ലാക്ദാസ വിക്രമസിംഗെ: നമ്മൾ അറിയാതെ പോയ ശ്രീലങ്കൻ കവി
Mail This Article
പ്രിയ സുഹൃത്തേ,
മൈക്കിൾ ഒൺഡാട്ജി താങ്കളുടെ പ്രിയപ്പെട്ട എഴുത്തുകാരനായതിനാൽ ഒൺഡാട്ജിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഈ കത്ത് എഴുതുന്നതിൽ ഏറെ സന്തോഷമുണ്ട്. ഒന്നുമില്ലായ്മയിൽനിന്നു പോലും അദ്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന ഒൺഡാട്ജിയുടെ രചനാമാന്ത്രികതയെക്കുറിച്ച് എത്രയോ വട്ടം താങ്കൾ അമ്പരപ്പോടെ സംസാരിച്ചിരിക്കുന്നു. ഇത്രനാളും ലോകത്തിലെ വലിയൊരു വിഭാഗം വായനക്കാർക്ക് അപരിചിതനായ ലാക്ദാസ വിക്രമസിംഗെ എന്ന കവിക്ക് നൽകുന്ന ഏറ്റവും ശ്രേഷ്ഠമായ സ്മാരകമാവും ഒൺഡാട്ജിയും അപർണ ഹാൽപെയും എഡിറ്റ് ചെയ്ത ഈ കാവ്യസമാഹരം. ഒൺഡാട്ജി എന്ന നാമം ഏതൊരു വായനക്കാരനെയും കാന്തക്കല്ലുപോലെ അടുപ്പിക്കുമെന്നതിനാൽ ബഹുവിധ ജനതകളിലേക്ക് ലാക്ദാസ ആദരവോടെ സ്വീകരിക്കപ്പെടുന്നതിൽ സംശയമേതുമേയില്ല.
നീണ്ടകാലം ശ്രീലങ്കയ്ക്കു പുറത്ത് താമസിച്ച ഒൺഡാട്ജി മുപ്പതാം വയസ്സിലാണ് ജന്മദേശത്തേക്ക് മടങ്ങിയെത്തുന്നത്. ആ കാലത്തുതന്നെ ലാക്ദാസ എന്ന കവിയെക്കുറിച്ച് ഒൺഡാട്ജി കേട്ടിരുന്നുവെങ്കിലും അത്രയൊന്നും സമഗ്രമായി അറിഞ്ഞിരുന്നില്ല. പേരോദനിയ യൂണിവേഴ്സിറ്റിയിലെ ലൈബ്രേറിയനായ ഇയാൻ ഗുണതിലകയാണ് ലാക്ദാസയുടെ കവിതകൾ ഒൺഡാട്ജിക്ക് പരിചയപ്പെടുത്തുന്നത്. മാത്രവുമല്ല, ഒൺഡാട്ജി പഠിച്ചിരുന്ന മൗണ്ട് ലവീനിയ സെന്റ് തോമസ് സ്കൂളിലാണ് ലക്ദാസയും പഠിച്ചിരുന്നതെന്നും ഇയാൻ പറഞ്ഞു. ഒൺഡാട്ജിയേക്കാൾ പത്തു വയസ്സ് പ്രായക്കൂടുതലുണ്ടായിരുന്ന ലാക്ദാസ ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ മുപ്പത്തിയേഴാം വയസ്സിൽ മുങ്ങി മരിച്ചതും ഇയാനിൽ നിന്നുമാണറിയുന്നത്.
ലാക്ദാസയുടെ കവിതകൾ വായിച്ചു തുടങ്ങിയതോടെ ഒൺഡാട്ജിക്ക് ആ കവിതകളെല്ലാം പ്രിയപ്പെട്ടതായി മാറി. രചനാകൗശലവും വഴിമാറി നടക്കലും പുരോഗമനതീവ്രവാദവും അനൗപചാരികതയുമെല്ലാം ലാക്ദാസ കവിതകളുടെ സവിശേഷതയായി ഒൺഡാട്ജിക്ക് അനുഭവപ്പെട്ടു. ഈ കാവ്യങ്ങളെ തേജോമയം അസ്വസ്ഥം കാവ്യാത്മകം എന്നാണ് ഒൺഡാട്ജി വിശേഷിപ്പിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ ശ്രീലങ്കയിലെ കാവ്യജീവിതത്തെ സ്വാധീനിച്ച കവിയാണ് ലാക്ദാസ. ഒരു വിഗ്രഹഭഞ്ജകനായാണ് ലാക്ദാസ തന്നെത്തന്നെ കണ്ടിരുന്നത്. ബുദ്ധദേശീയതയിലേക്ക് പരിവർത്തിക്കപ്പെട്ട ശ്രീലങ്കയിൽ സിംഹള ക്രിസ്ത്യൻ വിഭാഗം ഓരം ചേർക്കപ്പെട്ടു. തെക്കു നിന്നുള്ള സിംഹള ക്രിസ്ത്യൻ എന്ന ബോധം എഴുത്തിലുടനീളമുണ്ടായിരുന്നു. ഇംഗ്ലിഷിലും സിംഹളയിലും കവിതകളെഴുതിയിരുന്നു. 1965-നും 1977 നുമിടയിൽ എട്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. സ്വന്തം വംശാവലി, പ്രാദേശികവും വൈദേശികവുമായ ചരിത്രം ഇവയിലെ താൽപര്യം കവിതകളിൽ തെളിഞ്ഞു കാണാം. കവിതകളാവട്ടെ ശ്രീലങ്കയിലെ വായനാവൃത്തങ്ങളിൽ മാത്രമായി പരിമിതപ്പെട്ടു. യൂണിവേഴ്സിറ്റി അധ്യാപകനായ ലാക്ദാസിന്റെ ലോകം ബുദ്ധിജീവികളും കലാകാരന്മാരും ആക്ടിവിസ്റ്റുകളുമായി ചുറ്റപ്പെട്ടതായിരുന്നു. ശ്രീലങ്കൻ പെയിന്ററായ ദെരണിശാല മരിച്ചപ്പോൾ അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലാക്ദാസ ആ ഓർമകൾക്കായി ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ലണ്ടനിലും പാരിസിലും ചിത്രരചന പഠിച്ച ദെരണിശാലയെ, ലോകത്തിന് ഏഷ്യ സംഭാവന ചെയ്ത ഏറ്റവും വലിയ ആധുനിക ചിത്രകാരനായാണ് ലാക്ദാസ കണ്ടത്. എന്നാൽ അതേസമയം അദ്ദേഹത്തിന്റെ ദന്തഗോപുര ജീവിതത്തെ ഏറെ വിഷമത്തോടെ ലാക്ദാസ അപലപിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാർഥികളുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു ലാക്ദാസ. രഹസ്യമായി അന്ന് രൂപം കൊണ്ടിരുന്ന റാഡിക്കൽ ലെഫ്റ്റിനോട് അനുഭാവം പുലർത്തിയിരുന്ന കവിയിൽ തന്റെ തെക്കൻ സിംഹള ഫ്യൂഡൽ പാരമ്പര്യത്തോട് സങ്കീർണമായൊരു വൈകാരിക ബന്ധവും ഉണ്ടായിരുന്നു. ബ്രിട്ടിഷ് കൊളോണിയൽ കാലത്ത് ജീവിക്കേണ്ടി വന്ന ഒരാൾ താൻ എഴുതുന്ന ഭാഷ ഇംഗ്ലിഷിലാവുമ്പോൾ നേരിടേണ്ടി വന്ന ചില ചിന്താക്കുഴപ്പങ്ങളെ ലാക്ദാസയും നേരിട്ടിരുന്നു: ‘‘ഭൂമിയിലെ ഏറ്റവും നിന്ദ്യരും വെറുപ്പുളവാക്കുന്നവരുമായ ആളുകളുടെ ഭാഷയാണ് ഞാൻ ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കുന്നു. ഇംഗ്ലിഷിൽ എഴുതുന്നത് ഒരുതരം സാംസ്കാരിക വഞ്ചനയാണ്. ഈ വഞ്ചനയെ മറികടക്കാനുള്ള ഒരു മാർഗം ഭാവിയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു; എന്റെ എഴുത്ത് പൂർണ്ണമായും അധാർമികവും വിനാശകരവുമാക്കിക്കൊണ്ടു വേണം ഇത് ചെയ്യാനെന്നാണ് എന്റെ തീരുമാനം.’’
കെനിയൻ എഴുത്തുകാരനായ ഗൂഗി വാ തിയോംഗോ ഇംഗ്ലിഷ് ഭാഷ ഉപേക്ഷിക്കുകയും തായ്മൊഴിയായ ഗികുയു സ്വീകരിക്കുകയും ചെയ്തതുപോലെ ലാക്ദാസയുടെ ആഗ്രഹത്തിലേക്ക് എത്തിച്ചേരുവാൻ മരണം സമ്മതിച്ചില്ല. കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സ്വന്തം ഭാഷയിലേക്ക്കുള്ള തിരിച്ചു വരവിനെ തിയോംഗോയെപ്പോലുള്ളവർ കാണുന്നത്. ഇന്ന് ലാക്ദാസയുടെ കവിതകൾ നമുക്ക് വായിക്കുവാൻ സഹായകമായ മാധ്യമമായി മാറുന്നതോ? ഇംഗ്ലിഷും! ഇതുകൊണ്ട് അദ്ദേഹത്തിന്റെ, അല്ലെങ്കിൽ തായ്മൊഴിക്കായുള്ള പോരാട്ടത്തെ ഒട്ടുമേ പരിഹസിക്കുകയല്ല ചെയ്യുന്നത്. ഏതു ഭാഷയെയും ശ്രേഷ്ഠമായി കാണുവാൻ കഴിയുന്ന വിധം പരിപാകത നേടുന്നതിലൂടെയാവാം മനുഷ്യവർഗ്ഗം സംസ്ക്കാരത്തിന്റെ മഹാശൃംഗത്തോളം ഉയരം വയ്ക്കുക.
ഒരേ അച്ചിൽ തീർത്തവയല്ല ലാക്ദാസയുടെ കവിതകൾ. വ്യത്യസ്തമായ കാവ്യരൂപങ്ങൾ അന്വേഷിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. ആധുനികവും സർറിയലുമായ പരീക്ഷണങ്ങൾ ലാക്ദാസയുടെ രചനകളുടെ സവിശേഷതയായി കാണാം. 'കുട' എന്ന ഈ കവിത സർറിയൽ എന്ന് വ്യക്തമാവും വിധമുള്ളൊരു ഉദാഹരണമാണ്:
മരണത്തിനു കീഴിലെ
വൃദ്ധനെപ്പോൽ
മഴയിൽച്ചുരുങ്ങി
കറുത്തയങ്കിയിൽ
ഇരുമ്പുകമ്പികളിൽത്തീർത്തൊരു
വൃദ്ധൻ
പെരുവഴിയിൽ സൂര്യനു താഴെ
നക്കിത്തുടയ്ക്കുന്നു.
വെയിലിനു കീഴിലെ കുടയുടെ ഈ ദൃശ്യത്തെ എട്ട് വരികളിലേക്ക് ചുരുക്കുന്നതിലല്ല, അത് വായനക്കാരുടെ ഉള്ളിലേക്ക് സംഭ്രമിപ്പിക്കും നിലയിൽ വിടർത്തുന്നതിലുള്ള മിടുക്കാണ് ഈ കവിയെ കാവ്യവൃക്ഷത്തിലെ നിപതിക്കാത്തവിധം ബലമുള്ളൊരു ശിഖരമാക്കുന്നത്. സർറിയൽ സ്വഭാവമുള്ള മറ്റൊരു കവിത ഇതാണ്:
പാതിരാത്രി രണ്ട് പേർക്കുള്ളതാണ് :
എനിക്കും പിന്നെ എനിക്കും
എന്നാൽ പകലിന്റെ പകുതിയെ ഉച്ച എന്നാണ് വിളിക്കുക :
ചൂടുവായുവിന്റെ ഓർമകളും പേറി,
ഉച്ചമയക്കത്തിൽ സ്വപ്നം കാണുന്നു .
നീണ്ട കത്തിയുമായി ഒറ്റയ്ക്ക് ഉറങ്ങുന്നു. (പാതി)
മറ്റൊരു കവിത നോക്കൂ, പരിഹാസത്തിന്റെ മൂർച്ച ഒട്ടുമേ കുറവില്ല ഇതിൽ:
അവർ എന്റെ പൃഷ്ഠത്തിൽ ചുംബിക്കുമ്പോൾ, ഓ കാവ്യദേവതേ
എന്നെ സ്തുതികളിൽ നിന്ന് കാത്തുകൊൾക (ദ് ബ്രിട്ടിഷ് കൗൺസിൽ)
പതിനാറാം നൂറ്റാണ്ടിൽ സീതവാക സാമാജ്യത്തിലുണ്ടായിരുന്ന ബുദ്ധമതാനുയായിയായ കവിയായിരുന്നു അലിയഗവാന മുഖവേറ്റി. പിന്നീടദ്ദേഹം ക്രിസ്തുമതത്തിലേക്ക് മാറുകയും ജെറോണിമൊ അലഗിയവാന എന്ന പേര് സ്വീകരിക്കുകയുമുണ്ടായി. ഈ കവി അക്കാലത്ത് എഴുതിയ കവിത ലാക്ദാസ തർജ്ജമ ചെയ്ത് ആദ്യ സമാഹാരത്തിൽ ചേർക്കുകയുണ്ടായി. വശങ്ങളിലേക്ക് തള്ളിമാറ്റപ്പെട്ട ഒരു ജനതയുടെ പരോക്ഷക്ഷോഭമായും ഈ കവിതാ വിവർത്തനത്തെ കാണാം. ആ കവിതയിലെ നാലുവരികൾ ഇങ്ങനെയാണ്:
ഞാൻ ഏക ദൈവത്തിൽ വിശ്വസിക്കുന്നു
പിതാവിനേയും പുത്രനേയും
പരിശുദ്ധാത്മാവിനേയും എന്ന ത്രിത്വത്തിൽ
വാക്കിന്റെ ധ്വനി, അടയാളം ഭാവമെന്ന പോലെ.
ലോർക്കയെയും ഒസിപ് മന്ദേൽസ്റ്റാമിനെയും ലാക്ദാസ സിംഹളഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ഒസിപ് മരിച്ച് മൂന്നു വർഷത്തിനു ശേഷമാണ് ലാക്ദാസ ജനിക്കുന്നത്. ഏകാധിപതിയും ഫാഷിസ്റ്റുമായ സ്റ്റാലിനു കീഴിലെ എഴുത്തുകാരുടെ ജീവിതം എത്ര കഷ്ടത നിറഞ്ഞതായിരുന്നുവെന്ന് താങ്കൾക്കറിയാം. അന്ന അഹ്മത്തോവയുടെ ഓർമയിൽ ഒസിപ് ഇങ്ങനെയാണ്: ‘‘1937 ലാണ് ഞാൻ മന്ദേൽസ്റ്റാമിനെ അവസാനമായി കാണുന്നത്. മന്ദേൽസ്റ്റാമും നടേഷ്ദായും കുറച്ചു ദിവസങ്ങളിലേക്കായാണ് ലെനിൻഗ്രാഡിൽ വന്നത്. മഹാദുരന്തത്തിന്റെ നാളുകളായിരുന്നു അത്. ഞങ്ങളുടെയെല്ലാം കാലടികളെ ആപത്തുകൾ പിൻതുടർന്നു കൊണ്ടിരുന്നു. മന്ദേൽസ്റ്റാമപ്പോൾ ദരിദ്രനായിരുന്നു. അവർക്ക് താമസിക്കുവാനായൊരിടം പോലും ഇല്ലായിരുന്നു. ഒസിപ് ആഞ്ഞ് ശ്വാസമെടുത്തു. എവിടെ വെച്ചാണ് ഞങ്ങൾ കണ്ടതെന്ന് ഓർമയില്ല. എല്ലാം ഭയപ്പെടുത്തുന്നൊരു സ്വപ്നം പോലെ. ആരോ ഒരാൾ വന്നു പറഞ്ഞു, ഒസിപിന്റെ പിതാവിന് തണുപ്പിൽ നിന്ന് രക്ഷ നേടാനൊരു കുപ്പായം പോലും ഇല്ലായെന്ന്. ജാക്കറ്റിനടിയിൽ ഒസിപ് ധരിച്ചിരുന്ന സ്വെറ്റർ ഊരി അയാളുടെ കൈവശം പിതാവിന് കൊടുത്തുവിട്ടു. ആ സമയങ്ങളിൽ ഞങ്ങൾ ഒരേ പോലെ യുലീസസ് വായിക്കുന്നുണ്ടായിരുന്നു. ഞാൻ ഒറിജിനലും ഒസിപ് ജർമൻ പരിഭാഷയും. പല തവണ ഞങ്ങൾ യുലിസിസിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ഞങ്ങൾക്കത് തുടരാൻ കഴിയാതിരിക്കുകയും ചെയ്തു- പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാനാവുന്ന സമയമായിരുന്നില്ല അത്. 1938 ൽ ഒസിപ് അറസ്റ്റ് ചെയ്യപ്പെട്ടു. കുറച്ച് മാസങ്ങൾക്ക് ശേഷം സൈബീരിയയിൽ വെച്ച് മരണപ്പെട്ടു."
(അവന്റെ പെരുപാറ്റ-
ച്ചിരിമീശമേൽ പുച്ഛം;
അവന്റെ പെരുംബൂട്ടി-
ന്നറ്റത്തു പൊന്നോലക്കം.
അവന്നു ചുറ്റും പേടി-
ത്തൂറികൾ, അല്പൻമാരും
കരഞ്ഞു ചിണുങ്ങുന്നു,
മുരണ്ടു വാലാട്ടുന്നൂ.
- പരിഭാഷ: ആത്മാരാമൻ
മന്ദേൽസ്റ്റാം 'സ്റ്റാലിനെതിരെ' എന്ന കവിതയിലെഴുതിയ ഈ വരികൾ താങ്കൾ ഓർക്കുന്നില്ലേ? ഒറ്റുകൊടുക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും ഒന്നോ രണ്ടോ അടുത്ത സുഹൃദ്സദസ്സുകളിൽ മാത്രം ചൊല്ലിയ ഈ കവിത?)
ഈ കവിയെ മറ്റൊരു കവി അറിയുന്നതിലെ സാഹോദര്യത്തിന്റെ ദൃഢതയും ഒസിപിന്റെ മരണാനന്തരവും കാലങ്ങൾക്കിപ്പുറത്തു നിന്ന് വിട ചൊല്ലുന്നതിലെ ഒടുങ്ങാത്ത വേദനയും ഒസിപ് മന്ദേൽസ്റ്റാം എന്ന കവിതയിലുണ്ട്. നിങ്ങളുടെ തലയോട്ടിയൊരു ബൃഹത്തായ ഉദ്യാനമാണെന്നും താങ്കൾ കേട്ടത് മയിലുകളുടെ നിലവിളിയാണെന്നും എഴുതുന്നുണ്ട് ലാക്‌ദാസ.
നിങ്ങൾ പോയിരിക്കുന്നു, ഒസിപ് മന്ദേൽസ്റ്റാം
ദുഃഖമൂകമായി ഈ റീത്തുകൾ, നിങ്ങൾ എവിടെയെന്ന് എനിക്കറിയില്ല;
ഗായകസംഘം പാടിത്തുടങ്ങുന്നു -
സംഗീതം നമ്മളിൽ മറ്റൊലി കൊള്ളുന്നു,
അവസാനമായി വിട.
(ഒസിപ് മന്ദേൽസ്റ്റാം)
ഭീരുവാകാൻ കൂട്ടാക്കാത്ത ഒസിപ് മന്ദേൽസ്റ്റാം എന്ന നാമമാണ് ഇരുകാലങ്ങളിൽ ഇരുദേശങ്ങളിലിരുന്ന് അന്ന അഹ്മതോവയും ലാക്ദാസയും അവരുടെ ഭാഷകളിൽ വേദനയോടെ ഉച്ചരിച്ചത്. ലാക്ദാസയുടെ സമാഹാരം ലോകത്തിനു മുന്നിൽ ഒൺഡാട്ജി സമർപ്പിക്കുമ്പോൾ അതിരുകളെ ഭേദിക്കുന്ന പരസ്പരാശ്ലേഷത്തിന്റെ താപം നാം അറിയാതിരിക്കില്ല.
അതിവേഗം വികാരാധീനനാവുന്ന, സങ്കീർണനായ ഒരു മനുഷ്യനായിരുന്നു ലാക്ദാസ എന്ന് ഭാര്യയുടെ ഓർമക്കുറിപ്പിൽ അവർ എഴുതുന്നുണ്ട്. ലാക്ദാസയുടെ അവശേഷിക്കുന്ന ഒരേയൊരു ചിത്രം ഇതുമാത്രമാണ്.
കവി നഗരത്തിലെ ബോംബാണ്,
നിമിഷങ്ങളുടെ സൂചിമിടിപ്പ് ഹൃദയത്തിൽ താങ്ങാനാവാതെ
പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നു. (കവി)
ലാക്ദാസയിൽ എപ്പോഴും പൊട്ടിത്തെറിക്കാൻ പാകമായൊരാൾ കൂടി ഉണ്ടായിരുന്നു. പിൽക്കാല ശ്രീലങ്കൻ സാമൂഹിക ജീവിത സന്ദർഭങ്ങളിൽ ഏതു വിധമായിരിക്കാം അല്ലെങ്കിൽ എങ്ങനെയാവാം ആ ഉഗ്രസ്ഫോടനം സംഭവിക്കുമായിരുന്നതെന്ന ചോദ്യം തൽക്കാലം നമുക്ക് ഒഴിവാക്കാം.
സ്നേഹപൂർവ്വം
UiR
Content Highlights: Unni R book column| Lakdasa wikkramasinha | Michael ondaatje | Book Bum Column | Manorama Literature