ADVERTISEMENT

നോവലുകൾ, ചെറുകഥകൾ,  ബാലസാഹിത്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ  സാഹിത്യകൃതികൾ എഴുതി ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന  എഴുത്തുകാരിയാണ് അനിത നായർ.  സമകാലിക വിഷയങ്ങളെയും സാംസ്കാരിക സൂക്ഷ്മതകളും സമന്വയിപ്പിക്കുന്ന രചിച്ച ഈ കൃതികൾ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യലോകത്ത് വേറിട്ട ഒരു സ്ഥാനം തന്നെ നേടിയെടുത്തു.   'ദ ബെറ്റർ മാൻ', 'ലേഡീസ് കൂപ്പെ', 'മിസ്ട്രസ്', 'ഈറ്റിംഗ് വാസ്പ്സ്' ഉൾപ്പെടെ നിരവധി നോവലുകൾ രചിച്ച അനിത നായരുടെ ബാലസാഹിത്യകൃതികളും  നിരൂപക പ്രശംസ നേടിയവയാണ്. 'ദി പഫിൻ ബുക്ക് ഓഫ് വേൾഡ് മിത്ത്സ് ആൻഡ് ലെജൻഡ്സ്' ഉൾപ്പെടെ നിരവധി പ്രസിദ്ധ കൃതികൾ കുട്ടികൾക്കായി രചിച്ച അനിതാ നായരുടെ പുതിയ ബാലസാഹിത്യകൃതിയായ ‘ബിപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീമിന്റെ’ വിശേഷങ്ങൾ മനോരമ ഓൺലൈനോട് പങ്കുവെച്ചപ്പോൾ.

article1

∙ പുതിയ പുസ്തകമായ ‘ബിപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം’ എഴുതാൻ പ്രേരിപ്പിച്ചതെന്താണ്?

2018 ൽ മഹാരാഷ്ട്രയിലെ ലത്തൂർ ജില്ലയിൽ നിന്നുള്ള ഒരു സ്കൂൾ ടീച്ചർ അവരുടെ ഗ്രാമപ്രദേശത്തെ കുട്ടികൾക്കായി ഒരു കഥാപുസ്തകം തയാറാക്കുന്നതിന്റെ ഭാഗമായി, ഒരു കഥ എഴുതാമോ എന്ന് എന്നോട് ആവശ്യപ്പെട്ടു. ഇംഗ്ലിഷിൽ എഴുതിയ കഥ മറാത്തിയിലേക്കു തർജമ ചെയ്യാം എന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ പൂർത്തിയായ കഥകളൊന്നും എന്റെ കൈവശം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഗ്രാമീണ അന്തരീക്ഷത്തെ മുൻനിർത്തി അവിടുത്തെ കുട്ടികൾക്കായി ഞാനൊരു കഥ എഴുതുന്നത്. പുസ്തകമേളയിൽനിന്ന് ഒരു പുസ്തകം വാങ്ങാൻ ആഗ്രഹിക്കുന്ന ബിപാത്തു എന്ന കൊച്ചു പെൺകുട്ടിയെ കുറിച്ചുള്ള കഥയായിരുന്നു അത്. വീട്ടിലെ സാമ്പത്തിക അവസ്ഥ മോശമായിരുന്നതിനാൽ അവളുടെ ആ ആഗ്രഹം നടക്കുന്നില്ല. എന്നാൽ പിന്നീട് ഒരു അയൽവാസിൽനിന്ന് ഒരു പെട്ടി പുസ്തകങ്ങൾ അവൾക്ക് ലഭിക്കുന്നു എന്നതായിരുന്നു ആ കഥയുടെ ഉള്ളടക്കം. പിന്നീട് ഇപ്പോൾ, ആ കഥാപാത്രത്തെ ചുറ്റിപ്പറ്റി ഒരു വലിയ കഥ എഴുതുവാൻ തീരുമാനിക്കുകയായിരുന്നു. 

∙ വ്യക്തിത്വ, ലിംഗഭേദ, സാംസ്കാരിക സങ്കീർണതകൾ പലപ്പോഴും പുസ്തകങ്ങളിൽ ആവർത്തിക്കപ്പെടുന്നതായി കാണുന്നുണ്ടല്ലോ?

വളരെ ചെറുപ്പത്തിൽത്തന്നെ കുട്ടികളോട് ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അങ്ങനെയാണെങ്കിൽ മാത്രമേ അവർ ഇവയെക്കുറിച്ച് ബോധവാന്മാരാകുകയും സംവേദനക്ഷമത കാണിക്കുകയും ചെയ്യുകയുള്ളൂ. യഥാർഥ ലോകം എങ്ങനെയാണെന്ന് തിരിച്ചറിയാനാവാത്ത ഒരു ഘട്ടത്തിലേക്ക് ആവരുത് അവർ വളർന്നുവരേണ്ടത്. ഒരാൾക്ക് ഒറ്റയ്ക്ക് വലിയ മാറ്റങ്ങൾ ഈ സമൂഹത്തിൽ സൃഷ്ടിക്കാൻ സാധിക്കില്ല എന്ന് എനിക്കറിയാം. എന്നിരുന്നാലും എന്റെ രചനകളിൽ അത്തരം വിഷയങ്ങൾ കൊണ്ടുവരാൻ ഞാൻ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും കുട്ടികൾക്കായുള്ള രചനകളിൽ അത്തരം വിഷയങ്ങൾ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

അനിത നായർ
അനിത നായർ

∙ ഈ പുസ്തകത്തിൽ പ്രകൃതിയുമായി അടുത്ത് ഇടപഴകുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. കുട്ടികൾക്കായുള്ള രചനകളിൽ പ്രകൃതിയുടെ ചിത്രീകരണത്തിന് എത്രത്തോളം പ്രാധാന്യമുണ്ട്?

വലിയ നഗരങ്ങളിലും അപ്പാർട്ടുമെന്റുകളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രകൃതിയുമായി സമ്പർക്കത്തിനുള്ള സാധ്യതകൾ പരിമിതമാണ്. എന്നാൽ അവരെപ്പോലെ തന്നെ, ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും താമസിക്കുന്ന ആളുകളിലും പ്രകൃതിയുമായുള്ള ബന്ധത്തിന് അകലം സംഭവിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. ബിപാത്തുവിനെ കളിക്കുന്നതിൽനിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റി നിർത്തുന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് ഈ പുസ്തകത്തിലെ ഒരു കഥാപാത്രമായ മദാമ്മ പറയുന്ന ഒരു സന്ദർഭമുണ്ട്. എന്നാൽ ഇപ്പോൾ ആരും കളിക്കാൻ വരുന്നില്ല, എല്ലാവരും ട്യൂഷനു പോവുകയാണ് എന്നതാണ് ബിപാത്തുവിന്റെ മറുപടി. അതാണ് യാഥാർഥ്യം. പല കുട്ടികൾക്കും കുട്ടികളാകാൻ ഇപ്പോൾ സമയമില്ല. മുതിർന്നവരാകുവാനും തിരക്കുള്ള ജീവിതം നയിക്കാനുമുള്ള തയാറെടുപ്പിലാണ് ഇപ്പോഴത്തെ കുട്ടികൾ.

∙ യുവ വായനക്കാർക്കായി കഥാപാത്രങ്ങൾ വികസിപ്പിക്കുമ്പോൾ മുൻഗണന നൽകുന്ന സ്വഭാവങ്ങളോ ഗുണങ്ങളോ ഉണ്ടോ?

മനുഷ്യരിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണം സഹിഷ്ണുതയാണ്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവരുടെ ജീവിതത്തിലേക്ക് തിരിച്ചുവരാനും ആളുകൾക്ക് സാധിക്കുമ്പോൾ, ആ കഴിവ് കണ്ട് ഞാൻ ആസ്വദിക്കാറുണ്ട്. ഇവിടെ ബിപാത്തുവും അത്തരമൊരു കഥാപാത്രമാണ്. എത്ര വലിയ പ്രശ്നത്തിൽ അകപ്പെട്ടു കിടക്കുമ്പോഴും അതിൽനിന്നു പുറത്തുവരുവാൻ ഒരു മാർഗ്ഗം അവൾ കണ്ടെത്തിയിരിക്കും. ബിപാത്തു എന്നെ സംബന്ധിച്ചിടത്തോളം ഒരു കഥാപാത്രം മാത്രമല്ല. അവൾ ഇപ്പോൾ എനിക്ക് വളരെ പരിചിതയായ ഒരു ആളെപ്പോലെയായി തീർന്നിരിക്കുന്നു.

anita-nair-2-
അനിത നായർ

∙ കുട്ടികളുടെ പുസ്തകങ്ങളിൽ എങ്ങനെയാണ് റിയലിസവും ഫാന്റസിയും സന്തുലിതമായി അവതരിപ്പിക്കുന്നത്? 

കുട്ടികൾക്കായി ഞാൻ എഴുതിയ ആദ്യത്തെ റിയലിസ്റ്റിക് പുസ്തകമാണിത്. എന്റെ മറ്റെല്ലാ കൃതികളിലും ഫാന്റസിയുടെ അംശമുണ്ട്. സംസാരിക്കുന്ന ആന പോലെയുള്ള കഥാപാത്രങ്ങൾ ആയിരുന്നു അവയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവിടെ കേരളത്തിന്റെ ഗ്രാമീണ അന്തരീക്ഷമാണ് ഞാൻ ഉൾപ്പെടുത്തുവാൻ ആഗ്രഹിച്ചത്. എന്റെ സ്വന്തം ഗ്രാമമായ മുണ്ടക്കോട്ടുകുറിശ്ശിയെ മുൻനിർത്തിയാണ് ഞാൻ ഈ പുസ്തകം രചിച്ചത്. ഭൂമിശാസ്ത്രപരമായ എല്ലാ വിശദാംശങ്ങളും യാഥാർഥ്യത്തിൽ നിന്ന് എടുത്തതാണ്. സമകാലീന കേരളത്തിൽ ജീവിക്കുന്ന 9 വയസ്സുള്ള ഒരു പെൺകുട്ടിയെ കുറിച്ച് എഴുതാൻ ഞാൻ ആഗ്രഹിച്ചു. 

∙ ഇന്ത്യയിലെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവ വായനക്കാർക്ക് മനസ്സിലാക്കാവുന്ന രീതിയിൽ കേരളത്തിന്റെ ചുറ്റുപാടുകൾ ചിത്രീകരിക്കുമ്പോൾ എന്തെല്ലാം വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്?

ഞാൻ ഒരു കൊച്ചു പെൺകുട്ടിയായിരുന്നപ്പോൾ, യുകെയും ഫ്രാൻസും അമേരിക്കയുമൊക്കെ പശ്ചാത്തലമാക്കിയ നോവലുകൾ  വായിക്കുമായിരുന്നു. അവയിൽ പലതും എന്നെപ്പോലെയുള്ള കുട്ടികൾക്ക് തികച്ചും അന്യമായിരുന്നു അന്ന്. ഒരു ഡാഫൊഡിൽ എങ്ങനെയിരിക്കുമെന്ന് എനിക്ക്  അന്ന് അറിയുകയേയില്ലായിരുന്നു. എന്നാൽ കുട്ടികളുടെ മനസ്സ് അത്തരം കാര്യങ്ങൾ സ്വീകരിക്കുകയും അവ സങ്കൽപ്പിക്കുകയും ചെയ്യും. അതിനേക്കാൾ എത്രയോ മികച്ച കാലഘട്ടമാണിന്ന്. ഇന്നത്തെ കുട്ടികൾക്ക് എന്തെങ്കിലും മനസ്സിലാകുന്നില്ലെങ്കിൽ പരിശോധിക്കാൻ ഇന്റർനെറ്റ് ഉണ്ട്. ഗ്രാമത്തിന്റെ തനിമയാർന്ന മുഖം ഇംഗ്ലിഷിൽ പകർത്തുക എന്നതായിരുന്നു എന്റെ യഥാർഥ വെല്ലുവിളി. എന്റെ നാട്ടിലെ മലയാളം, വള്ളുവനാടൻ-മലപ്പുറം ഭാഷാഭേദങ്ങളുടെ മിശ്രിതമായതിനാൽ പ്രാദേശികമായ നിലനിർത്തി ഇംഗ്ലിഷിൽ അത് എഴുതുവാനാണ് ഞാൻ ശ്രമിച്ചത്.

anita-nair-4-
അനിത നായർ

∙ ബാലസാഹിത്യ രചയിതാവെന്ന നിലയിൽ ഏറ്റവും സംതൃപ്തി തോന്നുന്ന നിമിഷം ഏതാണ്?

ഏറ്റവും സംതൃപ്തി തോന്നുന്ന നിമിഷം ഞാൻ അത് എഴുതുമ്പോൾ എനിക്ക് ലഭിക്കുന്ന ആനന്ദമാണ്. എനിക്ക് കുട്ടികളെയും മൃഗങ്ങളെയും പ്രകൃതിയെയും ഇഷ്ടമാണ്. അതിനാൽ ഞാൻ ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും എഴുതാൻ എനിക്ക് ഈ പുസ്തകങ്ങളിലൂടെ കഴിയും.  ദുഃഖകരമായ ഒരു ഭാഗം എഴുതുമ്പോൾ പോലും, എനിക്ക് ലഭിക്കുന്ന അനുഭവം അങ്ങേയറ്റം ലഘുവാണ്. ഞാൻ ആ കുട്ടികളോടൊപ്പമാണെന്നും എന്റെ ബാല്യകാലം വീണ്ടു‌മെത്തുന്നതായും എനിക്ക് തോന്നും. ഞാൻ വീണ്ടും കുട്ടിയാകും പോലെ.

∙ വ്യക്തിപരമായി അടുപ്പം തോന്നുന്ന ഏതെങ്കിലും കഥാപാത്രമുണ്ടോ?

'ബിപാത്തു ആൻഡ് എ വെരി ബിഗ് ഡ്രീം' എന്ന പുസ്തകത്തിലാണത്. ആദ്യമായാണ് ഒരു പുസ്തകത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഞാൻ എന്നെ ഇത്രയധികം അവതരിപ്പിക്കുന്നത്.  ഞാൻ മുൻപും നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും എനിക്ക് ബിപാത്തുവിനോട് ഒരു പ്രത്യേക അടുപ്പമുണ്ട്. ഞാൻ കുട്ടിക്കാലത്ത് ചെയ്ത കാര്യങ്ങൾ ഓർക്കുവാൻ പ്രേരിപ്പിക്കുന്ന കഥാപാത്രമാണ് അവൾ. ഞാൻ എന്നും എന്റെ മൃഗങ്ങൾക്കൊപ്പവും ചെടികൾക്കൊപ്പവും ധാരാളം സമയം ചെലവഴിക്കാറുണ്ട്. അതാണ് ഞാൻ ബിപാത്തുവിലും കാണുന്നത്. 

anita-nair-5-
അനിത നായർ

∙ യുവ വായനക്കാരിൽ നിന്നുള്ള ഫീഡ്ബാക്ക് എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ? ഏതെങ്കിലും ഒരു പ്രതേക നിമിഷം ഓർമയുണ്ടോ?

ഒരു പ്രത്യേക നിമിഷമായി പറയാനാവില്ല. പക്ഷേ, കുട്ടികളായ വായനക്കാരിൽ എനിക്ക് ഇഷ്ടമുള്ളത്, അവർക്ക് ഒരു പുസ്തകം ഇഷ്ടപ്പെട്ടില്ലെങ്കിൽ അവർ അനിഷ്ടം പുറത്തു കാണിക്കും എന്നതാണ്. മര്യാദയുടെ പേരിൽ പലപ്പോഴും മുതിർന്നവർ താൽപര്യം നടിക്കുന്നു. പക്ഷേ കുട്ടികൾ അങ്ങനെയല്ല. അവരെ ഇഷ്ടമില്ലാത്ത ഒന്ന് വായിക്കുവാൻ നമുക്ക് നിർബന്ധിക്കാനുമാവില്ല. ആ തുറന്ന പ്രതികരണം വളരെ നല്ലതാണ്. ഭാഷപരമായ ഘടകങ്ങളിലൊന്നും അഭിപ്രായം പറയുവാൻ അവർക്ക് അറിയില്ലായിരിക്കാം. പക്ഷേ, നമുക്ക് കുട്ടികളെ പറ്റിക്കുവാൻ സാധിക്കില്ല. അവർക്ക് ഇഷ്ടപ്പെടാത്ത തരത്തിൽ എഴുതിക്കഴിഞ്ഞാൽ അത് ശരിക്കും പ്രകടമാവുക തന്നെ ചെയ്യും. ഇഷ്ടപ്പെട്ടാൽ അതും പ്രകടമാകും.

∙ വരാനിരിക്കുന്ന പുസ്തകങ്ങൾ ഏതൊക്കെയാണ്?

എന്റെ പുതിയ നോവൽ ഡിസംബറിൽ പ്രസിദ്ധീകരിക്കും. ഇൻസ്പെക്ടർ ഗൗഡ സീരീസ് എന്ന പേരിൽ ഞാനൊരു ക്രൈം സീരീസ് എഴുതിയിരുന്നു. അതിൽ ആദ്യ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മൂന്നാമത്തെതാണ് ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ പോകുന്നത്. മാത്രമല്ല 2018 ലാണ് എന്റെ അവസാന നോവൽ പ്രസിദ്ധീകൃതമായത്. പ്രസാധകർ മാറിയതിനാൽ ഈ വർഷം ആ നോവൽ  പുനഃപ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. 2023 എനിക്ക് വളരെ തിരക്കുപിടിച്ച ഒരു വർഷമാണ്. അത് ഞാൻ പൂർണ്ണമായി ആസ്വദിക്കുന്നുണ്ട്. ഈ മൂന്നു പുസ്തകങ്ങളെ മാത്രമല്ല ഞാൻ എഴുതിയ എല്ലാ പുസ്തകങ്ങളെയും. അത് ബാലസാഹിത്യം ആവട്ടെ മുതിർന്നവർക്ക് എഴുതുന്നത് ആവട്ടെ, ഒരേ പ്രാധാന്യത്തോടെയാണ് ഞാൻ സമീപിക്കുന്നത്.

Content Summary: Interview with Anita Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com