നൊബേൽ ജേതാവ് ലൂയിസ് ഗ്ലിക്ക് അന്തരിച്ചു; വിട പറഞ്ഞത് മനുഷ്യാനുഭവങ്ങളെ പ്രകാശിപ്പിച്ച കവി
Mail This Article
പ്രശസ്ത അമേരിക്കൻ കവിയും സാഹിത്യത്തിനുള്ള നൊബേൽ സമ്മാനജേതാവുമായ കവി ലൂയിസ് ഗ്ലിക്ക് (80) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയില്‍ കഴിയവേ മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നൊബേൽ സമ്മാനം കൂടാതെ, പുലിറ്റ്‌സർ പ്രൈസ്, നാഷനൽ ഹ്യുമാനിറ്റീസ് മെഡൽ, ബോളിംഗൻ പ്രൈസ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്, അമേരിക്കൻ അക്കാദമി ഓഫ് പൊയറ്റ്സ് എന്നിവയിലും അംഗമായിരുന്നു.
1943-ൽ ഏപ്രിൽ 22-ന് ന്യൂയോർക്ക് സിറ്റിയിലാണ് ഗ്ലിക്ക് ജനിച്ചത്. മാതാപിതാക്കളായ ഡാനിയേലിനും ബിയാട്രിസിനുമൊപ്പം ഒരു ജൂത കുടുംബത്തിലാണ് ഗ്ലിക്ക് വളർന്നത്. ബാല്യകാലത്തെ ഒറ്റപ്പെടല്‍ പിന്നീട് അവരുടെ കവിതയിൽ അനുരണനം കണ്ടെത്തുന്ന വിഷയമായി മാറി. ഒരു കവിയെന്ന നിലയിൽ ഗ്ലിക്കിന്റെ വളർച്ചയിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. സാറാ ലോറൻസ് കോളേജിൽ പഠിച്ച ഗ്ലിക്ക് കവി സ്റ്റാൻലി കുനിറ്റ്‌സിന്റെ ശിഷ്യയായിരുന്നു. കുനിറ്റ്‌സിന്റെ മാർഗനിർദേശവും പ്രോത്സാഹനവും ഗ്ലൂക്കിന്റെ കാവ്യാത്മക ശബ്ദത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി. എമിലി ഡിക്കിൻസൺ, സിൽവിയ പ്ലാത്ത്, ടി.എസ്. എലിയറ്റ് എന്നിവരുടെ കവിതകൾ ഗ്ലിക്കിന്റെ പ്രിയപ്പെട്ടവയായത് ആ കാലഘട്ടത്തിലാണ്.
ചെറുപ്പത്തിൽ തന്നെ കവിതയെഴുതാൻ തുടങ്ങിയ ഗ്ലിക്ക് 1968-ൽ തന്റെ ആദ്യ സമാഹാരമായ ഫസ്റ്റ്‌ബോൺ പ്രസിദ്ധീകരിച്ചു. അടുത്ത ആറ് പതിറ്റാണ്ടിനുള്ളിൽ, ദി ട്രയംഫ് ഓഫ് അക്കില്ലസ് (1985), ദി വൈൽഡ് ഐറിസ് (1992), അരാരത്ത് (2000), അവെർനോ (2006) ഉൾപ്പെടെ 12 ശേഖരങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. നഷ്ടം, ദുഃഖം, ആഘാതം, അതിജീവനം എന്നീ പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്ന കവിതകളുടെ പേരിലാണ് ഗ്ലിക്ക് അറിയപ്പെടുന്നത്.
ജീവിതത്തിലുടനീളം, ഗ്ലിക്ക് വിഷാദവും അനോറെക്സിയയും ഉൾപ്പെടെയുള്ള വ്യക്തിപരമായ പോരാട്ടങ്ങളെ അഭിമുഖീകരിക്കുകയും ഈ വിഷയങ്ങളെ സത്യസന്ധതയോടുകൂടി കവിതകളിൽ അവതരിപ്പിക്കുകയും ചെയ്തു. വില്യംസ് കോളേജ്, യേൽ യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക സ്ഥാനങ്ങൾ വഹിച്ച ഗ്ലിക്ക് സമകാലിക സാഹിത്യത്തിലെ ഏറ്റവും ആദരണീയവും സ്വാധീനവുമുള്ള സാഹിത്യ ശബ്ദങ്ങളിൽ ഒന്നായിരുന്നു. സാഹിത്യത്തോടുള്ള തന്റെ അറിവും അഭിനിവേശവും എഴുത്തുകാരുമായി പങ്കുവെച്ച ഗ്ലിക്ക്, വളർന്നുവരുന്ന എണ്ണമറ്റ കവികളെ സ്വാധീനിച്ചു.
കവിതയുടെ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച ശ്രദ്ധേയമായ ഒരു സാഹിത്യ ജീവിതമായിരുന്നു ഗ്ലിക്കിന്റേത്. 'കഠിനമായ സൗന്ദര്യത്താൽ വ്യക്തിഗത അസ്തിത്വത്തെ സാർവത്രികമാക്കുന്ന കാവ്യാത്മക ശബ്ദം' 2020-ൽ, സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകിക്കൊണ്ട് നൊബേൽ കമ്മറ്റി എന്നാണ് ഗ്ലിക്കിനെ വിശേഷിപ്പിച്ചത്. ഗ്ലിക്കിന്റെ കൃതികൾ അതിന്റെ സത്യസന്ധത, ആത്മപരിശോധന, അനുകമ്പ എന്നിവയാൽ നിരൂപകരെയും വായനക്കാരെയും ഒരുപോലെ ആകർഷിച്ചു. മനുഷ്യാനുഭവങ്ങളെ പ്രകാശിപ്പിക്കാനുള്ള ഭാഷയുടെ ശക്തിയെ ഓർമ്മിപ്പിക്കുന്ന ഗ്ലിക്കിന്റെ രചനകൾ കാലങ്ങളായി ആഘോഷിക്കപ്പെടുന്നു.