ADVERTISEMENT

പ്രിയ സുഹൃത്തേ, 

എന്തിനേയും യുക്ത്യാധിഷ്ഠിതമായി കാണുക എന്നതാണ് താങ്കളുടെ രീതിയെന്നറിയാം. അസംഭവ്യമെന്നോ, അസംബന്ധമെന്നോ തോന്നുവാനിടയുള്ള കാര്യങ്ങളാണ് ഈ കത്തിന്റെ ഉള്ളടക്കം. കഴിയുമെങ്കിൽ മുൻധാരണകൾ വെടിഞ്ഞ് ഈ കത്ത് പൂർണമായും വായിക്കണമെന്നൊരു അപേക്ഷയുണ്ട്.

1948 ലെ ഒരു പത്രവാർത്തയിൽ നിന്നും തുടങ്ങാം: 685 വയസ്സായ യതിവര്യൻ മട്ടാഞ്ചേരി പോലീസ് കസ്റ്റഡിയിൽ എന്നാണ് തലക്കെട്ട്. കാഴ്ചയിൽ മുപ്പത് വയസ്സ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പോലീസ് കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്ന് പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. 

മറ്റൊരു പത്രവാർത്ത:അടുത്തകാലത്ത് തിരുവിതാംകൂറിലാണ് അധികം ജീവിച്ചിട്ടുള്ളത്. ഹിമാലയത്തിൽ നിന്നിറങ്ങി ഹരിദ്വാരത്തിൽ 19 കൊല്ലവും മൂകാംബികയിൽ 21 കൊല്ലവും ശബരിമലയിൽ 14 കൊല്ലം 9 മാസവും കടലിൽ 9 കൊല്ലം 9 മാസവും കല്ലടയാറ്റിൽ 1 കൊല്ലം 3 മാസവും ജീവിച്ചിട്ടുണ്ട്.അതിനുശേഷമാണ് ഇങ്ങനെ സഞ്ചരിക്കുവാൻ തുടങ്ങിയത്. 

swami-three
സിദ്ധ സ്വാമി ബ്രഹ്മാനന്ദ പ്രഭാകർ, https://mydattatreya.com/shiva-prabhakara-siddha-yogi/

ഇനി പ്രശസ്തരായ രണ്ട് വ്യക്തികളുടെ വാക്കുകൾ കൂടി എഴുതട്ടെ:

പാലാ നാരായണൻ നായർ: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർദ്ധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വെച്ച് പല തവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവും ഇല്ല. അതാണത്ഭുതം. 

അമ്പലപ്പുഴ ഗണപതി ശർമ്മ: ഒരിക്കൽ എന്റെ കൈയ്യിൽ ബ്രഹ്മസൂത്രത്തിന്റെ ഭാഷ്യം ഇരിക്കുന്നത് കണ്ട് ചോദിച്ചു വാങ്ങി ആകെയൊന്ന് മറിച്ച് നോക്കിയ ശേഷം തിരിച്ചു തന്നപ്പോൾ' അഷ്ടോത്തരസപ്തശതം വർണ്ണച്യുതി' എന്ന് പറഞ്ഞു. പുതിയ പുസ്തകമാണ്. പിന്നീട് പലപ്പോഴായി പഠിച്ചപ്പോൾ അക്ഷരത്തെറ്റുകൾ ധാരാളം കണ്ടു തുടങ്ങി.അവ പ്രത്യേകം ശ്രുദ്ധിപത്രം എഴുതിച്ചേർത്തു. ആകെ 708 കൃത്യം ! ഇതെന്നെ അത്ഭുതപ്പെടുത്തി.

ശ്രീമദ് ശ്രീധരസ്വാമി തിരുവടികൾ രചിച്ച 'ബ്രഹ്മാനന്ദ ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ' എന്ന ചെറു പുസ്തകത്തിൽ നിന്നുമാണ് മുകളിലുദ്ധരിച്ച പത്രവാർത്തയും മറ്റ് രണ്ട് ഉദ്ധരണികളും. കോട്ടയത്തും മറ്റ് ചിലയിടങ്ങളിലും സിദ്ധയോഗികളെക്കുറിച്ച് അത്ഭുതത്തോടെയും ആദരവോടെയും സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. അവരിൽ പലർക്കും വിവരണാതീതമായൊരു പ്രതിഭാസമാണ് പ്രഭാകരസിദ്ധയോഗികൾ. സമചിത്തതയുടെ ലക്ഷണങ്ങൾ ഒട്ടുമേയില്ല ഈ യോഗികൾക്ക്  എന്നാണ് ഒരുപോലെയുള്ള അഭിപ്രായം. അതായത് ചിട്ടയൊത്തുള്ള സാധാരണ മനനിലയ്ക്ക് അപ്പുറത്താണ് യോഗികളുടെ സഞ്ചാരമെന്ന് അർത്ഥം. പെട്ടന്നുള്ള കോപം, മൗനം, പൊട്ടിച്ചിരി, ചില നേരങ്ങളിലെ നീണ്ട വർത്തമാനം അങ്ങനെ പോവുന്നു ആ സ്വഭാവ ലോകം.

book

ജന്മവർഷത്തെ  കടംകഥയാക്കുന്നതിലെ വിരുത് സമർത്ഥമായി ഉപയോഗിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ബഷീർ എന്ന് താങ്കൾക്ക് അറിയാമല്ലോ. യുക്തിക്ക് അതീതമായി യാത്ര ചെയ്യുന്നതിൽ അദ്ദേഹത്തിന് താത്പര്യവുമുണ്ടായിരുന്നു. സ്വന്തം ജീവിതത്തെ പലമട്ടിൽ ചേർത്തു കെട്ടിയാണ് ബഷീർ തന്റെ ഭൂതകാലം നിർമിച്ചിട്ടുള്ളത്. അതിലെ ന്യായാന്യായങ്ങൾ നാം അന്വേഷിക്കേണ്ടതില്ല. അതിലെ ഭാവനയാണ് ആ ജീവിതത്തെ രേഖകൾക്കപ്പുറത്തേക്ക് മാറ്റിനിർത്തുന്നത്. ഇന്ന് നമ്മൾ പലതരം രേഖകളാൽ ബന്ധിതരാണ്. നമുക്ക് നമ്മളെക്കുറിച്ച് ഒരു കഥ സൃഷ്ടിക്കുവാൻ കഴിയാത്ത വിധം വിരലടയാളം മുതൽ സ്ഥിര-അസ്ഥിര വിലാസങ്ങൾ വരെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള നടത്തം പോലും നിരീക്ഷിക്കപ്പെടുന്നു. ഈ കാലത്തിനു മുൻപ്  ഭാവനയ്ക്ക് യഥേഷ്ടം സാധ്യമായ സഞ്ചാരസ്വാതന്ത്ര്യമനുഭവിച്ചവരിൽ ഒരാളായിരുന്നുവോ പ്രഭാകരസിദ്ധയോഗികൾ? (വഴി നടക്കുവാൻ നടന്ന സമരങ്ങൾ ചരിത്രത്തിലുണ്ട്. വഴിനടക്കുമ്പോൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തിനെതിരെ സമരങ്ങളില്ലന്നത് മറ്റൊരു കൗതുകം!) യുക്തിയിൽ നിന്നും വഴുതിമാറുന്ന ഇത്തരം സിദ്ധർ, സൂഫികൾ  ഇന്ത്യയിലുടനീളം പല കാലങ്ങളിലായി ജീവിച്ചതായി പറയപ്പെടുന്നു. ശ്രീനാരായണ ഗുരുവിന്റെ അവധൂതകാലം ഓർമിക്കുമല്ലോ. ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള അലച്ചിലും കാഴ്ചയിൽ ചിത്തഭ്രമക്കാരനെന്ന് തോന്നിപ്പിക്കും വിധമുള്ള രൂപവുമെല്ലാം കൂടിക്കലർന്ന  അവധൂത കാലം ജ്ഞാനസമുദ്രത്തിലേക്കുള്ള നങ്കൂരമിടലാണ്. ഭയത്തെയും ഞാൻ,  നീ എന്ന വേറിടലിനെയും മറികടന്നെത്തുന്ന ഇവരിൽ ചിലർ ശ്രീനാരായണനെപ്പോലെ  ,ചട്ടമ്പിസ്വാമികളെപ്പോലെ മഹാജ്ഞാനികളായി, മഹാഗുരുക്കന്മാരായി മാറുന്നു. ഇവർ അത്ഭുതങ്ങൾ സൃഷ്ടിച്ചത് മനുഷ്യർക്കിടയിൽ അഭേദ ചിന്ത നട്ടുകൊണ്ടാണ്. അതിന്റെ വേരുകളാവട്ടെ,  ഞാൻ തന്നെയാണ് നീ,  അല്ലെങ്കിൽ നീ തന്നെയാണ് ഞാൻ എന്ന ഭാരതീയ തത്വചിന്തയിൽ നിന്നാണ്‌. പ്രഭാകരസിദ്ധയോഗികളാവട്ടെ ജ്ഞാനപദ്ധതികളെക്കുറിച്ച് ഒന്നുമേ മിണ്ടിയിട്ടില്ല. ശ്രീനാരായണ ഗുരുവിനെ പതിനഞ്ചാം വയസിൽ കാണുകയും ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ചട്ടമ്പിസ്വാമികൾക്ക് മുരുകോപദേശം നൽകിയതു സിദ്ധയോഗികളാണന്നും ഇതിൽ വായിക്കുകയുണ്ടായി.

swami
സിദ്ധ സ്വാമി ബ്രഹ്മാനന്ദ പ്രഭാകർ, https://mydattatreya.com/shiva-prabhakara-siddha-yogi/

നമ്മുടെ ശാസ്ത്രീയയുക്തിക്ക് അതീതമായി എന്തെങ്കിലും ഉണ്ടോ എന്ന് ചില നേരങ്ങളിൽ സംശയം തോന്നുക സ്വാഭാവികമല്ലേ? ചില കഥകളുടെ ആഖ്യാനം പോലെ ചില മനുഷ്യരുടെ ജീവിതങ്ങൾ വിവരിക്കപ്പെടുന്നതിനെ യുക്തിയുടെ ഉരകല്ലിൽ വെച്ച് കറുപ്പും വെളുപ്പും തെളിച്ചെടുക്കേണ്ടത് നിർബന്ധമുള്ള ഒന്നാണോ? അടുത്ത നിമിഷം എന്തെന്ന് ഒരു ശാസ്ത്രത്തിനും പ്രവചിക്കാനാവാത്ത വിധം നിഗൂഢമാണീ സംസാരലോകമെന്നതിനാൽ  ഇത്തരം ആഖ്യാനങ്ങളെ ഒരു കുട്ടിക്കഥയുടെ ലാളിത്യത്തോടെ കാണാൻ കഴിയുന്നതിൽ രസമില്ലേ?

കാലസഞ്ചാരമെന്നത് ഇന്ന് ചലച്ചിത്രങ്ങളിൽ പൊതുവേ സ്വീകരിക്കുന്ന ആഖ്യാനമാർഗമാണല്ലോ. ഇത്തരം ആഖ്യാനങ്ങൾ സ്വജീവിതത്തിൽ പകർത്തിയ സഞ്ചാരിയായിരുന്നുവോ പ്രഭാകരസിദ്ധയോഗികൾ? രോഗിയെ കണ്ടാൽത്തന്നെ രോഗം നിർണയിക്കുന്ന മഹാഭിഷ്വഗരന്മാർ ഈ നാട്ടിലുണ്ടായിരുന്നുവെന്ന് നമുക്കറിയാം. വെയിലിന്റെ വീഴ്ചനോക്കി നേരമറിഞ്ഞവരും ഇവിടുണ്ടായിരുന്നു. ഇത്രയേറെ ഒച്ചകൾ ഇല്ലാതിരുന്ന കാലത്ത് അപരജീവന്റെ ഉള്ളറിഞ്ഞവരും ഉണ്ടായിരുന്നു.സ്വന്തം മരണം മുൻകൂട്ടി കണ്ടവരും ഉണ്ടായിരുന്നു. ഇവരിൽ സവർണ അവർണ ഭേദമില്ലായിരുന്നു. ഇതിൽ പ്രാദേശികമായ ഒരു ജ്ഞാനം ഉണ്ടായിരുന്നു.ഇത് കൊടിഞ്ഞി വിലക്കും പോലൊരു അറിവായിരുന്നു. വൃദ്ധനായ ഒരാളുടെ മരണം ഒരറിവിന്റെ മരണം കൂടിയാണന്നു നാം അതുകൊണ്ടാണല്ലോ പറയുന്നത്. മിത്തുകൾ കൂടിക്കലർന്ന ആ വഴികളിലൂടെയാണ് പ്രഭാകരസിദ്ധയോഗികൾ നടന്നത്. 'ഏകാന്തതയുടെ നൂറു വർഷങ്ങളി'ലെ മാജിക്കൽ റിയലിസം നമ്മുടെ നാട്ടനുഭവത്തോട് സമമാകുന്നതുകൊണ്ടു കൂടിയാണ് ആ കൃതി മലയാളികൾക്കിടയിൽ ഇത്രയേറെ പ്രചാരം ലഭിച്ചതെന്ന വാദം താങ്കളും കേട്ടിട്ടുണ്ടാവുമല്ലോ. നോവലിനു പുറത്ത് മാജിക്കൽ റിയലിസമെന്നത് ജീവിതം കൊണ്ട് എഴുതിയവർ എത്രയധികം ഈ നാട്ടിലുണ്ട് എന്ന് അതിശയിപ്പിക്കുന്ന വസ്തുതകളിലൊന്നാണ്.

swami-two
സിദ്ധ സ്വാമി ബ്രഹ്മാനന്ദ പ്രഭാകർ, sivaprabhakarasidhasramam, mydattatreya.com, prabhakarasiddhayogi.com

1956 ൽ ദേശബന്ധു ദിനപ്പത്രത്തിൽ ഒളശ്ശനീലകണ്ഠ ശർമ്മ എഴുതിയത് പകർത്താം: കുഞ്ചനെയും തുഞ്ചനെയും കുറിച്ച് സംസാരിക്കുന്ന അതേ ഒഴുക്കിൽ ഷാ അബ്ദുൾ ലത്തീഫിനെക്കുറിച്ചും സംസാരിക്കും.ലത്തീഫ് 1689 നും 1752 നും മദ്ധ്യേ ജീവിച്ചിരുന്ന സിന്ധിയിലെ ഒരു കവിയാണ്. 

പല കാലങ്ങളിലൂടെ ഊഞ്ഞാലാടുവാൻ കഴിയുന്ന ആ ശേഷിക്കല്ലേ നമ്മൾ ഭാവനയുടെ അതിരില്ലായ്മ എന്ന് വിശേഷണം നൽകുക? യുക്തിരഹിതമായി ആലോചിച്ചാൽ ചിലതെല്ലാം അതിസുന്ദരമാണ്. മേൽപ്പത്തൂരിന്റെ സുഹൃത്ത്, പൂന്താനത്തിനൊപ്പം നിരവധി തവണ അങ്ങാടിപ്പുറം യാത്ര ! പ്രഭാകരസിദ്ധയോഗികളുടെ ഉറക്കമോ? കടലിനടിയിൽ! കടലിന്റെ നീലക്കമ്പളം മാറ്റിയപ്പോൾ ദാലി കണ്ടത് എന്തായിരുന്നുവെന്ന് താങ്കൾക്കറിയാമല്ലോ.നായയും നമ്മളും പങ്കിടുന്ന ജീവന്റെ ഏകത്വം! ദാലിയുടെ സർറിയൽ ഭാവന എത്ര കാലം മുൻപേ ഇതിലേ നടന്നുപോയി പ്രഭാകരസിദ്ധ യോഗികളുടെ രൂപത്തിൽ !

എം.എൻ. വിജയൻ മഹാരാജാസിൽ ഉണ്ടായിരുന്ന കാലത്ത് പ്രഭാകരസിദ്ധയോഗികളെ ഒരിക്കൽ കണ്ടത് എഴുതിയത് ഓർമയിൽ നിന്നും വിവരിക്കാം: കോളേജിൽ നിന്നും പുറത്തേക്ക് ഓടി വന്ന എം.എൻ. വിജയൻ യോഗികളെ കണ്ടു. എന്നാൽ നടന്നു പോവുന്ന യോഗികളെ പിൻതുടരും തോറും അദ്ദേഹവുമായുള്ള അകലം കൂടിക്കൊണ്ടിരുന്നു! ഈ അസാധാരണമായ അനുഭവം എം. എൻ. വിജയനുണ്ടായതാണ്. അദ്ദേഹത്തെപ്പോലെ എല്ലാം യുക്തിയുക്തം കണ്ടിരുന്ന ഒരാൾ നുണ പറയുമോ?

സ്നേഹപൂർവ്വം

UiR

Content Highlights: Unni R | Manorama Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com