ADVERTISEMENT

സാധാരണക്കാരായ എഴുത്തുകാർക്കും അന്തസ്സോടെ ശിരസ്സുയർത്തിപ്പിടിക്കാമെന്നു മലയാളം ആദ്യമായി അറിഞ്ഞത് വള്ളത്തോളിനെ കണ്ടപ്പോഴാണ്. കവിതയിൽ ‘താഴ്മതാനഭ്യുന്നതി’ എന്നെഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹം ഒരു പ്രസാധക വാമനനു മുന്നിലും കവിശിരസ്സ് കുനിച്ചുകൊടുത്തില്ല. തന്റെ വാക്കിനു വിലയുണ്ടെന്ന ഊറ്റം അദ്ദേഹത്തിനുണ്ടായിരുന്നു. കവിതയ്ക്കു പ്രതിഫലം നൽകുന്ന പതിവില്ലായിരുന്ന കാലമായിരുന്നു അത്. എഴുത്തുകൊണ്ടു ജീവിക്കാൻ തീരുമാനിച്ച വള്ളത്തോളിനാകട്ടെ കവിതയ്ക്കു കണക്കുപറയേണ്ടിയിരുന്നു. രാജകുടുംബങ്ങളിലോ വലിയ ജന്മികുടുംബങ്ങളിലോ ഉള്ള കവികൾക്ക് പ്രതിഫലത്തെക്കുറിച്ചു വേവലാതി വേണ്ടായിരുന്നു. എന്നാൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെട്ടിരുന്ന നാരായണ മേനോനാകട്ടെ അതായിരുന്നു വലിയ വേവലാതി. ആദ്യകാലത്തു കുടുംബത്തിൽ നിന്നുള്ള സഹായം തുണച്ചെങ്കിലും പിന്നീടു കുടുംബമായതോടെ വരുമാനം അനിവാര്യമായി. കവിതയ്ക്കു പൈസ ചോദിച്ചതിന് അദ്ദേഹം അതിനിശിതമായി ആക്ഷേപിക്കപ്പെട്ടു. പദ്യത്തിലെഴുതിയ ഒരു വിമർശനം ഇങ്ങനെയായിരുന്നു:

‘കവനത്തിനു കാശുകിട്ടണം പോൽ;

ശിവനേ, സാഹിതി തേവിടിശ്ശിയെന്നോ!’.

സാമ്പത്തികപരാധീനതകൾ മാത്രമല്ല വള്ളത്തോളിനെ കണക്കു പറയുന്ന കവിയാക്കിയത്. സർഗാത്മകതയെ വിലമതിക്കേണ്ടതുണ്ടെന്നും കവിയെന്ന നിലയിലുള്ള അവകാശമാണതെന്നും അദ്ദേഹം കരുതി. കവിത അയയ്ക്കുമ്പോൾ അതിനൊപ്പം കിട്ടേണ്ട പ്രതിഫലം എത്രയെന്നും മടി കൂടാതെ സൂചിപ്പിച്ചു. രണ്ടാംലോകയുദ്ധത്തിനു ശേഷം എല്ലാറ്റിനും വിലപ്പെരുപ്പമുണ്ടായിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് അങ്ങു കവിതയിലെ ഓരോ വരിക്കും ഒരു ഉറുപ്പികയായി പ്രതിഫലം വർധിപ്പിച്ചതെന്ന് അറിയിക്കണമെന്ന് ഒരു പത്രാധിപർ കവിക്കെഴുതി. പ്രതിഫലം കൂടുതലാണെന്നു തോന്നുന്നെങ്കിൽ പ്രസിദ്ധീകരിക്കേണ്ടെന്നും തിരിച്ചയയ്ക്കാനുമായിരുന്നു മറുപടി. പറഞ്ഞ തുക തന്നാൽ പ്രസീദ്ധീകരിക്കാമെന്നും കൂട്ടിച്ചേർത്തു. വള്ളത്തോളിന്റെ കവിത വിട്ടുകളയാൻ പത്രാധിപർക്കു ധൈര്യമില്ലായിരുന്നു. അൻപത്തിരണ്ടു വരികളുണ്ടായിരുന്നു ആ കവിതയ്ക്ക്. ഓരോ വരിക്കും ഒരു ഉറുപ്പിക വീതം കൊടുക്കാൻ ഒടുവിൽ പത്രാധിപർ തയ്യാറായി. വള്ളത്തോൾ ഒരിക്കൽ അഭിമാനത്തോടെ പറഞ്ഞു: ‘ഇന്നു കവികളുടെ പോക്കറ്റിൽ കാവ്യകഷ്ണങ്ങൾക്കു പുറമേ കാശും കാണാമെന്നായിട്ടുണ്ട്’. അതിനു കാലവും കവിതയും വള്ളത്തോളിനോടു കടപ്പെട്ടിരിക്കുന്നു.

vallathol-narayana-menon-photo
വള്ളത്തോള്‍

വേതനം കിട്ടേണ്ട വൃത്തികളിൽ കാവ്യവൃത്തിയെ ആസ്ഥാന നിരൂപകരും കവികൾ തന്നെയും പെടുത്തിയിരുന്നില്ല. എന്നാൽ പൈസ ചോദിച്ചതിന്റെ പേരിൽ വള്ളത്തോളിനെ ഒഴിവാക്കാനും അവർക്കു ധൈര്യമില്ലായിരുന്നു. കാരണം കവിയശസ്സിൽ ആരെയും അതിശയിച്ചിരുന്നു. വള്ളത്തോളിന്റെ കവിത പ്രസിദ്ധീകരിക്കുന്നതു പത്രാധിപൻമാരുടെ അന്തരംഗം അഭിമാനപൂരിതമാക്കുമായിരുന്നു. 

കുടുംബത്തെ മാത്രമല്ല, നിരന്തരം വിരുന്നെത്തിയിരുന്ന സുഹൃത്തുക്കളെയും അദ്ദേഹത്തിനു പോറ്റേണ്ടിയിരുന്നു. അൻപതുപേർക്കു വരെ ആഹാരം വിളമ്പിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്. പ്രസാധകരുടെ ചൊൽപ്പടിക്കു നിൽക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പുസ്തകങ്ങൾ സ്വയം അച്ചടിക്കുകയും അതു കേരളത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല, പഴയ ബോംബെയിലും മദ്രാസിലും കൽക്കത്തയിലുമെല്ലാം കൊണ്ടുചെന്ന് മലയാളികൾക്കു വിൽക്കുകയും ചെയ്തു. പ്രായം ഏറെയായിട്ടും അദ്ദേഹം പുസ്തകങ്ങൾ കൊണ്ടുനടന്നു വിറ്റിരുന്നു. പ്രസിന്റെ മാനേജരായും പത്രാധിപസമിതി അംഗമായുമെല്ലാം ജോലിനോക്കി. 

vallathol-narayana-menon-books

ദേശീയതയുടെ മഹാകവി

മലയാളത്തിലാണെങ്കിലും പ്രാദേശികതയുടെ കവിതയായിരുന്നില്ല, സാംസ്കാരിക ദേശീയതയുടെ കവിതയായിരുന്നു അദ്ദേഹം എഴുതിയത്. സ്വാതന്ത്ര്യസമരം അദ്ദേഹത്തിലെ കവിയെ പ്രചോദിപ്പിച്ചുണർത്തി. വെൺമണിപ്പാരമ്പര്യത്തിന്റെ കവനകൗതുകങ്ങളിൽ നിന്നു ദേശീയപ്രസ്ഥാനത്തിന്റെ സമരോത്സുകതയെ പ്രതിഫലിപ്പിക്കുന്ന കവിതയിലേക്ക് അദ്ദേഹം മുന്നേറി. കൗമാരത്തിലേ കവിയായി പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ ആദ്യകാല കൃതികൾ അച്ചടിച്ചുനൽകാൻ സഹൃദയർ തയ്യാറായി. 

VALLATHOL
വള്ളത്തോള്‍

സ്വയം പുതുക്കാനും ലോകചലനങ്ങൾ ശ്രദ്ധിക്കാനും മുപ്പത്തിയൊന്നാം വയസ്സിൽ പിടികൂടിയ ബാധിര്യം അദ്ദേഹത്തിനു തടസ്സമായില്ല. ശബ്ദങ്ങളുടെ ലോകം അടഞ്ഞപ്പോഴും കാവ്യലോകത്ത് വള്ളത്തോൾ പ്രജാപതിയായി തുടർന്നു. വൈക്കം സത്യഗ്രഹകാലത്ത് ഗാന്ധിജിയെ നേരിട്ടുകണ്ടതു വലിയ സ്വാധീനമായി. ‘എന്റെ ഗുരുനാഥൻ’ എന്ന കവിതയിൽ അതിന്റെ അടയാളപ്പെടുത്തലുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വയം കണ്ട അദ്ദേഹം വെയിൽസ് രാജകുമാരന്റെ പട്ടും വളയും നിരസിച്ചു. കുമാരനാശാൻ അതു സ്വീകരിക്കുകയും ചെയ്തു. 

കഥകളിയും വിവർത്തനവും

ഇരുപത്തിയെട്ടു ദിവസം തുടർച്ചയായി ഉറക്കമിളച്ചു കഥകളി കണ്ട് ഒടുവിൽ 29–ാം ദിവസം ക്ഷീണം മൂലം വഴിയിലെവിടെയോ കിടന്നുറങ്ങിപ്പോയ അച്ഛന്റെ കഥകളിഭ്ര‍ാന്ത് നാരായണ മേനോനും കിട്ടിയിരുന്നു. അച്ഛനൊപ്പം കഥകളി കാണാൻ താണ്ടിയ ദൂരങ്ങളാണ് അദ്ദേഹത്തെ കലാമണ്ഡലം എന്ന മഹാസംരംഭത്തിലേക്ക് എത്തിച്ചത്. കുന്നംകുളം കാലത്ത് അദ്ദേഹം സ്ഥാപിച്ച കഥകളി വിദ്യാലയമാണ് പിന്നീടു ചെറുതുരുത്തിയിലെ കലാമണ്ഡലമായി മാറിയത്. ആ സ്വപ്നത്തിനായി പിരിവെടുക്കാൻ ഇന്ത്യയ്ക്ക് അകത്തും പുറത്തും അദ്ദേഹം സഞ്ചരിച്ചു. കൗമാരകാലം തൊട്ടേ കവിതാപ്രിയരായ കൂട്ടുകാർ ഒപ്പമുണ്ടായിരുന്നു–അതിനു വള്ളത്തോൾ കമ്പനിയെന്നൊരു പേരും വീണു. കവനകലയുടെ വള്ളത്തോൾ കമ്പനി. കാവ്യകലയോടുള്ള അടങ്ങാത്ത ആത്മസമർപ്പണം മാത്രം ഓഹരിനിക്ഷേപമായുള്ള കമ്പനി!

vallathol-narayana-menon-books-translation

വിവർത്തകനെന്ന നിലയിലും സ്വന്തം മുദ്ര പതിപ്പിക്കാൻ വള്ളത്തോൾ നാരായണമേനോനായി. വാൽമീകി രാമായണവും അഭിജ്ഞാന ശാകുന്തളവും ഋഗ്വേദവും വിവിധ പുരാണങ്ങളുമെല്ലാം അനായാസം വിവർത്തനത്തിനു വഴങ്ങി. മലയാളത്തിന്റെ ശബ്ദഗാംഭീര്യത്തിലും വഴക്കത്തിലും അദ്ദേഹം അഭിമാനിച്ചിരുന്നു. ‘എന്റെ ഭാഷ’യെന്ന കവിതയിൽ അദ്ദേഹം എഴുതി:

‘മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചീടുന്നതൊന്നാമതായ്’. 

മലയാളത്തിന്റെ മൊഴിപ്പടർച്ചകളിൽ വള്ളത്തോളിൽ നിന്നാർജിച്ച ഊർജവും ഊറ്റവുമുണ്ട്; ‘കാലത്തിനു നിരക്കാത്ത കവി’യെന്ന മുൾക്കിരീടം ആരു ചാർത്തിയാലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com