ കോനൻ ഡോയൽ, എഡിൻബറയിൽ കലാകാരന്മാരുടെ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ ചിത്രകാരൻ. അമ്മ മെഡീവൽ കാലത്തെ വീരസാഹസ കഥകളാൽ കുഞ്ഞു മകന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു. സ്റ്റോണിഹേസ്റ്റിലെ സ്കൂൾ കാലത്തിനു ശേഷം എഡിൻബറയിൽ മെഡിക്കൽ പരിശീലനം. കപ്പലിൽ സർജനായി സേവനം നടത്തിയ ഡോയൽ, ആർട്ടിക്കിൽ തിമിംഗല വേട്ടയ്ക്കു പോയി. തിരിച്ചു വന്നു ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ വൈദ്യന് മെഡിക്കൽ പ്രാക്ടീസ് സാമ്പത്തിക ഉന്നമനം നൽകിയില്ല. അതിനാൽ പഴയ ആവേശമായ എഴുത്തിലേക്കു തിരിഞ്ഞു.
1886. ഇംഗ്ലണ്ടിലെ പോർട്ട്സ് മൗത്തിൽ, ഇരുപത്തേഴാം വയസ്സിൽ ഡോയലിന്റെ മനസ്സിൽ ഹോംസ് പിറന്നു. ബാല്യത്തിൽ ലണ്ടനിൽ വന്ന പരിചയത്തിൽ പുതിയ കുറ്റാനേഷകന്റെ മേൽവിലാസം 221 B, Baker Street എന്ന് നിശ്ചയിച്ചു. ഷെറിൻഫോഡ് ഹോംസ്, ഓർമണ്ട് സാക്കർ- പ്രധാന കഥാപാത്രങ്ങൾക്ക് ഇങ്ങനെയാണ് പേരിട്ടത്. പിന്നീടവർ ഷെർലക് ഹോസും ഡോ. ജോൺ വാട്സനുമായി.
ഹോംസിന് ആദിമാതൃകകൾ ഉണ്ടായിരുന്നു. അമേരിക്കൻ നോവലിസ്റ്റ് എഡ്ഗാർ അലൻപോയുടെ ഓഗസ്റ്റെ ഡ്യുപിൻ (റൂമോർഗിലെ കൊലപാതകങ്ങൾ), ഫ്രഞ്ച് നോവലിസ്റ്റ് എമിൽ ഗബോറിയുവിന്റെ ലീകോക്ക്; മറ്റൊരു ഫ്രഞ്ച് കഥാപാത്രം വിഷാദിയായ കറുപ്പു തീറ്റക്കാരൻ ഹെൻറി കൊവായിൻ, ജർമൻ ഫിക്‌ഷനൽ ഡിറ്റക്ടീവ് വാൾട്ടർ ഷെറർ. ആദ്യകാല ജീവിതത്തിൽ ഡോയലിനെ സ്വാധീനിച്ച രണ്ടു പ്രമുഖർ ഹോംസിൽ കയറി– മെഡിക്കൽ സ്കൂൾ സർജൻ ജോസഫ് ബെൽ, എഡിൻബറയിലെ പൊലീസ് സർജൻ ലിറ്റിൽ ജോൺ. ജോസഫ് ബെല്ലിന്റെ സ്വാധീനത്തെപ്പറ്റി പിന്നീട് ഡോയൽ ഇങ്ങനെ പറഞ്ഞു: ‘‘അദ്ദേഹം രോഗിയെ പരിശോധിക്കും. വായ മുഴുവൻ തുറക്കാൻ അനുവദിക്കാതെ രോഗനിർണയം നടത്തും; നിരീക്ഷണത്തിന്റെ ബലത്തിൽ രോഗിയുടെ രാജ്യവും തൊഴിലും മറ്റു പ്രത്യേകതകളും നിർണയിക്കും. സ്വാഭാവികമായും ഞാൻ ചിന്തിച്ചു, ശാസ്ത്രപരിശീലനം നേടിയ ബെൽ കുറ്റാന്വേഷക ജോലി ചെയ്താൽ തന്റെ അനുമാനങ്ങൾ ശാസ്ത്രീയമായി നിർമിച്ചെടുക്കും.’’
ഹോസ് എന്ന കുറ്റാന്വേഷകന്റെ പ്രവർത്തന രീതിയുടെ സാരം ഇതാണ്: സൂക്ഷ്മ നിരീക്ഷണം, കൃത്യമായ നിഗമനം തെളിവുകൾ നേടി ഉറപ്പിക്കൽ. ശാസ്ത്ര അടിത്തറയിൽനിന്ന് ഉന്നത മാനുഷിക മൂല്യങ്ങൾ വികസിപ്പിച്ചിരിക്കുന്നു. വാട്സന്റെ നല്ല സുഹൃത്ത്, അനീതി പൊറുക്കാത്തയാൾ, ഇരുണ്ട ശക്തികൾക്കെതിരെ പൊരുതുന്ന വീരനായകൻ. ബെല്ലും ലിറ്റിൽവുഡും ഹോംസിന്റെ നല്ല ഗുണങ്ങളെ സ്വാധീനിച്ചു, എന്നാൽ ഇരുണ്ട വശങ്ങളെ സംഭാവന ചെയ്ത ചിലരുണ്ട്. ഡോയലിന്റെ മദ്യപാനിയായ പിതാവിനെ ലഹരിമരുന്നു പ്രിയമുള്ള ഹോംസിൽ കാണാം. പിതാവിന്റെ ദുശ്ശീലം കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയിരുന്നു. വീട്ടിൽ ഒരു മുറി വാടകയ്ക്ക് കൊടുക്കേണ്ടി വന്നു. മോർഫിനും കൊക്കെയ്നും അങ്ങനെ കുറ്റാന്വേഷകന് പ്രിയം.
1875 ൽ എഡിൻബറയിലെ വീട്ടിൽ വാടകക്കാരനായ ഡോക്ടർ ബ്രയാൻ ചാൾസ് വാലർ, ഡോയലിന്റെ ജീവിതം മെഡിക്കൽ സ്കൂളിലേക്കു തിരിച്ചു വിട്ടു. വാലർ തൊഴിലിൽ സമർഥൻ. അങ്ങേയറ്റം സ്വാതന്ത്ര്യബോധം, എന്നാൽ സാമൂഹിക ശീലങ്ങളുടെ അഭാവം. ഇത് പിന്നീട് ഹോംസിൽ പ്രതിഫലിച്ചു. അഹങ്കാരത്തോളം വരുന്ന ആത്മവിശ്വാസം. സ്കോട്ട്ലൻഡ് യാഡ് ഡിറ്റക്ടീവുകളെയും വാട്സനെത്തന്നെയും പരിഹസിക്കും, തന്റെ അസാമാന്യ ബുദ്ധിവൈഭവവും നിരീക്ഷണ പാടവവും പ്രദർശിപ്പിക്കാനുള്ള തിരക്കിൽ മറ്റുള്ളവരുടെ വികാരങ്ങളെ മുറിവേൽപിക്കും. ഹോസിൽ ഇരുളുണ്ടായിരുന്നു; അത് വായനക്കാർക്ക് ഇഷ്ടവുമായിരുന്നു. ഹോംസിനെ ഡോയൽ പരിപൂർണനായി രേഖപ്പെടുത്തിയില്ല. ഒരേ സമയം അമാനുഷികനും ഇഹലോകത്ത് ജീവിക്കുന്നവനും. വായനക്കാർ ഹോംസിനു തുല്യരല്ല, വാട്സനോടാണ് നമുക്ക് സാമ്യം. അയാൾ നമ്മുടെ പ്രതിനിധി, ഹോംസ് നാം ആയിത്തീരാൻ ആഗ്രഹിക്കുന്നയാളും. അതുല്യമായ ഈ പാത്രസൃഷ്ടിയാണ് ഇവരെ കാലാതീതരായി നിലനിർത്തുന്നത്.
1887-ൽ ലണ്ടനിലെ ബീറ്റൺ ക്രിസ്മസ് വാർഷിക പതിപ്പിൽ ആദ്യ ഹോംസ് നോവൽ ‘എ സ്റ്റഡി ഇൻ സ്കാർലറ്റ്’ പുറത്തു വന്നു. അമേരിക്കയിൽ തുടങ്ങി യൂറോപ്പിൽ പൂർത്തിയാകുന്ന പ്രതികാരം, വഴിയിൽ വെളിച്ചം വിതറുന്ന കുറ്റാന്വേഷകൻ. ഡോയലിന് ഒരു വർഷത്തെ കോപ്പിറൈറ്റ്, 25 പൗണ്ട് പ്രതിഫലം. ആദ്യ കഥ വലിയ പ്രതികരണം ഉണ്ടാക്കിയില്ല. അടുത്ത വർഷം, ഒരു അമേരിക്കൻ പ്രസാധകന്റെ ലണ്ടനിലെ 'ലിപ്പിൻകോട്ട്' മാഗസിനിൽ രണ്ടാം നോവൽ ‘ ദ് സൈൻ ഓഫ് ഫോർ’. ഇന്ത്യയിലെ ആഗ്രയിൽനിന്ന് ലണ്ടൻ നഗരത്തെ തേടി വരുന്ന ഭീകരത. നിധിവേട്ടയും നരവേട്ടയും. ഐറിഷുകാരൻ ഓസ്കർ വൈൽഡ് അന്ന് ലിപ്പിൻകോട്ട് മാസികയിൽ എഴുതുന്നുണ്ട്. ഇപ്പോൾ ഡോയലിന് 100 പൗണ്ട് പ്രതിഫലം. 1891-ൽ സ്ട്രാൻഡ് മാഗസിനിൽ പ്രസിദ്ധീകരണം ആരംഭിച്ചതോടെ ഹോസിന്റെ ജനപ്രീതി കൂടാൻ തുടങ്ങി. ‘എ സ്കാൻഡൽ ഇൻ ബൊഹീമിയ’ (1891) എന്ന ആദ്യ ചെറുകഥ ഹോംസിന്റെ അപൂർവം പരാജയപ്പെട്ട കേസുകളിൽ ഒന്നാണ്. പക്ഷേ ഹോംസും നായികയായ ഐറിൻ ആഡ്‌ലറും തമ്മിലുള്ള രസതന്ത്രം വായനക്കാർക്ക് നന്നേ ബോധിച്ചു. പഴയ രണ്ടു നോവലിന് ആവശ്യക്കാർ കൂടി, ഹോസ് ഒരു പ്രതിഭാസമായി മാറാൻ തുടങ്ങി. കൺസൽറ്റിങ് ഡിറ്റക്ടീവ് ഷെർലക്ക് ഹോംസും ഡോ. ജോൺ വാട്സനും നയിക്കുന്ന ഒരു കഥാപരമ്പരയുടെ തുടക്കം.
ഡോയലിനു മുമ്പ് പലരും കുറ്റാന്വേഷകരെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് സ്ഥിരതയോടെ ഈ കഥനരൂപം അരങ്ങേറുന്നത്. മൂന്ന് ഘട്ടം - കുറ്റകൃത്യം, അന്വേഷണം, പരിഹാരം. അതിനാൽ ആധുനിക കുറ്റാന്വേഷണ കഥയുടെ പിതാവെന്ന് ഡോയലിനെ വിശേഷിപ്പിക്കുന്നു. ലണ്ടൻ നഗരത്തിന്റെ ചരിത്രപരമായ പ്രത്യേകതയും പരിഗണിക്കണം. കാറുകളും വൈദ്യുതിയും വൈദ്യുതി വിളക്കും ടെലിഫോണുമില്ല. മൂടൽമഞ്ഞിൽ പ്രഭ ചൊരിയുന്ന ഗ്യാസ് വിളക്കുകൾ. ഇരുൾ പരക്കുമ്പോൾ അധോലോകം ഭീതി വിതറുന്നു. മഞ്ഞ് രാവിനെ ഒരു പുതപ്പു പോലെ മൂടുന്നു. 1888 ൽ നഗരത്തിലെ വൈറ്റ്ചാപ്പൽ ഡിസ്ട്രിക്റ്റിൽ സീരിയൽ കില്ലർ ജാക്ക് ദ് റിപ്പർ ഭീതി വിതച്ചപ്പോൾ ജനത്തിന് മാനസികമായി ചില ഉറപ്പുകൾ വേണമായിരുന്നു. ആഗ്രഹങ്ങൾ അവർ ഹോംസ് എന്ന കുറ്റാന്വേഷകനിൽ സന്നിവേശിപ്പിച്ചു.
1840 ൽ പൂർത്തിയായ ആദ്യ വ്യവസായ വിപ്ലവം കഴിഞ്ഞ്, ഇരുപതാം നൂറ്റാണ്ടിന്റെ പടിവാതിലിൽ നിൽക്കുന്ന നഗരത്തിന് ഹോംസ് ഒരു കാവൽ മാലാഖയാണ്. ഒരു വിഭാഗം ജനങ്ങളിൽ അപസർപ്പകൻ യഥാർഥമാണോ കൽപനയാണോ എന്ന ചോദ്യം പോലും ഇല്ലാതായി, അതിർ വരമ്പുകൾ മാഞ്ഞു. അതേസമയം മറു വിഭാഗത്തിന് ഹോംസിന്റെ ശാസ്ത്രീയ രീതി സംതൃപ്തി നൽകുന്നുമുണ്ട്. 1910 ൽ ഫ്രാൻസിലെ ലിയോണിൽ, ഷെർലക്ക് ഹോംസിന്റെ രീതികൾ പിന്തുടർന്ന് ക്രിമിനോളജിസ്റ്റ് എഡ്മണ്ട് ലൊകാർഡ് ലോകത്തെ ആദ്യ പൊലീസ് ലാബ് സ്ഥാപിച്ചു. ക്രൈംസീനിൽനിന്നു കണ്ടെടുക്കുന്ന വിരലടയാളം, പൊടി, തുണിക്കഷണം, ചോരപ്പാട്, കളിമണ്ണ്, പുകയിലച്ചാരം - തന്റെ കഥകളിലൂടെ ഡോയൽ ഫൊറൻസിക് സയൻസിനു വഴി തുറന്നു. ബേക്കർ സ്ട്രീറ്റിലെ മുറിയുടെ ഒരു ഭാഗത്ത് തെളിവുകൾ കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള രാസ ശാലയാണ്. ചതവുകൾ മരണത്തിനു ശേഷം ഉണ്ടാക്കിയതാണോ എന്നറിയാൻ, മോർച്ചറിയിൽ മൃതദേഹത്തെ മർദ്ദിക്കുന്ന ശീലവും ഹോംസിനുണ്ട്.
സ്ട്രാൻഡ് മാഗസിന്റെ ചിത്രകാരൻ സിഡ്നി പേജറ്റ് ഹോംസിന്റെ ലോകപ്രസിദ്ധമായ ചിത്രത്തിനു ചിരപ്രതിഷ്ഠ നൽകി. സ്വന്തം ജ്യേഷ്ഠന്റെ രൂപം. ഡിയർസ്റ്റാക്കർ ഹാറ്റും ട്വീഡ് സ്യൂട്ടും സിഡ്നിയുടേത്. ആദ്യമായി ഹോസിനെ സ്റ്റേജിൽ അവതരിപ്പിച്ച വില്യം ഗില്ലറ്റ്, മുഖം വ്യക്തമാകാൻ നീളൻ പൈപ്പ് വളഞ്ഞതായി പരിഷ്കരിച്ചു. കുലീനമായി വേഷം ധരിച്ച രണ്ടു വിക്ടോറിയൻ മാന്യന്മാർ കക്ഷികളുടെ വിവരണം ശ്രദ്ധിച്ചു കേൾക്കുന്നതും വീട്ടുടമ മിസിസ് ഹഡ്സനെ പരിഭവത്തിലാക്കി പ്രാതൽ പോലും കഴിക്കാതെ നഗരത്തിൽ സത്യാന്വേഷണത്തിന് ഇറങ്ങുന്നതും പതിവായി.
വായനക്കാരുടെ ആവശ്യം വർധിച്ചു വന്നു. ഡോയൽ പ്രതിഫലം ഉയർത്തി, പക്ഷേ പ്രസാധകർ എന്തു വിലയ്ക്കും വാങ്ങാൻ തയാർ. അപസർപ്പകൻ ഡോയലിന്റെ പിടിവിട്ടു പോകാൻ തുടങ്ങി. ഒരു കുട്ടിയെ വളർത്തുന്ന പോലെ - ജന്മം കൊടുക്കുന്നു, പോഷണവും ശിക്ഷണം നൽകുന്നു, മൂല്യങ്ങൾ പകരുന്നു. എന്നാൽ ഒരു ദിവസം ആ സന്തതി രക്ഷകർത്താവിൽനിന്നു സ്വാതന്ത്ര്യം പ്രാപിക്കുന്നു. കഥാപാത്രമായാൽപോലും അതിന് വ്യക്തിത്വമുണ്ട്, സ്വന്തം മനസ്സുണ്ട്.
ഇത് താൻ എഴുതാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കൃതികളല്ല എന്ന് ഡോയലിന് തോന്നി. ഓസ്കർ വൈൽഡ് ഇതിനകം ഒരു ക്ലാസിക് പുറത്തിറക്കിയിരുന്നു (പിക്ചർ ഓഫ് ഡോറിയൻ ഗ്രേ). ആ നിലവാരത്തിൽ രചന നടത്താൻ ഡോയൽ ആഗ്രഹിച്ചു. ‘ഐവൻഹോ’ എഴുതിയ സ്കോട്ട്സ്മാൻ വാൾട്ടർ സ്കോട്ടിനെ പോലെ, താൻ എന്നും വിലമതിച്ച ചരിത്ര നോവലുകളും വീരേതിഹാസങ്ങളും എഴുതണം. ഡോയലിന്റെ രാഷ്ട്രീയ ചായ്‌വുകളും ദേശസ്നേഹവും യാത്രകളും വർധിച്ചു. അതിനിടയിൽ മൂന്ന് ചരിത്രനോവലുകൾ എഴുതി - മിക്കാ ക്ളർക്ക്, വൈറ്റ് കമ്പനി, ഗ്രേറ്റ് ഷാഡോസ് (പ്രമേയം നെപ്പോളിയന്റെ യുദ്ധങ്ങൾ). രണ്ടാമത്തേത് ഭേദപ്പെട്ട വിജയം നേടി. പക്ഷേ ഷെർലക് ഹോംസ് നേടിയ പ്രീതിയുടെ ഏഴയലത്ത് എത്തിയില്ല. അത് ഡോയലിന് കനത്ത അടിയായി. എല്ലാ മാസവും സ്ട്രാൻഡ് മാഗസിനു വേണ്ടി ഓരോ ഹോംസ് സാഹസം നിർമിക്കണം എന്നത് ബാധ്യതയുമായി.
ഹോംസിനെ ഇല്ലാതാക്കാതെ വഴിയില്ല. അമ്മയെ വിവരം അറിയിച്ചപ്പോൾ അവർ കടുത്ത ഭാഷയിൽ പ്രതികരിച്ചു. പക്ഷേ ഡോയൽ തീരുമാനിച്ചു കഴിഞ്ഞു. കൂടുതൽ പണം കിട്ടുമെന്ന പ്രലോഭനം മറികടന്ന് ഹോംസിന്റെ ജീവനെടുക്കാൻ ഒരു തുല്യ എതിരാളിയെ സൃഷ്ടിച്ചു. പ്രഫസർ ജയിംസ് മൊറിയാർട്ടി– നെപ്പോളിയൻ ഓഫ് ക്രൈം! സ്റ്റോണിഹേസ്റ്റിലെ പഴയൊരു സഹപാഠിയുടെ പേര് കടമെടുത്ത്, ഡോയൽ മൊറിയാർട്ടിയെ ഹോംസിന്റെ ബൗദ്ധിക സിദ്ധികളോടു കിടപിടിക്കുന്നവനാക്കി. ഒരൊറ്റ വ്യത്യാസം- മൊറിയാർട്ടി അത് തിന്മ ചെയ്യാനായി ഉപയോഗിക്കുന്നു. ഹോംസ് പിന്നീട് പറഞ്ഞു: അറിവും വൈദഗ്ധ്യവുമുള്ള ഒരാൾ കുറ്റവാളിയായാൽ അയാളാണ് ഏറ്റവും അപകടകാരി. ലണ്ടൻ നഗരത്തിലെ ക്രൈം സിൻഡിക്കറ്റിന്റെ തലവനായി ഡോയൽ മൊറിയാർട്ടിയെ അവരോധിച്ചു. ഇതുവരെ ഹോംസ് അഴിച്ച പല കുരുക്കുകളുടെയും അങ്ങേയറ്റത്തെ ചരട് മൊറിയാർട്ടിയുടെ കയ്യിലായിരുന്നു.
1893, ഫൈനൽ പ്രോബ്ലം. മൊറിയാർട്ടിയെ തടയാൻ മറ്റൊരു വഴിയുമില്ല എന്നു കാണുന്ന ഷെർലക് ഹോംസ്, ഒരു പലായനത്തിനു ശേഷം സ്വിറ്റ്സർലൻഡിലെ റെയ്ക്കൻബാക്ക് ഫോൾസിലെ അന്തിമ പോരാട്ടത്തിൽ, എതിരാളിയുമായി താഴേക്കു പതിച്ച് അപ്രത്യക്ഷനാകുന്നു. പിന്തുടർന്നു വന്ന ആത്മമിത്രം വാട്സൻ മൽപിടുത്തം നടന്ന അടയാളങ്ങളും ഹോംസ് അവശേഷിപ്പിച്ച ഒരു കുറിപ്പും കണ്ടെടുക്കുന്നു. നിഗൂഢതയുടെ ഇരുളും വെളിച്ചവുമായ വിപരീത ദ്വന്ദം, ഇരട്ടകളെപ്പോലെ കൂടിച്ചേർന്ന്, റെയ്ക്കൻബാക്കിന്റെ പത നുരയുന്ന അഗാധതയിൽ മൃത്യുവിനെ പുൽകി. അന്ത്യകഥ പുറത്തു വന്നു, ലണ്ടൻ ദുഖത്തിൽ മുങ്ങി. ഓഫിസിൽ പോയവർ കറുത്ത ആം ബാൻഡ് ധരിച്ചു. ജീവനുള്ള ഒരാൾ മരിച്ച പോലെ, പ്രിയമുള്ളൊരാൾ വേർപിരിഞ്ഞ പോലെ. ഹോംസ് അനശ്വരത നേടിക്കഴിഞ്ഞിരുന്നു. മാനവരുടെ ആശാബിംബം, പ്രകാശഗോപുരം. വിഴുങ്ങാൻ തുടങ്ങുന്ന ഇരുളിൽ യുക്തിയുടെ ലോകത്ത് കാലുറപ്പിച്ച് നിൽക്കുമ്പോഴും പലർക്കും അയാൾ യാഥാർഥ്യമാണ്. കഥ നടക്കുന്നത് നഗരത്തിലെ പരിചിത ഇടങ്ങളിൽ. കഥയിൽ വാട്സൻ ഹോംസിന്റെ അന്വേഷണങ്ങൾ 'സ്ട്രാൻഡിൽ' എഴുതുന്നു. സ്കോട്ട്ലൻഡ് യാർഡിന് യശസ്സു ലഭിച്ച പല കേസുകൾക്കും പരിഹാരം കണ്ടെത്തിയത് ഹോംസ് ആണെന്ന് ജനങ്ങൾ അറിയുന്നു. കഥയേത്, സത്യമേതെന്ന് ആളുകൾ സംശയിച്ചുവെങ്കിൽ സ്വാഭാവികം, അത്ര വലിയ ആശയാണ് ഷെർലക്ക് ഹോംസിൽ ജനം അർപ്പിച്ചത്. ഏതാനും വർഷം മുമ്പ് ഇംഗ്ലണ്ടിൽ നടത്തിയ ഒരു സർവേയിൽ ചില യുവാക്കളുടെ പ്രതികരണം ശ്രദ്ധേയം: വിൻസ്റ്റൺ ചർച്ചിൽ കൽപിത കഥാപാത്രം, പക്ഷേ ഹോംസ് യാഥാർഥ്യം. ഹോംസിനെ കൊന്ന ഡോയലിനെ ആരാധകർ വെറുതെ വിട്ടില്ല. ഭീഷണിയുടെ സ്വരത്തിൽ കത്തുകൾ വന്നു. ഒരു വനിത സാഹിത്യകാരനെ പരസ്യമായി മൃഗം എന്നു വിളിച്ചു. മറ്റൊരു സ്ത്രീ തെരുവിൽ ആക്രമിക്കാൻ മുതിർന്നു. പക്ഷേ ഡോയൽ സന്തോഷവാനായിരുന്നു. തന്റെ ശ്രേഷ്ഠമായ സാഹിത്യശ്രമങ്ങൾക്ക് തടസ്സമായ കുറ്റാന്വേഷകൻ ഇനിയില്ല. റെയ്ക്കൻബാക്കിന്റെ ആഴങ്ങളിൽ അയാൾ അന്ത്യനിദ്രയിൽ. ആർതർ കോനൻ ഡോയലിന്റെ ദിനങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ കാറ്റ് വീശി.
(തുടരും)