ADVERTISEMENT

നാലരപ്പതിറ്റാണ്ടിലേറെയായി നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി മലയാള സിനിമയുടെ വിവിധ മണ്ഡലങ്ങളില്‍ വ്യാപരിച്ച ബാലചന്ദ്രമേനോന്‍, സിനിമ, പത്രപ്രവർത്തനം മുതൽ ഫിലിമി ഫ്രൈഡേയ്സ് എന്ന യൂട്യൂബ് ചാനൽ വരെയുള്ള സംഭവബഹുലമായ ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന പുസ്തകമാണ് 'മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ'. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ പ്രകാശിപ്പിച്ച പുസ്തകം തന്നിലേക്കുള്ള, തന്നെയുള്ള ഒരു എത്തിനോട്ടമാണിതെന്ന് അദ്ദേഹം പറയുന്നു.

"എഴുത്ത് എന്നു പറയുന്നത് എന്നെ പ്രകടിപ്പിക്കാനുള്ള ഒരു വഴിയാണ്. അതുകൊണ്ടു തന്നെ ഏറ്റവുമിഷ്ടപ്പെട്ട പ്രവൃത്തി എഴുത്താണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ആലാപനം എന്നീ മേഖലകളിലെല്ലാം പ്രവർത്തിച്ചെങ്കിലും സർവതന്ത്ര സ്വാതന്ത്ര്യം അനുഭവിക്കുന്ന നിമിഷങ്ങളാണ് എഴുത്തിന്റേത്. എഴുത്തിൽ നിന്ന് ആർക്കും മോചനമില്ല. എല്ലാവരിലും ഒരു എഴുത്തുകാരനുണ്ട്." – അദ്ദേഹം പറഞ്ഞു.

സിനിമയുടെ വിവിധ മേഖലകളിൽ 47 വർഷമായി വ്യാപരിക്കുന്ന ബാലചന്ദ്രമേനോന്‍, തന്റെ ചലച്ചിത്ര ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഈ കൃതിയിൽ നിരവധി രസകരമായ ഓർമ്മകളുണ്ട്. കലാകൗമുദി വാരികയിൽ 35 ആഴ്ചകളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ കുറിപ്പുകൾ 'മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ചത് മലയാള മനോരമ പബ്ലിക്കേഷൻസാണ്. 

അമ്മയാണെ സത്യം എന്നതാണ് ബാലചന്ദ്രമേനോന്റെ ആദ്യ പുസ്തകം. അന്തരിച്ച സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന് ആദരവായി കാണാത്ത സുൽത്താന് സ്നേഹപൂർവം എന്ന പുസ്തകം രണ്ടാമതിറങ്ങി. അറിയാത്തത് അറിയേണ്ടത്, നിന്നെ എന്തിന് കൊള്ളാം, ഇത്തിരി നേരം ഒത്തിരി കാര്യം എന്നിവ കൂടാതെ, അച്ചുവേട്ടന്‍റെ വീട്, സമാന്തരങ്ങൾ, കൃഷ്ണ ഗോപാലകൃഷ്ണ എന്നീ തിരക്കഥകളും പുറത്തിറക്കി. ഇത്തിരി നേരം ഒത്തിരി കാര്യത്തിന്റെ ഇംഗ്ലിഷ് പരിഭാഷ സ്റ്റാർട് ആക്ഷനും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്കൂൾ–കോളജ് നാടകങ്ങള്‍ മുതൽ തന്നെ അഭിനയത്തിനും സംവിധാനത്തിനും തുടക്കമിട്ട ബാലചന്ദ്രമേനോന്‍ സിനിമാ പ്രേമം കടുത്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ ലഭിച്ച ആദ്യ ജോലി കളഞ്ഞാണ് സിനിമാരംഗത്ത് സജീവമായത്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവയായി മാറി. മലയാളനടികളായ, ശോഭന, പാർവ്വതി, രേവതി, ലിസി, കാർത്തിക എന്നിങ്ങനെ നിരവധിപേർ ബാലചന്ദ്രമേനോന്‍ കണ്ടെത്തിയ പുതുമുഖങ്ങളായിരുന്നു. കൃഷിയിൽ താൽപര്യമുണ്ടായിരുന്ന അദ്ദേഹം, കേരളാ സർക്കാരിന്റെ കർഷകശ്രീ അവാർഡ് നേടിയ ഒരു നല്ല കർഷകൻ കൂടിയാണ്. അവസാനം പ്രസിദ്ധീകരിച്ച 'മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ' എന്ന പുസ്തകം മികച്ച പ്രതികരണം നേടിയിപ്പോഴും മുന്നേറുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com