ADVERTISEMENT

2023, വായനാലോകത്തെ സംബന്ധിച്ചിടത്തോളം മികച്ച വർഷമായിരുന്നു. വൈവിധ്യമാർന്നതും ആകർഷകവുമായ ശൈലികളിൽ നിരവധി പുസ്തകങ്ങളാണ് ഈ വർഷം മലയാളത്തിലുണ്ടായത്. അവിസ്മരണീയമായ ആശയങ്ങളും കഥാപാത്രങ്ങളുമുള്ള ഇവയിൽ നിന്നൊരു തിരഞ്ഞെടുപ്പ് കഠിനമാണെങ്കിലും വായിച്ചതിൽ നിന്ന്  പ്രിയപ്പെട്ട 10 മലയാള പുസ്തകങ്ങളിവയാണ്.

ഉറയൂരൽ – ജെ. ദേവിക

(ഓർമ)

B9-a

‘ഉറയൂരൽ’ എന്ന ജെ. ദേവികയുടെ പുസ്തകത്തിന്റെ ഈ പേര് പെൺ ജീവിതാനുഭവങ്ങളെ ആഴത്തിൽ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. ആ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ളവർക്കും അതിനോട് ഐക്യപ്പെടുന്നവർക്കുമെല്ലാം ആ തലവാചകം നല്ലതും ചീത്തയുമായ ഒട്ടേറെ ഓർമകൾ മനസ്സിലുണർത്തും. അതുതന്നെയാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രാധാന്യവും. പലവിധ ഉറയൂരലുകളിലൂടെ കടന്നുപോയും പുതിയ ചർമാവരണങ്ങൾ തുന്നിച്ചേർത്തുമാണല്ലോ ചെയ്തുകൊണ്ടാണല്ലോ സ്ത്രീകൾ നമ്മുടെ പുരുഷമേധാവിത്വ സമൂഹത്തോടു പൊരുതി നിലനിൽക്കുന്നത്. വ്യവസ്ഥിതിയുടെ സമ്മർദത്തിൽ അത്തരം ഉറയൂരൽ പ്രക്രിയ സംഭവിക്കാത്തവരും ഏറെ വൈകി മാത്രം സംഭവിക്കുന്നവരും കൂടിയുണ്ടെന്നും അവരെ അനുഭാവപൂർണം കേൾക്കേണ്ടതുണ്ടെന്നും കൂടി ഈ പുസ്തകം പഠിപ്പിച്ചു. ‘‘മറ്റൊരു ജീവിയുടെ കേൾക്കുന്നുണ്ടോ എന്ന വിളി നമ്മുടെ കാതിലെത്തുന്നില്ലെങ്കിൽ അതൊരു വൈകല്യം തന്നെയാണ്’’ എന്ന് ‘കേൾവി’ എന്ന അധ്യായത്തിൽ ജെ. ദേവിക എഴുതിയത് ഹൃദയത്തോടു ചേർക്കുന്നു.   

ബി.സി. 261 – രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ

(നോവൽ)

B1

രണ്ടായിരം വർഷ കാലയളവിലൂടെയുള്ള ഒരു ടൈം ട്രാവലാണ് രഞ്ജു കിളിമാനൂരും ലിജിൻ ജോണും ചേർന്നെഴുതിയ ബി.സി. 261 എന്ന ത്രില്ലർ നോവൽ. ചരിത്രവും ഐതിഹ്യവും രാഷ്ട്രീയവും സമൂഹവും പ്രകൃതിയുമെല്ലാം വായനയെ രസിപ്പിക്കുന്ന തരത്തിൽ കൃത്യമായി കഥാഗതിയുമായി ഇഴചേർത്തിരിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിലേക്കു വായനക്കാരെ വലിച്ചിടുന്ന രചനാവൈഭവം ഇരുവരും അനുഭവിപ്പിക്കുന്നുണ്ട്. പല കഥാപാത്രങ്ങളും വായന കഴി‍ഞ്ഞും ഏറെ നാൾ നമ്മുടെ കൂടെത്തന്നെ സഞ്ചരിക്കുന്ന ഒരു സവിശേഷ അനുഭൂതി പകരാനും നോവലിനായി. 

സ്വപ്നമെഴുത്തുകാരി – സ്മിത ഗിരീഷ്

(അനുഭവകഥകൾ)

B8

ജീവിതത്തിലേക്ക് പലവട്ടം എന്നെ ‍ജ്ഞാനസ്നാനപ്പെടുത്താൻ വായിച്ച പുസ്തകമാണു സ്മിത ഗിരീഷിന്റെ സ്വപ്നമെഴുത്തുകാരി. മനംമടുപ്പിന്റെയോ വിഷാദത്തിന്റെയോ മുഹൂർത്തങ്ങളിലോരോന്നിലും ഞാൻ സ്വപ്നമെഴുത്തുകാരി വീണ്ടും വീണ്ടും വായിച്ചു. സ്വപ്നത്തിനും യാഥാർഥ്യത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ നടന്നുപോകുന്ന സ്മിതയുടെ കഥാപാത്രങ്ങൾ എന്നെ വീണ്ടും ജീവിതത്തിലേക്കു കൈപിടിച്ചു നടത്തി. ഷാർജയിൽ നിന്നു കൊച്ചിയിലേക്കുള്ള ആ വിമാനയാത്രയിലെ ജോൺ, വക്കീലോഫീസിൽ കയറിവന്ന പ്രതീഷിന്റെ അമ്മ, ലതാമന്ദിരത്തിലെ നിത്യലക്ഷ്മി തുടങ്ങിയവരൊക്കെ എനിക്കു ജീവിതത്തെ ആ‍ഞ്ഞാഞ്ഞു പുൽകാൻ, പ്രണയിക്കാൻ, സ്വപ്നംകാണാൻ കാരണമായി മാറുന്നു. 

പെരുമ്പാവൂർ യാത്രി നിവാസ് – മനോജ് വെങ്ങോല

(കഥാസമാഹാരം)

B3

‘ഓരോരുത്തർക്കും ഓരോ വഴിയാണ്. അവരതുവഴിയിതുവഴി നടക്കുന്നു. കളഞ്ഞുപോയതെന്തോ തിരയും പോലെ’. ‘പെരുമ്പാവൂർ യാത്രി നിവാസ്’ എന്ന കഥ മനോജ് വെങ്ങോല തുടങ്ങുന്നതിങ്ങനെയാണ്. അതിനും മുൻപേ ആമുഖത്തിൽ മനോജ് ഇങ്ങനെയെഴുതി: ‘അന്നൊക്കെ കൂടെ പോകുമ്പോൾ വാതോരാതെ അച്ഛൻ പറഞ്ഞിട്ടുള്ള കഥകളാണ് ഇന്നും മനസ്സിലുള്ളത്. അവയെല്ലാം ഓർത്തെഴുതാൻ പറ്റിയാൽ ഗംഭീരമായ കഥകളായേനെ’. ജീവിതത്തിൽ നിന്നും കളഞ്ഞുപോയ കഥകൾ തേടിയുള്ള സഞ്ചാരമാണു മനോജിന്റെ എഴുത്തെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അവ തേടിപ്പിടിച്ചെടുത്ത് കഥകളായി മനോജ് നമുക്കു തരുമ്പോൾ പല ജീവിതങ്ങളിലൂടെ നമ്മൾ കടന്നുപോകുകയാണ്. പെരുമ്പാവൂർ എന്നതു ഒരു രാജ്യത്തിന്റെയോ ലോകത്തിന്റെ തന്നെയോ ഭൂപടത്തിൽ വളരെ ചെറിയ ഒരു പ്രദേശത്തിന്റെ പേരാണ്. മനോജ് വെങ്ങോലയുടെ കഥകൾ ഇത്തരം ചെറിയ പ്രദേശങ്ങളുടെ വർത്തമാനങ്ങളിൽ നിന്ന് ഊർജം ഉൾക്കൊള്ളുമ്പോൾ തന്നെ മനുഷ്യനും വ്യവസ്ഥിതിയുമായുള്ള സംഘർഷത്തിന്റെ സാർവലൗകികമാനത്തിലേക്ക് വായനക്കാരെ ഉയർത്തുന്നുമുണ്ട്. 

സനാരി – മാനുവൽ ജോർജ്

(നോവൽ)

B6

‘ഇരുളിലിരിപ്പവനാരു ചൊൽക നീയെ, ന്നൊരുവനുരപ്പതു കേട്ടു താനുമേവം, അറിവതിയാവനോടു നീയുമാരെ, ന്നരുളുമിതിൻ പ്രതിവാക്യമേകമാകും’ എന്ന ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശശതകത്തിൽ നിന്നുള്ള ശ്ലോകത്തിൽ നിന്നാണു മാനുവൽ ജോർജിന്റെ ‘സനാരി’ എന്ന നോവൽ തുടങ്ങുന്നത്. ക്രൈം ത്രില്ലർ എന്ന ഈ നോവലിന്റെ  പൊതിച്ചിലഴിച്ചെടുത്താൽ നമ്മൾ ചെന്നെത്തുക ആ ഗുരുദേവ ശ്ലോകത്തിന്റെ അർഥത്തിലേക്കു തന്നെയാകും. ആരാണു നീ, ആരാണു ഞാൻ, ആരാണു നമ്മൾ, ആരാണ് അവർ തുടങ്ങിയ ചോദ്യങ്ങൾ മുൻപത്തേതിനേക്കാൾ ഉച്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന വർത്തമാനകാല അവസ്ഥയിൽ സത്യത്തിന്റെ ഒരു തരി പ്രകാശം പുറപ്പെടുവിക്കാനുള്ള ശ്രമം കൂടിയാണ് ഈ പുസ്തകം. സനാരി എന്ന നോവലിലെ സാങ്കൽപിക ദേശം നമ്മുടെയെല്ലാമുള്ളിൽ തന്നെയുള്ള ചില ഭയങ്ങളുടെയും അഹങ്കാരങ്ങളുടെയും ആകെത്തുകയായി മാറുന്ന അനുഭവമാണു വായന സമ്മാനിക്കുന്നത്. 

മാജിക്കൽ സ്ട്രീറ്റിസം – റാസി

(കവിതാസമാഹാരം)

B7

‘ഇർവിങ് സ്റ്റോണിന്റെ വാൻഗോഗിനെ, നമ്പരുത് തിയോ, അയാളൊരു കാമുകിക്കും ചെവി, മുറിച്ചു നൽകിയിട്ടില്ല. ചെവല തൊപ്പീം ബെച്ച്, ഇടതു ചെവിയിൽ പത്ത് രൂഫാന്റെ, ഫാൻസി കമ്മലിട്ട റാച്ചിയെ നമ്പാം’ എന്ന് മാജിക്കൽ സ്ട്രീറ്റിസം എന്ന കവിതാസമാഹാരത്തിലെ ‘ചക്കഗോഗ്’ എന്ന കവിതയിൽ എഴുതുമ്പോൾ റാസി ഭാഷയ്ക്കു തീകൊടുക്കുകയാണ്. റാസിയെഴുതുന്നതു കവിതയല്ല, കബിതയാണ്. അവയൊരിക്കലും നമ്മുടെ വ്യാകരണനിയമങ്ങളുടെ തടവറയിൽ കിടക്കുകയില്ല. പകരം തെരുവുജീവിതത്തിന്റെ കണ്ണുപൊട്ടിക്കുന്ന സ്വാതന്ത്ര്യത്തിൽ ചില സത്യങ്ങൾ നേർക്കുനേർ കാണിച്ചുതരും. ഭാഷയിൽ ഇത്ര അനായാസതയോടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മറ്റൊരു എഴുത്ത് എനിക്കു മുന്നിൽ നിലവിലില്ല. 

വെബിനിവേശം – രാംമോഹൻ പാലിയത്ത്

(മാധ്യമവിമർശനം)

B10

എന്തു വിവരവും ഗൂഗിളിൽ അല്ലെങ്കിൽ ചാറ്റ് ജിപിടിയിൽ കിട്ടുമെന്നൊരു അഹങ്കാരത്തിന്റെ തലയ്ക്കു കിട്ടിയ ഉഗ്രനൊരു അടിയാണ് രാംമോഹൻ പാലിയത്തിന്റെ ‘വെബിനിവേശം’. ഹാ, ഇതിന് ഇങ്ങനെയും ഒരർഥമുണ്ടായിരുന്നല്ലേ, ഇത് ഇങ്ങനെയും പറയാമായിരുന്നല്ലേ, എനിക്കിതു നേരത്തേ തോന്നിയില്ലല്ലോ എന്നു തോന്നിപ്പിക്കുന്ന വിജ്ഞാനവിസ്മയമാണ് ഓരോ അധ്യായത്തിലും രാംമോഹൻ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. ഇത്രയും സൂക്ഷ്മവിവരങ്ങൾ ഓരോ അധ്യായത്തിലും വാരിവിതറുകയെന്നതു ചില്ലറപ്പണിയല്ല. ഭാഷയിലും സാഹിത്യത്തിലും ഇതര മേഖലകളിലും മുൻപു നടന്നവയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നവയും ഇനി നടക്കാനിരിക്കുന്നവയുമായ കാര്യങ്ങളെപ്പറ്റി ആഴത്തിലുള്ള അറിവും അസാമാന്യ ഓർമശക്തിയുമുണ്ടെങ്കിലേ അതു സാധിക്കൂ. ഒരു സാംപിൾ ഇതാ: ‘പണ്ട് ദൂരദർശനിൽ ചെമ്മീനിലെ ചാകര ചാകര എന്ന ആ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഇന്നല്ലോ ചോതിനാള് എന്ന വരിയുടെ സബ്ടൈറ്റിലായി Today is the day of Arcturus എന്നു വായിച്ചതാണ് നക്ഷത്രനിരീക്ഷണത്തിലേക്ക് ആഭിചാരം ചെയ്യപ്പെട്ട നിമിഷം. അയ്മനം ജോണിന്റെ ഒറിയോൺ എന്ന മനോഹരമായ ചെറിയ ചെറുകഥയും മറക്കാൻ വയ്യ’. ഇത്തരം നൂറുകണക്കിനു തേൻകണങ്ങളാൽ സമൃദ്ധമായ ഈ പുസ്തകത്തോളം രുചിച്ചു വായിച്ച മറ്റൊരു പുസ്തകമില്ല. 

തിരിച്ചുകിട്ടിയ പുഴകൾ – സുഭാഷ് ഒട്ടുംപുറം

(കഥാസമാഹാരം)

B4

പുഴ, കായൽ, കടൽ, തീരദേശം തുടങ്ങി നാടിനെ ഇറുകിപ്പിടിക്കുന്നവയായിട്ടാണ് സുഭാഷ് ഒട്ടുംപുറത്തിന്റെ കഥകൾ അനുഭവപ്പെട്ടിട്ടുള്ളത്. അവ ഇഷ്ടപ്പെടാനുള്ള പ്രധാനകാരണവുമതാണ്. വിചിത്രമായ പേരുകളോടു കൂടിയ പലതരം പക്ഷികൾ, മീനുകൾ, ജലജീവികൾ, മരങ്ങൾ തുടങ്ങിയവയെല്ലാം സുഭാഷിന്റെ കഥകളിൽ കാണാൻ കഴിയും. മനുഷ്യരും ഇവയുമെല്ലാം കൂടിച്ചേരുന്ന സൗഹാർദത്തിന്റെ വലിയൊരു പരിസ്ഥിതിദർശനം കൂടി സൂക്ഷ്മവായനയിൽ സുഭാഷിന്റെ കഥകൾ നമുക്കു തരുന്നുണ്ട്. ശക്തമായ പ്രാദേശികഭാവത്തിലുറച്ചു നിൽക്കുമ്പോഴും ദേശീയത, മതം, വർഗീയത തുടങ്ങി ദേശമനസ്സിനെ കാർന്നുതിന്നുന്ന പല വർത്തമാനകാല സമസ്യകളിലും കഥാകൃത്ത് ആശങ്കാകുലനാണെന്നും നമുക്കു തിരിച്ചറിയാനാകുന്നു. തന്റെ കഥാപാത്രങ്ങളിലൂടെ നാടിന്റെ കൃത്യമായ രാഷ്ട്രീയവായനയും സുഭാഷ് നടത്തുന്നുണ്ട്. തനി നാടൻ മനുഷ്യരായിരിക്കും പ്രതിരോധത്തിന്റെ കുന്തമുനയാകുക എന്ന പ്രതീക്ഷ സുഭാഷിന്റെ കഥകളുടെ വായന എന്നിൽ നിറയ്ക്കുന്നു. 

ഇന്ത്യൻ റെയിൻബോ – ലഫ്. കേണൽ ഡോ. സോണിയാ ചെറിയാൻ

(ഓർമ)

B5

ലഫ്. കേണൽ സോണിയാ ചെറിയാൻ അത്ഭുതപ്പെടുത്തിയത് അതീവസൂക്ഷ്മമായ ജീവിതനിരീക്ഷണങ്ങളിലൂടെയാണ്, ഒപ്പം പട്ടാളക്കാരുടെയും സാധാരണമനുഷ്യരുടെയും നെഞ്ചുകലക്കുന്ന ചില അനുഭവങ്ങളുടെ ചിത്രീകരണത്തിലൂടെയും. ചിത്രശലഭങ്ങളുടെ ആയുസ്സ് എന്ന അധ്യായത്തിന്റെ അവസാനം സോണിയ എഴുതി: ‘‘കരിനീല മാർബിൾ പതിച്ച ഒരു കല്ലറയിൽ ചുവന്ന പുള്ളികളുള്ള ഒരു പൂമ്പാറ്റ വന്നിരുന്നു. ഞാൻ പേരു വായിച്ചു: അൻവർ അലി, ജനനം 1922–മരണം 1944. ബ്രിട്ടിഷ് ഇന്ത്യൻ ആർമി. ഒരു ഇരുപത്തിരണ്ടുകാരന്റെ ചുവന്ന ഹൃദയംപോലെ പൂമ്പാറ്റച്ചിറകുകൾ അതിവേഗം മിടിച്ചു. ഞങ്ങൾ നിശ്ശബ്ദം കുന്നിറങ്ങി’’. ഹാ, ഇതിലും തീക്ഷ്ണമായി എങ്ങനെയെഴുതാൻ. താഴെ വയ്ക്കാതെ വായിച്ച പുസ്തകമാണ് ഇന്ത്യൻ റെയിൻബോ.  

ഗോബരഹ – രമേശൻ മുല്ലശേരി

(നോവൽ)

B2

ചരിത്രം മറന്നുകളഞ്ഞ ചില പേരുകളെ ഓർമയുടെ വെളിച്ചത്തിനു മുന്നിലേക്കു കയറ്റി നിർത്തുകയാണ് രമേശൻ മുല്ലശേരി ‘ഗോബരഹ’ എന്ന നോവലിൽ. പൽവാങ്കർ ബാലു എന്ന ആദ്യകാല ദലിത് ക്രിക്കറ്ററുടെ ജീവിതത്തിലൂടെ നോവലിസ്റ്റ് നടത്തുന്ന യാത്രയിലൂടെ ഇന്ത്യൻ ചരിത്രത്തിലൂടെ തന്നെയാണ് വായനക്കാരും സഞ്ചരിക്കുന്നത്. ചാണകം എന്ന രൂപകത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള നവപ്രസക്തി ‘ഗോബരഹ’ എന്ന നോവലിന്റെ പേരുമായി ആഴത്തിൽ ഇഴചേർന്നു നിൽക്കുന്നു. കേരളചരിത്രവുമായും ഇതു ചേർത്തുവായിക്കാനുള്ള ശ്രമം രമേശൻ മുല്ലശേരി നടത്തുന്നുണ്ട്. മനുഷ്യാന്തസ്സിനെക്കുറിച്ചാണ് പ്രാഥമികമായി ഈ നോവൽ ചർച്ച ചെയ്യുന്നത്. ആ ചർച്ച വരുമ്പോൾ ചരിത്രവും രാഷ്ട്രീയവും ഐതിഹ്യവുമൊക്കെ വിമർശനവിധേയമാകുകയും പല ബിംബങ്ങളും തകരുകയും ചെയ്യും. ഭൂതകാലത്തിന്റെ മറക്കാനാവാത്ത ഓർമകളായി ഗോബരഹകൾ മാറുന്നത് എങ്ങനെയെന്ന് തന്റെ നിശിത രാഷ്ട്രീയമുൾക്കൊണ്ട എഴുത്തിലൂടെ രമേശൻ മുല്ലശേരി പറഞ്ഞുവയ്ക്കുന്നു. കാലത്തിന്റെ അനിവാര്യതയാണ് ഈ നോവൽ. 

English Summary:

Literature Flashback 2023; books published in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com