ADVERTISEMENT

ഇഡിത്ത് ഗ്രോസ്മന്റെ മരണം അറിഞ്ഞപ്പോൾ, എന്റെ ഓർമയിൽ ‘ലവ് ഇൻ ദ് ടൈം ഓഫ് കോളറ’ രണ്ടായി പിളർന്നുപോയതു തെളിഞ്ഞു. 1988ൽ ഇറങ്ങിയ ഇംഗ്ലിഷ് പരിഭാഷയുടെ ഇന്ത്യൻ പതിപ്പുമായി 1991ൽ മഹാരാജാസ് കോളജ് ഹോസ്റ്റലിൽ എന്റെ സുഹൃത്ത് പ്രത്യക്ഷപ്പെട്ടു. ഒരുമാതിരി ആവേശം ബാധിച്ച് ആ പുസ്തകത്തിനായി ഞാൻ അവനുമായി പിടിവലിയുണ്ടായി. ദൗർഭാഗ്യവശാൽ അതോടെ പുസ്തകത്തിന്റെ ബൈൻഡിങ് പൊളിഞ്ഞുപോയി. അവൻ വഴക്കിട്ട് അപ്പോൾത്തന്നെ സ്ഥലം വിടുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ഞാൻ അവനെ ഫോൺ ചെയ്തു. ആ സമയം അവൻ വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ ഞാൻ വിളിച്ചാൽ ഒരു കാര്യം അറിയിക്കാൻ അമ്മയെ അവൻ പറഞ്ഞേൽപിച്ചിരുന്നു: എനിക്കു വായിക്കാനായി 'ലവ് ഇൻ ദ് ടൈം കോളറ' എടുത്തുവച്ചിട്ടുണ്ട്. 

വാരാന്ത്യത്തിൽ അവന്റെ വീട്ടിലേക്കു പോയി. പുസ്തകം നീട്ടിയപ്പോഴാണു ഞാൻ ശ്രദ്ധിച്ചത്. അതു പിളർത്തിയെടുത്ത പുസ്തകത്തിന്റ  ആദ്യപകുതിയായിരുന്നു. ഞാൻ രണ്ടാം പകുതി വായിച്ചുകഴിയുമ്പോഴേക്കും നിനക്ക് ആദ്യപകുതി വായിക്കാനാകും, അവൻ പറഞ്ഞു. ആ പരിഭാഷ ഇഡിത്ത് ഗ്രോസ്മന്റേത് ആണെന്ന് അന്നു അറിയില്ലായിരുന്നു. അഥവാ അതു ശ്രദ്ധിച്ചതേയില്ല. അക്കാലത്തു ഏതു പുസ്തകമായാലും പരിഭാഷകനാര് എന്ന് അന്വേഷിച്ചിരുന്നില്ല. 

love-in-the-time-of-cholera-223-gif
ലവ് ഇൻ ദ് ടൈം ഓഫ് കോളറ‍

പരിഭാഷകന്റെ പേരു പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുത്തുകാരന്റെ പേരിനൊപ്പം കൊടുക്കണമെന്ന് ആദ്യം നിർബന്ധം പിടിച്ച വിവർത്തകരിലൊരാൾ ഇഡിത്ത് ഗ്രോസ്മനായിരുന്നു. പ്രസാധകർ അതിനു വഴങ്ങിയിരുന്നില്ല. എന്നാൽ 'ലവ് ഇൻ ദ് ടൈം ഓഫ് കോളറ'യ്ക്കു ലഭിച്ച ആഗോള അംഗീകാരവും വിൽപനയും വിവർത്തകയുടെ പദവി ഉയർത്തി. മാർകേസിന്റെ ആത്മകഥയടക്കം അഞ്ചു കൃതികൾ കൂടി ഗ്രോസ്മൻ പിന്നീട് ഇംഗ്ലിഷിലാക്കി. ഇഡിത്ത് ഗ്രോസ്മൻ, നിങ്ങളാണ് എന്റെ ഇംഗ്ലിഷ് ശബ്ദം എന്ന് മാർകേസ് അവരെ പ്രശംസിക്കുകയും ചെയ്തു. വിവർത്തന സാഹിത്യത്തിലെ പുതിയൊരു യുഗം അവിടെ പിറവിയെടുത്തു.

don-quixote
ഡോൺ കിഹോത്തെ

ആധുനിക യൂറോപ്യൻ നോവലിന്റെ തലതൊട്ടപ്പനായ സെർവന്റസിന്റെ 'ഡോൺ കിഹോത്തെ'യുടെ (Don Quixote) പുതിയ ഇംഗ്ലിഷ് പരിഭാഷയ്ക്കായി രണ്ടു വർഷമാണു ഇഡിത്ത് ഗ്രോസ്മൻ നീക്കിവച്ചത്. ആ പുസ്തകം 2003ൽ ഇറങ്ങുമ്പോൾ അതിന്റെ പുറംചട്ടയിൽ സെർവന്റസിനൊപ്പം ഇഡിത്ത് ഗ്രോസ്മന്റെ പേരുമുണ്ടായിരുന്നു. 

ഈ നൂറ്റാണ്ടിലെ ആദ്യദശകത്തിലെ ആദ്യവർഷങ്ങളിലെ എന്റെ ഏറ്റവും കഷ്ടം നിറഞ്ഞ ദിവസങ്ങളിലാണ് ഗ്രോസ്മന്റെ ഡോൺ ക്വിക്സോട്ട് ഞാൻ വായിക്കാനെടുക്കുന്നത്.  എഴുതാനുള്ള വാസന നഷ്ടമായി, കടുത്ത അപകർഷത്തിൽ കഴിഞ്ഞിരുന്ന എനിക്ക്, ദിവസവും നേരം തെറ്റാതെ കഴിച്ച മരുന്നുപോലെയായിരുന്നു ആ വായന. 'ഡോൺ കിഹോത്തെ' എന്റെ ബോധത്തിൽ തെളിച്ചമുണ്ടായി. വലിയ നോവലുകൾ വായിക്കുന്നതിനുള്ള വിശേഷപ്പെട്ട പരിശീലനം കൂടി ആ സ്പാനിഷ് ക്ലാസിക് എനിക്കു തന്നു. അതു സാധ്യമായതിനു പ്രധാന കാരണം ഇംഗ്ലിഷ് വിവർത്തന ഭാഷയായിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ആ കൃതി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലിറങ്ങിയ ഒരു യൂറോപ്യൻ സ്പാനിഷ് നോവൽ പോലെ ഞാൻ വായിച്ചു. എഴുത്തിലും വായനയിലും ഉറച്ചു നിൽക്കാൻ അതു നൽകിയ ഊർജം വളരെ വലുതായിരുന്നു. ഇപ്പൊഴും ഞാൻ ആർക്കും ആദ്യം ശുപാർശ ചെയ്യുന്ന നോവൽ ഇതാണ്. ഈ അനുഭവം മുൻനിർത്തി അക്കാലത്തു ഞാനൊരു ലേഖനം എഴുതുകയും ചെയ്തു. ('പറവയുടെ സ്വാതന്ത്ര്യം' എന്ന പുസ്തകത്തിൽ ഈ ലേഖനം ചേർത്തിട്ടുണ്ട്) 

എഡിത്ത് ഗ്രോസ്മാൻ വിവർ‌ത്തനം ചെയ്ത പുസ്തകങ്ങൾ (Credit: Manorama Creative)
എഡിത്ത് ഗ്രോസ്മാൻ വിവർ‌ത്തനം ചെയ്ത പുസ്തകങ്ങൾ (Credit: Manorama Creative)

ഇഡിത്ത് ഗ്രോസ്മൻ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ ഏറ്റവും വലിയ സേവനം ലാറ്റിനമേരിക്കൻ, യൂറോപ്യൻ സ്പാനിഷിൽനിന്ന് അവർ പരിഭാഷപ്പെടുത്തിയ നാൽപതോളം കൃതികൾ മാത്രമല്ല, വിവർത്തനം എന്ന പ്രവൃത്തിയുടെ സർഗാത്മകതയെയും സമർപ്പണത്തെയും ദാർഢ്യത്തോടെ വിശദീകരിക്കുന്ന 'വൈ ട്രാൻസ്‌ലേഷൻ മാറ്റേഴ്സ്' എന്ന സ്വന്തം രചന കൂടിയാണ്. വിവർത്തനം ഒട്ടും ആകർഷകമല്ലാതിരുന്ന 1970കളിൽ, സർവകലാശാലയിലെ സാമ്പത്തികസ്ഥിരതയുള്ള ജോലി ഉപേക്ഷിച്ചാണ് അവർ മുഴുവൻ സമയം വിവർത്തനത്തിലേക്ക് ഇറങ്ങിയത്. സാമ്പത്തികസുരക്ഷ ഉപേക്ഷിക്കുമ്പോൾ നിങ്ങൾ ധിഷണാപരമായി സ്വതന്ത്രയാകുന്നു എന്നാണു ഗ്രോസ്മൻ ഇതെപ്പറ്റി  പറഞ്ഞത്. വിവർത്തനത്തിൽ ഖ്യാതി നേടിയതോടെ ന്യൂയോർക്കിലെ പ്രശസ്തമായ സർവകലാശാലകൾ അവർക്ക് പിന്നീട് പാർട്ട് ടൈം അക്കാദമിക പദവികൾ വച്ചുനീട്ടുകയും ചെയ്തു. 

ന്യൂയോർക്കിലെ തന്റെ അപാർട്ട്മെന്റിൽ രണ്ടു സാഹിത്യഭാഷകൾക്കിടയിൽ സർഗാത്മകചേതനയുടെ ഒരു പാലമായി ജീവിതമത്രയും ചെലവഴിച്ച ഗ്രോസ്മൻ, താൻ വിവർത്തനം ചെയ്ത എഴുത്തുകാരുമായി നല്ല സൗഹൃദം നിലനിർത്തി. ഫോൺസംഭാഷണങ്ങൾ നടത്തി. 

gabriel-garcia-photo
ഗബ്രിയേൽ ഗാർസിയ മാർകേസ്, Photo: REUTERS/Tomas Bravo

'ഡോൺ കിഹോത്തെ' പരിഭാഷ ചെയ്യാമോ എന്ന ചോദ്യവുമായി യുഎസിലെ ഇക്കോ പ്രസ് എഡിറ്ററും കവിയുമായ ഡാനിയൽ ഹാൽപേൺ ഫോണിൽ വിളിച്ചപ്പോൾ ഗ്രോസ്മൻ ആദ്യം നിരസിക്കുകയാണു ചെയ്തത്. അതു ദൈർഘ്യമേറിയ ഒരു രചനയാണ്. മറ്റാരെയെങ്കിലും ഏൽപിക്കൂ എന്ന് പറഞ്ഞ് ഗ്രോസ്മൻ ഒഴിഞ്ഞു. ഹാൽപേൺ വഴങ്ങിയില്ല. അദ്ദേഹം ഫോൺ വയ്ക്കാതെ ലൈനിൽ തുടർന്നു. നിങ്ങൾക്ക് എന്തു പ്രതിഫലം വേണമെന്നു പറയൂ എന്നാവശ്യപ്പെട്ടു. അവർ ആദ്യം പറയാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഒരു തുക പറഞ്ഞു. ഹാൽപേൺ അതിന്റെ ഇരട്ടിയാണ് ഓഫർ ചെയ്തത്. 

'വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്' ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത ഗ്രിഗറി റബ്ബാസ, ഗ്രോസ്മനാണു തന്റെ പിൻഗാമി എന്നറിഞ്ഞപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ചു. മാർകേസ് അവരുടെ കയ്യിൽ ഭദ്രമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.  ഗ്രോസ്മന്റെ സെർവന്റസ് വിവർത്തനത്തെ പ്രശംസിച്ച് റബ്ബാസ, തനിക്കു കൊളംബിയ യൂണിവേഴ്സിറ്റിയിലെ തന്റെ പഴയ അധ്യാപനകാലത്തേക്കു തിരിച്ചുപോകാൻ തോന്നുന്നുവെന്നും പറഞ്ഞു. അങ്ങനെയൊരു അവസരം വീണ്ടും കിട്ടിയാൽ ഗ്രോസ്മന്റെ വിവർത്തനം മുന്നിൽവച്ച് വിദ്യാർഥികൾക്കു സെർവന്റ്സിനെപ്പറ്റി ക്ലാസെടുക്കാമായിരുന്നു. 

gregory-ribbasa
ഗ്രിഗറി റബ്ബാസ, Chester Higgins Jr./The New York Times

മറ്റൊരു പ്രമുഖ വിവർത്തകയായ എസ്തർ അലൻ 1988ൽ ന്യൂയോർക്ക് സർവകലാശാലയിൽ ഗ്രോസ്മന്റെ ക്ളാസിലിരുന്നതിനെപ്പറ്റി എഴുതിയിട്ടുണ്ട്. അവർ മികച്ച ഒരു അധ്യാപിക കൂടിയായിരുന്നു. മാർകേസിന്റെ 'ജനറൽ ഇൻ ഹിസ് ലാബിറിന്ത്' എന്ന കൃതിയിലെ ഒരു പ്രശ്നകരമായ വാക്യമെടുത്ത് അവർ വിവർത്തനത്തിനായി നൽകി. ഒരേയൊരു വാക്യം. എന്നാൽ പരിഭാഷയ്ക്കു കഠിനം. അതിന്റെ ലയം ചോരാതെ, പൊരുൾ ഇടറാതെ എങ്ങനെ മൊഴിമാറ്റുമെന്നു മനോഹരമായി വിവരിച്ചുകേട്ട ആ പ്രഭാതമാണു തനിക്കു ഭാവിയിൽ വഴികാട്ടിയതെന്നു എസ്തർ പറയുന്നു.

പെൻ അമേരിക്കൻ ട്രാൻസ്ലേഷൻ കമ്മിറ്റി ഇഡിത്ത് ഗ്രോസ്മന്റെ എൺപതാം പിറന്നാൾ ആഘോഷത്തിനായി എഴുത്തുകാരുടെയും വിവർത്തകരുടെയും വായനക്കാരുടെയും കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആ വേദിയിൽ പ്രശസ്ത വിവർത്തകയായ സൂസൻ ബെർനോഫ്സ്കി, വർഷങ്ങൾക്കുമുൻപു തന്റെ വിദ്യാർഥികളുമായി 90 മൈൽ വണ്ടിയോടിച്ചു ഗ്രോസ്മന്റെ പ്രസംഗം കേൾക്കാൻ പോയത് വിവരിക്കുകയുണ്ടായി. വിവർത്തനത്തെ പകർത്തിയെഴുത്ത് എന്നു പരിഹസിക്കുന്നവർക്കെതിരെ അതിന്റെ സർഗാത്മകത ഉയർത്തിപ്പിടിക്കേണ്ടതു തന്റെ ഉത്തരവാദിത്തമായിട്ടാണു ഗ്രോസ്മൻ കണ്ടത്. സൂസൻ ബെർനോഫ്സ്കി വിദ്യാർഥികളുമായി പോയ ആ ക്ലാസിൽ, അവർ അതേപ്പറ്റിയുള്ള തന്റെ ദർശനങ്ങളായിരുന്നു അവതരിപ്പിച്ചത്. പിന്നീട് അവ വികസിച്ച് 'വൈ ട്രാൻസ്ലേഷൻ മാറ്റേഴ്സ്' എന്ന വിഖ്യാനഗ്രന്ഥമായിത്തീർന്നു.

book
വൈ ട്രാൻസ്‌ലേഷൻ മാറ്റേഴ്സ്

വിവർത്തനസാഹിത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇഡിത്ത് ഗ്രോസ്മാൻ കാരണമായിത്തീർന്നുവെന്നു നിസ്സംശയം പറയാം. അതിലൊന്നു ഇംഗ്ലിഷ് അടക്കം ഭാഷകളിലെ വിവർത്തകരുടെ അന്തസ്സ് ഉയർന്നതാണ്. വിവർത്തനം സർഗാത്മകതയും ആത്മസമർപ്പണവും നിറഞ്ഞതും കഠിനമായ അദ്ധ്വാനം വേണ്ടതുമായ ജോലിയാണെന്ന് അവർ തെളിയിച്ചു. 

ബൈബിൾ ഇംഗ്ലിഷ് വിവർത്തനത്തിന്റെ 1611 എഡിഷനിലെ ആമുഖത്തിൽ മൈൽസ് സ്മിത്ത് എഴുതി - വിവർത്തനമാണു ജനാല തുറന്ന്, വെളിച്ചത്തെ അകത്തേക്ക് അനുവദിക്കുന്നത്. അത് പോടു പൊളിച്ച് അകക്കാമ്പു രുചിക്കാൻ നമ്മെ അനുവദിക്കുന്നു...

എഡിത്ത് ഗ്രോസ്മാൻ (Credit: Photograph by Sarah Timmer Harvey)
എഡിത്ത് ഗ്രോസ്മാൻ (Credit: Photograph by Sarah Timmer Harvey)

സാഹിത്യനിരൂപകയോ അധ്യാപികയോ ആകണമെന്നു വിചാരിച്ചുനടന്ന താൻ വിവർത്തനമെന്ന ആഴപ്പരപ്പിലേക്ക് എടുത്തുചാടാൻ കാരണം നെരൂദയാണെന്ന് ഒരു അഭിമുഖത്തിൽ ഗ്രോസ്മൻ പറഞ്ഞു. "നെരൂദയുടെ റെസിഡൻസ് ഓൺ എർത്തിന്റെ വായന അസാധാരണവും അതിശയിപ്പിക്കുന്നതുമായിരുന്നു. അതെപോലൊരു കവിത മുൻപൊരിക്കലും ഞാൻ വായിച്ചിരുന്നില്ല. ഞാൻ വിചാരിച്ചു: ഞാൻ ഒരു വിവർത്തകയാകും."

ഒരു കൃതി വായിക്കുമ്പോൾ, തന്റെ മനസ്സിലെ മറ്റൊരിടം തനിക്കൊപ്പം ആ വരികൾ വായിക്കുന്നു. അപ്പോൾ താൻ ആ വാക്കുകൾ കേൾക്കുകയും കാണുകയും ചെയ്യുന്നു. എഴുതുമ്പോൾ താൻ കേട്ടതാണു മൊഴിയായി എഴുത്തിലേക്കു വരുന്നത്. ഗദ്യമായാലും കവിതയായാലും തനിക്കുള്ളിൽ ഉയരുന്ന ആ സ്വരമാണു തനിക്കു മൊഴിമാറ്റമാകുന്നതെന്നു ഗ്രോസ്മൻ വിശദീകരിക്കുന്നു. ഇത് സത്യമാണെന്നു ഞാനറിയുന്നു. വർഷങ്ങൾക്കു മുൻപു രണ്ടായിപിളർന്നുപോയ ഒരു പുസ്തകത്തിൽനിന്നു ഞാനും ആ സ്വരം കേട്ടതാണ്. അതു തീരശ്ശീലകൾ നീക്കി, ജനാലകൾ തുറന്ന്, സ്വദേശിയെന്നും വിദേശിയുമെന്നുമുള്ള വിഭജനങ്ങളെ തട്ടിനീക്കി കൂടുതൽ വെളിച്ചത്തിലേക്കു എന്നെ കൊണ്ടുപോയതും നന്ദിയോടെ സ്മരിക്കുന്നു.

Content Highlights: Edith Grossman | Translation | English Literature | Ezhuthumesha 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com