ADVERTISEMENT

ചിത്രകാരി അലിസിയ ബെറെൻസൺ ഗബ്രിയേൽ ബെറൻസനെ വിവാഹം കഴിച്ചിട്ട് ഏഴുവർഷമായി. അറിയപ്പെടുന്ന ഒരു ഫൊട്ടോഗ്രഫറായിരുന്ന ഗബ്രിയേലിനൊപ്പം ലണ്ടനിലെ ഒരു വലിയ വീട്ടിൽ താമസിക്കുന്ന അവളുടെ ജീവിതം എല്ലാം കൊണ്ടും മികച്ചതാണ്. പക്ഷേ പെട്ടെന്നൊരു ദിവസം ഭർത്താവിന്റെ മുഖത്തേക്ക് അവൾ വെടിയുതിർത്തത് അഞ്ചുവട്ടമാണ്. ആ നിമിഷം മുതൽ അവൾ മൗനിയാണ്. പൊലീസ് എത്ര ചോദ്യം ചെയ്തിട്ടും ഒരു വാക്ക് പോലും അലിസിയ സംസാരിക്കുന്നില്ല. തന്റെ കുറ്റം നിഷേധിക്കുകയോ കൊലപാതകത്തിന് വിശദീകരണം നൽകുകയോ ചെയ്തില്ല.

ഫൊറൻസിക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലേക്ക് കൊണ്ടുപോകുന്ന അലിസിയയെ തേടി ക്രിമിനൽ സൈക്കോതെറാപ്പിസ്റ്റ് തിയോ ഫേബർ എത്തുന്നു. ദ് ഗ്രോവിൽ എന്ന മാനസികാരോഗ്യകേന്ദ്രത്തിൽ വെച്ച് തിയോ അലിസിയയോട് സംസാരിക്കുവാൻ തുടങ്ങുന്നു. അവൾ എന്തിനാണ് ഭർത്താവിനെ കൊന്നതെന്നു ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നു. വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന അവർക്കിടയിൽ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. എന്നിട്ടും ഇത്ര ക്രൂരമായി ഒരു കൊലപാതകത്തിലേക്ക് നയിച്ചതെന്താണ്? 

the-silent-patient

ബ്രിട്ടിഷ് എഴുത്തുകാരനായ അലക്സ് മൈക്കിലിഡ്സ് എഴുതി, 2019ൽ പ്രസിദ്ധീകരിച്ച ഒരു സൈക്കളോജിക്കൽ ത്രില്ലറാണ് ദ് സൈലന്റ് പേഷ്യന്റ്. എപ്പിസ്റ്റോളറി ടെക്നിക് ഉപയോഗിക്കുന്ന നോവൽ അലിസിയയുടെ പഴയ ഡയറി, തിയോയുടെ തെറപ്പി കുറിപ്പുകൾ, മറ്റുള്ളവരുമായുള്ള അഭിമുഖങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം വീക്ഷണങ്ങളിലൂടെയാണ് കഥ പറയുന്നത്. ഗബ്രിയേലിന്റെ കൊലപാതകം നടന്ന കാലവും ആറു വർഷത്തിനു ശേഷം അലിസിയ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുന്ന കാലവുമാണ് കഥയുടെ സമയക്രമങ്ങൾ. നിഗൂഢത നിറഞ്ഞ കഥയിൽ ഓരോ കഥാപാത്രവും അവരുടെ പക്ഷത്തുനിന്നാണ് സംഭവവികാസങ്ങൾ അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അവസാനംവരെയും ആകാംക്ഷ നിലനിൽക്കുന്നു. ആരെ വിശ്വസിക്കണം, എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്ന ചോദ്യങ്ങൾ വായനക്കാരനെ വേട്ടയാടുന്നു. 

കൊലപാതക സമയത്ത് ഗബ്രിയേലിന് 44 വയസ്സായിരുന്നു. അലിസിയയ്ക്ക് 33 വയസ്സും. സംഭവസ്ഥലത്ത് അധികൃതർ അലിസിയയെ കണ്ടെത്തുമ്പോൾ അവളുടെ കൈത്തണ്ട മുറിഞ്ഞിരുന്നു. അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് അവള്‍ നൽകിയ‌ ഏക സൂചന, അവൾ വരച്ച സ്വന്തം ഛായാചിത്രമാണ്. അതിൽ 'അൽസെസ്റ്റിസ്' എന്ന് ഒപ്പിട്ടിട്ടുമുണ്ട്. പെയിന്റിങ് നേരിട്ട് കാണാൻ ഗാലറി സന്ദർശിച്ച ജനക്കൂട്ടത്തിൽ തിയോയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അലിസിയയുടെ നിശ്ശബ്ദതയിൽ അയാൾ തൊഴിൽപരമായും വ്യക്തിപരമായും ആകാംക്ഷാഭരിതനാണ്. തിയോയുടെ ഈ താൽപര്യം മാനസികാരോഗ്യവുമായുള്ള സ്വന്തം പോരാട്ടങ്ങളിൽ നിന്നാണ്. ദുരുപയോഗം ചെയ്യുന്ന ഒരു പിതാവിനാൽ വളർത്തപ്പെട്ട തിയോ, വിഷാദത്തിൽനിന്നു കരകയറിയവനാണ്. അലിസിയയെ അറിയാവുന്നവരുമായി അയാൾ അഭിമുഖങ്ങൾ നടത്തുന്നു. വികാരങ്ങൾ പ്രകടിപ്പിക്കുവാനായി അവളെ അയാൾ പ്രോത്സാഹിപ്പിക്കുന്നു. മറ്റൊരു രോഗിയെ ക്രൂരമായി ആക്രമിക്കുന്ന അലിസിയ, ആശുപത്രി ജീവനക്കാർ അവളെ മയക്കുന്നതിന് മുമ്പ് തന്റെ ഡയറി തിയോയ്ക്ക് നൽകുന്നു. അതോടെ രഹസ്യങ്ങൾ‍ പുറത്തു വരുന്നു. 

കാത്തി എന്ന സ്ത്രീ മറ്റൊരു പുരുഷനുമായി അവിഹിതബന്ധം പുലർത്തുന്നുവെന്ന് സംശയിച്ച് പിന്തുടരുന്ന അവളുടെ ഭർത്താവ് എത്തുന്നത് അലിസിയയുടെ വീട്ടിലാണ്. ആ കാമുകൻ  ഗബ്രിയേലായിരുന്നു. കൊലപാതകം നടന്ന രാത്രിയിൽ, മുഖംമൂടി ധരിച്ച കാത്തിയുടെ ഭർത്താവ് അലിസിയയെയും ഗബ്രിയേലിനെയും കയറുകൊണ്ട് ബന്ധിച്ച് ഒരു തിരഞ്ഞെടുപ്പ് ആവശ്യപ്പെടുന്നു. ഒന്നുകിൽ ഗബ്രിയേലിന്റെ ജീവൻ അല്ലെങ്കിൽ അലിസിയയുടെ ജീവൻ. ഗബ്രിയേൽ സ്വയം രക്ഷിക്കാൻ തീരുമാനിച്ചുവെങ്കിലും കാത്തിയുടെ ഭർത്താവ് ആരെയും കൊല്ലുന്നില്ല. എന്നാൽ ചെറുപ്പം മുതലേ തന്നെ തള്ളിപ്പറയുന്ന പിതാവിനെ ഓർക്കുന്ന അലിസിയ, ഗബ്രിയേലും സ്വാർഥനാണ് എന്ന് തിരിച്ചറിയുന്നു. അവൾ തോക്കെടുത്ത് ഗബ്രിയേലിനെ വെടിവച്ചു കൊന്നു. 



അലക്സ് മൈക്കിലിഡ്സ്, Image Credit: Maxmillan-publishers
അലക്സ് മൈക്കിലിഡ്സ്, Image Credit: Maxmillan-publishers

വർഷങ്ങൾക്കുശേഷം, അലിസിയ കാത്തിയുടെ ഭർത്താവിനെ തിരിച്ചറിയുന്നുണ്ട്. തിയോയാണത്.! ഗ്രോവിൽ ജോലി ചെയ്യാൻ തിയോ എത്തിയപ്പോൾത്തന്നെ തന്റെ വേട്ടക്കാരനെ അവൾ തിരിച്ചറിഞ്ഞിരുന്നു. തിയോയുമായി സംസാരിക്കാൻ അവൾ സമ്മതിക്കുന്നതുതന്നെ തിയോയുടെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. സൗഹൃദം കാട്ടി അവളെ കൊല്ലനാണ് അയാളുടെ പദ്ധതി എന്ന് അവൾ മനസ്സിലാക്കി. മാനസികമായി തളർത്തി, തന്റെ ഭർത്താവിനെ തന്റെ കൈ കൊണ്ടു തന്നെ കൊല്ലിച്ച അയാളുടെ ബുദ്ധി അവൾ തിരിച്ചറിഞ്ഞിരുന്നു. അതോടെ അലിസിയയ്ക്ക് ഒരു കുത്തിവയ്പ്പ് നൽകി അവളെ തിയോ കോമയിലാക്കുന്നു. എന്നാൽ തിയോയുടെ കുറ്റകൃത്യങ്ങൾ തുറന്നുകാട്ടുന്ന  അവസാന ഡയറിക്കുറിപ്പ് ഒളിപ്പിച്ചു വച്ചിട്ടു മാത്രമാണ് അവൾ കോമയിലായതെന്ന് അയാൾ അറിയുന്നില്ല. ഇൻസ്പെക്ടർ അലൻ, തിയോയെ പിടികൂടുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്. 

English Summary:

Discover 'The Silent Patient': A Twisting Tale of Murder and Silence in London's Art Scene