ADVERTISEMENT

രണ്ട് സാഹസിക നോവലുകളാണ് സാഹിത്യത്തിലെ താരാരാധനയ്ക്കു തുടക്കമിട്ടത്- ഷൂൾ വേണിന്റെ ‘20000 ലീഗ്സ് അണ്ടർ ദ് സീ’ (1870), റോബർട്ട് ലൂയി സ്റ്റീവൻസണിന്റെ ‘ട്രഷർ ഐലൻഡ്’ (1883). ആദ്യത്തേത് ശാസ്ത്ര ഭാവന, രണ്ടാമത്തേത് നിധിവേട്ട. കൃത്രിമ യാഥാർഥ്യം മെനഞ്ഞ് ദൈനംദിന ജീവിത പ്രശ്നങ്ങളിൽനിന്നു താൽക്കാലികമായി രക്ഷ നേടാനുള്ള ശ്രമം ക്രമേണ വിശാലമായ ഒരു സാഹിത്യശാഖയ്ക്ക് പ്രേരകമായി. വിരസത വെടിഞ്ഞ് സാഹസികതയിൽ മുഴുകാനുള്ള ക്ഷണം. അതേ വഴിയിലാണ് ഡോയൽ തന്റെ കുറ്റാന്വേഷകനെ നടത്തിയത്. യാഥാർഥ്യത്തിൽ ഉറച്ചു കൊണ്ടു തന്നെ ധീരനാണ് ഹോംസ്. വായനക്കാർക്ക് അത് ശാരീരിക സാഹസം എന്നതിൽ ഉപരി, ബൗദ്ധിക സാഹസം; കുരുക്കുകൾ അഴിക്കുന്നത് ആനന്ദം. ഇന്നു കാണുന്ന താരാരാധനയ്ക്ക് ചടുല വേഗം നൽകിയത് മറ്റാരുമല്ല. ഡോയൽ സ്ട്രാൻഡ് മാസികയിൽ എഴുത്ത് നിർത്തിയതിനു ശേഷം, ഹോംസ് എന്ന വികാരം ലണ്ടനിൽ പല രൂപത്തിൽ നിലനിന്നു. ഹോംസിനെ വായിച്ചു മതിയായിരുന്നില്ല. അന്നത്തെ പ്രമുഖ എഴുത്തുകാർ ഡോയലിന്റെ രീതിയിൽ ഹോംസിനെ നായകനാക്കി കഥകൾ എഴുതി, പക്ഷേ അതിനു തനിമയില്ല. ഒന്നുമില്ലാത്തതിലും ഭേദമല്ലേ എന്നു കരുതി ഒരു വിഭാഗം വായനക്കാർ സ്വീകരിച്ചു. പക്ഷേ ഡോയലിന്റെ അറുപത് ഹോംസ് കേസുകൾ ഇന്നും അമൂല്യ രത്നങ്ങളായി വിളങ്ങുന്നു.

 

adventure-books

രഹസ്യ വിവരം കണ്ടെത്താനായി ഹോംസ് ചാരൻമാരായി ഉപയോഗിച്ച തെരുവു ബാലന്മാരുടെ സംഘമാണ് ബേക്കർ സ്ട്രീറ്റ് ഇറഗുലേഴ്സ്. ആ പേരിൽ ഇപ്പോൾ ഹോംസിയൻ സൊസൈറ്റികളുണ്ട്. 1927 ൽ ഡോയലിന്റെ മരണശേഷം ‘ബേക്കർ സ്ട്രീറ്റ് ജേണൽ’ പ്രസിദ്ധീകരണം തുടങ്ങി. ഹോംസ് കഥകളുടെ ചരിത്ര പശ്ചാത്തലം, പരാമർശിച്ച കെട്ടിടങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ, ഭൂമിശാസ്ത്രം- ഗവേഷണം ഇപ്പോഴുമുണ്ട്. അറ്റ്ലാന്റിക്കിനപ്പുറം അമേരിക്കയിലും കിഴക്കൻ യൂറോപ്പിലും ഏഷ്യയിലും ഹോംസിന്റെ കീർത്തി വ്യാപിച്ചു. ലണ്ടൻ ആസ്ഥാനമാക്കി ഷെർലക് ഹോംസ് സൊസൈറ്റികൾ രൂപം കൊണ്ടു, ലോകം മുഴുവൻ ശാഖകളുണ്ടായി. ഹോംസിന്റെ ജ്യേഷ്ഠൻ മൈക്രോഫ്റ്റ് അംഗമായ ഡയൊജനീസ് ക്ലബ്ബും പുനർജനിച്ചു.

 

sherlock-journal

അമേരിക്കയിലെ പോർട്ട്ലാൻഡിലുള്ള ഒരു സംഘടന (Noble and most singular order of the Blue Carbuncle) ക്രിസ്മസ് ദിനത്തിൽ ഒത്തുകൂടി കൂടി ഗൂസിനെ തിന്നും (വാത്ത, താറാവിനെ പോലുള്ള ഒരു പക്ഷി). യൂൾടൈഡ് പശ്ചാത്തലമായ ഹോംസ് കഥയാണ് പ്രചോദനം (The adventure of Blue Carbuncle). ഗൂസിനുള്ളിൽ ഒളിപ്പിച്ച ഒരു രത്നം കണ്ടെടുക്കുന്ന കഥയിൽ കുറ്റാന്വേഷകന്റെ മനുഷ്യത്വം വെളിവാകുന്നു. ക്രിസ്മസ് ദിനത്തിൽ ബേക്കർ തെരുവിൽ ദയ മഞ്ഞു പോലെ പെയ്യുന്നു.

 

sherlock-books

ഇപ്പോൾ നൂറിലധികം രാജ്യങ്ങളിൽ ഹോംസിയൻ സൊസൈറ്റികൾ പ്രവർത്തിച്ചു വരുന്നു. The singular society of the Baker Street Dozen (Calgary, Canada), The Illustrious Clients of Indianapolis, The Friends of Irene Adler, (Cambridge) The Six Napoleons of Baltimore- എന്നിങ്ങനെ ഗൃഹാതുരത്വം ഉണർത്തുന്ന പേരുകൾ. നാളിതുവരെ ലണ്ടൻ ഡിറ്റക്ടീവിന്റെ നാമത്തിൽ 250 സൊസൈറ്റികൾ. നൂറിലധികം ജേണൽ, മാഗസിൻ, ന്യൂസ് ലെറ്റർ. സൊസൈറ്റികളിൽ ഭൗതിക ശാസ്ത്രജ്ഞർ, മനഃശാസ്ത്രജ്ഞർ, ഗണിതജ്ഞർ- അവർക്കെല്ലാം പ്രത്യേക വിഭാഗങ്ങൾ. വിവിധ ശ്രേണിയിലെ ശാസ്ത്രജ്ഞരും നാനാദേശത്തെ നിയമപാലകരും സ്വകാര്യ കുറ്റാന്വേഷകരും തങ്ങളുടെ വഴി തിരഞ്ഞെടുക്കാൻ ഹോംസ് പ്രചോദനമായെന്ന് ഏറ്റു പറയുന്നു. ശാസ്ത്രം അന്വേഷണമാണ്, വിഖ്യാതമായ ശാസ്ത്രരീതിയുടെ പതാകവാഹകനാണ് ഹോംസ്.

 

221 B, Baker Street- ആ മേൽവിലാസവും അനശ്വരമായി. ലണ്ടനിലെ പ്രസ്തുത തെരുവിൽ ഇപ്പോൾ വിക്ടോറിയൻ രീതിയിൽ സജ്ജീകരിച്ച ഒരു മ്യൂസിയമുണ്ട്. ചിത്രപ്പണിയുള്ള വോൾപേപ്പർ, മേശമേൽ മൂടി വച്ച പ്രാതൽ, ചുവരിൽ ഹോംസിന്റെ റിവോൾവർ പരിശീലനത്തിന്റെ വെടിയുണ്ടപ്പാടുകൾ (വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനാർത്ഥം (V ആകൃതിയിൽ). പ്രശസ്തമായ വളഞ്ഞ പൈപ്പ്, ട്രഞ്ച് കോട്ട്, ഡിയർസ്റ്റാക്കർ ഹാറ്റ്, പുകയില സൂക്ഷിക്കുന്ന പേർഷ്യൻ ചെരുപ്പ്, രാസ പരീക്ഷണശാല, വാട്സന്റെ എഴുത്തു മേശ- എല്ലാം കൃത്യതയോടെ സജ്ജം. ഹോംസും വാട്സനും ഇപ്പോൾ പുറത്തു പോയതേയുള്ളൂ എന്നു തോന്നും. ഈ മുറിയുടെ വിവിധ മാതൃകകൾ പലയിടത്തുമുണ്ട്. ഓരോ തവണയും പുതിയൊന്ന് ഉയരുമ്പോൾ നിർമാതാക്കൾ പറയും ഇതാണ് യാഥാർഥ്യത്തോട് ഏറ്റവുമടുത്തു നിൽക്കുന്നതെന്ന്. അതൊരു ഭ്രാന്ത്, അങ്ങനെയൊരു മുറി ഒരിക്കലും ഉണ്ടായിരുന്നില്ല, അതാണ് ആർതർ കോനൻ ഡോയൽ ഉരുവാക്കിയ മായാ യാഥാർഥ്യം. ‘ലോലിത’യുടെ കഥാകാരൻ, നൊബേൽ ജേതാവ് വ്ളാദിമിർ നൊബൊക്കോവ് എഴുതി: “പൊതുസമ്മത യാഥാർഥ്യം കലയുടെ ലക്ഷ്യമല്ല, കാരണം കല അതിന്റേതായ യാഥാർഥ്യം നിർമിക്കുന്നു. സമൂഹത്തിന്റെ യാഥാർഥ്യത്തിന് അപ്പുറമാണത്.” കല നിർമിച്ച യാഥാർഥ്യത്തോട് സാമാന്യ ജനം താദാത്മ്യം പ്രാപിച്ച അപൂർവതയാണ് ഷെർലക് ഹോംസ്.

sherlock-book

 

150-ലധികം ലോകഭാഷകളിലേക്ക് ഹോംസ് കഥകൾ പരിഭാഷ ചെയ്യപ്പെട്ടു. ആഫ്രിക്കാൻസ് മുതൽ യിദ്ദിഷ് വരെ. അർമേനിയൻ മുതൽ സ്വാഹിലി വരെ. ഷോർട്ട് ഹാൻഡിലും ബ്രെയ്‌ലി ലിപിയിലും. The dancing men എന്ന കഥയിലെ ചിത്രഭാഷ ബ്രെയ്‌ലിക്ക് ചേർന്ന വിധത്തിൽ രൂപപ്പെടുത്തി. ഷെർലക്കിന്റെ സാന്നിധ്യം നാടകവേദിയിലുമുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും അമച്വർ സൊസൈറ്റികൾ അപസർപ്പകനെ കേന്ദ്രമാക്കി തട്ടിൽ കയറാത്ത ദിനങ്ങൾ ഇന്നും കുറവാണ്. ഹോംസിയൻ സംഗീതശിൽപം (1989), ബാലെ (The Great Detective, 1953), ഓപെറ- കലാ വൈവിധ്യം. നാടകത്തിന് വിഷയമെന്നതിനൊപ്പം അന്വേഷകൻ നല്ല നടനുമാണ്. വേഷം മാറി വിവരം ചോർത്താൻ സമർഥൻ. ഹോംസ് നാടകവേദിയുടെ നഷ്ടമാണെന്ന് വാട്സൻ പറയുന്നു. കഥാനായകൻ ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ അമച്വർ നാടക സംഘങ്ങളിൽ അംഗമായിരുന്നെന്ന് 'ജീവചരിത്രകാരൻ' കണ്ടെത്തിയിട്ടുണ്ട്. അനിതര സാധാരണമായ ഈ കഴിവിനെ ഗയ് റിച്ചിയുടെ സിനിമകൾ വിദഗ്ധമായി ഉപയോഗിച്ചു. 'മരണാസന്നനായ കുറ്റാന്വേഷകൻ' (The dying detective) എന്ന എപ്പിസോഡിൽ ബിബിസി ഷെർലക്കും നാട്യകലയെ വിഷയമാക്കി.

 

holmes-novel

ഗയ് റിച്ചിയുടെ, റോബർട്ട് ഡൗണി ജൂനിയർ നായകനായ രണ്ട് സിനിമകളും ബിബിസിയുടെ 'ഷെർലക്കും', അമേരിക്കൻ ടിവി സീരീസ് 'എലിമെന്ററി'യും പഴയ വായനക്കാരെ തൃപ്തിപ്പെടുത്തിയതിനൊപ്പം, ലോകം മുഴുവൻ പുതുതലമുറ ആരാധകരെ ഉണ്ടാക്കി. എന്നാൽ നവ ആരാധകരിൽ ചിലർ ഈ കണ്ടത് മാത്രമാണ് ഹോംസെന്ന് തെറ്റിദ്ധരിച്ചു. പരമ്പരാഗത രീതിയിലുള്ള വായന കുറയുന്ന ഈ കാലത്ത് നവ മാധ്യമങ്ങളിൽ ക്ളാസിക് കഥാപാത്രങ്ങൾ പുനർജനി നേടുന്നത് നല്ലത്. 

വേഗമാണ് ഇന്നിന്റെ മുഖമുദ്ര. ധാരാളം സമയവും ശ്രദ്ധയും ആവശ്യപ്പെടുന്ന പ്രവൃത്തിയാണ് വായന. അതു കണ്ടെത്താൻ കഴിയാത്തവർക്കു മുന്നിൽ ഹോംസിനെ അവർക്ക് സംവദിക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചത് ഹൃദ്യമായി. എന്നാൽ ഇതിനിടയിൽ പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അന്വേഷകന്റെ ആധുനിക അവതാരങ്ങളിൽ കമ്പം കയറിയ ചെറുപ്പക്കാർ, അയാൾക്കു ജന്മം നൽകിയ മസ്തിഷ്‌കത്തെ അന്വേഷിച്ചു. ആർതർ കോനൻ ഡോയലിന്റെ ഹോംസ് കഥകൾ അവർ തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. ഒരു നൂറ്റാണ്ടിനിപ്പുറം ഡോയൽ പുത്തൻ ആസ്വാദകരെ നേടുകയാണ്.

ഭാവനയ്ക്ക് അതിരില്ല. നാഗരികനായ ഹോംസിനെ അവസാന കാലത്ത് ഗ്രാമീണനായി കാണാനാകുന്നു. സസെക്സിലെ കടലോരത്ത് തേനീച്ച വളർത്തലുമായി കഴിയുന്ന കാലത്തെ ഒരു അന്വേഷണമുണ്ട്. A slight trick of the mind (2005) എന്ന നോവലിനെ അടിസ്ഥാനമാക്കി സർ ഇയാൻ മക്കെല്ലൻ നായകനായ സിനിമ Mr.Holmes (2015). 

holmes-book

93 വയസ്സ് പിന്നിട്ട നായകൻ മുപ്പതു വർഷം മുമ്പുള്ള അവസാന കേസിന്റെ വിശദാംശങ്ങൾ പണിപ്പെട്ട് ഓർത്തെടുക്കാൻ ശ്രമിക്കുന്നു. മസ്തിഷ്കത്തിന്റെ സിദ്ധികളെ ആഘോഷമാക്കിയിരുന്ന ഹോംസ് ഇപ്പോൾ മാഞ്ഞു തുടങ്ങിയ സ്മൃതികളുമായി പൊരുതുകയാണ്. ദുർബലമായ ശരീരത്തിൽ കാലം ചുളിവുകൾ വീഴ്ത്തി, അസാമാന്യമായ ബുദ്ധിവൈഭവം മങ്ങി. എങ്കിലും എവിടെയോ ഒരു തീപ്പൊരി ശേഷിക്കുന്നു. കുറ്റാന്വേഷണ മികവിൽ ഉപരി, വാർധക്യം എന്ന പൊള്ളുന്ന യാഥാർഥ്യം പ്രമേയമാകുന്ന ചലച്ചിത്രം.

 

ഹോംസിന്റെ നെറ്റ് വർത്ത് എത്രയാണ്?

 

ജോലിയെ സ്നേഹിച്ച കറതീർന്ന പ്രഫഷനൽ സേവനത്തിന് നിശ്ചിത ഫീസ് ഈടാക്കിയിരുന്നു. എന്നാൽ അതു നൽകാനാവാത്ത കക്ഷികളെ പണം വാങ്ങാതെയും സഹായിച്ചിട്ടുണ്ട്. ധനികരായ കക്ഷികൾ ഹോംസിന് വൻതുക നൽകിയ സംഭവങ്ങളുമുണ്ട്. 'കാണാതായ സ്കൂൾ വിദ്യാർഥി'യുടെ കേസിൽ (The priory school) പ്രതിഫലമായി ലഭിച്ചത് 6000 പൗണ്ട്. അന്ന് ലണ്ടൻ നഗരത്തിൽ ഒരു യുവ പ്രഫഷനലിന്റെ വാർഷിക ചെലവ് 500 പൗണ്ട് എന്നറിയുമ്പോൾ തുകയുടെ വലുപ്പം മനസ്സിലാകും. ഫ്രഞ്ച് ഗവൺമെന്റിനേയും സ്കാൻഡിനേവിയൻ രാജകുടുംബത്തേയും സഹായിച്ചപ്പോൾ കിട്ടിയ വൻതുക സുരക്ഷിതമായി വിരമിക്കാൻ പര്യാപ്തമാണെന്ന് ഹോംസ് വാട്സനോട് പറയുന്നുണ്ട് (The final problem). മൊറിയാർട്ടിയെ കുരുക്കിയാൽ ഈ പണി നിർത്താനും തയ്യാർ. അങ്ങനെ എഴുതാൻ ഡോയലിനെ പ്രേരിപ്പിച്ചതെന്ത്? ഹോംസിനെ കൊന്നാലേ സ്വന്തം പദ്ധതി നടക്കൂ. തൊഴിലിനെ ഭ്രാന്തമായി സ്നേഹിക്കുന്ന ഹോംസ് മുപ്പത്തൊന്നാം വയസ്സിൽ വിരമിക്കുമോ എന്ന ചോദ്യം ഡോയൽ സ്വയം ചോദിച്ചില്ല. ഇനി ഹോംസിന്റെ സ്വത്തു വിവരം ചികഞ്ഞു നടക്കുന്ന ഗവേഷകരെ പരിഗണിക്കുക. അവരെ മോഹനിദ്രയിൽ ആഴ്ത്തും വിധം ഉജ്ജ്വലമായിരുന്നു ഡോയലിന്റെ പ്രതിഭ.

 

ഷെർലക്ക് ഹോംസിന് മൃദുല വികാരങ്ങൾ തീരെയില്ലെന്നു കരുതാനാവില്ല. പ്രശ്നം പരിഹരിച്ച് നീതി നടപ്പാക്കുന്ന അന്വേഷകന് മനുഷ്യത്വമുണ്ട്. രണ്ടാനച്ഛൻ കെണിയൊരുക്കുന്ന അവിവാഹിതയായ അനാഥ യുവതി (The speckled band) വലിയ പ്രതിഫലം നൽകാൻ അശക്തയാണ്, പക്ഷേ ഹോംസ് പിന്നോട്ടില്ല. വാട്സൺ നിശ്ശബ്ദമായി പ്രേമിക്കുന്ന മേരി മോർസ്റ്റനോടും ഇതേ സമീപനം (The sign of four). സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ പെട്ടു പോകുന്നവരെ ഹോംസ് അപരാധികളായി കാണുന്നില്ല. വാത്തയുടെ ഉള്ളിൽനിന്ന് കാണാതായ രത്നം കണ്ടെത്തുന്ന കേസിൽ (The blue carbuncle) മോഷ്ടാവിനെ ബേക്കർ സ്ട്രീറ്റിലെ മുറിയിൽ വിളിച്ചു വരുത്തി കുരുക്കുന്നു. പക്ഷേ നിസ്സഹായത കണ്ട് വെറുതെ വിടുന്നു, നന്ദി പറഞ്ഞു കരഞ്ഞ് അയാൾ ഇറങ്ങിപ്പോകുന്നു. ഇത് ക്രിസ്മസിന്റെ നന്മയാണെന്ന് ഹോംസിന്റെ മതം. 'നാൽവർ ചിഹ്ന'ത്തിൽ ആഗ്രയിലെ നിധി മുഴുവൻ രാവിലെ സാഹസത്തിനിടയിൽ തെയിംസ് നദിയിൽ തൂവിപ്പോയതിനാൽ ഉറക്കമിളച്ചതിന് പ്രതിഫലം കിട്ടില്ലെന്ന് സ്കോട്ട്ലൻഡ് യാർഡിലെ കോൺസ്റ്റബിൾ നിരാശപ്പെടുന്നു. പക്ഷേ ഹോംസിന് ജോലി തന്നെയാണ് പ്രതിഫലം. സ്വകാര്യ കുറ്റാന്വേഷകർക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും, താനാണ് ലോകത്തെ ആദ്യത്തെ കൺസൽറ്റിങ് ഡിറ്റക്ടീവ് എന്ന് ഹോംസ് അവകാശപ്പെടാൻ കാരണമുണ്ട്. ഔദ്യോഗിക പൊലീസ് സേന അന്വേഷിക്കുന്ന തരം കേസുകളാണ് അയാളും അന്വേഷിക്കുന്നത്, ഉത്തരം മുട്ടുമ്പോൾ അവർ ഹോംസിന്റെ സഹായം തേടുന്നു. അവരുടെ ചട്ടക്കൂടിനപ്പുറം അറിവും നിരീക്ഷണ-നിഗമന പാടവവും ഹോംസിനുണ്ട്. അവർക്ക് പ്രവേശിക്കാൻ കഴിയാത്ത ഇടങ്ങളിൽ കടന്നു കയറും. വേഷം മാറാനുള്ള അസാമാന്യ മികവ് കൂടാതെ ബേക്കർ സ്ട്രീറ്റിലെ തെരുവു സന്തതികളുടെ ചാരസംഘത്തെയും അണി നിരത്തും. അത്തരത്തിൽ കുറ്റാന്വേഷകരുടെ അന്വേഷകനാണ് ഷെർലക്ക് ഹോംസ്. ഇൻസ്പെക്ടർ ലെസ്ട്രാഡ്, ടോബിയസ് ഗ്രെഗ്സൺ, അതൽനി ജോൺസ്, മാർട്ടിൻ എന്നീ സ്കോട്ട്ലൻഡ് യാർഡ് ഉദ്യോഗസ്ഥർ ബഹുമതി കൊണ്ടു പോകുന്നതിലും ഹോംസിന് പരാതിയില്ല. മേലധികാരികളുടെ അഭാവത്തിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാം. കുറ്റവാളിയായി കണ്ടെത്തുന്നവരെ വിട്ടയക്കാനും സ്വാതന്ത്ര്യമുണ്ട്.

 

ഷെർലക് എങ്ങനെ ഈ തൊഴിൽ സ്വീകരിച്ചു? ബൗദ്ധിക സിദ്ധികളിൽ തുല്യനും യൂണിവേഴ്‌സിറ്റി പ്രഫസറുമായ ജയിംസ് മൊറിയാർട്ടി എങ്ങനെ കുറ്റവാളിയായി? ഏറെ ചിന്തിപ്പിച്ചിട്ടുള്ള രണ്ട് ചോദ്യങ്ങൾ. ഹോംസിന്റെ അനൗദ്യോഗിക ജീവചരിത്രം എഴുതിയ നിക്ക് റെന്നിസൺ രണ്ടു പേരുടെയും ഉത്ഭവം 'അന്വേഷിക്കുന്നു.' ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹോംസ് പാഠ്യപദ്ധതിയിൽ വലിയ താൽപര്യം കാണിച്ചില്ല. സിലബസിന് പുറത്തുള്ള ലോകമാണ് ആകർഷിച്ചത് - യൂറോപ്യൻ കുറ്റകൃത്യ ചരിത്രം, നൂറ്റമ്പത് തരം പുകയിലച്ചാരത്തിന്റെ സൂക്ഷ്മ പഠനം, രസതന്ത്രം, ശരീരശാസ്ത്രം. പക്ഷേ കുറ്റാന്വേഷണം വിക്ടോറിയൻ ഇംഗ്ലണ്ടിൽ നല്ലൊരു കരിയർ ചോയ്സ് അല്ലതാനും. ഫൊറൻസിക്സ്, ബലിസ്റ്റിക്സ് എന്നിങ്ങനെ പിന്നീട് പേരെടുത്ത ശാസ്ത്രീയരീതികൾ വികസിപ്പിച്ചുവെങ്കിൽ അയാൾ ആരും നടക്കാത്ത പാതയിലാണ് നടന്നത്. പരമ്പരാഗത രീതിയെ വെല്ലുവിളിച്ച വിഗ്രഹഭഞ്ജകൻ. ഐറിഷ് വേരുകളുള്ള മൊറിയാർട്ടി കൗമാരം തീരുന്നതിനു മുമ്പേ ഗണിതത്തിൽ ഇംഗ്ലണ്ടിന്റെ ഭാവിവാഗ്ദാനമായി വാഴ്ത്തപ്പെട്ടു. പിന്നീട് ബൈനോമിയൽ തിയറത്തിൽ മികച്ച സംഭാവന നൽകിയെങ്കിലും തന്റെ കഴിവിനൊത്ത ഉദ്യോഗം നേടാനായില്ല. കണക്കില്ലാതെ പണവും അധികാരവും സ്വാധീനവും നൽകുന്ന അധോലോകം അയാളെ ആകർഷിച്ചു. എന്നാൽ ഈ വിശദീകരണം പൂർണമായും വിശ്വാസ യോഗ്യമായി തോന്നുന്നില്ല. സ്കോട്‌ലൻഡുകാരൻ റോബർട്ട് ലൂയി സ്റ്റീവൻസണിന്റെ പ്രശസ്ത നോവലിലെ (Strange case of Dr.Jekyll and Mr.Hyde, 1886)  കഥാപാത്രത്തിന്റെ ദ്വന്ദവ്യക്തിത്വങ്ങൾ പോലെ രണ്ടു മുഖങ്ങളുടെ ഉടമയായിരുന്നു ജയിംസ് മൊറിയാർട്ടി. അയാൾ കുറ്റവാളിയെന്ന് ആരോപിക്കുന്നതു പോലും അപകടമാണെന്ന് ഹോംസ് പറയുന്നുണ്ട്. ഇംഗ്ലിഷ് ജൂറിയുടെ മുന്നിൽ അത് തെളിയിക്കുന്നത് ശ്രമകരം. സമൂഹത്തിൽ ബഹുമാന്യനായ യൂണിവേഴ്‌സിറ്റി പ്രഫസർ, അക്കാദമിക വിദഗ്ധൻ. പക്ഷേ ഇരുളിൽ ഉപജാപകൻ, അയാളിലേക്ക് നീളുന്ന തെളിവുകൾ ഒരിക്കലും അവശേഷിക്കാറില്ല.

 

നായകനൊത്ത വില്ലൻമാർ എക്കാലവും ഒരു പ്രഹേളികയാണ്. ഹിംസ എന്നും മനുഷ്യന്റെ ഉള്ളിലുണ്ട്, സമൂഹത്തിലെ തിന്മയെ വെറുക്കുന്ന പലരും തന്നിലെ ഹിംസകനെ കാണാറില്ല. അതു ചിന്തയിൽ, വാക്കിൽ, പെരുമാറ്റത്തിൽ പ്രകടമാകും. ക്രൈം സിനിമകളും വയലന്റ് വിഡിയോ ഗെയിമും എന്തുകൊണ്ട് ജനപ്രിയമാകുന്നു? സൈബർ ബുള്ളിയിങ്ങും ടെക്നോളജിയുടെ വഴിവിട്ട ഉപയോഗവും സർവസാധാരണം. അടിച്ചമർത്തിയ ലൈംഗികതയുടെ അതിരുവിട്ട പ്രകാശനം കുറ്റകൃത്യമായി മാറുന്നു. ഗാർഹിക പീഡനവും പതിവു കാര്യം - പുരുഷന്മാർ പീ‍ഡിപ്പിക്കുന്ന സ്ത്രീകൾ, സ്ത്രീകൾ പീഡിപ്പിക്കുന്ന പുരുഷന്മാർ. സാധാരണ ജീവിതത്തിൽ അധോലോക നായകരെ വെറുക്കുന്നു എങ്കിലും ദൈനംദിന ജീവിതത്തിന്റെ വിരസത മറികടക്കാൻ മനുഷ്യർ ക്രൈം ഫാന്റസി തേടും. മാച്ചോ-അണ്ടർ വേൾഡ് സിനിമകൾ നമുക്കെന്നും പ്രിയങ്കരം. പരമ്പരക്കൊലയാളികളുടേയും സമർഥരായ തസ്ക്കരന്മാരുടേയും നിറം പിടിപ്പിച്ച കഥകൾ ചൂടപ്പം പോലെ വിറ്റു പോകും. നിഴലും വെളിച്ചവും ഇടകലർന്ന മനുഷ്യ മനസ്സിന്റെ ഒരു പരിച്ഛേദമാണ് മൊറിയാർട്ടി. ഈ കഥാപാത്ര നിർമിതിയിൽ സ്റ്റീവൻസണിന്റെ 'ജെക്കിലും ഹൈഡും' ഡോയലിനെ സ്വാധീനിച്ചിട്ടുണ്ട്. ഹോംസ് ഒരു തുറന്ന പുസ്തകമാണ്, അതേസമയം മൊറിയാർട്ടി അന്വേഷിച്ചു കണ്ടെത്തേണ്ട നിഗൂഢതയും.  ജോക്കറുടെ ഒറിജിൻ സ്റ്റോറി പോലെ മൊറിയാർട്ടിയുടെ ഉത്ഭവം തിരഞ്ഞവരും അനേകമുണ്ട്. ചുവപ്പിൽ ഒരു പഠനം (A study in Scarlet) എന്ന ആദ്യ നോവലിന്റെ സൂക്ഷ്മ വായനയിൽ, ഡോയൽ ക്രിമിനൽ സൈക്കോളജിയുടെ പാത തെളിക്കുന്നത് കാണാനാകും. ചോരയുടെ രീതിശാസ്ത്രം പഠിക്കുന്ന ഹോംസിനെ, പിന്നീട് രണ്ടു ഭൂഖണ്ഡങ്ങളിൽ പരന്നു കിടക്കുന്ന ക്രിമിനൽ ശ‍ൃംഖലയിലേക്ക് ഡോയൽ ഇറക്കി വിടുന്നു (The valley of fear). അമേരിക്കൻ അധോലോകത്തിന്റെ ലണ്ടനിലെ ആതിഥേയൻ മൊറിയാർട്ടി അല്ലാതെ മറ്റാര്?

 

വായനക്കാരുടെ പ്രതിനിധിയായ വാട്സൺ ഹോംസിലേക്ക് തുറന്ന വാതിലാണ്. വാട്സണെ ഉപയോഗിച്ചുള്ള ഡോയലിന്റെ രചനാരീതിയാണ് കഥകളുടെ ജീവവായു. ഹോംസ് നേരിട്ട് കഥ പറഞ്ഞപ്പോഴും കഥാകാരൻ തന്റെ കാഴ്ചപ്പാടിൽ വിവരിച്ചപ്പോഴും ആവേശമുണ്ടായില്ല. ഹോംസ് വാട്സണെ പരിഹസിക്കുന്ന രംഗങ്ങൾ കഥകളിലുണ്ട്, അത് ഹോംസിന്റെ ഇരുണ്ട മുഖമാണ്, എന്നാൽ സുഹൃത്ത് എന്ന നിലയിൽ ഹോംസ് വാട്സണെ വിലമതിച്ചു. സാമൂഹിക പെരുമാറ്റ രീതികളിൽ സ്ഥിരതയില്ലാത്ത ഹോംസിനെ ഒരു പരിധിവരെ മനസ്സിലാക്കുന്നത് വാട്സണാണ്. പലപ്പോഴും വാട്സൺ സുഹൃത്തിനെ രക്ഷിക്കുന്നു, ജീവൻ അപകടത്തിലായ അനേകം സാഹചര്യങ്ങളിൽ ഇടപെടുത്തിയതിൽ ഹോംസ് വാട്സണോട് ക്ഷമ ചോദിക്കുന്നുണ്ട്. നിഗൂഢത നിറഞ്ഞ ഇരുണ്ട നിശയിൽ തോക്കെടുത്ത് ഇറങ്ങാമെന്നു പറഞ്ഞാൽ വാട്സൺ തയ്യാറാണ്, പതിയിരിക്കുന്ന അപകടത്തെ കുറിച്ച് ഒരു രൂപവുമില്ല എന്നാൽ പോലും.

ഡോക്ടർ വാട്സൺ മൂന്നു തവണ വിവാഹം ചെയ്തതായി പണ്ഡിതർ അനുമാനിക്കുന്നു. രണ്ടു തവണ മരണം സഖിയെ തട്ടിയെടുത്തു. അപ്പോഴെല്ലാം വാട്സൺ ബേക്കർ സ്ട്രീറ്റിൽ തിരിച്ചുവന്ന് ഹോംസിന്റെ കേസുകളിൽ വ്യാപൃതനായി. വേദന മറക്കാനുള്ള ശ്രമവുമാകാം അത്. അവർ ഒന്നിക്കുന്നതാണ് അനുവാചകന് ഇഷ്ടം. എന്നാൽ വാട്സന്റെ ആത്മസംഘർഷം തിരഞ്ഞത് ഡോയൽ അല്ല. ബിബിസി പരമ്പരയുടെ നാലാം സീസണിൽ, സുഹൃത്തിനും സഖിക്കുമിടയിൽ വിഭജിക്കപ്പെട്ട ഡോക്ടറുടെ മനസ്സിനെ കണ്ടു.

 

എലിമെന്ററി, മൈ ഡിയർ വാട്സൺ!

 

പ്രശസ്തമായ ഈ ഡയലോഗ് കോനൻ ഡോയൽ എഴുതിയതല്ല. പി.ജി.വുഡ്ഹൗസ് ഒരു ഹാസ്യ നോവലിലാണ് (P Smith, Journalist, 1915) ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ബേസിൽ രാത്ബോൺ നായകനായി വന്ന ഹോംസ് സിനിമകൾ അതിന് ചിരപ്രതിഷ്ഠ നൽകി. സൂചന എങ്ങനെ മനസ്സിലാക്കി എന്ന വാട്സന്റെ ചോദ്യത്തിന് ഹോംസ് പറയുന്നു: ‘‘ലളിതം!’’ ബിബിസി ഷെർലക് ആദ്യ ഭാഗത്തിൽ (A study in pink) ഷെർലക് വാട്സണെ ആദ്യമായി കാണുന്ന സീൻ ശ്രദ്ധേയം. 

 

ഷെർലക്ക്: എവിടെയായിരുന്നു? ഇറാഖോ അഫ്ഗാനിസ്ഥാനോ? 

 

അഫ്ഗാനിസ്ഥാൻ എന്ന വാട്സന്റെ മറുപടിക്കു ശേഷം, ഡിറ്റക്ടീവിന്റെ വാക്കുകൾ വാട്സണെ ഞെട്ടിക്കുന്നു. എങ്ങനെയറിഞ്ഞു എന്ന ചോദ്യത്തിന് ഷെർലക്കിന്റെ മറുപടി: “ഞാൻ അറിഞ്ഞില്ല, ഞാൻ കണ്ടു. നിങ്ങളുടെ ഹെയർകട്ട്, നിങ്ങൾ പെരുമാറുന്ന രീതി, മിലിട്ടറിയുടേത്. ഈ മുറിയിൽ വന്നു കയറിയപ്പോൾ സംസാരിച്ച രീതി (ലണ്ടനിലെ മെഡിക്കൽ സ്കൂൾ) ബാർട്സിൽ പരിശീലനം നേടിയെന്ന് വെളിവാക്കുന്നു. അതെ, നിങ്ങൾ ആർമി ഡോക്ടർ. മുഖം ഇരുണ്ടത്. പക്ഷേ, കൈക്കുഴയ്ക്കു മുകളിൽ കറുപ്പില്ല. അതായത് നിങ്ങൾ വിദേശത്തായിരുന്നു, പക്ഷേ ബോധപൂർവം വെയിലേറ്റതല്ല. നടക്കുമ്പോൾ മുടന്ത്, പക്ഷേ ഇരിക്കാൻ കസേര ആവശ്യപ്പെട്ടില്ല. നിങ്ങളതു മറന്നു പോയി അതിനർഥം മനസ്സിനെ എന്തോ അലട്ടുന്നു. പരുക്ക് ഭീകരമായ സാഹചര്യത്തിൽ സംഭവിച്ചത്. രണഭൂമിയിൽ. യുദ്ധം, വെയിലേറ്റ് ഇരുണ്ട ചർമം - അഫ്ഗാനിസ്ഥാൻ അല്ലെങ്കിൽ ഇറാഖ്.

 

സാധാരണമെന്നു തോന്നുന്ന ഒരു വസ്തുവിനെ നിരീക്ഷിച്ച് അസാധാരണ വിവരങ്ങൾ അനുമാനിക്കുന്ന രംഗം ഹോംസിന്റെ പല കഥകളിലും കാണാം. വീണുകിട്ടിയ ഒരു തൊപ്പി ആധാരമാക്കിയ വിവരണം വാട്സണെ അത്ഭുതത്താൽ നിറയ്ക്കുന്നു. (The blue carbuncle). ഒരു റിസ്റ്റ് വാച്ച് പരിശോധിച്ചുള്ള അനുമാനം വാട്സണെ ക്ഷുഭിതനാക്കുന്നു, നിർഭാഗ്യവാനായ സഹോദരന്റെ മറയ്ക്കാൻ ആഗ്രഹിച്ച രഹസ്യം പച്ചയായി വെളിവായി. (The sign of four). ഹോംസിന് എല്ലാം എളുപ്പമാണ്, എന്നാൽ അനായാസത അപ്രതീക്ഷിതമല്ല. താൽപര്യമുള്ള മേഖലയിൽ നീണ്ട പരിശീലനം വഴി നേടിയ ആത്മ മേധാവിത്വം. തന്റെ തൊഴിൽ മികവിനു വേണ്ട സർവജ്ഞാനവും സ്വന്തം. ക്രിമിനൽ ചരിത്രം വിരൽത്തുമ്പിൽ. അല്ലാതെയുള്ള വാർത്തകൾ അന്വേഷിക്കില്ല, ആവശ്യമില്ലാത്ത അറിവ് തലയിൽ വഹിക്കില്ല. ഒന്നിലധികം മേഖലകളിലെ ആശയങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സമർത്ഥൻ. നിരീക്ഷണ പടുവായ ഹോംസ് അന്തിമ വിശദീകരണം നൽകുമ്പോൾ, ഇതെല്ലാം നമ്മുടെ കൺമുന്നിൽ ഉണ്ടായിരുന്നല്ലോ എന്നു തോന്നാം; പക്ഷേ നമ്മളത് കണ്ടില്ല. വാട്സനെ പോലെയാണ് നാം. ഹോസ് പറയുന്നു: “അധികമാരും ശ്രദ്ധിക്കാത്ത കാര്യങ്ങളാൽ നിറഞ്ഞതാണ് ലോകം. നിങ്ങൾ കാണുന്നു, പക്ഷേ നിരീക്ഷിക്കുന്നില്ല.' പതിവായി കയറുന്ന പടവുകളുടെ എണ്ണം പോലും നമ്മൾ ശ്രദ്ധിച്ചില്ലെന്നു വരാം.  പക്ഷേ കുറ്റാന്വേഷകനുമായുള്ള സഹവാസം അയാളുടെ ചില ഗുണങ്ങളെങ്കിലും നമ്മിൽ ഉളവാക്കാതിരിക്കില്ല. പഠനത്തിലും ഗവേഷണത്തിലും ജോലിയിലും ജീവിതത്തിലും എഴുത്തിലും ഹോംസ് എന്നെ സ്വാധീനിച്ചു. നിരീക്ഷണത്തിലും, അച്ചടക്കമുള്ള ആഴമുള്ള ചിന്തയിലും, പ്രത്യക്ഷത്തിൽ വിരുദ്ധമെന്ന് തോന്നുന്ന ആശയങ്ങൾ ബന്ധിപ്പിക്കുന്നതിലും സഹായമായി. ഡിറ്റക്ടീവുമായുള്ള സഹവാസം തുടങ്ങിയത് മൂന്ന് പതിറ്റാണ്ടു മുമ്പ്.

ആ കഥ തുടങ്ങുന്നത് കേരളത്തിലെ എന്റെ മാതൃവിദ്യാലയത്തിൽ പോൾ എന്നു പേരുള്ള സഹപാഠിയിൽ. പത്താം ക്ലാസ് പരീക്ഷ അടുത്തു വന്നപ്പോൾ ഷെർലക് ഹോംസ് എന്റെ രാവുകളെ ത്രസിപ്പിക്കാൻ തുടങ്ങുന്നു.

(തുടരും)

Content Highlights: Sherlock Holmes | Arthur Conan Doyle | Literary World | Malayalam Literature | Manorama Online