അക്ഷരങ്ങളുടെ കോർട്ടിൽ ഒരു ഗ്രാൻഡ്സ്ലാം കിരീടം; സെറീന കഥയെഴുതുകയാണ്
Mail This Article
കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും യുഎസ് ടെന്നിസ് താരം സെറീന വില്യംസിന്റെ മിന്നൽ ഷോട്ടുകളുടെയും റിട്ടേണുകളുടെയും അലയൊലികൾ അവസാനിച്ചിട്ടില്ല. എതിരാളികളെ കീഴടക്കി, ഇരുകൈകളും ഉയർത്തിയും, പറക്കും ചുംബനങ്ങൾ സമ്മാനിച്ചുമുള്ള അതേ പ്രകടനം കോർട്ടിനു പുറത്തും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് താരം. ടെന്നീസ് റാക്കറ്റ് താഴെ വച്ചു കഴിഞ്ഞു. എന്നാൽ ആ കൈകളിൽ പേനയുണ്ട്. തിരക്കു പിടിച്ച ജീവിതത്തിൽ ഓടിയോടിത്തളർന്ന ക്ഷീണത്തിന് ഇടവേള കൊടുത്ത് സെറീന എഴുതുകയാണ്. പിന്നിട്ട ഐതിഹാസികമായ ജീവിതത്തെക്കുറിച്ച്. അദ്ഭുതലോകത്തെത്തിയ ആലീസിന്റെ കഥയല്ല. വെല്ലുവിളികളോട് പോരടിച്ച് ആധിപത്യം സ്ഥാപിച്ച യുവതിയുടെ വിജയകഥ.
ഓർമക്കുറിപ്പെന്നോ ആത്മകഥയെന്നോ ജീവചരിത്രമെന്നോ വിശേഷിപ്പിക്കാം. എന്നാൽ, പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുസ്തകത്തിൽ സമകാലിക ലോകത്തെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാളുടെ 42 വർഷത്തെ ജീവിതമുണ്ട്; സമഗ്രതയിലും ആധികാരികതയിലും.
ഇതുവരെയുള്ള ജീവിതത്തിലെ ലക്ഷ്യം ഒന്നു മാത്രമായിരുന്നു; വിജയം. ഒരിക്കലും ഒന്നിരുന്ന് പിന്നിട്ട വഴികളിലേക്കു നോക്കിയിട്ടില്ല. ഇതാണു സമയം. പിന്തിരിഞ്ഞു നോക്കാൻ. ഓർമിക്കാൻ. എഴുതാൻ – സെറീന പറയുന്നു.
ഇക്കഴിഞ്ഞ വർഷം ഞാൻ കുടുംബത്തിനൊപ്പമായിരുന്നു. കോർട്ടിൽ നിന്നു മാറിയുള്ള ജീവിതം. നേട്ടങ്ങളും ആഘോഷിച്ചു. വിജയലഹരി വിട്ടുപോകുന്നില്ല. എങ്കിലും ടെന്നിസ് ജീവിതത്തിനിടെ മാറ്റിവച്ച സന്തോഷങ്ങൾക്കും സമയം കണ്ടെത്തി– രണ്ടു കുട്ടികളുടെ അമ്മയായ സെറീന പറയുന്നു: ഇനി അക്ഷരങ്ങൾക്കൊപ്പം കുറച്ചു സമയം ചെലവിടാമെന്നാണ്. ആവേശം വാക്കുകളിൽ പ്രകടമാണ്.
അനായാസം പറയാവുന്ന ഒന്നല്ല സെറീന എന്ന താരത്തിന്റെ ജീവിതം. പുരുഷ മേധാവിത്വ സമൂഹത്തിൽ വംശ, വർണ വിവേചനങ്ങളോട് പോരാടിയാണ് ഓരോ ദിവസം പിന്നിട്ടത്. കോർട്ടിലും പുറത്തും പല തവണ തിരിച്ചടികളുണ്ടായി. സെറീന ഇനി തിരിച്ചുവരില്ലെന്ന് പല തവണ വിദഗ്ധർ വിധിയെഴുതി. എന്നാൽ, തളരാനും തകരാനും തയാറാകാതെ റാക്കറ്റു കൊണ്ട് മറുപടി പറഞ്ഞ് എഴുത്തള്ളിയവരെ നോക്കി സെറീന ചിരിച്ചു. ജീവിതപങ്കാളിയെ കണ്ടെത്തിയതും രണ്ടു മക്കളുടെ അമ്മയായതുമായ അനുഭവങ്ങളും മറയില്ലാതെ എഴുതുന്നുണ്ടെന്നാണ് പ്രസാധകരും അവകാശപ്പെടുന്നത്.
മിഷിഗണിൽ ജനിച്ച സെറീന കലിഫോർണിയയിലേക്കും പിന്നീട് 9–ാം വയസ്സിൽ ഫ്ലോറിഡയിലേക്കും കൂടുമാറിയാണ് ടെന്നിസിന്റെ കരുത്തുറ്റ ലോകത്തെത്തുന്നത്. 14–ാം വയസ്സിൽ പ്രഫഷനൽ ടെന്നിസിൽ അരങ്ങേറ്റം കുറിച്ച അവർ 17–ാം വയസ്സിൽ യുഎസ് ഓപ്പൺ നേടി വരവറിയിച്ചു. മൂന്നു പതിറ്റാണ്ട് കോർട്ടിൽ അനിഷേധ്യ ശക്തിയായി നിലകൊണ്ട് നേടിയത് 23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ.
സെറീന–വീനസ് സഹോദരിമാരുടെ ജീവിത കഥയാണ് 2 വർഷം മുമ്പു പുറത്തുവന്ന കിങ് റിച്ചഡ് സിനിമയുടെ പ്രമേയം. വിൽ സ്മിത്തിന് ഓസ്കർ പുരസ്കാരം ലഭിച്ച ചിത്രം. ജീവിക്കാനും പ്രണയിക്കാനും വിജയിക്കാനും സഹായിക്കുന്ന 10 നിയമങ്ങൾ എന്നൊരു പുസ്തകവും നേരത്തേ സഹോദരിക്കൊപ്പം സെറീന പുറത്തിറക്കിയിരുന്നു. എന്നാൽ, ഇത്തവണ കോർട്ടിൽ നിന്നു മാറി സെറീന ആരാധകരിൽ, കാണികളിൽ ഒരാളാവുകയാണ്. സ്വന്തം ജീവിതത്തെ മാറിനിന്നു വീക്ഷിക്കുകയാണ്. ഒരു കൊച്ചു പെൺകുട്ടിയിൽ നിന്ന് ലോകപ്രശസ്ത താരത്തിലേക്കുള്ള വളർച്ചയുടെ സൂക്ഷ്മാംശങ്ങൾ പോലും വിശകലനം ചെയ്യുകയാണ്.
തോറ്റ മത്സരങ്ങളിൽപ്പോലും സെറീന അത്ര വേഗം അടിയറവ് പറഞ്ഞിട്ടില്ല. സ്വന്തം സഹോദരിക്കു മുന്നിൽപ്പോലും. എതിരാളികളികൾക്കും കാണികള്‍ക്കും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചു മാത്രമേ മടങ്ങിയിട്ടുള്ളൂ. കോർട്ടിന് പുറത്ത് എഴുതാനിരിക്കുമ്പോഴും സെറീന ഉറപ്പിക്കുന്നു; എന്റെ ജീവിതമാണിത്. സ്വീകരിക്കുക. നിരാശരാകില്ലെന്ന് ഉറപ്പു പറയുന്നു. എന്നെ വിശ്വസിച്ചതുപോലെ സ്നേഹിക്കൂ...