ഭൂമിയുടെ കാവ്യം, ഒരു ഭൂകമ്പം
Mail This Article
നടത്തത്തിനിടെ പെട്ടെന്ന് ഒരു പാമ്പിനെ കാൽച്ചുവട്ടിൽ കണ്ടാൽ ആരാണു കൂടുതൽ ഞെട്ടുക, നീയോ പാമ്പോ? അതു പുല്ലിലൂടെ പ്രാണനുംകൊണ്ടു പായുന്നു. നീയും പേടിച്ച് വിറങ്ങലിച്ചുവെങ്കിലും പുല്ലിനെ രണ്ടായി പകുത്ത് അതുപോയ വഴി നോക്കി, മുടിയെ ചീപ്പ് പകുക്കുന്നതുപോലെയാണല്ലോ അതെന്നു വിചാരിക്കുന്നു. ചവിട്ടാനൊരുങ്ങവേ, ചുരുണ്ടുപിടഞ്ഞ് പായുന്ന ആ നേരിയ പഹയൻ, പിന്നിലും മുന്നിലുമായി തന്നെ മൂടുന്ന കാലം ആണെന്നാണു മേതിൽ എഴുതുന്നത്.
‘എന്റെ കാലത്തു ഞാൻ ഉണ്ടായിരുന്നില്ല; എന്റെ കാലത്തിൽ ഞാൻ ഒരിക്കലും എത്തുമായിരുന്നില്ല. എന്തെന്നാൽ ഓരോ നിമിഷത്തിന്റെ അഗ്രത്തിലും പൽനിരകളെ മുന്നിൽ പൂട്ടിച്ചേർത്തുകൊണ്ടു നേരിയൊരു പഹയൻ!’ (കവിത, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ).
എമിലി ഡിക്കിൻസണിന്റെ കവിതയിലെ ചീപ്പ്, മേതിൽക്കവിതയിൽ ഒരു സിപ്പായി രൂപാന്തരം കൊള്ളുന്നു. എമിലിയുടെ ചീപ്പ് വഴി തുറക്കുന്നുവെങ്കിൽ മേതിലിൽ അതു വഴിയടയ്ക്കുന്ന സിപ്പാണ്, ഒരു പൽനിരപ്പൂട്ട്.
എന്താണു മരണം? ഭൂതഭാവികൾ അവസാനിച്ചു വർത്തമാനത്തിലേക്കു ചുരുങ്ങുന്നതാണ്. താനോ അതിനാൽ ഇവിടെ മരണപ്പൂട്ടിൽ കുടുങ്ങുന്നില്ല. പകരം തന്റെ ബാക്പാക്ക് പിന്നിൽ ഉപേക്ഷിക്കുന്നു. അതിലുമുണ്ടല്ലോ ഒരു പഹയൻ, ഒരു സിപ്പ്! എന്ന് മേതിൽ.
മേതിൽക്കവിത എമിലി ഡിക്കിൻസണിന്റെ കവിതയുടെ ഒരു വ്യാഖ്യാനം പോലെയും വായിക്കാം. പ്രകൃതിയിലെ അംഗങ്ങളിൽ പലരോടും താൻ സൗഹൃദത്തിലാണെങ്കിലും കാൽച്ചുവട്ടിലെ പാമ്പ് അതിനുനിന്നുതന്നില്ലെന്നു എമിലി ഡിക്കിൻസൺ പറയുന്നുണ്ട്. കാലം എന്ന ഭയാനകസൗന്ദര്യത്തെ മേതിൽ അവിടേക്കു കൊണ്ടുവന്നപ്പോൾ ആ ഭയത്തിനു പുതിയ അർഥങ്ങൾ ജനിച്ചു.
2
ഇത്തവണ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച അലി അസ്‌ഹരി, അലിറീസ ഖത്താമി എന്നിവരുടെ ‘ടെറസ്ട്രിയൽ വേഴ്സസ്’ സമ്പൂർണമായ രാഷ്ട്രീയസിനിമയാണ്. എന്നാലതു 11 ഭാഗമുളള ഒരു കവിത പോലെയും ഞാൻ അനുഭവിച്ചു. ഓരോ ഇഞ്ചും ഭരണകൂട പ്രത്യയശാസ്ത്രവിരുദ്ധമാണെന്നതിനാൽ, സിനിമയുടെ കാനിലെ പ്രദർശനം കഴിഞ്ഞ് ടെഹ്റാനിൽ തിരിച്ചെത്തിയതിനു പിന്നാലെ സംവിധായകരിലൊരാളായ അലി അസ്ഹരിക്ക് സിനിമാവിലക്കും വിദേശയാത്രാവിലക്കും ഇറാൻ സർക്കാർ ഏർപ്പെടുത്തി.
ചലച്ചിത്രകാരെ സംബന്ധിച്ച് ഈ വിലക്ക് അപ്രതീക്ഷിതമായിരുന്നില്ല. ആ സിനിമയിലെ ഒരു കഥ അലിയുടെതാണ്, തിരക്കഥയ്ക്ക് ഭരണാനുമതി തേടി ഉദ്യോഗസ്ഥപ്രഭുവിനു മുന്നിലിരിക്കുന്ന ചലച്ചിത്രകാരൻ. തിരക്കഥയുടെ താളുകൾ ഓരോന്നായി കീറിനീക്കിയിട്ടും അതിനു ചിത്രീകരണാനുമതി കിട്ടുന്നില്ല. ആ ഉദ്യോഗസ്ഥൻ പറയുന്നുണ്ട്, വ്യവസ്ഥാവിധേയമായി സിനിമയെടുത്ത എത്രയോ പേർ ഇറാനിലുണ്ട്. അവർക്കൊക്കെ രാജ്യാന്തര പുരസ്കാരങ്ങളും കിട്ടിയിട്ടുണ്ട്. നിങ്ങൾക്കെന്തേ അങ്ങനെ ചെയ്തുകൂടാ?
ഭരണകൂടത്തെ വെല്ലുവിളിക്കുന്ന രാഷ്ട്രീയം സംസാരിക്കുന്നത് ഏതു കലാസൃഷ്ടിയായാലും ഇറാനിൽ മാത്രമല്ല നമ്മുടേത് അടക്കം രാജ്യങ്ങളിലും സഹിഷ്ണുതയോടെ സ്വീകരിക്കപ്പെടില്ലെന്നതുകൂടി ഇവിടെ നാം ഓർക്കേണ്ടതുണ്ട്. ഇറാനിൽ വർഷങ്ങളായി പൗരാവകാശങ്ങളുമായി ബന്ധപ്പെട്ടു വളരെ കലുഷിതമായ ഒരു രാഷ്ട്രീയസംവാദം നടക്കുന്നുവെന്ന് നമ്മുക്കറിയാം. ഭൂകമ്പത്തിന്റെ പ്രകമ്പനം പെരുത്തു വരുമ്പോൾ ടെഹ്റാൻ സിറ്റിയിലെ അംബുരചുംബികൾ ഓരോന്നായി തകർന്നടിയടിയുന്ന കാഴ്ചയിലാണ് ഈ സിനിമ അവസാനിക്കുന്നത്; അതു ഭൂമിയുടെ കാവ്യാലാപനമായും കരുതാം. ടെറസ്ട്രിയൽ വേഴ്സസ് എന്നാൽ ഭൂകമ്പം എന്നാണു ധ്വനി.
ഈ സിനിമയിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഇന്റർവ്യൂവിനെത്തുന്ന ചെറുപ്പക്കാരൻ ദേഹത്തു പച്ചകുത്തിയതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുന്ന രംഗമുണ്ട്. ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ടാറ്റൂ തടസ്സമാണോ എന്ന് ആ ചെറുപ്പക്കാരൻ ചോദിക്കുന്നുവെങ്കിലും ഓഫിസർ വഴങ്ങുന്നില്ല. അയാൾക്ക് അത് എവിടെയൊക്കെയാണെന്നു കാണണം. തന്റെ ഫുൾസ്ലീവ് മാറ്റി അയാൾ ഇടതുകൈ കാട്ടുമ്പോൾ അവിടെ രണ്ടുവരി കവിത പച്ചകുത്തിയിട്ടുണ്ട്. വേറെയെവിടെയെല്ലാമുണ്ട് എന്നായി ഉദ്യോഗസ്ഥൻ. അയാൾ വലതുകൈത്തലവും കാണിക്കുന്നു. ഇതൊരു റൂമിക്കവിതയാണെന്നു പറഞ്ഞിട്ടും ഉദ്യോഗസ്ഥൻ അടങ്ങുന്നില്ല. മൗലാന മറ്റെന്തെല്ലാമെഴുതിയിട്ടുണ്ട്. തനിക്കിതു മാത്രമാണോ കിട്ടിയത് എന്ന് അയാൾ ചോദ്യമുയർത്തുന്നു. താമസിയാതെ ഉടുപ്പഴിച്ചുനിൽക്കുന്ന യുവാവിന്റെ ഉടലിലാകെ എഴുതിയിട്ട റൂമിയുടെ കവിത നാം വായിക്കുന്നു. ഉടൽ കവിതയായും ആ കവിത രാഷ്ട്രീയമായും മാറുന്നു. ഈ സിനിമയിലെ 11 കഥകളും അനക്കമില്ലാത്ത, അഭിമുഖ രൂപത്തിലുള്ള സംഭാഷണങ്ങളാണ്. ഓരോന്നിലും ചോദ്യം ചോദിക്കുന്ന ആളെ നാം കാണുന്നില്ല. അയാൾ കാണികളിലൊരാളായി മറഞ്ഞിരുക്കുന്നു. സ്വരം മാത്രം കേൾക്കുന്നു. വിനാശകരമായ അധികാരം മുകളിലല്ല, നമുക്കിടയിൽത്തന്നെ പാർത്തുകൊണ്ടാണു നമ്മെ ഞെരുക്കുന്നതെന്നു നാം മനസ്സിലാക്കുന്നു.
3
ലബനീസ് കവിയും ചിത്രകാരിയുമായ അടൽ അഡ്നാന്റെ ടൈം എന്ന സമാഹാരത്തിൽ ‘വെളിച്ചം മൃഗങ്ങളെ അന്ധരാക്കുന്നു’ എന്നു തുടങ്ങുന്ന ഒരു കവിതയുണ്ട്. ‘അതിനാൽ മൃഗങ്ങൾ രാത്രിയെ കാത്തിരിക്കുന്നു–അവൾ ഒരു മിശിഹാ പോലെയാണവയ്ക്ക്’. ‘പ്രേമത്തിൽ കാലം പുതുതായിത്തോന്നുന്നു. ഉടൽ ഉടലിനെ തുടച്ചുനീക്കുമ്പോൾ മനസ്സ് സ്വതന്ത്രമാകുന്നു’വെന്നാണ് അടലിന്റെ കവിത കണ്ടെത്തുന്നത്.
കവിതയുടെ വാഗ്ദാനം എന്തെല്ലാമാണെന്ന് ഓരോ പ്രേമത്തിലും ഞാൻ ആലോചിക്കാറുണ്ട്. അതു രാത്രിയുടെ ഒരു പുതുജാലകം തുറക്കുന്നു. പകലിന്റെ വടുക്കളെ മറച്ചുവയ്ക്കുന്നു. വെയിലും പൊടിക്കൂറയും അദൃശ്യമാക്കുന്നു. അടലിന്റെ കവിതയിൽ താൻ ഉപേക്ഷിച്ചുപോന്ന മെഡിറ്ററേനിയൻ തീരം എപ്പോഴും ഉയർന്നുവരും. ആ കവിതയിൽനിന്നു ഞാൻ കക്കാടുകോയയുടെ വീടിനു സമീപമുള്ള പുഴയിലെ മുഴക്കമാണു കേൾക്കുന്നത്. ഒരിക്കൽ കോയയുടെ ആ കുഞ്ഞുവീട്ടിൽ ചെന്നപ്പോൾ, കട്ടൻചായയുടെ കൂടെ അയാളെഴുതിയ ഒരു കവിത വായിച്ചു കേൾപ്പിച്ചു. കാറ്റ് ഒരിലയെ അടർത്തുമ്പോൾ, അതിന്റെ താഴേക്കുള്ള വീഴ്ചയല്ല, കാറ്റ് അതിനെ എടുക്കുകയാണല്ലോ. നിലംതൊടും വരെയുള്ള ആ കാലം ഒരുപക്ഷേ നമ്മുടെ നൂറുവർഷമോ അടരുന്ന നക്ഷത്രങ്ങളുടെ പ്രകാശവർഷങ്ങളോ ആവാം. എങ്കിൽ ആ ഇറക്കത്തിൽ ഇലയ്ക്ക് ആനന്ദമാണോ ഭയമാണോ അനുഭവപ്പെടുക? കവിതയിൽ ഉത്തരമുണ്ടായില്ല.
കവിതയെക്കാൾ വലിയ സത്യമാണു ദൈവം എന്ന് കോയ ഒടുവിൽ പറഞ്ഞു. ദൈവം ഉണ്ടെങ്കിൽ കവിത ആവശ്യമില്ലെന്നു കവി കണ്ടെത്തുന്നതിനെപ്പറ്റി ഒരിക്കൽ ഒരു നോവൽ എഴുതണമെന്നു ഞാൻ വിചാരിക്കുന്നു. എമിലി ഡിക്കിൻസണിന്റെ ചീപ്പിൽനിന്ന്, ഒരു സിപ്പ് അതിന്റെ ദാർശനികമായ വേഷം കണ്ടെത്തുന്നതുപോലെ, അസാധാരണമായ ഒരു നിമിഷം ഞാനും ഭാവന ചെയ്യുന്നു.