ADVERTISEMENT

ജീവിതത്തിൽ  എന്തെല്ലാം ബാലിശതകൾക്കു പിന്നാലെ പോയാലും ഒരുഘട്ടം കഴിയുമ്പോൾ നാം അതിൽനിന്നു മടങ്ങിവരും, പക്ഷേ നീ മാത്രം അങ്ങനെയല്ലല്ലോ മോനേ, എന്ന് അമ്മ എന്നോടു പറഞ്ഞു. ചെരിപ്പിടാതെ നിറമുള്ള സാരിയുടുക്കാതെ, ഒരു സിനിമ പോലും കാണാതെ ജീവിച്ച അമ്മ, സാഹിത്യം ഒരു ബാലിശതയാണെന്ന് വിശ്വസിച്ചു. എന്താണ്‌ അമ്മയുടെ ഏറ്റവും വലിയ സന്തോഷം? ഞാൻ ചോദിച്ചു. അവർ ഏതാനും നിമിഷങ്ങൾ ആലോചിച്ചുകൊണ്ട്‌ എന്റെ മുഖം നോക്കിയിരുന്നു. തനിക്ക്‌ അങ്ങനെ വലിയ സന്തോഷം ഒന്നുമില്ലെന്നു പറഞ്ഞ്‌ അമ്മ എണീറ്റുപോയി. അമ്മയുടെ കൂടെ ഇരിക്കണമെന്നും ഞാൻ വായിച്ച പുസ്തകങ്ങളെയും ഞാനെഴുതിയതിനെയും കുറിച്ച്‌ അമ്മയോടു സംസാരിക്കണമെന്നും മോഹിച്ചു. ഒരിക്കൽപോലും അതുണ്ടായില്ല. പരിഹാസ്യമായ ഒരു കാര്യം ഞാൻ ചെയ്തു.

നോവൽ എനിക്കുള്ളിൽ ഭാഷാശൂന്യമായി ഇരുന്ന കാലത്ത്‌, എഴുതിക്കഴിഞ്ഞ്‌ പുസ്തകമാകുമ്പോൾ അതു വായിക്കണമെന്നു ഞാൻ അതിയായി ആഗ്രഹിക്കുന്നവരുടെ, എന്റെ യഥാർത്ഥ വായനക്കാരുടെ ഒരു പട്ടിക ഞാൻ എഴുതിയുണ്ടാക്കി. ആ പട്ടികയിൽ ആകെ 29 പേർ ഉണ്ടായിരുന്നു. ഞാൻ അതു പലവട്ടം വെട്ടിത്തിരുത്തിയിട്ടും 29ൽത്തന്നെ നിന്നു. ഒരു ദിവസം ഞങ്ങൾ ഉച്ചമയക്കം വിട്ടുകിടക്കുമ്പോൾ ഇതാ എന്റെ വായനക്കാർ എന്നു പറഞ്ഞ്‌ ഞാൻ ആ പട്ടിക അവനു വായിക്കാൻ കൊടുത്തു. അതിൽ അവന്റെയും അവളുടെയും പേരുണ്ടായിരുന്നു. അത്‌ വായിച്ചിട്ട്‌ അവൻ മുഖമുയർത്തി എന്റെ കണ്ണിൽ നോക്കിപ്പറഞ്ഞു: “എന്റെ പേര്‌ ഇതിൽനിന്ന് വെട്ടിയേക്കൂ, നിന്റെ നോവൽ വായിക്കാനുള്ള ക്ഷമ എനിക്കുണ്ടാവില്ല. അവളുടെ കാര്യം അറിയില്ല".

Photo Credit: Representative image credited using Perchance AI Image Generator
Photo Credit: Representative image credited using Perchance AI Image Generator

അതു ഞാൻ പ്രതീക്ഷിച്ചിരുന്നു. അവന്റെ കൺവെട്ടത്തിൽനിന്ന് മാറാതെ, കണ്ണു താഴ്ത്താതെ പറഞ്ഞു, "അവൾ എനിക്ക്‌ ഉറപ്പ്‌ തന്നിട്ടുണ്ട്‌." 

"എന്ത്‌ ഉറപ്പ്‌?" അവന്റെ നെറ്റിചുളിഞ്ഞു,

“അവൾ ഞാനെഴുതിയത് ഒരു വാക്കും വിടാതെ വായിക്കും, അതോടെ എന്റെ നോവലിന്റെ വിധി മാറും, അതൊരു മനോഹര രചനയായിത്തീരും”, ഞാൻ പറഞ്ഞു. 

അവൻ മീശ തടവി മുഖം വിറപ്പിച്ചു പറഞ്ഞു, "നോൺസെൻസ്‌!"

“സത്യമാണ്‌, അവൾ വായിക്കുന്നില്ലെങ്കിൽ അത്‌ മാഞ്ഞുപോകുകയും ചെയ്യും", ഞാൻ പറഞ്ഞു. എന്റെ ഗർവം കൊടിയായിപ്പറക്കുന്നത്‌ ഞാൻ കണ്ടു.

“പെണ്ണുങ്ങൾ വിചാരിച്ചാൽ നീ നല്ല എഴുത്തുകാരനായിത്തീരുമെന്നു നീ കരുതുന്നു, അവരുടെ അംഗീകാരം നിനക്കുണ്ടാവുമെന്നും നീ വിശ്വസിക്കുന്നു!”, കിടക്കയിൽ ചാരിയിരുന്ന് നഗ്നമായ നെഞ്ചിൽ വലതു കൈ ചേർത്തുവച്ച്‌ അവൻ പറയാൻ തുടങ്ങി. “പക്ഷേ, സത്യമെന്താണ്‌? നിന്റെ വായനക്കാരുടെ പട്ടികയിൽ ആദ്യ പേരു നിന്റെ അമ്മയുടേതല്ലേ. അവര്‌ നീയെഴുതിയ ഒരു കഥ പോലും വായിച്ചിട്ടില്ല. ഇനി വായിക്കുകയുമില്ല. അവർക്ക്‌ നിന്റെ എഴുത്തിൽ ഒരഭിമാനവുമില്ല".

അമ്മയുടെയോ അവന്റെയോ പേരു വെട്ടാൻ എനിക്കാവില്ലായിരുന്നു. രണ്ടുപേരുടെയും നിരാസമാണ്‌ അവരുടെ ഉദാരസ്നേഹമെന്നു ഞാൻ വിശ്വസിച്ചു. എന്നാൽ പുസ്തകം വായിച്ചിട്ടും മനസ്സിലാകാത്തവരെ, വായിക്കാതെ വായനക്കാരായി നടിക്കുന്നവരെ ഞാൻ വെറുത്തു. അവരുടെകൂടെ ഒരു ചായകുടി പോലും ദുസ്സഹമായിരിക്കും. ഒരു ദിവസം അവൻ ഒരു മുതിർന്ന എഴുത്തുകാരിയെ കാണാൻ പോകാമെന്നു പറഞ്ഞു. അവർ അസുഖബാധിതയായി കിടപ്പിലായിരുന്നു. ‘ഭാഷയിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളെ കണ്ടു സംസാരിക്കാം, വരൂ’ എന്ന് അവൻ ക്ഷണിച്ചു. അവരുടെ കഥകൾ ഞാൻ വായിച്ചിരുന്നു. സത്യത്തിൽ എനിക്ക്‌ അവരുടെ കഥകൾ നല്ല ഇഷ്ടമായിരുന്നു. പക്ഷേ അവൻ അവരെ പ്രശംസിക്കാൻ തുടങ്ങിയതോടെ അവർക്ക്‌ ഒരു ഔന്നത്യവും ഇല്ലെന്ന്‌ ഒരു നിമിഷം ഞാൻ വിചാരിച്ചു. പെട്ടെന്ന് എനിക്ക്‌ മറ്റൊരു പ്രതീക്ഷയുണ്ടായി. ഒരു പ്രമുഖ വാരികയിൽ എന്റെ ഒരു കഥ ആയിടെ അമിതപ്രാധാന്യത്തോടെ അച്ചടിച്ചിരുന്നു.

Read also: 2023ലെ മികച്ച 10 സാഹിത്യലേഖനങ്ങൾ

പദപ്രശ്നത്തിലും ചെസ്‌ കളിയിലും അമിതതൽപരനായ ഒരു യുവാവ്‌ ഒരു വിദൂര ഗ്രാമത്തിലെ പോസ്റ്റ്‌ ഓഫിസിൽ ജോലിക്കാരനായെത്തുന്നു. അയാൾക്ക് ചെസ്‌ കളിയിൽ അവിടെ ഒരാളെ കൂട്ടുകിട്ടുന്നു. വലിയ ഉരുൾപൊട്ടലുണ്ടായ ഒരു വർഷകാലത്ത്‌ അയാൾ മലകയറിച്ചെന്ന് തന്റെ ചെസ്‌ പങ്കാളിയുടെ പതിനാലു വയസ്സുള്ള മകളെ ബലാൽസംഗം ചെയ്യുന്നു. ഭയന്നുപോയ ആ പെൺകുട്ടി ചോരവാർന്ന ഉടുപ്പുകൾ മാറ്റാതെ തൂങ്ങിമരിക്കുന്നു. ആ പെൺകുട്ടിയുടെ അച്ഛൻ മലയിടുക്കിലെ ഒരു ഗുഹയിലേക്കു പോയി കൈകാലുകൾ സ്വയം ബന്ധിച്ചു തീ കൊളുത്തി മരിക്കുന്നു. സ്വന്തം കുറ്റം  ഒളിപ്പിച്ചുവച്ച്‌ നഗരത്തിലേക്ക് സ്ഥലം മാറുന്ന അയാൾ അവിടെവച്ച്‌ ഒരു നഴ്സുമായി പ്രേമത്തിലാകുന്നു. അവളും ഒരു വലിയ കുറ്റം ഒളിപ്പിക്കുണ്ടായിരുന്നു. താൻ പ്രേമിച്ച ചെറുപ്പക്കാരൻ തന്റെ അമ്മയുടെ ഇഷ്ടക്കാരനായത്‌ കണ്ടുപിടിച്ച അവൾ അയാളെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. പിടിക്കപ്പെടാത്ത രണ്ടു കുറ്റവാളികൾ, ഏകാന്തർ, പരസ്പരം രഹസ്യം കൈമാറി ഒരു ഹോട്ടൽമുറിയിൽ രമിക്കുന്നതായിരുന്നു ആ കഥ. 

Photo Credit: Representative image credited using Perchance AI Image Generator
Photo Credit: Representative image credited using Perchance AI Image Generator

പാഷൻഫ്രൂട്ട്‌ വള്ളികൾ പടർന്ന മുറ്റത്തുകൂടി നടന്ന് രാവിലെ 11 മണിയോടെ എഴുത്തുകാരിയുടെ വീട്ടിന്റെ പൂമുഖത്ത്‌ എത്തുമ്പോൾ ആ കഥ എന്റെ ഉള്ളിൽ ഞാൻ ഓടിച്ചു കാണുകയായിരുന്നു. അറുപതുപിന്നിട്ട എഴുത്തുകാരി രോഗം മൂലം അവശയായിരുന്നു. കിടക്കയിലിരുന്ന് മന്ത്രിക്കുന്നതുപോലെ അവർ അവനോടുമാത്രം കുറച്ചുനേരം സംസാരിച്ചു. ഇതിനിടെ ഏതോ നിമിഷത്തിൽ പെട്ടെന്ന് എന്നെക്കണ്ടുപിടിച്ചതുപോലെ എന്നോടും ഓരോന്നു പറയാൻ തുടങ്ങി. ലോകം അവസാനിക്കാൻ പോകുന്നു, നമുക്ക്‌ അന്ത്യകവിതകൾ എഴുതാം എന്ന് തുടങ്ങുന്ന, അവർ തലേന്നു വായിച്ച ഒരു കവിത എഴുതിയ ആളെ അറിയാമോ എന്ന് എന്നോടു ചോദിച്ചു. ഞാൻ ആ കവി എവിടെയാണു താമസിക്കുന്നതെന്നു പറഞ്ഞു. ലോകാവസാനവാദികൾ ഒരു സംഘം കവികൾ കൊച്ചിക്കു സമീപം ഒരു ചെറുദ്വീപിൽ ഒരു കമ്യുൺ ആയി കഴിയുന്നുവെന്നത്‌ അവരെ അദ്ഭുതപ്പെടുത്തി.

ഞാൻ ഒരു കഥാകൃത്ത്‌ ആണെന്നത്‌ അവർ ഓർത്തതേയില്ല. അവർ തലേന്ന് ആ കവിത വായിച്ച വാരികയിൽത്തന്നെയാണ്‌ എന്റെ കഥ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്‌. അവർ എന്താണു കഥ വയിക്കാതെ കവിത വയിച്ചിട്ട്‌ അതേപ്പറ്റി മാത്രം വിചാരിച്ചുകൊണ്ടിരിക്കുന്നത്‌? സഹികെട്ടു ഞാൻ പറഞ്ഞു, ഞാൻ ഒരു കഥ എഴുതിയത്‌ ആ വാരികയിൽ ഉണ്ടായിരുന്നു. അവർ അതു കേട്ടില്ലെന്നു തോന്നുന്നു. അവർ അവനോട്‌ എഴുത്തുകാരുടെ ധാർമ്മികശക്തി നഷ്ടപ്പെടുന്നതിനെപ്പറ്റി തീരെ ഒച്ചയില്ലാതെ ഓരോന്നു പറയാൻതുടങ്ങി. അപ്പോൾ ഞാൻ വാരികയെടുത്തു തുറന്ന് ആ കഥയുടെ താളുകൾ അവരുടെ മുഖത്തിനുനേരെ ഉയർത്തി. അവർ അതിലേക്കു നോക്കി മടുപ്പോടെ മുഖം തിരിച്ചു. എന്നിട്ട്‌  മന്ത്രിച്ചു: “എന്റെ കുഞ്ഞേ, ഞാൻ അവശയാണ്‌. ഞാൻ ഉടനെ മരിച്ചുപോയേക്കും. എനിക്ക്‌ ഈ ലോകത്തെക്കുറിച്ച്‌ നല്ലതു സ്വപ്നം കണ്ട്‌ പോകാനാണ്‌ ഇഷ്ടം. കുറച്ചുകൂടി സ്നേഹമുള്ള വാക്കുകൾ നീ എനിക്ക്‌ തരുമോ?” അവർ എന്താണ്‌ ഉദ്ദേശിച്ചതെന്ന് എനിക്ക്‌ കിട്ടിയില്ല. അവനാകട്ടെ ആ വാരിക പിടിച്ചുവാങ്ങി മറ്റു കടലാസുകൾക്കിടയിലേക്കു പൂഴ്ത്തുകയും ചെയ്തു.

എഴുത്തുകാരി ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങൾ തിരിച്ചുപോന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അവർ മരിച്ചുപോയി. 

നീണ്ട കത്തുകളോ നീണ്ട അധ്യായങ്ങളോ അവന്‍ വായിക്കില്ല. ഞാന്‍ അവന് ആദ്യം എഴുതിയ കത്ത് സാമാന്യം ദൈര്‍ഘ്യമേറിയതായിരുന്നു. ഒരു പോസ്റ്റ്കാര്‍ഡില്‍ പറയേണ്ട കാര്യം നീട്ടിയെഴുതി മടുപ്പിക്കുന്നുവെന്നു അവന്‍ പറഞ്ഞു. കവിതയെഴുതുകയും ചിത്രകലയും സംഗീതവും ആസ്വദിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരന്‍ നീണ്ട കത്തുകളോട് ഇത്ര അനിഷ്ടം കാണിക്കുന്നത് എനിക്കു മനസ്സിലായില്ല. ഞാനറിഞ്ഞ മറ്റൊരു കാര്യം, നീണ്ടുപോകുന്ന ആലിംഗനങ്ങളെയും ഉമ്മകളെയും അവനിഷ്ടപ്പെട്ടിരുന്നുവെന്നതാണ്. ഇടിവെട്ടുന്നപോലെ മുദ്രാവാക്യങ്ങള്‍ ഉയരുന്ന കൂട്ടങ്ങളില്‍ പൊള്ളുന്ന ഒച്ചയില്‍ അവന്‍ നടത്തിയ ഹ്രസ്വമായ പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട് അവന്‍ സംസാരിച്ചുകഴിഞ്ഞാലും പ്രകമ്പനം തുടര്‍ന്നുകൊണ്ടിരുന്നു.

blue-painted-room
Photo Credit: Representative image credited using Perchance AI Image Generator

അവന്‍ നല്‍കുന്ന അന്‍പിനെയും നല്‍കാതെപോയ പ്രേമങ്ങളെയും എഴുതിവയ്ക്കണമെന്നു ഞാന്‍ എന്നും ആഗ്രഹിച്ചു. എന്നാൽ, രോഗാതുരയായ എഴുത്തുകാരി എന്റെ കഥ വായിച്ചു വേഗം മരിച്ചെന്ന അവൻ എന്നെ പരിഹസിച്ചു. എഴുതാനുള്ള ആത്മവിശ്വാസം കെടുത്തിക്കളയുന്ന സാന്നിധ്യമായി അവന്‍ മാറുമ്പോഴും, എഴുത്തോ വായനയോ നിലയ്ക്കുന്ന ലോകത്തും അവൻ കൂടെയുണ്ടെങ്കിൽ സമയം മനോഹരമാകും എന്ന് എനിക്ക്‌ ഉറപ്പുണ്ടായിരുന്നു.

പക്ഷേ ഇനി എഴുതേണ്ടെന്നു ഉറപ്പിക്കുന്ന തൊട്ടടുത്ത ദിവസം തന്നെ അതിലേക്കു ഞാന്‍ മടങ്ങിപ്പോകുകയാണു ചെയ്തത്‌. എന്നിട്ട്‌ ആ എഴുത്തുകള്‍ അവനു കാണാവുന്നവിധം ഞാന്‍ മേശപ്പുറത്ത് എടുത്തുവയ്ക്കുകയും ചെയ്തു. മനപ്പൂര്‍വമെന്നു തോന്നിപ്പിക്കുന്ന ഒരു ഉദാസീനതയോടെ അവന്‍ അതെല്ലാം നോക്കാറുണ്ട്. ചില ദിവസങ്ങളില്‍ ഞാന്‍ കുളി കഴിഞ്ഞ് ഇറങ്ങിവരുമ്പോള്‍ എന്റെ കസേരയില്‍ ഇരുന്ന് അവന്‍ ആ താളുകള്‍ മറിച്ചുനോക്കുന്നതു ഞാന്‍ കണ്ടു. ദേഹത്തെ വെള്ളത്തുള്ളികളിലേക്കു തണുത്ത കാറ്റ് വീശുമ്പോഴുണ്ടാകുന്ന സുഖം അപ്പോള്‍ എനിക്കുണ്ടായി. അവന്‍ ആ താളുകള്‍ അങ്ങിങ്ങു വായിക്കുകയും വേഗം താഴെവയ്ക്കുകയും ചെയ്യുന്നതല്ലാതെ അതേപ്പറ്റി ഒന്നും പറഞ്ഞില്ല. ഞാനിത് ഇത്രയേറെ വർഷം കഴിഞ്ഞും ഓര്‍ത്ത് എഴുതുന്നത് ആ സന്ദര്‍ഭങ്ങള്‍ ഒരു അണുപോലും വിടാതെ എന്റെ ചേതനയിൽ ശേഷിക്കുന്നതുകൊണ്ടാണ്‌.

Read also: വായിക്കുവാൻ, സമ്മാനിക്കുവാൻ 20 പ്രണയപുസ്തകങ്ങൾ

പ്രാചീനകാല ചരിത്രവും സംസ്‌കാരവും ചിന്തയും വിഷയമായി വരുന്ന ഭീമന്‍ പുസ്തകങ്ങള്‍ അവന്‌റെ മുറിയിലുണ്ടായിരുന്നു. നീ ഇത്രയും വലിയ പുസ്തകങ്ങള്‍ വായിക്കുമോ, ഞാന്‍ ചോദിച്ചു. അവന്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ഇന്‍ഡക്‌സ് നോക്കി എനിക്കാവശ്യമുള്ള ഭാഗങ്ങള്‍ മാത്രമേ വായിക്കൂ, നീ ചെയ്യുന്നതു പോലെ തടിയന്‍ നോവലുകള്‍ കുത്തിയിരുന്നു വായിച്ചുതീര്‍ക്കാന്‍ എനിക്കാവില്ല, അവന്‍ പറഞ്ഞു. നോവലുകള്‍ക്ക് എന്താണു കുഴപ്പം, ഞാന്‍ ചോദിച്ചു. അതിനുള്ള മറുപടി കുറേ നാള്‍ കഴിഞ്ഞാണ് അവന്‍ എനിക്കു നല്‍കിയത്. ഞാന്‍ നോവലിന് എതിരല്ല. പല നോവലുകളും വായിക്കുമ്പോള്‍ കടുത്ത ഉല്‍കണ്ഠയുണ്ടാകും. വിശേഷിച്ചും നീ വായിക്കുന്ന തരം പുസ്തകങ്ങള്‍ എനിക്കു താങ്ങാനാവില്ല, നീയതു മനസ്സിലാക്കണം. 

അവനെപ്പറ്റി നിരന്തരം ഓര്‍മിക്കാനും അവനും ഞാനും ജീവിച്ച കാലത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിലെ ഓരോന്നും എടുത്തുവയ്ക്കാനും ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സത്യത്തില്‍ ഒരു സ്‌നേഹം ഒരു ഓര്‍മയായി പിന്തുടരുമ്പോഴാണ്‌ മുന്‍പ് ശ്രദ്ധിക്കാതിരുന്ന പലതും തെളിഞ്ഞുവരുന്നത്. എത്രമാത്രം ഉദാരമായിട്ടാണു കാലം നമ്മെ കൊണ്ടുനടന്നിരുന്നതെന്ന് അപ്പോള്‍ വ്യക്തമാകുന്നു. അവനോടു പറയേണ്ട നീണ്ട വാക്യങ്ങള്‍ മുഴുവനായും ഞാന്‍ അവള്‍ക്കാണ് എഴുതിയത്. അവള്‍ക്ക് അതു കുറെയെല്ലാം മനസ്സിലായിട്ടുണ്ടാവണം. ഞാന്‍ രണ്ടാമതു വന്നതാണ്, ആ കുറവ് ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് അവള്‍ ഒരിക്കൽ എന്നോടു പറഞ്ഞു. ആദ്യം അവൻ എന്നത്‌ അവൾക്ക്‌ സങ്കടകരമായിരുന്നു. എനിക്കും അവനുമിടയിലെ രഹസ്യങ്ങള്‍ ഞാന്‍ അവളോടു കുമ്പസാരിച്ചു. അവള്‍ക്കും എനിക്കുമിടയിലെ രഹസ്യങ്ങളാകട്ടെ അവനോടു ഞാന്‍ പറഞ്ഞതുമില്ല. അവന് അതെല്ലാം പറയാതെതന്നെ മനസ്സിലാക്കിയെന്നും ഞാൻ പിന്നീട്‌ ഊഹിച്ചു. 

ഇടയാഴം എന്ന സ്ഥലത്തുപോയി കുറച്ചുദിവസം താമസിക്കാം, വരുന്നോ എന്ന് അവന്‍ ഒരുദിവസം ചോദിച്ചു. ഒരു നവംബറിലായിരുന്നു അത്. ഞാന്‍ അങ്ങനെയൊരു സ്ഥലത്തെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ ഒരു മലയോരത്തെ ചെറിയ പട്ടണം, വനത്തോടു ചേര്‍ന്ന്. അവിടെ ഒരു ചിത്രകലാ ക്യാംപ് നടക്കുന്നുവെന്ന് അവന്‍ പറഞ്ഞു. എനിക്ക് പെട്ടെന്ന് ഇരുണ്ട ചുണ്ടുകളുള്ള തിളങ്ങുന്ന ഉടുപ്പുകള്‍ ധരിച്ച ചിത്രകാരിയെ ഓര്‍മ വന്നു. ഇല്ല, ഞാന്‍ വരുന്നില്ല. അവന്‍ പൊട്ടിച്ചിരിച്ചു. നീ ഒരു ഇഡിയറ്റാണ്. നിനക്കു ഞാന്‍ നന്നായി ഓടക്കുഴല്‍ വായിക്കുന്ന ഒരു കവിയെ പരിചയപ്പെടുത്താം. അവനാണു നമ്മെ അങ്ങോട്ടു ക്ഷണിച്ചത്. ഞാന്‍ അവനെ സൂക്ഷിച്ചുനോക്കി. നോക്കൂ, അയാളാണു പറഞ്ഞതു നിന്നെയും കാണണമെന്ന്. നമുക്ക് കുറെ സ്ഥലങ്ങള്‍ ചുറ്റാന്‍ പോകാം. അവന്‍ സത്യം പറയുകയാണെന്ന് എനിക്കു മനസ്സിലായി. ആ കവിയുടെ ഒരു പുസ്തകം ഞാന്‍ വായിച്ചുണ്ട്. അയാളെ പരിചയപ്പെടുന്നതു രസകരമായിരിക്കുമെന്നു എന്റെ മനസ്സ് പറഞ്ഞു.

നാലഞ്ചുവര്‍ഷമായി ഒരു ജോലിക്കും പോകാതെ എഴുത്തും വായനയും മാത്രമായി അമ്മയുടെ കൂടെ കഴിയുകയായിരുന്നു ആ നാളുകളിൽ ഞാന്‍. അമ്മ ഇല്ലെങ്കിൽ ഞാന്‍ മുറിയിൽ എഴുത്തിലേക്കു മാത്രം കുമ്പിട്ടിരുന്ന് വിശന്നു ചാവുമെന്ന് അവർ പേടിച്ചു. അമ്മയുടെ വിഷമം കണ്ടിട്ടു ഞാന്‍ പറഞ്ഞു, അടുത്തവര്‍ഷം മുതല്‍ ഞാന്‍ ജോലിക്കു പോകും. നവംബറായിരുന്നു അത്‌. രണ്ടുമാസം കൂടിക്കഴിഞ്ഞാല്‍ അടുത്തവര്‍ഷമാകുമല്ലോ എന്നോര്‍ത്ത് അമ്മ സന്തോഷിച്ചു.

നാലഞ്ചുവര്‍ഷം ജോലിക്കുപോകാതെയിരുന്ന് എഴുതിയ നോവല്‍ രണ്ടു പ്രസാധകര്‍ കയ്യോടെ നിരസ്സിച്ചത് ഒരു ജോലിക്കു പോകാനുള്ള ത്വര എന്നിലുണ്ടാക്കിയെന്നതാണു സത്യം. വീട്ടിലിരുന്ന നാളുകളിൽ എനിക്കു പതിവായി അവള്‍ പണം അയച്ചു തന്നിരുന്നു. ഇടയാഴത്തേക്കുള്ള ആ യാത്രയ്ക്കിടെ അവന്‍ പറഞ്ഞു, അവൾ നാം ചെല്ലുമ്പോൾ അവിടെ കാത്തുനിൽപുണ്ടാകും. നിനക്ക്‌ സന്തോഷമാവുമെന്ന് കരുതിയാണ്‌ ഞാൻ അവളോട്‌ വരാൻ പറഞ്ഞത്‌. അവൻ ചിരിച്ചു. ഇതുപോലെയുള്ള സന്ദർഭങ്ങളിൽ അവൻ ഒരു ഭയങ്കരനാണ്‌, അവൻ എല്ലാ മൂകതയും വായിക്കുന്നുവെന്ന് എനിക്ക്‌ തോന്നാറുണ്ട്‌. അതിനാൽ ഇനി ഒരു നോവൽ എഴുതുകയാണെങ്കിൽ ഓരോ അധ്യായത്തിനും ശേഷം ഒരു താൾ മാത്രമുള്ള ഒരു അധ്യായം കൂടി എഴുതാൻ ഞാൻ തീരുമാനിച്ചു. അവൾക്ക്‌ വലിയ അധ്യായങ്ങൾ, ഒറ്റത്താളുകൾ അവനും.

English Summary:

Ezhuthumesha Column by Ajay P Mangatt about writing and bonding with his close ones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com