എന്നെ ആശാനാക്കിയ ‘കുമാരന്മാർ’; സിനിമാ അനുഭവം പങ്കുവച്ച് ഡോ. ശ്രീവത്സൻ ജെ.മേനോൻ
Mail This Article
2019ൽ തൃശൂരിൽ സാഹിത്യ അക്കാദമി പരിപാടിയിൽ പങ്കെടുക്കുമ്പോൾ തൃശൂർ കറന്റ് ബുക്സിലെ ജോണിയാണു പറഞ്ഞത് കുമാരേട്ടനെ (കെ.പി.കുമാരൻ) ഒന്നു കാണണമെന്ന്. കണ്ടു. ആശാനെക്കുറിച്ചു സിനിമയെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആശാൻ കവിതകളുടെ പുസ്തകങ്ങൾ അയച്ചുതരാമെന്നും ഷൂട്ടിങ് എറണാകുളത്തു വച്ചാൽ ശ്രീവത്സനു വരാൻ എളുപ്പമാകുമല്ലോ എന്നും കൂട്ടിച്ചേർത്തു.
ആശാൻ കവിതകൾ ഞാൻ മുൻപേ വായിക്കുകയും പാടുകയുമെല്ലാം ചെയ്തിട്ടുള്ളതാണ്. അപ്പോൾ ഷൂട്ടിങ്ങിനു ഞാൻ വരേണ്ടതില്ലല്ലോ എന്നു ചോദിച്ചപ്പോഴാണ്, ‘അതിനു ശ്രീവത്സനാണല്ലോ കുമാരനാശാന്റെ വേഷമിടുന്നത്’ എന്നു കുമാരേട്ടൻ പറഞ്ഞത്. വിശ്വസിക്കാനാകാതെ നിന്ന നിമിഷം. അതുവരെ സിനിമയുടെ സംഗീതം നിർവഹിക്കാനാണു പറയുന്നതെന്നായിരുന്നു ധാരണ.
കുമാരനാശാന്റെ സമ്പൂർണകൃതികളിൽനിന്ന് അദ്ദേഹം പറഞ്ഞ ഭാഗങ്ങൾ വായിച്ചു. പാടാനായി കവിതകൾ തിരഞ്ഞെടുത്തു. ഒന്നര മാസത്തിനകം ഷൂട്ടിങ് ആരംഭിച്ചു. യഥാർഥത്തിൽ രണ്ടു കുമാരന്മാരാണ് അതോടെ എനിക്ക് ആചാര്യസ്ഥാനത്തേക്കു വന്നത്. കുമാരനാശാനും കുമാരേട്ടനും. ഒന്ന് യഥാർഥ ആശാൻ, രണ്ടാമൻ ആശാനെക്കുറിച്ചു സർവം ഗ്രഹിച്ച ജ്ഞാനി.
സ്ത്രീകളോടും അധഃകൃതരോടുമുള്ള സമീപനം, രാഷ്ട്രീയം, ശ്രീനാരായണഗുരുവിനോടുള്ള ഭക്തി, ഗുരുവിന്റെ പാഠങ്ങളോടുള്ള ആദരം, ഗുരു എന്ന അനുഭവം... എല്ലാറ്റിലും ‘കുമാരന്മാരുടെ’ സമീപനങ്ങളിൽ സമാനതകളുണ്ടെന്ന് എനിക്കു തോന്നി. അതിനോടു ചേർന്നുപോകുന്നവയാണ് എന്റെ ചിന്താഗതികളും. സാധാരണക്കാരുമായി ഇടപഴകുന്ന ജീവിതാനുഭവം കൃഷിവിജ്ഞാന രംഗത്തു പ്രവർത്തിക്കുന്നയാളെന്ന നിലയിൽത്തന്നെ എനിക്കുണ്ട്.
ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ കുമാരേട്ടൻ പറയുന്ന കാര്യങ്ങൾ അതേപടി ചെയ്യുകയേ വേണ്ടിയിരുന്നുള്ളൂ. 20 ദിവസംകൊണ്ട് ചിത്രീകരണം പൂർത്തിയായി. കെ.പി.കുമാരന്റെ ഒരു സ്വപ്നസക്ഷാത്കാരം എന്നുവേണം ഈ സിനിമയെ കാണാൻ; എനിക്കു കാലം കാത്തുവച്ച പുണ്യവും.