ADVERTISEMENT

പ്രിയ സുഹൃത്തേ, 

സമുദ്രത്തെ കാൽപ്പനികമായി വർണ്ണിച്ചാൽ ഇവ്വിധമായിരിക്കും: വിശാലതയുടെ ഗാംഭീര്യം, നീലിമയാർന്ന ഉടൽ, ആഴത്തിലെ മഹാഖനിയെയൊളിപ്പിക്കുന്ന കൗശലം. കരയിൽ നിന്നുള്ള ദൂരക്കാഴ്ചയിൽ അനുഭവപ്പെടുന്ന ജലോപരിതലത്തിലെ ശാന്തത ഏകനായ ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം ഒട്ടുമേ ശാന്തമായിട്ടായിരിക്കില്ല അനുഭവപ്പെടുക. വലിയ കൃതികളിലൂടെയുള്ള ഏകനായ വായനക്കാരന്റെ യാത്രയിലും  ഈ 'ഉൾ'കടൽ യാഥാർത്ഥ്യത്തെ മുഖാമുഖമറിയാതെ മുന്നോട്ടുപോവുക വയ്യ. എത്രയാളുകൾ അളന്നാലും, മുറിച്ച് കടന്നാലും പിന്നെയുമവേശേഷിക്കുന്ന ആ വിസ്തൃതിയെയാണല്ലോ, ആ ആഴത്തെയാണല്ലോ നമ്മൾ ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ ഇന്നും എത്രയോ ആളുകൾ വായിച്ചിട്ടും പഠിച്ചിട്ടും തീരാത്ത വൻകടലാണ് ആശാൻ കവിതകൾ. ഈ കവിതകളിലേക്ക് ഒരു സാധാരണ വായനക്കാരന് പ്രവേശം അത്ര എളുപ്പമാവില്ല. ആ കാവ്യ  ലോകത്തെ അടുത്തറിയുവാൻ ധിഷണപരമായി തയ്യാറാവേണ്ടതുണ്ട്. മലയാളത്തിലും സംസ്കൃതത്തിലുമുള്ള പദബോധവും അർത്ഥഗ്രഹണ പടുത്വവും വായനക്കാരോട് ആവശ്യപ്പെടുന്നതാണ് ആശാൻ കവിതകൾ. 'കാവ്യകല കുമാരനാശാനിലൂടെ' എന്ന പി.കെ.ബാലകൃഷ്ണന്റെ പഠനമാണ് കുറച്ചെങ്കിലും ആശാൻ കവിതകളുടെ ഉൾപ്പടർപ്പുകളിലേക്ക് വഴിതെളിച്ചിട്ടുള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കുമാരനാശാന്റെ എഴുത്ത് പ്രക്രിയയെ അദ്ദേഹത്തിന്റെ കൈയ്യെഴുത്തുപ്രതികളുടെ സൂക്ഷ്മ വായനയിലൂടെ അറിയുവാൻ ശ്രമിച്ച ഏക ഗ്രന്ഥമാണ് ഡോ.എം.എം ബഷീർ രചിച്ച 'കുമാരനാശാന്റെ രചനാശില്പം. ഹസ്തലിഖിതങ്ങളെ ആധാരമാക്കി ഒരു പഠനം'. 

MM Basheer
എം.എം.ബഷീർ. ചിത്രം: മനോരമ

1978 -ൽ എം.എം.ബഷീർ സമർപ്പിച്ച പി.എച്ച് ഡി പ്രബന്ധമാണ് ആശാന്റെ കൈയ്യെഴുത്തുപ്രതികളെ ആധാരമാക്കിയുള്ള ഈ പഠനം. നീണ്ട കാലം ഒരു പഠിതാവ് സമർപ്പണബുദ്ധിയോടെ നടത്തിയ ഗവേഷണത്തിന്റെ ഫലപ്രാപ്തിയാണ് ഈ ഗവേഷണ പ്രബന്ധമെന്ന് ആർക്കും മനസിലാവും. 'പണിയെടുക്കുക' എന്ന പച്ചമലയാള പ്രയോഗത്തിന് ഇതിലും മികച്ച ഒരു ഉദാഹരണമില്ല. അത്രയേറെ കഷ്ടപ്പാടുനിറഞ്ഞ പണിയെടുക്കൽ നടത്തിയിട്ടുണ്ട് എം.എം.ബഷീർ. അതുകൊണ്ട് തന്നെ ഈ ഗവേഷണ പഠനം ഒന്നു രണ്ട് കാര്യങ്ങളിൽ ആശാനെ പഠിക്കുന്നവർക്കും അക്കാദമിക് രംഗത്തെ മറ്റ് ചിലർക്കും മാതൃകയാണ്. ഒന്ന്: എങ്ങനെയാണ് ആശാൻ എന്ന വിശേഷണത്തെ വെടിഞ്ഞ് കുമാരനാശാൻ 'ആശാൻ' എന്ന നാമമായി മാറി എന്നത്. രണ്ട്: ഗവേഷണമെന്നാൽ പകർപ്പെടുപ്പോ മോഷണമോ അല്ല എന്നും അത് സർഗാത്മകവും സമർപ്പിതവുമായ അന്വേഷണമാണ് എന്നും.

ഒൻപത് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. കൈയ്യെഴുത്ത് പ്രതികളുടെ പഠനത്തിലൂടെ ഒരു സർഗ്ഗധനന്റെ എഴുത്ത് പരിണാമങ്ങളെ അവധാനതയോടെ പിൻതുടരുക എന്ന രീതിയാണ് എം.എം.ബഷീർ സ്വീകരിച്ചിട്ടുള്ളത്. സാധാരണയായി നിരൂപകർ അച്ചടി പാഠങ്ങളെ മുൻനിർത്തി മാത്രം അവരുടെ വിശകലനങ്ങൾ നടത്തുമ്പോൾ ബഷീർ അച്ചടിക്ക് മുൻപുള്ള പാഠങ്ങളെ കണ്ടെത്തുവാനാണ് ശ്രമിച്ചത്. 

കുമാരനാശാൻ, Photo Credit: Wikimedia commons

ആശാൻ അഞ്ചും ആറും തവണ തിരുത്തലുകൾ വരുത്തിയിട്ടാണ് പല കൃതികളും പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രരോദനത്തിലെ ഒരു ഉദാഹരണം എഴുതാം:

പാഠം 1 : 

മൂടും കാർമുകിലാലകാലതിമിരം 

വ്യാപിച്ചു മൂടുന്നു

 

പാഠം 2 

 

മൂടും കാർമുകിലാലകാലതിമിരം 

വ്യാപിച്ചു മായുന്നിതേ 

 

പാഠം 3 

മൂടും കാർമുകിലാലകാലതിമിരം 

വ്യാപിച്ചു മായുന്നു ഹാ 

 

പാഠം 4 

മൂടും കാർമുകിലാലകാലതിമിരം 

KUMARANASAN
കുമാരനാശാൻ, Photo Credit: Wikimedia commons

വ്യാപിച്ചു മായുന്നിതാ 

 

നാല് പാഠങ്ങങ്ങളിൽ അച്ചടിയിൽ വന്നത് നാലാം പാഠം ആണ്. 

എങ്ങനെ ഒരു എഴുത്തുകാരൻ തന്റെ സർഗ്ഗവൃത്തിയിൽ ആത്മസമർപ്പണം ചെയ്യുന്നു എന്നതിന് ഇതിലും വലിയ തെളിവുകൾ ആവശ്യമില്ല. ഒരു വാക്കിൽ പോലും കണിശത കാട്ടുന്ന ഈ ഉറപ്പിന് പിന്നിൽ ആശാൻ അനുഭവിച്ച മനഃക്ലേശമെത്രയെന്ന് ഊഹിച്ചാൽ മനസിലാവും. വാക്കിൽ,പദഘടനയിൽ എല്ലാം കൈക്കുറ്റം തീർക്കുന്നതിൽ മനക്കണ്ണിന്റെ മൂർച്ചയും സൂക്ഷ്മതയുമുണ്ട്. തിരുത്തലുകളുടെ പെരുംതച്ചനായിരുന്നു കുട്ടികൃഷ്ണമാരാർ. എത്രയേറെ രാകിയെടുക്കാമോ അത്രയേറെ രാകിയെടുക്കുമായിരുന്നു അദ്ദേഹം. വൈലോപ്പിള്ളിയുടെയും ഗുണസവിശേഷത പൂർണതയ്ക്കായുള്ള കാത്തിരിപ്പും ഏത് സുന്ദര പദത്തെയും അനുചിതമെന്ന് തോന്നിയാൽ ഉപേക്ഷിക്കാൻ തയ്യാറായ മനോബലവുമാണ്. എഴുതുന്ന ഏതൊരാളും മാതൃകയാക്കേണ്ടതാണ് ഈ സ്വയം ശിക്ഷണം. മറ്റൊരാളാലും സഹായമില്ലാത്ത എഴുത്തെന്ന ഏകാന്ത സഞ്ചാരത്തിൽ തന്നെത്തന്നെ വെട്ടിത്തിരുത്തുവാൻ തയ്യാറാവുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടതെന്ന അദൃശ്യമായൊരു ഉപദേശം ഈ കയ്യെഴുത്ത്പ്രതികളിൽ മുഴങ്ങുന്നുണ്ട്. ഇതുമാത്രമോ? ഓരോ രചനയുടെയും പൂർത്തികരണത്തിനായി ആശാൻ ചെലവഴിച്ച സാധനാ സമയം നമ്മളെ അത്ഭുതപ്പെടുത്തും. 

ആശാൻ എഴുതുന്നു: "ഞാൻ വളരെ കവിതകൾ എഴുതാറില്ലങ്കിലും എഴുതുന്നിടത്തോളം വളരെ സൂക്ഷിച്ച് എഴുതാറാണു പതിവ്. ഒരുൽകൃഷ്ടകലയുടെ നിലയിൽ കവിതയുടെ സാങ്കേതികമായ ഗുണദോഷങ്ങളുടെ എല്ലാ അംശങ്ങളെയും പറ്റി ഗാഢമായും നിർദ്ദയമായും ചിന്തിച്ച് ത്യാജങ്ങളെ പാടുള്ളത്ര ത്യജിച്ചും ഗ്രാഹ്യങ്ങളെ കഴിയുന്നത്ര ഗ്രഹിച്ചും അല്ലാതെ ഞാൻ ഒരു 'മുക്തകം' പോലും രചിക്കാറില്ലെന്നുള്ളത് എനിക്ക് നല്ല നിശ്ചയമുള്ള സംഗതിയാണ്. "ഈ നിലപാട് വെറും വാക്ഭ്രമമല്ലന്നു ഈ പുസ്തകം തെളിവ് തരുന്നു.  കാവ്യരചനയെന്നാൽ (ഏത് രചനയും) നേരം പോക്കല്ലന്നും കഠിനതരമാണ് എഴുത്തു പ്രക്രിയയെന്നും ആശാൻ നമ്മളോട് പറയുന്നു.

ആശാന്റെ ജീവിതത്തിലെ ചില സന്ദർഭങ്ങളെക്കൂടി വിമർശനബുദ്ധ്യാ എം.എം.ബഷീർ ഈ ഗവേഷണ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. നാരായണഗുരുവിനൊപ്പം ജീവിച്ചിരുന്ന കാലത്ത് ആശാൻ 'ചിന്നസ്വാമി' എന്നാണ് അറിയപ്പെട്ടിരുന്നത്.ഈ സ്ഥാനപ്പേരോ അതുമായി ബന്ധപ്പെട്ട വിശേഷണങ്ങളോ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. 'നിജാനന്ദവിലാസം' എന്ന പേരിൽ ആശാന്റെ ആദ്യകാലകവിതകൾ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ കരുവാ കൃഷ്ണനാശാൻ ഗ്രന്ഥത്തിന്റെ പുറംചട്ടയിൽ 'കുമാരദേവരെന്ന സച്ചിദാനന്ദസ്വാമികളാൽ അരുൾ ചെയ്യപ്പെട്ടത്' എന്നാണ് ഗ്രന്ഥകാരനാമം നൽകിയിരുന്നത്. ഇത് ആശാനിൽ വെറുപ്പ് ഉണ്ടാക്കിയതായി 'ഭാഷാപോഷിണി'യിൽ മൂലൂർ എസ്. പത്മനാഭപ്പണികർ എഴുതി. അതുമാത്രമല്ല, എസ്.എൻ.ഡി.പി യോഗത്തിന്റെ മൂന്നാം വാർഷികത്തിൽ മംഗള രൂപേണ മൂലൂർ എഴുതി വായിച്ച കവിത ഇങ്ങനെയായിരുന്നു: 

പിന്നെ സ്വാമികടാക്ഷത്തിൽ 

മന്നിൽ സദാ കീർത്തികോലും 

ചിന്നസ്വാമി എൻ.കെ.ആശാൻ 

ജയിച്ചിടേണം. 

ഇത് പിന്നീട് ' വിവേകോദ'യത്തിൽ പ്രസിദ്ധപ്പെടുത്തിയപ്പോൾ ആശാൻ ഇങ്ങനെ തിരുത്തി: 

sree-narayana-guru
ശ്രീ നാരായണ ഗുരു

പിന്നെ സ്വാമികടാക്ഷത്തിൽ 

1200sreenarayanagurunew
ശ്രീ നാരായണ ഗുരു

മന്നിൽ സദാ കീർത്തികോലും 

ധന്യമതി എൻ.കെ.ആശാൻ 

ജയിച്ചിടേണം. 

 

പകർപ്പെഴുത്തുകാർ വരുത്തിയ പിഴവുകൾ, അച്ചടിയിലുണ്ടായ പിഴവുകൾ, തെറ്റുകൾ ചൊല്ലിച്ചൊല്ലി പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് യഥാർത്ഥ പാഠത്തിൽ നിന്നും വ്യത്യസ്തമായൊരു പാഠമായി ആശാൻ കവിതകളിലെ പലശ്ലോകങ്ങളും മാറിയതുമെല്ലാം എം.എം. ബഷീർ സൂക്ഷ്മമായി അപഗ്രഥിക്കുന്നുണ്ട്.ഇതേ പുസ്തകത്തിലും ഈ പിഴവ് കാണുന്നത് സങ്കടകരമാണ്.മുകളിൽച്ചേർത്ത മംഗളശ്ലോകത്തിൽ കുമാരനാശാൻ ചിന്നസ്വാമിയെ ധന്യമതിയെന്ന് തിരുത്തിയത് 'നധ്യമതി' എന്നാണ് ഇപ്പോൾ അച്ചടിച്ചു വന്നിരിക്കുന്നത്. ഇനിയുള്ള പതിപ്പിൽ നിന്നുമീത്തെറ്റു തിരുത്തപ്പെടും എന്ന് പ്രതീക്ഷിക്കട്ടെ. ആശാനിലും ആത്മരതി ഒട്ടും കുറവല്ലന്ന് വേണമെങ്കിൽ ഈ ഉദാഹരണത്തിലൂടെ വ്യക്തമാവും (തന്നെ പ്രകീർത്തിക്കുന്ന മംഗള കവിത വേണമെങ്കിൽ ഒഴിവാക്കാമായിരുന്നല്ലോ? സ്വയം ധന്യമതിയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു!). ലൗകിക ജീവിതത്തോടുള്ള ആസക്തി ആശാന്റെ ജീവിതത്തെ അടുത്തറിയുന്ന ഏതൊരാൾക്കും വ്യക്തമാകുന്ന സംഗതിയാണ്. വൈരാഗിയാകുവാൻ കഴിയാതെപോയ ആശാൻ തന്റെ കഥാപാത്രങ്ങളെ വൈരാഗിയാക്കുകയാണ് ചെയ്തതെന്ന് ബഷീർ നിരീക്ഷിക്കുന്നുണ്ട്.

എം.എം.ബഷീർ ഈ പുസ്തകത്തിൽ ആശാന്റെ ചില പക്ഷപാതിത്വങ്ങളെക്കുറിച്ച് പി.കെ.ബാലകൃഷ്ണന്റെയും ജി.പ്രിയദർശന്റെയും പുസ്തകങ്ങളെ മുൻനിർത്തിക്കൊണ്ട് സൂചിപ്പിക്കുന്നു: "സ്വസമുദായത്തിന്റെ ഉന്നതിക്കുവേണ്ടി നിരന്തരം അദ്ധ്വാനിച്ച കുമാരനാശാൻ സ്വന്തം സമുദായത്തിലെ ആൾക്കാരുമായി എപ്പോഴും ഒരകലം പുലർത്തിയിരുന്നു. തന്റെ സമുദായത്തിൽനിന്നു തന്നെയുള്ള അവഹേളനം അനുഭവിക്കേണ്ടിവന്ന ആശാനിൽ സവർണ്ണരുമായും അധികാരികളുമായും അടുക്കാനും സൗഹൃദം പുലർത്താനുമുള്ള വാഞ്ഛ എന്നും ശക്തമായിരുന്നു.അദ്ദേഹത്തിന്റെ സുഹൃത്തുക്കളിൽ മൂലൂർ എസ്. പത്മനാഭപ്പണികർ, മൂർക്കോത്ത് കുമാരൻ തുടങ്ങിയ അപൂർവ്വം ചിലരോടല്ലാതെ ആശാൻ സ്ഥിരസൗഹൃദം പുലർത്തിയിട്ടുണ്ടെങ്കിൽ അത് സവർണ്ണരുമായിമാത്രമായിരുന്നു. "അധികാരികളുമായുള്ള ബന്ധത്തിന്റെ തെളിവായി ബഷീർ ഉദാഹരിക്കുന്ന സംഭവം ഇതാണ്. സ്വദേശാഭിമാനിയെ നാടുകടത്തുന്നു. ആശാന്റെ അതിനോടുള്ള അഭിപ്രായം ഇങ്ങനെയാണ്: "...മിസ്റ്റർ രാമകൃഷ്ണപിള്ള തന്റെ വാക്സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്തു പ്രജാക്ഷേമകാംക്ഷിയായ മഹാരാജാവു തിരുമനസ്സിലെ ഈ വിധം അപ്രീതിക്ക് പാത്രമായിത്തീർന്നതിൽ വ്യസനിക്കയല്ലാതെ നിവൃത്തിയില്ല." സ്വദേശാഭിമാനിയെ നാടുകടത്താൻ ഉത്തരവിട്ട ദിവാൻ പി.രാജഗോപാലാചാരിയും കുമാരനാശാനും വ്യക്തിപരമായി പരസ്പരം അഗാധമായ സ്നേഹവും വിശ്വാസവും പുലർത്തിയിരുന്നു! (ഇതിനുള്ള തെളിവായി ദിവാൻ കുമാരനാശാന് അയച്ച കത്ത് ഈ പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്). 

നാരായണ ഗുരുവിനോട് ആശാനുണ്ടായ മാനസിക അകൽച്ചയെ സൂചിപ്പിക്കുവാനായി എം.എം.ബഷീർ വീണപൂവിലെ ഈ ശ്ലോകമാണ് ഉദ്ധരിക്കുന്നത്: 

പോകട്ടതൊക്കെയഥവാ യുവലോകമേലു- 

മേകാന്തമാം ചരിതമാരറിയുന്നു പാരിൽ 

ഏകുന്നു വാക് പടുവിനാർത്തി വൃഥാപവാദം 

മുകങ്ങൾ പിന്നിവ-പഴിക്കുകിൽ ദോഷമല്ലേ? 

ആശാന്റെ ഗുരുനിഷേധങ്ങൾ പല മട്ടിൽ കാണാനാവും നമുക്ക്. ജീവിതത്തിലും കാവ്യങ്ങളിലും അതിന്റെ തെളിവുകൾ മതിയാവോളമുണ്ട്. ഈ നിഷേധം നിന്ദയായി കാണേണ്ടതില്ല. വഴിയിൽ നിങ്ങൾ ബുദ്ധനെ കാണുന്നുവെങ്കിൽ കൊന്നുകളയുക എന്ന സെൻ തത്വപ്രകാരമുള്ള ഗുരുഹത്യയായി കണ്ടാൽ മതിയെന്നു തോന്നുന്നു.ചിന്നസ്വാമിയെ വെട്ടിക്കളഞ്ഞ് കുമാരനാശാൻ സ്ഥാപിക്കുന്നത് 'ആശാനെ'യാണ്.ഗുരു എന്ന സ്ഥാനത്തെ  മറ്റൊരർത്ഥത്തിൽ ഏറ്റെടുക്കകയാണ് ആശാൻ ചെയ്യുന്നത്. 'ഗുരു' 'ആശാൻ ' എന്നീ വിശേഷണങ്ങൾ കാലം ചെല്ലെ 'നാമ'മായി രൂപാന്തരപ്പെട്ടു (ഗുരു എന്നാൽ നാരായണ ഗുരുവും ആശാൻ എന്നാൽ കുമാരനാശാനും). സംസ്കൃതപദമായ ഗുരുവിന് സമമായി പച്ചമലയാളത്തിലെ ആശാൻ ആയി ഇരിക്കുക എന്നത് കൂടിയായിരുന്നുവോ കുമാരനാശാന്റെ ഉദ്ദേശം? താങ്കളുടെ മറുപടിയറിയുവാൻ ആഗ്രഹമുണ്ട്. 

സ്നേഹപൂർവ്വം 

UiR

Content Highlights: Unni R | Book Bum | Malayalam Literature | Kumaranasan