അയാൾക്ക് 56 വയസ്സ്, അവൾക്ക് 18; പ്രണയത്തിന്റെ ഛായാചിത്രം
Mail This Article
പ്രിയ സുഹൃത്തേ,
പതിനെട്ട് വയസ്സായ ഒരു പെൺകുട്ടിക്ക് തന്നേക്കാൾ മുപ്പത്തിയെട്ട് വയസ് മൂപ്പെത്തിയ ഒരാളുമായുള്ള പ്രണയത്തിൽ എന്തിനിത്ര അത്ഭുതപ്പെടണം എന്നാവും താങ്കൾ ചിന്തിക്കുക എന്നറിയാം. പ്രണയമെന്നത് എപ്പോൾ വേണമെങ്കിലും ചാടി വീഴാവുന്ന ഒരു വ്യാഘ്രം കണക്ക് എല്ലാ മനുഷ്യരിലും ഒളിച്ചു പാർക്കുന്നുണ്ടാവണം. സീലിയ പോൾ എന്ന കൗമാരക്കാരിയിൽ നിന്നും ലൂസിയൻ ഫ്രോയ്ഡിലേക്ക് പടർന്ന പ്രണയത്തിൽ ആ പ്രായത്തിന്റെ നിഷ്ക്കളങ്കതയുണ്ടായിരുന്നു. എന്നാൽ ലൂസിയൻ ഫ്രോയ്ഡിലോ? ക്ഷമിക്കണം സീലിയ പോളിനെക്കുറിച്ച് പറഞ്ഞില്ല. ബ്രിട്ടീഷ് പെയിന്ററാണ് സീലിയ പോൾ. അവർ ജനിച്ചതെവിടെയെന്ന് അറിയുമ്പോൾ ചിലപ്പോൾ താങ്കളിൽ ചെറിയൊരു കൗതുകമുണ്ടായേക്കും. തിരുവനന്തപുരത്ത് കണ്ണമ്മൂലയിൽ! അഞ്ച് വയസ്സുവരെ ഇവിടെ ജീവിച്ചു. പിന്നീട് സ്വന്തം നാട്ടിലേക്ക് മാതാപിതാക്കൾക്കൊപ്പം മടങ്ങി. ഇനി ലൂസിയൻ ഫ്രോയ്ഡിനെക്കുറിച്ച്-സിഗ്മണ്ട് ഫ്രോയിഡിന്റെ കൊച്ചുമകൻ. ലോകം കണ്ടതിലെ മികച്ച ചിത്രകാരന്മാരിലൊരാൾ. 1922–ൽ ജനിച്ചു. 2011–ൽ മരിച്ചു. നീണ്ട 89 വർഷത്തിൽ ഓർമയുറച്ച കാലം മുതൽക്കേ കലയ്ക്ക് വേണ്ടി സമർപ്പിച്ച ജീവിതം.
1959 ലാണ് സീലിയ പോൾ ജനിക്കുന്നത്. 1976 മുതൽ 1981 വരെ ലണ്ടനിലെ സ്ലെയ്ഡ് സ്കൂൾ ഓഫ് ഫൈനാർട്സിൽ പഠിച്ചു. ഈ കാലയളവിലാണ് സീലിയ ലൂസിയനെ പരിചയപ്പെടുന്നത്. അപ്പോഴേക്കും ലൂസിയൻ ഫ്രോയ്ഡ് എന്ന പേര് പ്രശസ്തിയുടെ മഹാഗോപുരമായി തലയുയർത്തിയിരുന്നു. സ്വകാര്യതയിലേക്ക് തന്റെ അനുവാദമില്ലാതെ മറ്റൊരാൾക്കും ലൂസിയൻ പ്രവേശനം അനുവദിച്ചിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ തൊഴിക്കുകയുണ്ടായി. കലാകാരനെന്ന നിലയിൽ എല്ലാ അർത്ഥത്തിലും 'സ്വാർത്ഥ' നായിരുന്നു ലൂസിയൻ. തന്റെ സമയം. തന്റെ കല. തന്റെ സ്വാതന്ത്ര്യം. തന്റെ ഇഷ്ടാനിഷ്ടങ്ങൾ. ഇങ്ങനെ സകലതിലും 'തന്റെ' മാത്രമായ മാത്രകളിലാണ് അയാൾ ജീവിച്ചത്. അമ്പത്തിയാറാം വയസ്സിലെത്തി നിൽക്കുന്ന ഒരു മനുഷ്യനിൽ അതും ഒരു കലാകാരനിൽ ലോകം ഏൽപ്പിച്ചതും സ്വയമേറ്റതുമായ തഴമ്പുകൾ എത്രയാഴത്തിൽ വടുകെട്ടി നിൽക്കുന്നുണ്ടാവും എന്ന് താങ്കളോട് പറഞ്ഞ് തരേണ്ടതില്ലല്ലോ. ജീവിത തഴക്കത്തിന്റെ മദ്ധ്യാഹ്നം പിന്നിട്ട ലൂസിയനു മുന്നിലേക്ക് ആ ചെറിയ പെൺകുട്ടി വരുന്നു. തിരക്കിലാണോ എന്ന് പേടിയും മടിയും കലർന്ന് ചോദിക്കുന്നു. പിന്നീട് താൻ വരച്ച അമ്മയുടെ ഛായാചിത്രം കാണിക്കുന്നു. പിന്നീട്, അച്ഛന്റെ ഛായാചിത്രവും. ലൂസിയൻ അവളുടെ കഴുത്തിനു പിന്നിൽ സ്പർശിച്ചിട്ട് ചായയ്ക്ക് ക്ഷണിക്കുന്നു. ചായ കുടിച്ചുകൊണ്ടിരിക്കേ ഇപ്പോൾ താൻ ചെയ്യുന്ന പെയിൻറിംഗുകളെക്കുറിച്ച് ലൂസിയൻ സംസാരിച്ചു. നൈറ്റ് ന്യൂഡ്സിന്റെ പരമ്പര, മറ്റൊന്ന് വലിയൊരു കാൻവാസിൽ രണ്ട് ഇളംചെടികൾ. നഗ്നചിത്രങ്ങൾ രാത്രിയിലും ചെടികൾ പകൽ വെളിച്ചത്തിലുമാണ് വരയ്ക്കുന്നത്. ചെടികളുടെ പ്രധാന വെല്ലുവിളി, ഓരോ ദിവസവും അതിൽ പുതിയ മുളകൾ പൊടിക്കുന്നുവെന്നതാണ്. അതിനാൽ വീണ്ടും വീണ്ടും പുതുക്കി വരയ്ക്കേണ്ടി വരുന്നു. അവൾക്കത് കാണാൻ ആഗ്രഹമുണ്ടായി. ഒക്ടോബറിലെ തെളിഞ്ഞ സൂര്യനുള്ള പകലായിരുന്നു അത്. പോകുംവഴിക്ക് മെഡിക്കൽ പുസ്തകങ്ങൾ വാങ്ങുന്ന കടയിൽ നിന്നും സുഹൃത്തും പെയിന്ററുമായ ഫ്രാൻസിസ് ബേക്കൺ നിർദ്ദേശിച്ചപ്രകാരം മസ്തിഷ്കങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വാങ്ങി ലൂസിയൻ.
ലൂസിയന്റെ സ്റ്റുഡിയോയിലേക്ക് ടാക്സിയിലാണ് പോയത്. പോകുംവഴിക്ക് ലൂസിയൻ അവളുടെ മുടിയെടുത്തു, പിന്നീട് വിരലുകൾ കൊണ്ട് കഴുത്തിൽ തലോടി. ലൂസിയൻ അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് നീ ദുഃഖിതയായി കാണപ്പെടുന്നുവല്ലോ എന്ന് പറഞ്ഞു. എന്നിട്ട് ഫോൺ നമ്പർ ചോദിച്ചു. നമ്പർ എഴുതിയെടുത്തില്ല. ഒരു നീളൻ കവറിനു മുകളിൽ താക്കോൽ കൊണ്ട് നമ്പർ കോറിയിട്ടു. ടാക്സി ഒരു നീളൻ കെട്ടിടത്തിനു മുന്നിലെത്തി. ലൂസിയൻ വാതിൽ തുറന്നു. കുടവയറനായ ഒരു മനുഷ്യന്റെ നഗ്നപ്രതിമ അതിഥിയെ സ്വീകരിക്കാനെന്നവണ്ണം മുറിയുടെ മദ്ധ്യത്തിലുണ്ടായിരുന്നു. റോഡിൻ ചെയ്ത ബൽസാക്കിന്റെ ശില്പമാണിതെന്ന് ലൂസിയൻ പറഞ്ഞു. ലൂസിയൻ ചായ ഉണ്ടാക്കി. ജനാലയ്ക്കപ്പുറത്തെ കാഴ്ചകൾ നോക്കി നിന്ന സീലിയയുടെ പിന്നിൽ വന്ന് ലൂസിയൻ നിന്നു. അവളുടെ മുടികൾ ഉയർത്തിയശേഷം മുഖമതിലേക്ക് ആഴ്ത്തിയിട്ട് ബോദ്ലേറിന്റെ 'The Head Of Hair' മെല്ലെ ഉരുവിടുവാൻ തുടങ്ങി "swimming in your perfume, the scent of hair…rather good, don't you think?" എന്നിട്ട് ലൂസിയൻ അവളെ മൃദുവായി എന്നാൽ നിർബന്ധത്തോടെ വലിച്ചു. ലൂസിയൻ അവളെ ചുംബിച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ അവൾ ശ്രദ്ധിച്ചു. കണ്ണുകളിലെ വെളുത്ത നിറം ഒരന്ധനെ ഓർമിപ്പിച്ചു; നേർത്തതും ചെറുതുമായ ശിരസ്സ് ഒരു മുട്ടത്തോടിനെയും. അവൾ തന്റെ ചിത്രങ്ങളെങ്ങനെയെന്ന് ചോദിച്ചു, 'ചക്കരക്കുടത്തിലൂടെയുള്ള നടത്തം പോലെ'യെന്ന് ലൂസിയൻ മറുപടി പറഞ്ഞു. പിന്നെ, അവളെ സ്റ്റുഡിയോയിലേക്ക് നടത്തി. അവിടെ പൂർത്തിയാവാത്ത ആ ചെടികളുടെ പെയിന്റിംഗ് ഉണ്ടായിരുന്നു. ലൂസിയൻ വീണ്ടും അവളെ ചുംബിക്കാൻ തുടങ്ങി. തനിക്ക് തിരിച്ച് പോകണമെന്ന് ആ നിമിഷം സീലിയ നിർബന്ധം പിടിച്ചു. ഒരു മോഡലുമായി കാണേണ്ടതുണ്ടെന്നും അവൾ സീലിയയ്ക്ക് മാത്രമായി മോഡല്‍ ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും പറഞ്ഞ് ഇറങ്ങുമ്പോൾ പാതിപൂർത്തിയായ അതിസുന്ദരമായ ഒരു പെയിന്റിംഗ് കതകിനു പിന്നിൽ ഞാത്തിയിട്ടിരുന്നത് കണ്ടു. ഒരു കൈ തലയ്ക്ക് കൊടുത്ത്, ദിവാസ്വപ്നത്തിലാണ്ട ഒരു സ്ത്രീയുടെ ചിത്രമായിരുന്നു അത്. അവളുടെ വാ അൽപ്പം തുറന്നിരുന്നു. ആ ചിത്രത്തിലാകെ പ്രണയം ഉണ്ടായിരുന്നു. തിരിച്ചിറങ്ങുമ്പോൾ കോണിപ്പടികൾക്ക് മധ്യേവെച്ച് സീലിയ ലൂസിയന്റെ ശബ്ദം കേട്ടു "വളരെ നന്ദി."
പിന്നീടൊരിക്കലും ലൂസിയനെ കാണരുതെന്ന് സീലിയ ആഗ്രഹിച്ചു. എന്നാൽ ഒരുദിവസം മുറിയിൽ വായിച്ചു കൊണ്ടിരുന്നപ്പോൾ ഹോസ്റ്റലിലെ വിദ്യാർത്ഥികളിലൊരാൾ ഒരു ഫോണുണ്ടെന്ന് പറഞ്ഞു. മറുതലയ്ക്കൽ ലൂസിയനായിരുന്നു. 'ഞാൻ നിന്നെ കാത്തിരുന്നു' എന്ന് ലൂസിയൻ പറഞ്ഞു. 'ഞാൻ എന്റെ ജോലിയിലായിരുന്നു'വെന്ന് അവൾ മറുപടി പറഞ്ഞു. 'അത് നന്നായി. എനിക്ക് നിന്നെ കാണാൻ ആഗ്രഹമുണ്ടെന്ന്' അയാൾ പറഞ്ഞു. ഭയപ്പെടുത്തുകയും അതേസമയം സങ്കീർണമാക്കുകയും ചെയ്യുന്ന ഈ അവസ്ഥയിൽ എന്തു ചെയ്യണമെന്ന് സീലിയയ്ക്ക് ബോധ്യമുണ്ടായിരുന്നില്ല. ഒടുവിൽ റീജന്റ്സ് പാർക്കിൽ കാണാമെന്ന് സമ്മതിച്ചു. ലൂസിയൻ അവിടെ വെച്ച് മൈക്കലാഞ്ചലോ ശിൽപ്പങ്ങളുടെ ഒരു പുസ്തകം സമ്മാനിച്ചു. അടുത്ത ദിവസം വീണ്ടും കാണണമെന്ന് ലൂസിയൻ അവളോട് പറഞ്ഞു. സീലിയയ്ക്ക് പറ്റില്ല എന്നു പറയാൻ കഴിഞ്ഞില്ല.
സീലിയ ലൂസിയനെ കാണുവാനായി പോയി. അവളുടെ കോട്ടിന്റെ പോക്കറ്റ് നിറയെ ചില്ലറപ്പൈസയുണ്ടായിരുന്നു. ഹാൻഡ് ബാഗ് അവൾ എടുത്തിരുന്നില്ല. ലൂസിയൻ അവളെ കാത്ത് ഇരിക്കുകയായിരുന്നു. കണ്ടയുടൻ തന്നെ ചുവരിലേക്ക് ചാരിനിർത്തി ചുംബിക്കുവാൻ തുടങ്ങി. പിന്നെ, നിലത്തേക്ക് തള്ളിയിട്ടു. അവളുടെ പോക്കറ്റിലെ ചില്ലറത്തുട്ടുകൾ നിലമാകെ തെറിച്ചു വീണു. ആ നാണയങ്ങൾ ചില കുളങ്ങൾക്ക് മധ്യേയുള്ള ശിൽപ്പങ്ങളിലേക്ക് ആളുകൾ വലിച്ചെറിയുന്ന നാണയങ്ങൾ പോലെ ബൽസാക്കിന്റെ ശിൽപ്പത്തിന്റെ ചുവടുനിറയെ വീണു കിടന്നു.അവളെ വിറയൽ മൂടി. എങ്ങനെയും പുറത്തു കടക്കണമെന്ന് തോന്നി. ഈ സമയം മുഴങ്ങിയ ഡോർബൽ കുറച്ചൊന്നുമല്ല അവളെ ആശ്വസിപ്പിച്ചത്. ലൂസിയൻ ഇന്റർകോമിൽ ആരാണ് പുറത്തുള്ളതെന്ന് തിരക്കി. പിന്നീട് ക്ഷമാപണത്തോടെ സീലിയയോട് പറഞ്ഞു, എനിക്കൊരു അതിഥിയുണ്ട്. തിരിച്ചിറങ്ങുമ്പോൾ സീലിയ കണ്ടു, ലൂസിയന്റെ സുന്ദരിയായ അതിഥിയെ, അവർ സീലിയയെ ജിജ്ഞാസയോടെ നോക്കി. നിലത്ത് ചിതറിക്കിടക്കുന്ന ആ നാണയത്തുട്ടുകൾ അവർ എന്തു ചെയ്യുമെന്നോർത്ത് സീലിയ രസിച്ചു.
പിന്നീടുള്ള പത്ത് വർഷം ലൂസിയനെന്ന മനുഷ്യനിൽ നിന്നും വേറിട്ടു നിൽക്കാനാവാത്തവിധം സീലിയ ഒരു കാന്തത്തിനടിപ്പെട്ടപോലെ ജീവിച്ചു. ലൂസിയൻ ഫ്രോയ്ഡ് രഹസ്യക്കാരനായിരുന്നു. ഒന്നും വെളിപ്പെടുത്താത്തവൻ. നേരത്തെ എഴുതിയ ആ വാക്ക് ഒന്നു കൂടി ആവർത്തിച്ചാൽ ജീവിതത്തഴമ്പുള്ളവൻ. സീലിയയോ? ലോകത്തിലേക്ക് നടന്നുതുടങ്ങുന്ന പ്രായം. സീലിയയെ മോഡലായി ലൂസിയൻ നിർത്തിയപ്പോൾ അവൾ നിർത്താതെ കരഞ്ഞു. തന്റെ അമ്മയും ഇതേ പോലെ കരഞ്ഞത് സീലിയ എഴുതിയിട്ടുണ്ട്. ഒരു 'വസ്തു'വായി മാറുന്നതിലെ സങ്കടമാണിത്. ലൂസിയൻ ഒരിക്കലും അയാളുടെ മോഡലുകളെ അവരുടെ ചിന്തയിലേക്ക് പ്രവേശിക്കുവാൻ അനുവദിച്ചിരുന്നില്ല. പോർട്രെയിറ്റ് ചെയ്യുമ്പോൾ ലൂസിയൻ തന്റെ മോഡലുമായി സംസാരിച്ചു കൊണ്ടിരിക്കും. സീലിയ എഴുതുന്നുണ്ട് ഒരിക്കലും ഒരു പുരുഷ ചിത്രകാരന് ഒരു സ്ത്രീയുടെ മാനസിക സഞ്ചാരമെന്തെന്ന് മനസിലാവില്ലന്ന്. ലൂസിയന് പല ബന്ധങ്ങളിലായി പതിനാലോളം കുട്ടികളുണ്ട്. സീലിയയിലും ഒരു മകനുണ്ട്. മകന്റെ ജനനശേഷമാണ് ലൂസിയനുമായുള്ള ബന്ധം സീലിയ പിരിയുന്നത്. എന്നാൽ ലൂസിയന്റെ അവസാന നാളുകൾവരെ സീലിയയും മകനും ആ ബന്ധം നിലനിർത്തിയിരുന്നു. ലൂസിയനെക്കുറിച്ചാവട്ടെ അല്ലെങ്കിൽ മറ്റ് പുരുഷ ആർട്ടിസ്റ്റുകളെക്കുറിച്ചാവട്ടെ സ്വാർത്ഥരാണവർ എന്ന് സീലിയ പറയാതെ പറയുന്നുണ്ട്. കുട്ടിയുടെ ജനനശേഷം വീട്/സ്റ്റുഡിയോ എന്ന വേർതിരിവ് കൃത്യമായി അവർ ശീലിച്ചു. ലൂസിയനായി അയാൾ ആവശ്യപ്പെട്ട സമയങ്ങൾ കൊടുക്കാതെയായി. മകനെ കൂടുതൽ ശ്രദ്ധിച്ചു. ലൂസിയനിൽ നിന്നുമുള്ള അകൽച്ച അവരെ കൂടുതൽ സ്വതന്ത്രയാക്കി.
ലൂസിയൻ പലപ്പോഴും രാത്രിയിലാണ് വർക്ക് ചെയ്തിരുന്നത്.ആ സമയത്ത് ആരെയും കണ്ടിരുന്നില്ല. ലൂസിയനെ കാണാനായി വീട്ടിൽ നിന്ന് എത്തുന്ന സീലിയ സിനിമ കണ്ടും കഫേകളിൽ ഇരുന്നും സമയം ചിലവഴിച്ച ശേഷമാവും ലൂസിയന്റെ തിരക്കൊഴിയുന്ന നേരം നോക്കി സ്റ്റുഡിയോയിലേക്ക് ചെല്ലുക (ലൂസിയന് വ്യക്തിബന്ധത്തേക്കാൾ തന്റെ വർക്ക് തന്നെയാണ് പ്രഥമ പരിഗണന. സീലിയയ്ക്ക് വർഷങ്ങൾക്കുശേഷം മനസിലായ വസ്തുത! ഇതിലെ ശരിതെറ്റുകളെക്കുറിച്ച് അവർ ഒരിക്കൽപ്പോലും പരാമർശിക്കുന്നില്ല.) പലപ്പോഴും സീലിയ രാത്രികളിലിരുന്നിരുന്ന കഫേയിൽ ഒരു മനുഷ്യനെ കണ്ടിരുന്നു. അയാൾ ഒരിക്കലും സീലിയയെ കണ്ടിരുന്നില്ല.
സീലിയയെ മോഡലാക്കി ലൂസിയൻ ചെയ്ത അവസാനത്തെ പെയിന്റിംഗാണ് 'painter and model’ അധികാരവും ഇച്ഛയും ദ്യോതിപ്പിക്കുന്ന ചിത്രം. സീലിയയുടെ പെയിന്റടയാളങ്ങൾ ഉള്ള ചുവന്ന വസ്ത്രം ധരിക്കാൻ ലൂസിയൻ ആവശ്യപ്പെട്ടു. കൈയ്യിൽ ഒരു ബ്രഷ് കൊടുത്തു. നിലത്ത് വീണു കിടക്കുന്ന പാതി പീച്ചിയ വർണട്യൂബുകൾ സീലിയയുടെ സ്റ്റുഡിയോയിൽ ലൂസിയൻ കണ്ടിട്ടുണ്ട്. ഈ പെയിൻറിംഗിലും അതുണ്ട്. മുന്നിലെ സോഫയിൽ കാലുകൾ വിടർത്തി ആഗ്നസ് കൂക്ക് എന്ന പുരുഷനെ നഗ്നനായി കിടത്തി. ആഗ്നസ് സീലിയയുടെ സുഹൃത്തായിരുന്നു. ഈ ചിത്രത്തിൽ സീലിയയെ ലൂസിയൻ ശക്തമായൊരു സ്ഥാനത്ത് പ്രതിഷ്ഠിച്ചതായി അവർ സ്വയം കരുതുന്നു.
നാൽപ്പതു വർഷങ്ങൾക്കുശേഷം സീലിയ പോൾ തിരുവനന്തപുരത്ത് വന്നിരുന്നു. കണ്ണമ്മൂലയിലെ താൻ ജനിച്ച വീടു കാണാൻ. സീലിയയുടെ അച്ഛനും അമ്മയും ബ്രിട്ടീഷ് ഭരണകാലത്ത് മിഷിണറി പ്രവർത്തനത്തിനായി ഇന്ത്യയിൽ വന്നവരാണ്. അഞ്ച് മക്കളായിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്. പഴയ ഓർമകളോടെ എത്തിയ സീലിയ മൂന്നാം ദിവസം തിരിച്ച് പോയി. വീട്ടിലേക്ക് തിരിച്ച് പോകുവാനുള്ള തികട്ടൽ, മറ്റൊന്ന് പിതാവ് ജോലി ചെയ്തിരുന്ന തിയോളജി സെമിനാരിയുടെ തണുപ്പിക്കുന്ന മറുപടികൾ. സീലിയ പഴയ ആ വീട് വരച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരവും അവർ താമസിച്ച ഹോട്ടൽ മുറിയിലെ ഒച്ചവെക്കുന്ന ഫാനും പഴയ വീട്ടിലെ പാമ്പുകളും അമ്പലങ്ങളിലെ ചെണ്ടമേളവുമെല്ലാം പ്രാകൃതമായൊരു ദേശത്തെ എന്ന പോലെയാണ് അവർ വിവരിച്ചിരിക്കുന്നത്.
'സെൽഫ് പോർട്രെയിറ്റ്' എന്ന സീലിയ പോളിന്റെ ആത്മകഥയിൽ ചെറിയ ഒരു പെൺകുട്ടി വളർന്നത്. ലൂസിയൻ ഫ്രോയ്ഡ് എന്ന വൻമരത്തിന്റെ ഛായയിൽ നിന്ന് വിടുതൽ നേടിയത്. ഒരു സ്ത്രീ എങ്ങനെ പുരുഷ ചിത്രകാരന്മാരിൽ നിന്നും വ്യത്യസ്തയാകുന്നു എന്നത്. രാത്രികളിൽ പാരീസ് കഫേയിൽ കണ്ട ആ മനുഷ്യൻ - സ്റ്റീവൻ കുപ്ഫെർ - പിന്നീട് ഭർത്താവായത്. അയാൾ ലൂസിയനിൽ നിന്നും എങ്ങനെ വ്യത്യസ്തനായിരുന്നു എന്നത്. ഈ ആത്മകഥ എഴുതിത്തീർന്നശേഷം വായിച്ച് സ്റ്റീവൻ അഭിപ്രായം പറഞ്ഞത്. ഇങ്ങനെ നീണ്ട ഒരു കാലത്തിന്റെ ഛായാചിത്രമാണീ പുസ്തകം. ലൂസിയനെക്കുറിച്ച് കുറ്റപ്പെടുത്തലുകളോ മോശപ്പെട്ട പരാമർശങ്ങളോ ഇതിലില്ല. എന്നാൽ ലൂസിയൻ ഫ്രോയ്ഡ് എന്തായിരുന്നുവെന്ന് നമുക്കറിയാനാവും. ഒരു ചെറിയ പെൺകുട്ടി അന്ധമായി പ്രണയിക്കുന്നതറിയാം. വായിച്ച് തീരുമ്പോൾ ഒരു കാര്യം വ്യക്തമാവും ലൂസിയൻ ഫ്രോയിഡിന് പല സ്ത്രീകളിലൊരാൾ മാത്രമായിരുന്നു സീലിയ പോൾ. അവർക്കതിൽ ദുഃഖമില്ലായിരുന്നെന്നു വേണം കരുതാൻ. മറിച്ച് അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ അവരത് വെളിപ്പെടുത്താൻ ആഗ്രഹിച്ചിട്ടില്ല. ലൂസിയൻ ശീലിച്ച രഹസ്യങ്ങൾ എല്ലാവർക്കും ബാധകമാകാം.
സ്നേഹപൂർവ്വം
UiR