സ്ക്വാഷ് കോർട്ടിലെ പ്രണയം, ജീവിതവും; ബുക്കർ തേടി ഇന്ത്യൻ–ഇംഗ്ലിഷ് താരം
Mail This Article
സ്ക്വാഷ് കോർട്ടിന്റെ മധ്യത്തിൽ നിങ്ങൾ എപ്പോഴെങ്കിലും നിന്നിട്ടുണ്ടോ? തൊട്ടപ്പുറത്തെ കോർട്ടിൽ നിന്നുള്ള ശബ്ദം മുഴങ്ങുമ്പോൾ. പന്ത് ശക്തമായി തറയിൽ കൊള്ളുന്ന ശബ്ദം കേട്ടുകൊണ്ട്. അതിന്റെ മുഴക്കം വീണ്ടും വീണ്ടും ചെവിയിൽ അലയടിക്കുന്നതറിഞ്ഞുകൊണ്ട്.
ഗുജറാത്തിൽ നിന്നു ലണ്ടനിലേക്കു കുടിയേറിയ ഇന്ത്യൻ കുടുംബത്തിലെ 11 വയസ്സുകാരി പെൺകുട്ടിയുടെ ചിന്തകളിലൂടെയാണ് വെസ്റ്റേൺ ലെയ്ൻ എന്ന നോവൽ തുടങ്ങുന്നത്. അവസാനിക്കുന്നതും. ചേതന മറൂ എന്ന ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരിയുടെ ആദ്യ നോവൽ. കൗമാര മനസ്സിന്റെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ കുടിയേറ്റ കുടുംബത്തിന്റെ സങ്കീർണ ബന്ധങ്ങളെ വിചാരണ ചെയ്യുന്ന നോവൽ ബുക്കർ സമ്മാനത്തിന്റെ ലോങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്. വീണ്ടുമൊരു ഇന്ത്യൻ കുടുംബകഥ രാജ്യാന്തര പുരസ്കാര പ്രഭയിൽ തിളങ്ങുകയാണ്.
സ്ക്വാഷ് കോർട്ടിൽ നിന്നാണ് നോവൽ തുടങ്ങുന്നത്. അവസാനിക്കുന്നതും. ആദ്യ അധ്യായത്തിൽ പിതാവിനൊപ്പം പരിശീലനം നടത്തുന്ന ഗോപി എന്ന പെൺകുട്ടിയെയാണ് കാണുന്നതെങ്കിൽ പ്രധാന ടൂർണമെന്റിൽ മത്സരിക്കാൻ തയാറെടുക്കുന്ന അതേ പെൺകുട്ടിയിൽ ഫോക്കസ് ചെയ്തുകൊണ്ട് കഥ തീരുന്നു.
മൂന്നു പെൺകുട്ടികളും പിതാവും. അമ്മ മരിച്ചതോടെ അവരുടെ വീട്ടിലും ജീവിതത്തിലും ഉരുണ്ടുകൂടുന്ന സംഘർഷങ്ങളിലൂടെയാണ് നോവൽ പുരോഗമിക്കുന്നത്. അമ്മ മരിക്കുമ്പോൾ എനിക്ക് 11 വയസ്സ്. ഖുഷിന് 13. മോനയ്ക്ക് 15... ഗോപി കഥ പറയുന്നു.
അമ്മയുടെ മരണത്തിനു മുമ്പും അവർ സ്ക്വാഷ് കളിക്കാറുണ്ടായിരുന്നു. ആഴ്ചയിലോ രണ്ടാഴ്ചയിൽ ഒരിക്കലോ മറ്റോ. എന്നാൽ മരണത്തെത്തുടർന്നുള്ള ദുഃഖാചരണം തീരുന്ന ദിവസം അമ്മായിയുടെ വീട്ടിൽ വച്ചാണ് തീരുമാനമുണ്ടായത്. പെൺകുട്ടികളുടെ സ്വാഭാവം നന്നാക്കാനും അച്ചടക്കം ഉണ്ടാകാനുമായി അമ്മായിയുടെ നിർദേശം പിന്തുടർന്ന് അച്ഛനാണ് തീരുമാനിച്ചത്. ദിവസം മൂന്നും നാലും മണിക്കൂറുകൾ നീളുന്ന പരിശീലനം.
കോർട്ടിന്റെ ഒരറ്റത്ത് അച്ഛൻ നിൽക്കുന്നു. മറുവശത്ത് ഗോപിയും. മകൾ സെർവ് ചെയ്യാൻ കാത്തുനിൽക്കുകയാണ് അച്ഛൻ. അദ്ദേഹം അധികമൊന്നും സംസാരിക്കാറില്ല. കയ്യിൽ റാക്കറ്റും പിടിച്ചുനിൽക്കുന്ന ഗോപി അനിശ്ചിതത്വത്തിലാണ്. സർവ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനമെടുക്കാതെ കുഴങ്ങുന്ന പെൺകുട്ടി.
വിദേശത്ത് കുടിയേറിയ ഇന്ത്യൻ കുടുംബത്തിന്റെ കഥയിലൂടെ ഒറ്റപ്പെടലും വിഷാദവും ലോകവുമായി പൊരുത്തപ്പെടാൻ പെൺകുട്ടി നടത്തുന്ന ശ്രമവുമാണ് ചേതന മറൂ പറയുന്നത്. എന്നാൽ ഇതാദ്യമായി സ്ക്വാഷ് കോർട്ടിനെ സാഹിത്യത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് മറൂ. കോർട്ടിലെ പോരാട്ടം ജീവിതം തന്നെയാകുന്നു. സ്ക്വാഷ് കളിയുടെ പദാവലിയിലൂടെയാണ് ഗോപിയുടെ കഥ മുന്നേറുന്നത്. പ്രണയം പോലും.
സമീപനത്തിലെ ഈ പുതുമയും ധീരതയുമാണ് ബുക്കർ രാജ്യാന്തര കമ്മിറ്റിയെപ്പോലും ആകർഷിച്ചതെന്നുവേണം അനുമാനിക്കാൻ. ചുരുക്കപ്പട്ടികയിലും പിന്നീട് പുരസ്കാര പ്രഖ്യാപനത്തിലും ഇടംപിടിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും ആദ്യ നോവലിലൂടെ ശ്രദ്ധേയയായിരിക്കുകയാണ് ചേതന മറൂ. ഒപ്പം ഒരിക്കൽക്കൂടി ഒരു ഇന്ത്യൻ കുടുംബകഥയും.
Content Highlights: Chetna Maroo | Booker Longlist | Western Lane | Booker Prize | Literature News | Manorama Online