കയ്യക്ഷരം എന്ന ഓർമ
Mail This Article
ചെറുതെങ്കിലും അൻപെഴുന്ന വാ-
ക്കൊരുവന്നുൽസവമുള്ളിലേകിടും
ചെറുപുഞ്ചിരി തന്നേ ഭൂമിയെ
പ്പരമാനന്ദ നിവാസമാക്കിടും
- കുമാരനാശാൻ
(വനമാല)
ഞാൻ അവനെ കണ്ണുവച്ചിരുന്നു. അവന്റേത് എന്റേതിനെക്കാൾ മികച്ച കയ്യക്ഷരമാണെന്നു ഞാൻ വിശ്വസിച്ചു. ആദ്യദിവസം ഞങ്ങൾ അടുത്തടുത്ത് ഇരുന്നുപോയതാണ്. നോട്ട് ബുക് തുറന്ന് അവനെഴുതാൻ തുടങ്ങിയപ്പോൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. പേന കുത്തനെ പിടിച്ചുള്ള ആ എഴുത്തിൽ ഞാൻ മയങ്ങി. അതുവരെ ഞാൻ വിചാരിച്ചിരുന്നത് എന്റേത് ഉഗ്രൻ കയ്യക്ഷരമാണെന്നാണ്. പിന്നീടു ഞാൻ രഹസ്യമായി അവനെ അനുകരിക്കാൻ തുടങ്ങി. അതെനിക്ക് ശരിക്കും ആശയക്കുഴപ്പമുണ്ടാക്കി. ഒരൽപം ചെരിഞ്ഞു നേർത്ത ആ ആക്ഷരങ്ങൾക്ക് ഉണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്ന സൗന്ദര്യം സ്വന്തമാക്കാൻ എനിക്കു കഴിഞ്ഞില്ല. വർഷങ്ങൾ കടന്നുപോയപ്പോൾ കയ്യെഴുത്ത് ആവശ്യമില്ലാതായി. അവനെഴുതിയതും അതുണ്ടാക്കിയ മോഹവും മറന്നു. വർഷങ്ങൾക്കുശേഷം ഒരു ദിവസം ഒരു അസാധാരണ അനുഭവമുണ്ടായി. സരമഗുവിന്റെ ദ് കേവ് എന്ന നോവലില്‍ ഒരു മൺപാത്രപണിക്കാരൻ, വിൽപനയില്ലാത്ത തന്റെ പാത്രങ്ങൾ ഉപേക്ഷിക്കാനായി ഒരു പൊട്ടക്കിണറ്റിലേക്കോ മറ്റോ ഇറങ്ങിപ്പോകുന്ന ഒരു രംഗം എന്നെ ആകർഷിച്ചു. അതു പകർത്തിയെഴുതാമെന്നു കരുതി. അപ്പോൾ പേന വിരലുകളിൽനിന്ന് വഴുതാൻ തുടങ്ങി.
ദുരൂഹമായ ഒരു നിശ്ചലത എന്നെ ബാധിച്ചു. പേന പിടിച്ച് ഇനിയൊരിക്കലുമെഴുതാനാവില്ലെന്നു ഞാൻ പേടിച്ചു. എന്റെ കയ്യക്ഷരത്തിന് എന്തു സംഭവിച്ചു, അത് മോശമായി വരികയാണല്ലോ എന്നു ഞാൻ വിഷമിച്ചു. ആയിടയ്ക്കു ഞാൻ പഴയ കടലാസുകൾ പരതിച്ചെന്നപ്പോൾ അവന്റെ ഒരു കത്ത് താളുകൾക്കിടയിൽനിന്ന് കിട്ടി. ഞാൻ അദ്ഭുതപ്പെട്ടുപോയി, ആ കയ്യക്ഷരം ഞാൻ സങ്കൽപിച്ചിരുന്നത്ര നല്ലതായിരുന്നില്ല. ഒരുപക്ഷേ അവന്റെ അക്ഷരങ്ങളെക്കാൾ അവൻ പേന പിടിക്കുന്നതാവും എന്നെ ആകർഷിച്ചത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നു ഞാൻ ആലോചിച്ചു. അതായത് ശരിക്കുമില്ലാതിരുന്ന ഒരു ഗുണാനുഭവം ഓർമ്മയിൽ തീവ്രാനുഭൂതിയാകുന്നതെങ്ങനെയെന്ന്.
അക്കാലത്ത് അതേപ്പറ്റി, നിരന്തരം എഴുതുന്ന ഒരു കയ്യിനെപ്പറ്റി, പെൻസിലിനുമേൽ ചേർന്ന വിരലുകൾ ഉണ്ടാക്കുന്ന ഒരു മാജിക്കിനെപ്പറ്റി ഓർത്തുകൊണ്ടിരുന്നു. നോവൽ എങ്ങനെയാണു സംഭവിക്കുന്നതെന്ന് ഞാൻ അറിയാൻ തുടങ്ങി. നേരത്തേയുണ്ടായിരൂന്ന ഒരു നിമിഷം, അത് കടന്നുപോയത്, കാലത്തിന്റെ വിദൂരതയിൽനിന്ന് അതു തിരിച്ചെടുക്കുന്നു - ഇതാണ് നോവൽ ചെയ്യുന്നത്. ഒരു അഭിനിവേശം അല്ലെങ്കിൽ നൈരാശ്യം, അതു കടന്നുപോയിട്ടാണെങ്കിലും കാലത്തിലൂടെ വലിച്ചു തിരിച്ചുകൊണ്ടുവരുന്നതാണ് കലയിൽ സംഭവിക്കുന്നത്. കാലത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് പഴയ കടലാസുകൾ, ഫോട്ടോഗ്രഫുകൾ എന്നിവ നോവലിൽ വലിയ ഒരു ഭാവനാശക്തിയാകുന്നത്. തന്റെ നോവലുകളിൽ മരിച്ചുപോയവരുടെ ഫോട്ടോഗ്രഫുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി ഡബ്ല്യു. ജി.സെബാൾഡ് പറയുന്നത് അത് മരിച്ചവരെ തിരിച്ചുകൊണ്ടുവരുന്ന പരിപാടിയാണെന്നാണ്. നിങ്ങൾക്കൊരാളെ ഇഷ്ടമാകുമ്പോൾ, അയാൾക്കു ചുറ്റും നിങ്ങളുടെ വൈകാരികോർജ്ജമാണു ചെലവഴിക്കുന്നത്. അവർ മരിച്ചവരാകുമ്പോൾ ആഴം കൂടും. ഇങ്ങനെ ഭൂതകാലത്തിൽ, ചരിത്രത്തിൽ, സമൂഹസ്മരണകളിൽ തനിച്ചു പലയിടത്തായി പിരിഞ്ഞുനിൽക്കുന്ന അക്ഷരങ്ങളെ ചേർത്തുവച്ച് ഒരു വീടുണ്ടാക്കാനാണ് (മഹ്മൂദ് ദർവീശ്) ശ്രമം. അതു വിജയിക്കുമോ? ഈ ഫോട്ടോഗ്രഫുകൾ എല്ലാം യഥാർത്ഥത്തിലുള്ളതാണ്, സെബാൾഡ് പറയുന്നു, കുടുംബ ആൽബങ്ങളിൽനിന്ന് എടുത്തവ. നോവലിനായി നിർമ്മിച്ചതോ കണ്ടെത്തിയതോ അല്ല. റിയലിസ്റ്റ് ഫിക്ഷനിൽ ഇതു പണ്ടുമുതലേ സ്ഥിരമായി ചെയ്യാറുണ്ട് എന്ന് സെബാൾഡ് പറയുന്നു. ആധികാരികത ഉറപ്പിക്കാനായി യഥാർത്ഥ സ്രോതസ്സുകളെ കൊണ്ടുവരുന്നു.
താൻ ഒരു റിയലിസ്റ്റ് ആണെന്ന് സൂചിപ്പിക്കുന്ന സെബാൾഡ് ഇപ്പറഞ്ഞ ആധികാരികതയ്ക്കായി വ്യക്തിയുടെ ഉള്ളിലേക്ക്, അവന്റെ പശ്ചാത്തലത്തിലേക്ക് കൂടുതലായി ചെയ്യുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിൽ പ്രയോഗിക്കുന്ന ടെക്നിക്കുകളാണ് ഇവിടെ നോവലിസ്റ്റിനു താൽപര്യം. അപ്പോൾ ഫോട്ടോഗ്രാഫുകൾ പോലെ പഴയ വസ്തുക്കളിലൂടെ മാത്രമല്ല ഓർമ്മകളിലൂടെയും ആധികാരികത സാധ്യമാകുന്നു എന്നതാണ്. ദി എമിഗ്രന്റ്സിലെ നാലു കഥാപാത്രങ്ങളും നരേറ്റർക്ക് ചെറുപ്പത്തിൽ അറിയാവുന്നവരാണ്. രണ്ടാം ലോകയുദ്ധത്തിന്റെ, ഹോളോകോസ്റ്റിന്റെ ഭയാനകതകളെ അതിജീവിച്ചവരാണവർ. പക്ഷേ നാലുപേരും തങ്ങളുടെ ജീവിത സായാഹ്നത്തിൽ ആത്മഹത്യയും ചെയ്യുന്നു. ഇതിലൊരാൾ, സെബാൾഡിന്റെ ബന്ധുവാണ്, അയാൾ 1950 കളിൽ ഒരു മാനസികാരോഗ്യകേന്ദ്രത്തിൽ സ്വന്തം ഇഷ്ടപ്രകാരം അഡ്മിറ്റാകുന്നു. രോഗികൾക്ക് ഷോക്ക് ചികിൽസ പരീക്ഷണാടിസ്ഥാനത്തിൽ നൽകുന്ന കാലമാണ്. ഈ കഥാപാത്രം ആ പരീഷണത്തിനായി സമ്മതിക്കുകയാണ്. ദിവസവും ഷോക്ക് ചികിൽസയ്ക്കായി വാർഡിനുമുന്നിൽ കാത്തിരിക്കുന്ന അയാളുടെ ചിത്രം സെബാൾഡ് അവതരിപ്പിക്കുമ്പോൾ നാം ഉലഞ്ഞുപോകും.
കടലാസിൽ എഴുതുമ്പോൾ എനിക്ക് ഇപ്പോഴും ഒരു വിറയലുണ്ട്. അക്ഷരം മറന്ന്, വാക്കുതെറ്റുമോ എന്ന പേടി. ലാപ്ടോപിലെ കീബോർഡ് തരുന്ന അനായസത ഇവിടെയില്ല. പക്ഷേ നാം ഉപേക്ഷിച്ചുപോന്ന വസ്തുക്കൾ പിന്നീട് നമ്മുടെ ജീവിതത്തിന്റെ അറ്റം വരെ നമ്മെത്തിരഞ്ഞു വരുമോ? കുറെ വർഷം കഴിഞ്ഞ് പഴയൊരു കയ്യക്ഷരത്തിന്റെ ഓർമ്മയെ ബ്രെയിൽ ലിപിപോലെ വിരൽകൊണ്ട് സ്പർശിക്കുമ്പോൾ, അതിൽനിന്ന് എത്ര കഥകൾ വരും?
സ്പാനിഷ് നോവലിസ്റ്റ് എൻറിക് വിലാ മത്താസ് പാരീസ് റിവ്യൂ അഭിമുഖത്തിൽ പറഞ്ഞു:
“ആഫ്രിക്കയിൽ വച്ചാണു എനിക്ക് 23 വയസ്സു തികയുന്നത്. ആകസ്മികമാണ്, അക്കാലത്താണു ഞാൻ എന്റെ ആദ്യ പുസ്തകം എഴുതിയത് (Women in the Mirror contemplating the landscape, 1973). ആ പുസ്തകം യഥാർഥത്തിൽ ഒരൊറ്റ വാക്യമായിരുന്നു, ഒരു വിരാമചിഹ്നവുമില്ലാതെ. നിങ്ങൾ അതു വായിക്കാൻ നോക്കിയാൽ ശ്വാസം മുട്ടി വായന നിന്നുപോകും. പ്രകോപനപരമായ അവാങ് ഗാഡ് രീതിയാണ്, വിരാമ ചിഹ്നമില്ലായ്മ. അല്ലേ? മിലിട്ടറി കൺവീനിയൻസ് സെന്ററിൽ മറഞ്ഞിരുന്നാണ് ഞാൻ ആ നോവൽ എഴുതിയത്. രാവിലെകളിൽ ക്ലാർക്കായി ജോലിയെടുക്കും. അപരാഹ്നങ്ങളിൽ മേജറുടെ ഉത്തരവുപ്രകാരം ബുക്ക് കീപ്പിങ് ജോലിയാണ്. സ്റ്റോറിൽ നിന്നു വിസ്കി മോഷ്ടിക്കുന്നത് ആരാണെന്നു കണ്ടുപിടിച്ചു റിപ്പോർട്ട് ചെയ്യാനുള്ള ജോലിയും അതിനിടെ മേജർ എന്നെ ഏല്പിച്ചു. സത്യത്തിൽ, ആ മിലിട്ടറി സ്റ്റോറിലെ വിസ്കി മുഴുവൻ അടിച്ചുമാറ്റുന്നതു മേജർ തന്നെയാണെന്നാണ് അവസാനം ഞാൻ കണ്ടെത്തിയത്.
ജോലിയില്ലാത്ത സമയത്ത് ഞാനവിടെ ഇരുന്ന് എന്റെ നോവൽ എഴുതും. സേനാ ജീവിതകാലത്തു സമയം പാഴാകാതിരിക്കാനാണു വേണ്ടിയാണ് ഞാനത് എഴുതിത്തുടങ്ങിയത്. പക്ഷേ അതു പബ്ലിഷ് ചെയ്യണമെന്ന ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ബാർസിലോനയിൽ ഞാൻ തിരിച്ചെത്തിയപ്പോൾ ഒരു സുഹൃത്താണ് ആയിടെ ആരംഭിച്ച തസ്കറ്റ്സിലെ സ്വതന്ത്രപ്രസാധക സ്ഥാപനത്തിന് ആ നോവൽ അയച്ചുകൊടുത്തത്. അതിന്റെ എഡിറ്ററായ ബീയാട്രീസ് ഡി മോറ അതു പ്രസിദ്ധീകരിക്കാമെന്നു പറഞ്ഞു. എനിക്ക് നോവൽ പ്രസിദ്ധീകരിക്കണ്ട, ഞാൻ കരഞ്ഞു പറഞ്ഞു, എനിക്കു സിനിമ പിടിച്ചാൽ മതി. എന്റെ നിലവിളി കണ്ട് തീരെ ഇഷ്ടപ്പെടാത്ത ബീയാട്രീസ് പറഞ്ഞു, ഇയാൾ വിലപിച്ചതുകൊണ്ടു മാത്രം ഞാൻ നിശ്ചയമായും ഇതു പ്രസിദ്ധീകരിക്കും. എനിക്കാണെങ്കിൽ പ്രസിദ്ധീകരണം എന്നത് അന്ന് ഒരു ശിക്ഷ പോലെയായിരുന്നു.”