ADVERTISEMENT

ഇനി പറയുന്നത് ആർതർ കോനൻ ഡോയൽ ഗ്രാമീണനായ ഒരു കൗമാരക്കാരനു നിർമിച്ചു നൽകിയ മായാപ്രപഞ്ചത്തിന്റെ കഥ. 

തൃശൂർ ജില്ലയിലെ കൃഷ്ണൻകോട്ടയാണ് എന്റെ സ്വദേശം. 1993, പത്താം ക്ലാസ് പരീക്ഷ വെറും രണ്ടു മാസം അകലെ. പൊയ്യ സ്കൂളിലെ സുഹൃത്ത് പോൾ ഏഴു ചെറുകഥകൾ അടങ്ങിയ ഒരു പുസ്തകം തരുന്നു. ഷെർലക് ഹോംസ് എന്ന പേര് രണ്ടു വർഷം മുമ്പേ കേട്ടിട്ടുണ്ട്, പക്ഷേ വായന തുടങ്ങിയില്ല. എന്നാൽ ഇപ്പോൾ വായിക്കാതിരിക്കാൻ വയ്യ. എസ്എസ്എൽസിക്ക് തയാറെടുക്കുന്ന നേരത്ത് ഇതെളുപ്പമല്ല. അന്നു പഠിച്ചവർക്കറിയാം. തല പോകുന്ന കേസാണ്, നല്ല മാർക്ക് കിട്ടിയില്ലെങ്കിൽ ജീവിതം അതോടെ തീർന്നു എന്നൊക്കെയാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ഭീഷണി. എന്തായാലും ഓരോ ദിവസത്തെയും പഠനം കഴിഞ്ഞ്, പാതിര നേരത്ത് ഹോംസിനെ വായിച്ചു തുടങ്ങി. രാവിൽ ആവേശം നുരഞ്ഞു പൊന്തി. കുറ്റാന്വേഷകൻ എന്നെ കീഴ്പെടുത്തി. പിന്നെ കഥ തുടങ്ങാനുള്ള കാത്തിരിപ്പായി. ഓരോ രാത്രിയിലും ഓരോന്ന്, ഏഴാമത്തെ രാത്രിയിൽ കലാശം - ഫൈനൽ പ്രോബ്ലം. ഹോംസിന്റെ മരണം വേദനിപ്പിച്ചു. തിരിച്ചുവരവ് ഉണ്ടെന്ന് പിന്നീടറിഞ്ഞു. പക്ഷേ ആ കഥ ഉടനെ കൈയ്യിൽ വന്നില്ല. അയൽനാടായ ആനാപ്പുഴയിലെ ആശാൻ സ്മാരക വായനശാലയിൽ അംഗമാകാനുള്ള പ്രചോദനം ഷെർലക് ഹോംസ്. ആദ്യമായി എടുത്ത പുസ്തകം 'ഭീതിയുടെ താഴ്‌വര'. 'സ്റ്റഡി ഇൻ സ്കാർലറ്റ്' കൊണ്ടു വന്നപ്പോൾ പഠനം മുറുകിയതിനാൽ വായന നടന്നില്ല. എന്നാൽ എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി അതുടനെ വായിച്ചു തീർത്തു. പരീക്ഷ കഴിഞ്ഞു ഫലം വരുന്നതിനു മുൻപുള്ള രണ്ടു മാസം ഞാൻ ആനാപ്പുഴ വായനശാലയിൽ മുഴുകി. ഡോയലിന്റെ കഥകളുടെ നല്ലൊരു ശേഖരം, കൂടെ അഗതാ ക്രിസ്റ്റിയും ജെയിംസ് ഹാഡ‍്‌ലി ചേസും മലയാളിയായ ശ്രീകാന്ത് വർമയും.

holmes-book

ഷേക്സ്പിയറെയും വിക്തോർ യൂഗോയെയും അലക്സാണ്ടർ ഡ്യൂമയെയും ഹോമറിനെയും തകഴിയെയും കേശവദേവിനെയും ബഷീറിനെയും എംടിയെയും വായിക്കുന്നുണ്ട്, എങ്കിലും ഹോംസിലാണ് പ്രധാന ശ്രദ്ധ.

ചോരക്കളം (A study in scarlet), പുള്ളിത്തലക്കെട്ട് (The speckled band), റീഗേറ്റിലെ കൊലപാതകം (The Reigate squire), നാവിക ഉടമ്പടി (The naval treaty), ചെമ്പൻ മുടിക്കാരുടെ സംഘം (The red headed league), നെപ്പോളിയന്റെ ആറ് തലകൾ (The six Napoleons), കാണാതായ ആൺകുട്ടി (The priory school), സസക്സിലെ രക്തരക്ഷസ് (The Sussex vampire), നീലരത്നക്കല്ല് (The adventure of the blue carbuncle), നർത്തകരുടെ ചിത്രങ്ങൾ (The dancing men), മസ്ഗ്രേവ് ചടങ്ങ് (The Musgrave ritual), അഞ്ച് ഓറഞ്ച് കുരുക്കൾ (Five orange pips), എൻജിനീയറുടെ വിരൽ (The engineer's thumb), തപാലിൽ വന്ന രണ്ട് ചെവികൾ (The adventure of the card board box) എന്നിങ്ങനെ രസിപ്പിച്ചതും ത്രസിപ്പിച്ചതുമായ കഥകളുടെ നീണ്ട നിര. 

എന്റെ ഗ്രാമത്തിലെ വൈകുന്നേരങ്ങളിൽ, മുറിയിലിരുന്ന് 'പുള്ളിത്തലക്കെട്ട്' വായിച്ച് ഇതിന്റെ അന്ത്യമെന്താകും എന്നോർത്ത് വലഞ്ഞ മണിക്കൂറുകൾ. ഇരയെ കാത്തിരിക്കുമ്പോൾ അകലെ ഓരോ മണിക്കൂർ ഇടവിട്ട് മുഴങ്ങുന്ന പള്ളിമണിക്ക് കാതോർത്ത് ഇരുട്ടിൽ തക്കം പാർക്കുന്ന വാട്സനും ഹോംസും. ഒരു തരത്തിലും ഊഹിക്കാൻ പറ്റാത്ത അവസാനം. കഥാന്ത്യത്തിൽ അപകടം ഒഴിവാക്കി വെളിച്ചം വിതറുന്ന കുറ്റാന്വേഷകൻ. 'നാൽവർ ചിഹ്നത്തിൽ' (The sign of four) ലണ്ടനിലെ തെംസ് നദിയിൽ, ആഗ്ര നിധി രഹസ്യത്തിന്റെ സൂക്ഷിപ്പുകാരൻ ജൊനാതൻ സ്മോളിനും ആൻഡമാൻ ദ്വീപ് നിവാസി ടോംഗയ്ക്കും പിന്നാലെ, ഹോംസും വാട്സനും സ്കോട്ട്ലൻഡ് യാർഡ് ഇൻസ്പെക്ടർ അതൽനി ജോൺസും കോൺസ്റ്റബിൾമാരും ചേർന്നു നടത്തുന്ന ബോട്ട് ചെയ്സ്. നരവേട്ട ഭാവനയിൽ സൃഷ്ടിക്കുന്ന എന്റെ സിരകളിൽ അഡ്രിനാലിൻ റഷ്. ജെയിംസ് ബോണ്ട് സിനിമയിലെ ചെയ്സിനു പോലും ആ അനുഭവം നൽകാനായിട്ടില്ല. 'ഭീതിയുടെ താഴ്‌വരയിലെ (The valley of fear) ജോൺ ഡഗ്ളസിന്റേയും, 'ചുവപ്പിൽ ഒരു പഠനത്തിലെ' (A study in scarlet) ജെഫേഴ്സൺ ഹോപ്പിന്റേയും കഴിഞ്ഞ കാലവും കഥയിൽ അവർക്ക് ഹോംസിനു തുല്യം നൽകിയ പ്രാധാന്യവും ഉജ്ജ്വലമായി. അമേരിക്കയിലെ പെൻസിൽവേനിയയിലെ വെർമിസാ താഴ്‌വരയിലും യുട്ടായിലെ ക്ഷാര മഹാസമതലത്തിലും (Salt lake plane) ഇംഗ്ലണ്ടിലെ ഡാർട്ട്മൂറിലെ ഗ്രിംപൻ ചതുപ്പിലും ഇന്ത്യയിലെ ആഗ്രയിലും ആൻഡമാനിലും മറഞ്ഞിരിക്കുന്ന നിഗൂഢത. ഭാവന ഇല്ലെങ്കിൽ ഭയമില്ല. അനേക വർഷങ്ങളായി എനിക്ക് പരന്ന വായനയുണ്ട്, പക്ഷേ ഹോംസ് കഥകൾ ആദ്യമായി അനുഭവിച്ചപ്പോഴുള്ള ആവേശ ഹർഷം മറ്റൊന്നിനും നൽകാൻ പറ്റിയിട്ടില്ല.

1993 ൽ പ്രീഡിഗ്രിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ചേർന്നു. അടുത്ത പ്രദേശക്കാരനും സുഹൃത്തുമായ ജോസഫ്, എന്നെപ്പോലെ ഷെർലക് പ്രേമിയായിരുന്നു. ഞാൻ വായിക്കാത്ത ചില കഥകൾ അവൻ കൊണ്ടു വന്നു. ആ പ്രായത്തിൽ അവൻ തുരുത്തിപ്പുറത്തെ ചാത്തേടം പുസ്തകശാലയുടെ കാര്യസ്ഥനായിരുന്നു. ഹോംസിന്റെ 56 കഥകളും 4 നോവലുമുള്ള ബാന്റം ബുക്ക്സിന്റെ പേപ്പർ ബാക്ക് എഡിഷൻ ജോസഫ് എന്നെ കാണിച്ചു. പിന്നീട് ഏതാനും കഥകൾ ഇരിങ്ങാലക്കുട ടൗൺ ഹാളിലെ ബുക്ക് ഫെയറിൽ കിട്ടി. ഒരെണ്ണം മാത്രം ബാക്കി- ഹോംസിന്റെ മടങ്ങിവരവ്. 'പരേതന്റെ തിരിച്ചു വരവ്'- മലയാള വിവർത്തകർ നൽകിയ പേര്. കുറ്റാന്വേഷണ കഥയെ സ്തോഭജനകമായി നാമകരണം ചെയ്യാൻ അവർ മിടുക്കർ. കോളജ് ലൈബ്രറിയിലെ ഒരു കഥാ സമാഹാരത്തിലൂടെ അവിചാരിതമായി ഹോംസ് എന്നിൽ മടങ്ങിയെത്തി (The empty house). അപസർപ്പകൻ ഇപ്പോൾ ലണ്ടനിൽ വീണ്ടും സജീവം, എന്റെ ഭാവനയിൽ അനശ്വരം.

arthurconan-doyle-sherlock-holmes-2-
Representative image. Photo Credit:Everett Collection/Shutterstock.com

വർഷങ്ങൾ കടന്നു പോയി. എൻജിനീയറിങ് പഠന വേളയിൽ വായന കുറഞ്ഞു, പഠിക്കാൻ ഏറെയുണ്ട്. രണ്ടായിരാമാണ്ടിൽ കോഴ്സ് കഴിഞ്ഞപ്പോൾ വീണ്ടും പഴയ ഗ്രാമീണ വായനശാലയിൽ. വായന വീണ്ടും തുടങ്ങി. വിശ്വസാഹിത്യത്തിലെ മഹാരഥന്മാർ. അടുത്ത വർഷം ഡിസി ബുക്സിന്റെ ഹോംസ് സമ്പൂർണ സമാഹാരം കരസ്ഥമാക്കി. കഥകളെപ്പോലെ രസകരമാണ് അവതാരിക. എഴുതിയത് പ്രഭാഷണ-നിരൂപണ കലയിലെ കുലപതി സുകുമാർ അഴീക്കോട്. ഹോംസിന്റെ കടുത്ത ആരാധകനാണെന്ന് തുറന്നു സമ്മതിക്കാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു. പുരാണത്തിലെ ഒരു കുറ്റാന്വേഷണ കഥ പറഞ്ഞു കൊണ്ടാണ് അഴീക്കോട് ലേഖനം ആരംഭിച്ചത് -  ഭാഗവതം, വിഷ്ണുപുരാണം, സ്യമന്തകം. സൂര്യദേവന്റെ സ്വന്തമാണ് ഈ അമൂല്യ രത്നം. ആപത്ത് തടയും, ഐശ്വര്യമുണ്ടാകും. യാദവ കുലത്തിലെ പ്രമുഖനും ഭക്തനുമായ സത്രാജിത്തിന് സൂര്യദേവൻ സ്യമന്തകം സമ്മാനിച്ചു. സത്രാജിത്ത് ദ്വാരകയിലേക്ക് മടങ്ങിയപ്പോൾ സ്യമന്തകം അയാളെ സൂര്യനെ പോലെ പ്രശോഭിപ്പിച്ചു, ആ രത്നം പലരും മോഹിച്ചു. യാദവനേതാവ് ഉഗ്രസേനനു രത്നം നൽകാൻ കൃഷ്ണൻ സത്രാജിത്തിനെ ഉപദേശിച്ചു. എന്നാൽ സത്രാജിത്ത് നിർദ്ദേശം നിരസിച്ച് സഹോദരനായ പ്രസേനനു നൽകി. സ്യമന്തകം ധരിച്ച് വേട്ടയ്ക്കു പോയ അയാൾ സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സിംഹം രത്നവുമായി കടന്നു കളഞ്ഞപ്പോൾ കരടികളുടെ രാജാവായ ജാംബവാന്റെ മുമ്പിൽ പെട്ടു. സിംഹത്തെ കൊന്ന് ജാംബവാൻ സ്യമന്തകം കൈക്കലാക്കി. ചിരഞ്ജീവിയായ ജാംബവാൻ രാമഭക്തൻ. 

പ്രസേനന്റെ മരണവാർത്ത അറിഞ്ഞ ദ്വാരകയിലെ ജനങ്ങൾ കൃഷ്ണനെ സംശയിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കൃഷ്ണന്റെ ചുമതലയായി. കൃഷ്ണൻ കൊലയാളിയെ തേടി പുറപ്പെട്ടു. സംഭവസ്ഥലത്ത് സത്രാജിത്തിന്റേയും കുതിരയുടേയും ജഡം കണ്ടു. പരിസരം പരിശോധിച്ചു (ഇന്ത്യൻ മിത്തോളജിയിൽ എഴുതപ്പെട്ട ആദ്യത്തെ ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ). നിലത്ത് സിംഹത്തിന്റെ രോമവും പല്ലുകളും. കാലടിപ്പാടുകളെ പിന്തുടർന്ന കൃഷ്ണൻ രണ്ടാമത്തെ പോരാട്ടം നടന്ന സ്ഥലത്തെത്തി. അവിടെ സിംഹത്തിന്റെ ജഡം, അരികിൽ വലിയൊരു കരടിയുടെ കാലടികൾ. അവയെ പിന്തുടർന്ന കൃഷ്ണൻ ജാംബവാന്റെ ഗുഹയിലെത്തിയപ്പോൾ, കുട്ടികൾ രത്നവുമായി കളിക്കുന്നു. സ്യമന്തകം വീണ്ടെടുക്കാൻ ജാംബവാനെ പോരിനു വിളിച്ചു. ഇരുപത്തെട്ട് ദിവസം നീണ്ട പോരിന്റെ അന്ത്യത്തിൽ എതിരാളി തന്റെ സ്വാമി രാമൻ തന്നെയാണെന്ന് ജാംബവാന് ഉൾവിളിയുണ്ടായി. യുദ്ധം നിർത്തി രത്നം കൃഷ്ണനു നൽകി. തുടർന്ന് കൃഷ്ണൻ എതിരാളിയുടെ മകൾ ജാംബവതിയെ വിവാഹം ചെയ്തു.

കുറ്റം ചെയ്തത് ആരെന്ന് കണ്ടെത്താനുള്ള ത്വര മനുഷ്യപ്രകൃതവും പ്രാചീനവുമാണെന്നു സ്ഥാപിക്കാനാണ് സുകുമാർ അഴീക്കോട് ഈ കഥ പറഞ്ഞത്. കഥ കേൾക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അത് കുറ്റാന്വേഷക കഥയെങ്കിൽ പ്രത്യേകിച്ചും. വളരെ വൈകിയെങ്കിലും ഹോംസ് കഥകളുടെ ഒരു സമാഹാരം മലയാളത്തിൽ വന്നതിൽ അദ്ദേഹം ആഹ്ലാദിക്കുന്നു, വൈകിയതിൽ പരിപതിക്കുന്നുമുണ്ട്. മലയാളത്തിലെ മികച്ച എഴുത്തുകാർക്ക് ഹോംസ് കൃതികളുമായി ബന്ധമുണ്ടായിരുന്നില്ല, അതിനാൽ മികച്ച പരിഭാഷകൾ ഉണ്ടായില്ല. വായിച്ചിട്ടില്ലെന്നു പറയാൻ കഴിയില്ല, പക്ഷേ തുറന്നു സമ്മതിക്കില്ല. അന്ന് ജനപ്രിയ സാഹിത്യം പ്രിയമാണെന്ന് പറയുന്നത് മോശമായി കരുതുന്നവർ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. ആർതർ കോനൻ ഡോയൽ എഴുതിത്തുടങ്ങിയ കാലത്ത്, ഡിറ്റക്ടീവ് കഥകളും ക്രൈം ഫിക്‌ഷനും സാഹിത്യത്തിന്റെ പിന്നാമ്പുറത്തായിരുന്നു. തന്റെ ബുദ്ധിരാക്ഷസനായ കുറ്റാന്വേഷകനിലൂടെ ആ സാഹിത്യരൂപത്തെ വീണ്ടെടുത്ത് മുഖ്യധാരയിൽ ഇരിപ്പിടം നൽകി. പക്ഷേ അന്ന് ഡോയൽ പോലും അതിന്റെ മൂല്യം അറിഞ്ഞില്ല. അതിനാൽ ഇതിലും മികച്ചതെന്നു കരുതിയ ചരിത്ര നോവലുകളും വീരകഥകളും രചിക്കാൻ മാനസപുത്രനെ നിഗ്രഹിക്കാൻ തുനിഞ്ഞു. ഡോയലിന്റെ മലയാള വിവർത്തകരിൽ മുൻനിര സാഹിത്യകാരൻ ഒരാൾ മാത്രമാണ്. ‘മഞ്ഞമുഖം’ പരിഭാഷ ചെയ്ത മലയാറ്റൂർ രാമകൃഷ്ണൻ. മറ്റെല്ലാ കഥകളും ‘പൈങ്കിളി’ എന്ന് മുദ്രകുത്തിയ എഴുത്തുകാരാണ് പരിഭാഷ ചെയ്തത് (മുട്ടത്തുവർക്കി, ഗീതാലയം ഗീതാകൃഷ്ണൻ തുടങ്ങിയവർ). പിഴവുകൾ ഉണ്ടായിരുന്നു, പക്ഷേ അവർ മലയാള സാഹിത്യത്തിനു നൽകിയ സംഭാവന ചെറുതല്ല. നന്നേ ചെറുപ്പത്തിലേ അനേകർക്ക് ഹോംസിനെ മാതൃഭാഷയിൽ വായിക്കാൻ കഴിഞ്ഞു, അവർ കാലദേശാതീതമായ ഒരു പ്രതിഭാസത്തിന്റെ ഭാഗമായി.

Sherlock-Holmes
Representative image. Photo Credit: OSTILL/istockphoto.com

ഒടുങ്ങാത്ത സമസ്യകളിൽ മുഴുകുന്ന ഭ്രാന്തൻ ഗവേഷകരെ കുറിച്ചും അഴീക്കോട് എഴുതി. ഷെർലക് ഹോംസ് ഐറിൻ ആഡ്‌ലറെ വിവാഹം ചെയ്തോ? കഥയിൽ വിവരിക്കുന്ന സ്ഥലങ്ങൾക്കു പിന്നിൽ മറ്റു നിഗൂഢതകൾ ഉണ്ടോ? വാട്സൻ എത്ര വിവാഹം കഴിച്ചു? മൊറിയാർട്ടി ഹോംസിന്റെ പഴയ പ്രഫസർ അല്ലേ? ഇനി വാട്സനാണോ 'യഥാർഥ' ഹോംസ്? രസികൻ ചോദ്യങ്ങൾ, ഒരിക്കലും ജീവിച്ചിരിക്കാത്ത ഒരാളെപ്പറ്റി. അവർ ഒരു കാര്യം കൂടി ‘കണ്ടെത്തി’. ഡോയലിന്റെ മരണത്തിനു ശേഷം 33 വർഷം ഹോംസ് ‘ജീവിച്ചിരുന്നു’, 103 വയസ്സ് വരെ. ഡോയൽ വിട പറയുമ്പോൾ വയസ്സ് 71, അപ്പോൾ ഹോംസിന് എഴുപത്, നിത്യഹരിതനായി ജീവിതം തുടർന്നു. അഴീക്കോട് പറയുന്നു: 1961-ൽ ഈയുള്ളവന് 34 വയസ്സുള്ള സമയത്താണ് ഹോംസിന് 100 വയസ്സ് തികഞ്ഞത്. ഇതറിഞ്ഞിരുന്നെങ്കിൽ, കപ്പലിൽ ‘കള്ളവണ്ടി’ കയറിയെങ്കിലും ഞാൻ ഇംഗ്ലണ്ടിൽ ചെന്ന് അങ്ങേരെ കണ്ട് വണങ്ങിയേനെ!

ഹോംസിന്റെ ജീവിതത്തിലെ വിട്ടുപോയ കണ്ണികൾ പൂരിപ്പിക്കാൻ ശ്രമിച്ചവരുണ്ട്. റെയ്ക്കൻബാക്കിനു ശേഷമുള്ള അജ്ഞാത വാസകാലത്ത്, ഹോംസ് ടിബറ്റിൽ ജീവിച്ചതായി വാട്സൻ പറയുന്നു. ഈ അവസരത്തിൽ ഹോംസ് അന്വേഷിക്കുന്ന ഒരു കേസുണ്ട് (The mandala of Sherlock Holmes, 1999). മലയാള നോവൽ ശാഖ പുരോഗതി നേടാൻ തുടങ്ങിയ സമയത്ത്, ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ ചിലർ എഴുതിയ കുറ്റാന്വേഷണ കൃതികളും അഴീക്കോട് വിഷയമാക്കുന്നു. വിവർത്തനമല്ല, പരിവർത്തനം. ഡോയലിന്റെ കഥകൾ മലയാളീകരിച്ച് സ്വന്തം പേരിൽ ഇറക്കി. ‘ഉളിപിടിച്ച കൈ’ എന്ന നോവലെഴുതിയ അപ്പൻ തമ്പുരാന്റെ ഈ കടുംകൈ, നിരൂപകനു പോലും മനസ്സിലായില്ല, കാരണം അയാൾ ഡോയലിനെ വായിച്ചിട്ടില്ല. മറ്റൊരു വിദ്വാൻ സ്വന്തം നോവലിലെ കുറ്റാന്വേഷകനു നൽകിയ പേര് ശ്രദ്ധേയം - സ്വർലോക ഹംസൻ! കഥ കോപ്പിയടിയാണെന്ന് പറയേണ്ടതില്ല.

sherlock-books

ഇംഗ്ലിഷ് ഭാഷയിൽ സ്വാധീനം വർധിച്ചപ്പോൾ ഞാൻ ഹോംസിന്റെ ഇംഗ്ലിഷ് സമ്പൂർണം വാങ്ങി. കോനൻ ഡോയലിന്റെ ഭാഷ ശക്തമാണ്, പക്ഷേ കഥയെല്ലാം അറിയാവുന്നതിനാൽ ആവേശം കുറഞ്ഞു, എന്നാൽ പുതിയൊരു കലക്‌ഷൻ കണ്ടാൽ വീണ്ടും വാങ്ങുമെന്നായി. എന്റെ സ്വന്തം ലൈബ്രറിയിലെ ഹോംസ് ഗ്രന്ഥങ്ങൾക്ക് മറ്റു വായനക്കാരുണ്ടായി. അധ്യാപകനായപ്പോൾ ഞാൻ ഹോംസിനെ വിദ്യാർഥികൾക്കു നൽകി. ഓരോ ദിവസവും ഓരോ കഥ പറയും. ക്രമമായി പുനർനിർമിക്കാൻ ആവശ്യപ്പെടും, ഒരു പിഴവ് പോലുമില്ലാതെ അവരത് ചെയ്യും. പഴകുന്തോറും വീഞ്ഞിനു വീര്യം കൂടുകയായിരുന്നു. 2004-ൽ ലണ്ടനിലേക്ക് ഒരു കത്തയച്ചു. 221ബി, ബേക്കർ സ്ട്രീറ്റ് എന്ന വിലാസത്തിൽ ഓരോ വർഷവും ആയിരക്കണക്കിനു കത്തുകൾ വരും. അതിനെല്ലാം ബേക്കർ സ്ട്രീറ്റ് മ്യൂസിയം സ്റ്റാഫ് മറുപടി അയയ്ക്കും. ഹോംസ് നൽകിയ വായനാനുഭവം ഉണ്ടാക്കിയ സ്വാധീനവും വർണിച്ചാണ് എന്റെ കത്ത്. മറുപടി പ്രതീക്ഷിച്ചില്ല. പക്ഷേ ഡിസംബറിൽ എന്നെ ഞെട്ടിച്ചു കൊണ്ട് അതു വന്നു. ലണ്ടനിൽനിന്നു ഹോംസിന്റെ സെക്രട്ടറി എഴുതുന്നു: ‘‘ഹോംസ് തിരക്കിലാണ്, അതിനാൽ ആശംസകൾ അറിയിക്കാൻ തന്നെ ഏൽപിച്ചിരിക്കുന്നു.’’ കാലമേറെ കഴിഞ്ഞെങ്കിലും ഹോംസിന്റെ രീതികൾ ഇപ്പോഴും പ്രസക്തം. എന്നെങ്കിലും ലണ്ടൻ നഗരം സന്ദർശിക്കുമ്പോൾ ബേക്കർ സ്ട്രീറ്റിലെത്തി ഹോംസിനെ കാണുക! അകമ്പടിയോടെ ഹോംസ് പൈപ്പ് വലിക്കുന്ന സിലുവെറ്റ് (Silhouette) ആലേഖനം ചെയ്ത രണ്ട് സ്റ്റിക്കർ. ഷെർലക് ഹോംസ്, കൺസൽറ്റിങ് ഡിറ്റക്ടീവ് എന്നെഴുതിയ ബിസിനസ് കാർഡ്. ആനന്ദ ലഹരി! ഇതിലധികം എന്തുവേണം?

ലണ്ടനിൽ പോകുന്നത് ഒരിക്കലും നടക്കാത്ത സ്വപ്നം പോലെ തോന്നി. പക്ഷേ വഴികൾ തെളിയുകയായിരുന്നു, ചിന്തയുടെ ചക്രവാളം വികസിച്ചു. മൂന്നു വർഷം കഴിഞ്ഞ് 2007 ൽ എംബിഎ പഠിക്കാൻ അയർലൻഡിൽ. ലണ്ടൻ വെറും അഞ്ഞൂറ് കിലോമീറ്റർ അകലെ. പക്ഷേ യാത്ര ഉടൻ സാധ്യമല്ല. പകരമായി ഡബ്ലിൻ നഗരത്തിൽ ഹോംസിന്റെ ദിനങ്ങളെ ഓർമിപ്പിക്കുന്ന ഇടങ്ങൾ തേടി പോയി. ലണ്ടൻ നഗരവുമായി വാസ്തുവിദ്യയിൽ ചില സമാനതകളുണ്ട്. ലണ്ടനിൽ ഹോംസും വാട്സനും ജീവിച്ചിരുന്ന, ഉയർത്തി വയ്ക്കുന്ന ജാലകങ്ങളുള്ള, ജോർജിയൻ ശൈലിയിലെ രണ്ടുനില കെട്ടിടങ്ങൾ ഡബ്ലിനിൽ കണ്ടെത്തി. നൂറു വർഷം പിന്നിലേക്കു പോയതു പോലെ. 2009 ൽ പാരിസും സൂറിക്കും റോമും വെനീസും സന്ദർശിച്ചു, പക്ഷേ ലണ്ടനിൽ പോയി ഹോംസിനെ കാണാനുള്ള ആഗ്രഹം നടന്നില്ല. എല്ലാ കഥകളും വായിച്ചു കഴിഞ്ഞതിനാൽ, ഡോയലിനെ അനുകരിച്ച് ഹോംസിനെ കഥാപാത്രമാക്കി മറ്റുള്ളവർ എഴുതിയ കഥകളുടെ ശേഖരം വാങ്ങി (Pastiche). ജെറെമി ബ്രെട്ട് അപസർപ്പക വേഷം ചെയ്ത, ഗ്രനഡ ടെലിവിഷന്റെ പ്രസിദ്ധമായ പരമ്പരയുടെ ഡിവിഡികൾ വൻവിലയ്ക്ക് കരസ്ഥമാക്കി. രാത്രിയിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ലണ്ടനിലെ കല്ലുവിരിച്ച നനഞ്ഞ തെരുവിൽ ഹാൻസം ക്യാബിലേറി കുറ്റവാളികൾക്കു പിന്നാലെ പാഞ്ഞു. സിഡ്നി പേജറ്റ് വരച്ച ഒറിജിനൽ ചിത്രങ്ങളുള്ള മറ്റൊരു ഹോംസ് കലക്‌ഷനും ഇതിനിടയിൽ സ്വന്തം. എംബിഎ ഗവേഷണ തീസിസിന്റെ ആമുഖത്തിൽ അന്വേഷകന് ഉപചാരം അർപ്പിച്ചു (It's a capital mistake to theorize without data).

തുടർന്നുള്ള വർഷങ്ങളിൽ ഹോംസിയൻ  സെൽഫ് ഹെൽപ്/സൈക്കോളജി പുസ്തകങ്ങളും കൈയ്യിലായി (How to think like Sherlock Holmes, Success secrets from Sherlock Holmes, The mastermind, The great sleuth). പിന്നീട് കാനഡയിൽ കുടിയേറി. ഷെർലക് ഹോംസുമായുള്ള ബന്ധം വിട്ടില്ല. നാട്ടിലേക്കുള്ള വരവിൽ പതിനൊന്നു തവണ ലണ്ടൻ വഴി ട്രാൻസിറ്റ്. വിമാനം റദ്ദായപ്പോൾ ഒരൊറ്റ രാത്രി നഗരത്തിൽ തങ്ങിയതൊഴികെ നീണ്ട സഞ്ചാരം സാധ്യമായില്ല. വരുന്ന ജനുവരിയിലെ മടക്കയാത്രയിൽ ആ കുറവ് നികത്താനുള്ള പദ്ധതി മെനയുകയാണ്. (Sherlock, we have some unfinished business in London!). ഇതൊരു ചെറിയ ട്രിപ്പാകും. മറ്റൊരിക്കൽ വേനലിൽ മരതക ദ്വീപിൽ ഇറങ്ങണം. ലണ്ടനിലും എഡിൻബറയിലുമുള്ള, കോനൻ ഡോയൽ ട്രെയിൽ പിന്തുടരണം. ഷേക്സ്പിയറുടെ ജന്മ ഗേഹമായ സ്ട്രാറ്റ്ഫഡ്-അപ്പൺ-എവൺ, വില്യം വേർഡ്സ് വർത്തിനും സാമുവൽ ടെയ്‌ലർ കോളറിഡ്ജിനും ബിയാട്രിസ് പോട്ടറിനും പ്രചോദനമായ ലെയ്ക് ഡിസ്ട്രിക്ട്, വില്യം വാലസിന്റെ സ്കോട്ട്ലൻഡ്- ബക്കറ്റ് ലിസ്റ്റ് ഇനിയും നീളും.

എന്തുകൊണ്ട് നമുക്ക് അന്വേഷകരായിക്കൂടാ? 'ചുവപ്പിൽ ഒരു പഠനത്തിൽ' ഡോയൽ എഴുതി: “There is a scarlet thread of murder running through the colorless skein of life, and our duty is to unravel it, isolate it, and expose every inch of it.” ഈ പ്രപഞ്ചം ഒരു നിഗൂഢതയാണ്. നാം എവിടെനിന്നു വന്നു, എവിടേക്കു പോകുന്നു,

യഥാർഥത്തിൽ നാം ആര്, നമ്മുടെ അസ്തിത്വമെന്ത്- എല്ലാം ഒരു പ്രഹേളിക. അന്വേഷിക്കുന്നവർ അൽപമെങ്കിലും കണ്ടെത്തും. ചുറ്റുമുള്ള ലോകവും നിഗൂഢം- സംഭവങ്ങൾ, വ്യക്തികൾ, സ്ഥലങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ - ഒന്നും പുറമേ കാണുന്ന പോലെയല്ല; അതിനപ്പുറം പലതും മറച്ചു വയ്ക്കുന്ന, മറ്റെന്തോ ആഴങ്ങളുള്ള സാമൂഹിക വ്യവഹാരങ്ങൾ. പരസ്പര ബന്ധമില്ലെന്നു കരുതുന്ന സംഭവങ്ങളിൽ അന്തർധാരകൾ. ഭരണാധികാരികൾ നൽകുന്നത് പൊള്ളയായ വാഗ്ദാനങ്ങൾ. വിദഗ്ധർക്കും ആക്ടിവിസ്റ്റുകൾക്കും അവരുടേതായ അജൻഡകൾ. ലാഭം മാത്രം ലക്ഷ്യമിടുന്ന കോർപറേറ്റുകൾ, ഹൃദയമില്ലാത്ത ശാസ്ത്രം, ധാർമികതയില്ലാത്ത മതം.... ഇഹലോകത്ത് അതിജീവിക്കാൻ ചിന്തയിൽ കുറ്റാന്വേഷകന്റെ ചടുലത വേണം. നിരീക്ഷണം തന്നിലേക്കുമാകാം; മനസ്സിനെ, ആത്മസത്തയെ അറിയാൻ ശ്രമിക്കാം, അറിഞ്ഞതിനെ സ്വാംശീകരിക്കാം. തുളച്ചു കയറുന്ന ചിന്താരീതിയും സത്യാന്വേഷണത്തിന്റെ ഫലമായ ജ്ഞാനവും ആ വിക്ടോറിയൻ ഡിറ്റക്ടീവിന്റെ സഹവാസത്തിലൂടെ നാം നേടിയേക്കാം. അയാളുടെ വ്യവഹാരം പദാർഥ ലോകത്തായിരുന്നു. പക്ഷേ നിലയ്ക്കാത്ത സ്വാധീനം മനസ്സിലെ അജ്ഞാത ലോകങ്ങളെ തേടാൻ അന്വേഷിയെ പ്രാപ്തനാക്കുന്നു.

Reference:

1. ഷെർലക് ഹോംസ് സമ്പൂർണം, ഡിസി ബുക്സ്, 2011.

2. The complete Sherlock Holmes, Bantom Books, New York,1986.

3. The great detective: The amazing rise and Immortal life of Sherlock Holmes, Zach Dundas, 2015.

4. Sherlock Holmes: An unauthorised biography, Nick Dennison, Atlantic Books, 2005.

5. Mastermind: How to think like Sherlock Holmes, Maria Konnikova, 2014.

6. Sherlock Holmes against Conan Doyle, Documentary, Emmanuelle Nobecourt, 2017.

7. The man who murdered Sherlock Holmes, Documentary, Richard Jones, 2010.

8. Granada TV Sherlock Holmes Series, 1984.

9. Guy Richie's Sherlock Holmes, 2009, 2012.

10. BBC Sherlock, 2010-17

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com