ADVERTISEMENT

പ്രിയ സുഹൃത്തേ, 

ആത്മീയഗുരുവും കവിയും തത്വചിന്തകനുമായ  ശ്രീനാരായണ ഗുരുവിനെക്കുറിച്ചും മഹാകവി കുമാരനാശാനെക്കുറിച്ചും വേണ്ടത്ര കൃതികൾ ലഭ്യമാണ്. എന്നാൽ ഡോ. പൽപ്പുവിനെ സംബന്ധിച്ച് അധികമൊന്നും രചനകൾ ലഭ്യമല്ലെന്ന സങ്കടകരമായ വസ്തുത ആദ്യമേ തന്നെ പറയട്ടെ. എന്തുകൊണ്ട് മുൻചൊന്ന മഹത്തുക്കൾക്കൊപ്പം പൽപ്പുവും സ്മരണീയനാവേണ്ടതെന്നു താങ്കൾ സംശയിക്കുന്നുണ്ടാവാം. ആ സംശയനിവാരണത്തിനുതകുന്ന കൃതിയാകുന്നു ടി. കെ. മാധവൻ രചിച്ച ഡോ. പൽപ്പു എന്ന ജീവചരിത്രം (മൈത്രി ബുക്സ്). ഗുരു സമാധിയായശേഷം 1929-ൽ കോട്ടയത്ത് വെച്ച് നടത്താൻ നിശ്ചയിച്ച എസ്. എൻ. ഡി. പിയുടെ വാർഷിക സമ്മേളനത്തിൽ അധ്യക്ഷനായി നിശ്ചയിച്ചത് പൽപ്പുവിനെയാണ്.

book-bum-guru-image
ശ്രീനാരായണ ഗുരു, ചിത്രം; മനോരമ

ഈ കാലയളവിൽ പൽപ്പു അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന ആവശ്യപ്രകാരം ടി. കെ. മാധവൻ തിരുവനന്തപുരത്ത് എത്തുകയും നാലു ദിവസം ഡോക്ടറുടെ അതിഥിയായി താമസിക്കുകയും ചെയ്തു. ആ ദിവസങ്ങളിലുണ്ടായ വർത്തമാനത്തിൽ നിന്നുമാണ് ഡോ. പൽപ്പുവിന്റെ ജീവചരിത്രമെന്ന ആശയം മാധവനിൽ ജനിക്കുന്നത്. വാർഷിക സമ്മേളനത്തിൽ യോഗാംഗങ്ങൾക്കിടയിൽ ഈ ജീവചരിത്രം വിതരണം ചെയ്താൽ പൽപ്പുവിന്റെ ജീവിതസമരത്തെക്കുറിച്ചും സാമുദായികമായ ഉന്നതിക്കായുള്ള ക്ലേശത്തെക്കുറിച്ചും വലിയൊരളവോളം ധാരണ സമുദായത്തിനുള്ളിൽ പ്രചരിപ്പിക്കാനാവും എന്ന ആഗ്രഹവും ടി. കെ. മാധവന് ഉണ്ടായിരുന്നു.  കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം ജീവചരിത്രം എഴുതുകയുണ്ടായി. സാധാരണയായി എഴുതപ്പെടുന്ന ജീവചരിത്രങ്ങളിൽ ശീലിച്ചിരിക്കുന്ന സ്തുതിയോ അമാനുഷിക വർണനയോ ഇതിലില്ല എന്നതാണ് പ്രസ്തുത കൃതിയുടെ സവിശേഷത.

പൽപ്പു എന്ന വ്യക്തിയുടെ ജീവിതാരംഭം മുതൽ അദ്ദേഹം ഇന്ന് തുടരുന്ന സാമുദായിക പ്രവർത്തനങ്ങൾ വരെയുള്ള കാലത്തിനെ തനിക്ക് ലഭ്യമായ വിവരങ്ങളുടെ (ഈ വിവരങ്ങൾ എന്നത് നാം ഇന്ന് പറയുന്ന ആർക്കൈവൽ മെറ്റീരിയൽസ്) അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ പൽപ്പുവിന്റെ ജീവിതരേഖയെന്നാൽ ഈഴവസമുദായത്തിന്റെ ജീവിതരേഖയായി വായിക്കാനാവും. ആറ് അദ്ധ്യായങ്ങൾ, ഉപസംഹാരം, യോഗത്തിന്റെ പ്രഥമ വാർഷികത്തിൽ ഏകമനസോടെ യത്നിക്കുവിൻ എന്ന ഡോ. പൽപ്പുവിന്റെ പ്രസംഗം, ഇവ്വിധമാണ് ഈ ജീവചരിത്രം ക്രമപ്പെടുത്തിയിരിക്കുന്നത്. 

1863 നവംബർ 2- നാണ് തിരുവനന്തപുരത്ത് പേട്ടയിൽ നെടുങ്ങോട്ട് എന്ന ഈഴവ കുടുംബത്തിലാണ് പൽപ്പുവിന്റെ ജനനം. പ്രമാണങ്ങളിൽ ഉപയോഗിക്കുന്ന പേര് ' ഭഗവതി പത്മനാഭൻ'. പൽപ്പു എന്നത് പത്മനാഭന്റെ തത്ഭവമാണ്. വീട്ടിൽ വിളിച്ചു വന്നിരുന്ന പേര് കുട്ടിയപ്പി. അച്ഛൻ പേട്ടയിൽ തച്ചക്കുടിയിൽ പപ്പു എന്ന് വിളിച്ച് വന്നിരുന്ന മാതിക്കുട്ടി ഭഗവതി. അമ്മ പപ്പമ്മ എന്ന് വിളിപ്പേരുള്ള മാതപ്പെരുമാളും. 1044-കന്നിയിൽ പൽപ്പുവിന്റെ വിദ്യാരംഭം. ജേഷ്ഠസഹോദരൻ പിൽക്കാലത്ത് റാവുബഹദൂർ പി വേലായുധൻ എന്ന പേരിൽ അറിയപ്പെടുകയും ബ്രിട്ടീഷ് സർവീസിൽ മദ്രാസിലെ റെവന്യുബോർഡ് മെമ്പറായി നിയമിക്കപ്പെടുകയും ചെയ്തിരുന്ന ശ്രീമാൻ പി. വേലായുധൻ ബി. എ. ഇദ്ദേഹം ഇംഗ്ലീഷ് പഠിക്കാൻ പോകുന്നതു കണ്ട് പൽപ്പുവിനും ഇംഗ്ലീഷ് പഠിക്കാൻ പോകാൻ ആഗ്രഹമുണ്ടായെങ്കിലും സാമ്പത്തിക പരാധീനത മൂലം ഏറെ കഷ്ടതകൾ അനുഭവിച്ചു.

kumaranasan
മഹാകവി കുമാരനാശാന്‍

അദ്ദേഹത്തെ അന്ന് സഹായിച്ചത് എസ് ജെ. ഫെർണാണ്ടസ് എന്ന് പേരുള്ള ഒരു വ്യക്തിയായിരുന്നു. എഫ്. എയ്ക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ തിരുവിതാംകൂർ ഗവണ്മൻറ് മെഡിക്കൽ സ്ക്കൂളിലേക്ക് വിദ്യാർത്ഥികളെ എടുക്കുന്നതിനുള്ള പരസ്യം പൽപ്പുവിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം പ്രവേശനപ്പരീക്ഷയിൽ ചേരുകയും ചെയ്തു. എന്നാൽ അവർണ്ണനെ ചേർക്കരുതെന്ന സവർണ്ണരുടെ ബഹളത്തിനോട് ചേരുന്നതായിരുന്നു അന്നത്തെ ഗവണ്മന്റ് നിലപാടും. അങ്ങനെയാണ് വൈദ്യം പഠിക്കണമെന്ന ആഗ്രഹത്താൽ അദ്ദേഹം മദ്രാസ് മെഡിക്കൽകോളേജിൽ ചേരുന്നത്. സാമ്പത്തിക പരാധീനതയ്ക്കിടയിലൂടെയും പൽപ്പു തന്റെ ആഗ്രഹം പൂർത്തികരിച്ചു. ഇത്രയുമാണ് വിദ്യാർത്ഥിയായ പൽപ്പുവിന്റെ ജീവിതം. എങ്ങനെ തന്റെ ദുരിതപൂർണമായ ജീവിതം 'ഞാനെന്ന' ഒരാളുടെ അനുഭവമല്ലന്നും അതൊരു വലിയ ജനവിഭാഗമനുഭവിക്കുന്ന സാമൂഹ്യ വിവേചനത്തിന്റെ അനുഭവമാണന്നുമുള്ള തിരിച്ചറിവിൽ  പ്രതികരിച്ച് തുടങ്ങുന്നത് ഇനിയുള്ള ജീവിതാദ്ധ്യായങ്ങളിലാണ്. 

പൽപ്പുവിന്റെ ഉദ്യോഗജീവിതമാരംഭിക്കുന്നത് മദ്രാസിൽ നിന്നാണ്. 1890 ഡിസംബർ 4 - നാണ് ഗവണ്മൻറ് സർവീസിൽ പ്രവേശിക്കുന്നത്. സ്പെഷ്യൽ വാക്സിൻ ഡിപ്പോ സൂപ്രണ്ട് എന്ന തസ്തികയിലായിരുന്നു നിയമനം. മസൂരിക്ക് കുത്തിവെയ്ക്കുന്ന ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ ഡിപ്പോ ആയിരുന്നു അത്. ഉഭോഗസ്ഥർക്കിടയിലെ കിടമത്സരം മൂലം ഈ സ്ഥാപനം അടച്ചു പൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്തു. മൈസൂരിൽ തുടങ്ങിയ വാക്സിൻ ഡിപ്പോയിൽ പൽപ്പു പിന്നീട് ജോലിക്ക് ചേരുന്നു. 1898-ൽ ഗവണ്മന്റ് ചിലവിൽ വിലശഷ പരിശീലനത്തിനായി യൂറോപ്പിലേക്ക് പോകാനിരിക്കുന്ന സമയത്താണ് മൈസൂരിൽ പ്ലേഗ് പടരുന്നത്. 

ഡോക്ടർമാരെല്ലാം രോഗത്തെ (മരണത്തെ) ഭയന്ന് ഒഴിഞ്ഞുമാറിയപ്പോൾ പ്ലേഗ് കമ്മീഷണറായി നിയമിതനായ വി.  പി.  മാധവറാവുവിനൊപ്പമുണ്ടായിരുന്നത് (പിന്നീട് തിരുവിതാംകൂർ ദിവാൻ)  പൽപ്പുവായിരുന്നു. ഇവർ രണ്ടുപേരും ചേർന്നാണ് പ്ലേഗ് നിവാരണ പദ്ധതി രൂപീകരിച്ചത്. പൽപ്പു ആയിരുന്നു പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ട്. (കൊറോണക്കാലത്തെ അനുഭവം ഓർത്താൽ ഇത്രയുമൊന്നും വൈദ്യശാസ്ത്രം പുരോഗമിക്കാത്ത അക്കാലത്തെക്കുറിച്ച് ഏകദേശമൊരു ധാരണ താങ്കൾക്ക് കിട്ടുമെന്ന് നിശ്ചയമുണ്ട്) പൽപ്പു ഓർക്കുന്നു: "എന്റെ ക്യാമ്പിന് ചുറ്റും ഉണ്ടാക്കിയിട്ടുള്ള എട്ടു ചുടലകളിലായി എട്ടു ശവങ്ങൾ ഇപ്പോൾ വെന്ത് കൊണ്ടിരിക്കുന്നു. ഈ എട്ടു ശവങ്ങൾ വെന്തു കഴിഞ്ഞാൽ ഉടൻ ചിതയിൽ വയ്ക്കത്തക്ക പെണ്ണം നാൽപ്പത്തിമൂന്ന് ശവങ്ങൾ കഴുകി തയ്യാറാക്കി വെച്ചിരിക്കുന്നു… കത്തിക്കൊണ്ടിരിക്കുന്ന ശവങ്ങളുടെ മധ്യേ, കാശിയിലെ ശ്മശാനത്തിൽ ദണ്ഡുമൂന്നിനിന്നിരുന്ന ഹരിശ്ചന്ദ്ര മഹാരാജാവിനെപ്പോലെ അധികാരദണ്ഡുമായി ഞാൻ നിൽക്കുന്നു".

മരണത്തോടുള്ള ഭയമില്ലായ്മയോ ഒരു ഡോക്ടർ ഏറ്റെടുക്കേണ്ട ധാർമികമായ നിലപാടായോ മാത്രമായി പൽപ്പുവിന്റെ ഈ ഔദ്യോഗിക നിർവഹണത്തെ കണ്ടാൽ അദ്ദേഹം ജീവിതത്തിൽ ഉടനീളം വഹിച്ച മാനവികതയിലൂന്നിയ മൂല്യ സംഹിതയെ വില കുറച്ച് കാണുകയാവും ഫലം. അദ്ദേഹം തുടർന്നുപോന്ന ഉദ്യോഗജീവിതത്തെ തത്ക്കാലം വിട്ടുകൊണ്ട് എങ്ങനെ സ്വസമുദായത്തിന്റെ ദയനീയമായ പരിതസ്ഥിതിയെ മാറ്റിയെടുക്കാം എന്ന ചിന്തയിലേക്കും അതിനായി നടത്തിയ തന്ത്രങ്ങളിലേക്കും താങ്കളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.  

book-bum-palpu
ഡോക്ടർ പൽപ്പു, ചിത്രം; മനോരമ

1891-ൽ ആണ് ചരിത്രപസിദ്ധമായ മലയാളി മെമ്മോറിയൽ ഗവണ്മന്റിന് സമർപ്പിച്ചതെന്ന് താങ്കൾക്ക് അറിയാമല്ലോ. അതിലെ മൂന്നാമത്തെ ഒപ്പുകാരനാണ് പൽപ്പു. എന്നാൽ,ഈ മെമ്മോറിയൽ കൊണ്ട് തന്റെ സമുദായത്തിന് യാതൊരു ഗുണവുമില്ലന്ന് മനസ്സിലാക്കിയ പൽപ്പു 1896ൽ 13000 ഈഴവർ ഒപ്പിട്ടിട്ടുള്ള ഭീമഹർജി (ഈഴവ മെമ്മോറിയൽ എന്ന് വിളിക്കപ്പെടുന്ന) ഗവണ്മന്റിന് അയച്ചു. പാഠശാലകളിൽ ഈഴവർക്ക് പ്രവേശനം നിഷേധിക്കുന്നു. ഗവണ്മന്റ് ഉദ്യോഗം നൽകുന്നില്ല. ഈ രണ്ട് പ്രധാന കാര്യങ്ങളുമാണ് അതിൽ ഉന്നയിച്ചിരുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ തന്റെ സമുദായത്തിന് ഉന്നതി നേടാനാവൂ എന്ന് സ്വാനുഭവത്തിൽ നിന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധ്യം വന്നിരുന്നു.

ഇനി വേണ്ടത് ക്ഷേത്രങ്ങളല്ല വിദ്യാഭ്യാസസ്ഥാപനങ്ങളാണ് എന്ന ഗുരുവിന്റെ പിൽക്കാല തീരുമാനത്തിൽ പൽപ്പുവിന്റെ കാഴ്ചപ്പാടുകളുടെ സ്വാധീനമുണ്ടായേക്കാം. കാരണം ഗുരുവുമായുള്ള ബന്ധത്തിൽ നടന്നിട്ടുള്ള ആരോഗ്യകരമായ സംവാദത്തിന്റെ തുടർച്ചയിലാവണം ഗുരു പിന്നീട് എടുത്തിട്ടുള്ള പല തീരുമാനങ്ങളും ആധുനികമായൊരു സമൂഹത്തിന്റെ ഘടനയ്ക്കനുസൃതമായി രൂപപ്പെട്ടത്. പൽപ്പു വിവേകാനന്ദനുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയാണ്. 

സ്വാമികളെ അമേരിക്കയിലേക്ക് അയക്കുന്നതിൽ ഡോക്ടറുടെ ഉത്സാഹം കൂടി ഉണ്ടായിരുന്നു. ആത്മീയഘോഷണമായിരുന്നില്ല പൽപ്പുവിന്റെ ജീവിതസന്ദേശം. അദ്ദേഹമെങ്ങനെ ഈഴവസമുദായത്തെ (അധികവും തീയർ എന്നാണ് പൽപ്പു കത്തുകളിൽ ഉപയോഗിക്കുന്നത്) ആദൃശ്യതയിൽ നിന്ന് ദൃശ്യതയിലേക്ക് കൊണ്ടുവരാം എന്നാണ് ചിന്തിച്ചത്. അതിനായി അദ്ദേഹം നടത്തിയ തന്ത്രങ്ങൾ അതിബുദ്ധിമാനായ ഒരാൾക്ക് മാത്രം ചെയ്യാൻ കഴിയുന്നതായിരുന്നു. തിരുവിതാംകൂറിലെ ഈഴവരുടെ ബുദ്ധിമുട്ടുകളെയും ഗവണ്മൻറ് അവരോടു ചെയ്യുന്ന അനീതികളെയും സംബന്ധിച്ചു ബ്രിട്ടീഷ് പാർലമെൻറിൽ ചോദ്യം ചെയ്യിക്കുന്നതിന് ജി. പരമേശ്വരൻ പിള്ള ഇംഗ്ലണ്ടിൽ പോയപ്പോൾ അദ്ദേഹം മുഖാന്തരം ഏർപ്പാടുകൾ ചെയ്തു. അതിന് ഗുണമുണ്ടായി. ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും തിരുവിതാംകൂറിലേക്ക് അന്വേഷണമുണ്ടായി. ഇത് സമുദായത്തിന് ഗുണമുണ്ടായി. മാത്രവുമല്ല വിദേശ ഇംഗ്ലീഷ് പത്രങ്ങളിലുമെല്ലാം തിരുവിതാംകൂറിലെ ഈ തൊട്ടുകൂടായ്മയുടെ വാർത്ത വരുത്തുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

CKESAVAN
സി. കേശവൻ

നിരന്തരമായി അദ്ദേഹം ഗവണ്മന്റിലേക്ക് കത്തുകൾ അയച്ചിരുന്നു. അതിൽ പൽപ്പു പ്രധാനമായും ആവർത്തിച്ചിരുന്നത് സെൻസസ് പ്രകാരമുള്ള തന്റെ സമുദായത്തിന്റെ ജനസംഖ്യാ കണക്കായിരുന്നു (ജാതി സെൻസസിനെ കുറിച്ച് ഇപ്പോൾ ഉയർന്നുവരുന്ന ചർച്ചകൾ ഓർക്കുമല്ലോ). ഇത്രയും വലിയൊരു വിഭാഗം എങ്ങനെ അസ്പൃശ്യരാവുന്നു എന്നതായിരുന്നു ചോദ്യം. കൊല്ലത്ത് വെച്ച് നടന്ന യോഗത്തിന്റെ വാർഷികത്തിൽ വലിയൊരു വ്യവസായ പ്രദർശനം നടന്നു; പിന്നീട് കണ്ണൂരും. സി. കേശവൻ 'ജീവിതസമര'ത്തിൽ എഴുതുന്നു: ഡോക്ടർ പൽപ്പുവിന്റെ അനുജൻ മി. താണുവൻ ഒരു ടൈപ്പ്റൈറ്റിംഗ് മെഷീൻ വെച്ച് ടൈപ്പു ചെയ്യുന്നത് ഞാൻ കണ്ടു. എന്തൊരത്ഭുതമായിരുന്നെന്നോ അത് അന്ന് എല്ലാവർക്കും! ഒറ്റവിരൽ കൊണ്ടാണ് വിദ്വാന്റെ പ്രയോഗം! കോട്ടാർ, ബാലരാമപുരം മുതലായ ദിക്കുകളിലെ ഈഴവർ ഒന്നാംതരം നേര്യതുതരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.  

ഇതിനെ വെറും വ്യവസായ പ്രദർശനമായിട്ടല്ല കാണേണ്ടത് എന്ന് തോന്നുന്നു. കാരണം ഇംഗ്ലണ്ടിൽ 1851 ൽ ഗ്രേറ്റ് വിംബ്ലി പ്രദർശനം നടക്കുന്നുണ്ട്. കോളണികളിൽ നിന്നുള്ള വസ്തുക്കളായിരുന്നു ഇവിടെ പ്രദർശിപ്പിച്ചിരുന്നത്. ഇവിടെയോ? അസ്പൃശ്യരായ ഒരു ജനത അവരുടെ വസ്തുക്കൾ പ്രദർശിപ്പിക്കുകയാണ്. ബ്രിട്ടീഷ് കൊളോണിയൽ അധികാരത്തോട് ഇവ്വിധം ഒരു പ്രതിഷേധം ചരിത്രത്തിൽ ആദ്യമായിരിക്കാം. അദൃശ്യതയിൽ നിന്ന് ദൃശ്യതയിലേക്കുള്ള ഏറ്റവും ഫലവത്തായ ആവിഷ്ക്കാരത്തിന് പലയിടങ്ങളിലായി വേറിട്ടുകിടന്നിരുന്ന വ്യവസായങ്ങളിൽ നിന്നുള്ള സാമഗ്രഹികളെ ഒന്നിച്ച് കൊണ്ടുവരിക എന്ന ഉദ്ദേശ്യം കൂടി ഈ പ്രദർശനത്തിന്റെ തീരുമാനത്തിനു പിന്നിൽ ഉണ്ടായിരുന്നിരിക്കണം.

പൽപ്പുവിന്റെ സമരമാർഗ്ഗങ്ങളുടെ സ്വഭാവം സൂക്ഷ്മമായി വിശകലനം ചെയ്താൽ ഈ സാധ്യത തള്ളിക്കളയാനാവില്ല. ഇതെല്ലാമാവട്ടെ ഈഴവരെന്ന വലിയ ജനവിഭാഗത്തിൽ നിന്നുമാണെന്ന് സ്ഥാപിക്കേണ്ടതും (assert) ആവശ്യമായിരുന്നു. പരിശ്രമശീലരാണ് തന്റെ സമുദായക്കാർ എന്ന് കണക്കുകൾ പ്രകാരം വാദിക്കുന്നതിനൊപ്പം സിലോൺ ബർമ ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേലക്കായും കച്ചവടത്തിനായും കുടിയേറിയവരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തിരുവിതാംകൂർ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കായുള്ള സാമ്പത്തിക സ്രോതസ്സുകൂടിയാണ് ഈഴവസമുദായമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 

ടി.കെ. മാധവൻ
ടി.കെ. മാധവൻ

ഈ പുസ്തകത്തിൽ താങ്കളെയും അത്ഭുതപ്പെടുത്തുന്ന ഒരു വിവരമുണ്ട്. അത് ശ്രീനാരായണഗുരു മത്സ്യമാംസാദികൾ കഴിച്ചിരുന്നു എന്നതാണ്. ടി. കെ. മാധവൻ എഴുതുന്നു: സ്വാമി മൽസ്യമാംസങ്ങൾ ഭക്ഷിച്ചിരുന്ന കാലത്തും ഡോക്ടറുടെ വീട്ടിൽ വരിക പതിവായിരുന്നു. പരേതനായ റാവുബഹാദൂർ വേലായുധനും സ്വാമിയും വലിയ സ്നേഹിതന്മാരായിരുന്നു. വീട്ടിൽ വരുമ്പോൾ ഇവർ രണ്ടു പേരും മിക്ക ദിവസവും ഒരുമിച്ചിരുന്ന് ഒരു പാത്രത്തിൽ പഴഞ്ചോറ് ഉണ്ണുമായിരുന്നു (പേജ് 98) ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഇംഗ്ലീഷിൽ അദ്ദേഹം ഒരു നാടകം എഴുതിയിട്ടുണ്ട്. സാഹിത്യ ചരിത്രത്തിൽ തത്പരരായ ഏതെങ്കിലുമൊരാൾ ആ നാടകം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം.

ഗ്രന്ഥരചയിതാവായ ടി. കെ. മാധവനാരന്ന് ഒരു വരിപോലും ഈ പുസ്തകത്തിൽ ഇല്ല. അതുപോലെ ഡോക്ടർ പൽപ്പു എന്ന് മരിച്ചു എന്നുള്ള വിവരവും ഇല്ല. അങ്ങനെയുള്ള വിശദാംശങ്ങൾ ചരിത്രമറിയുവാനാഗ്രഹിക്കുന്ന വായനക്കാർക്ക് ഗുണകരമാവുമായിരുന്നു. നൂറ്റിനാൽപ്പത്തിയാറ് പേജുകളുള്ള ഈ ജീവചരിത്രത്തിൽ നാടകീയസംഭവങ്ങൾ നിരവധിയാണ്. അതൊന്നും സൂചിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഖേദത്തോടെ സമ്മതിക്കട്ടെ.  

സ്നേഹപൂർവ്വം 

UiR

English Summary:

Book Bum column Written by Unni R about Dr. Palpu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com