ADVERTISEMENT

മറ്റേതൊരു പുസ്തകം പോലെയുമായിരുന്നില്ല ആടുജീവിതം, മറ്റേതൊരു സിനിമ പോലെയുമല്ല ആടുജീവിതം. സ്വന്തം വിധിയിലൂടെയോ നിയോഗത്തിലൂടെയോ നടന്നതിന്റെയോ നടക്കുന്നതിന്റെയോ ഒരു ചരിത്രം അതിനു രണ്ടിനും ഒരുപോലെ പറയാനുണ്ട്. 

2005-ൽ എന്നോ ഒരുദിവസം ഈ പുസ്തകത്തിന്റെ ആശയങ്ങൾ തികച്ചും യാദൃശ്ചികമായി എഴുത്തുകാരന്റെ ഉള്ളിൽ മുളപൊട്ടിയ കാലം മുതലേ അത് തുടങ്ങുന്നുണ്ട്. എല്ലാവരും നൂറുകണക്കിനു കഥാപാത്രങ്ങളുള്ള നോവലുകൾ എഴുതുമ്പോൾ എനിക്ക് ദൈവവും ഒരു മനുഷ്യനും മാത്രമുള്ള ഒരു നോവൽ എഴുതണം എന്നൊരാശയം എത്രപേരോടാണ് ഞാൻ പറഞ്ഞു നടന്നത്. അപ്പോഴൊക്കെ നജീബ് എന്ന മനുഷ്യൻ നമ്മുടെ പരിസരങ്ങളിലെവിടെയോ ജീവിക്കുന്നുണ്ടായിരുന്നു. ഞങ്ങളപ്പോൾ പരസ്‌പരം കണ്ടുമുട്ടിയിരുന്നില്ല എന്നുമാത്രം. നോവൽ എന്ന ആശയം മനസിൽ കൂടുതൽ ശക്തിപ്പെട്ടപ്പോൾ, അതിനു മുൻപ് മനസിൽ നിറഞ്ഞ കഥകളൊക്കെ എഴുതിപ്പൂർത്തിയായപ്പോൾ ഇതാ അതിനു സമയമായിരിക്കുന്നു എന്ന നിയോഗത്തോടെ നജീബ് എന്റെ മുന്നിൽ വന്നുപെടുകയായിരുന്നു. ആ കഥയുടെ ചില ഭാഗങ്ങൾ സമ്മാനിക്കാൻ. എനിക്ക് തെളിച്ചമില്ലാതിരുന്ന ചില ഭാഗങ്ങൾക്ക് തെളിച്ചം നൽകി കഥയ്ക്ക് കൂടുതൽ മിഴിവ് നൽകാൻ. അതിനു മുൻപ് എത്രയോ ആളുകളുടെ മുന്നിലൂടെ നജീബ് നടന്നുപോയി. എത്രപേരോട് സ്വകാര്യമായി തന്റെ കഥ പറഞ്ഞിട്ടുണ്ടാവും. അവർക്കാർക്കും അത് ലോകത്തിനോട് പറയണമെന്ന് തോന്നിയതേയില്ല. അയാൾ ഒരു ഫീച്ചറിലെങ്കിലും അടയാളപ്പെടണമെന്ന് ആരും ആഗ്രഹിച്ചുമില്ല.  എന്നാൽ ആ കഥ നോവലാക്കാൻ പറ്റിയ ആശയമുള്ളത് എന്റെ മനസിലാണെന്ന് തിരിച്ചറിഞ്ഞതുപോലെ പ്രകൃതി നജീബിനെ എന്റെ മുന്നിൽ എത്തിക്കുകയായിരുന്നു. 

prithviraj-aadujeevitham-1
ആടുജീവിതം എന്ന സിനിമയിൽ നിന്ന്

എഴുതി പൂർത്തിയായ ഉടനെ നോവൽ ഒരു മത്സരത്തിനു അയക്കുകയാണുണ്ടായത്. എന്നാൽ അവിടെ ഒരു പ്രോത്സാഹനസമ്മാനം പോലും നൽകാതെ അത് തിരസ്‌കരിക്കപ്പെട്ടു. അത് എത്ര നന്നായി എന്ന് പിന്നീടെനിക്ക് ബോധ്യപ്പെട്ടു. അതിനു പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കിൽ അതിന്റെ കോപ്പിറൈറ്റ്,  സമ്മാനത്തുക നൽകുന്ന മുതലാളിക്ക് നൽകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എങ്കിൽ ഇന്ന് ആടുജീവിതത്തിന്റെ ഉടമസ്ഥൻ മറ്റൊരാളാകുമായിരുന്നു. ചില തിരസ്‌കാരങ്ങളും നല്ലതിനാണെന്ന് കാലം തെളിയിക്കുന്നു. ഈ നോവൽ ബെന്യാമിന്റെ സ്വന്തം ആടുജീവിതമായിത്തന്നെ ഇരിക്കണമെന്നത് മറ്റൊരു നിയോഗമായിരുന്നിരിക്കാം.

പിന്നീട് ഗ്രീൻ ബുക്സിലൂടെ വായനക്കാരുടെ മുന്നിലെത്തിയ നോവൽ പതിയെപ്പതിയെ ഓരോ ചുവടും വച്ച് മുന്നോട്ട് നീങ്ങിയതിന്റെ ചരിത്രം ഏവർക്കും അറിയാവുന്നതാണല്ലോ. ഒരു പരസ്യത്തിന്റെയും നിരൂപണത്തിന്റെയും പിൻബലമില്ലാതെ വെറും മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ആ നോവൽ അനേകലക്ഷം വായനക്കാരുടെ കൈകളിൽ എത്തുന്നത്. അത് വായിച്ചിഷ്ടപ്പെട്ടവരിൽ പണ്ഡിതരും സാധാരണക്കാരും ഉണ്ടായിരുന്നു. നിരന്തരം വായിക്കുന്നവരും ഒരിക്കൽ മാത്രം വായിച്ചിട്ടുള്ളവരും ഉണ്ടായിരുന്നു. കൊച്ചുകുട്ടികളും പ്രായമായവരുമുണ്ടായിരുന്നു. എല്ലാവരുടെയും ഉള്ളിലെവിടെയോ അത് തൊട്ടു. ചിലർക്ക് അത് ജീവിതത്തിനുള്ള പിടിവള്ളിയായി, ചിലർക്ക് അഭയവും ചിലർക്ക് സാന്ത്വനവുമായി. ‘ആടുജീവിതം’ എന്നത് മനുഷ്യന്റെ വേദനയെയും കഷ്ടപ്പാടിനെയും സഹനത്തെയും അടയാളപ്പെടുത്തുന്ന ഒരു വാക്കായി കേരളീയ സമൂഹം ഏറ്റെടുത്തു. അതും ഈ നോവലിന്റെ നിയോഗം. 

പുസ്തകം വന്ന് അധികം കഴിയും മുൻപ് ഒരു ദിവസം പ്രമുഖ സംവിധായകനായ ലാൽ ജോസ് എന്നെ സമീപിച്ച് ഇതൊരു സിനിമ ആക്കുന്നതിനുള്ള ആലോചനകൾ നടത്തുകയും ഞങ്ങൾ തമ്മിൽ ഏതാണ്ട് ഒരു സമ്മതത്തിൽ എത്തുകയും ചെയ്‌തിരുന്നു. എന്നാൽ ആ സമയത്ത് അദ്ദേഹം അറബിക്കഥ എന്ന സിനിമ പുറത്തിറക്കിയതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഉടനെ മറ്റൊരു ‘അറബിക്കഥ’ ചെയ്യാൻ അദ്ദേഹത്തിനു പ്രശ്‌നമുണ്ടായിരുന്നു. എന്നാലും എന്നെങ്കിലും ഒരിക്കൽ ചെയ്യാം എന്ന ധാരണയിൽ ഞങ്ങൾ പിരിഞ്ഞു. 

അപ്പോഴാണ് ശ്രീ. ബ്ലസി ഇതേ ആവശ്യവുമായി എന്നെ സമീപിക്കുന്നത്. ആദ്യവിളിയിലും പിന്നത്തെ കൂടിക്കാഴ്‌ചയിലും തന്നെ ബ്ലസി എന്ന സംവിധായകന് ഈ നോവലിന്റെ സിനിമാസാധ്യതകളെക്കുറിച്ചുള്ള അഗാധമായ ബോധ്യം എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നു. ഈ സിനിമക്ക് ആവശ്യമായ ഓരോ ഷോട്ടുകളും അപ്പോഴെ മനസിലുള്ളതുപോലെ സൂക്ഷ്മമായും വിശദമായുമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. വെറുതെ ഒരു സിനിമ ചെയ്യുകയല്ല, അതിനപ്പുറം കാലവും ചരിത്രവും അടയാളപ്പെടുത്തി വയ്ക്കുന്ന ഒരു മഹത്തായ സൃഷ്ടിയാണ് അദ്ദേഹത്തിന്റെ മനസിലുള്ളത് എന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം അന്നോളം ചെയ്‌ത സിനിമകളുടെ മൂല്യം ആ ബോധ്യത്തിനു കൂടുതൽ കരുത്ത് പകരുകയും ചെയ്‌തു. അതുകൊണ്ടുതന്നെ മറ്റൊരാലോചനയില്ലാതെ സിനിമ ചെയ്യാനുള്ള അവകാശം ഞാൻ സന്തോഷപൂർവ്വം അദ്ദേഹത്തിനു കൈമാറുകയാണുണ്ടായത്. മലയാളക്കരയിലെ മറ്റേതൊരു സംവിധായകന്റെയും കൈയ്യിലെത്താതെ ബ്ലസി എന്ന കഠിനാധ്വാനിയും പരിപൂർണ്ണത ആഗ്രഹിക്കുന്നവനുമായ ഒരു സംവിധായകന്റെ കയ്യിൽ തന്നെ എത്തിച്ചേരുക എന്നത് ആടുജീവിതത്തിന്റെ നിയോഗമായിരുന്നു എന്ന് തന്നെയാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. 

aadujeevitham-book-cover

2009-ൽ ഞങ്ങൾ അങ്ങനെയൊരു ധാരണയിൽ എത്തിക്കഴിഞ്ഞശേഷം കഴിഞ്ഞ പതിനാല് വർഷക്കാലം ബ്ലസി എന്ന സംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി  അലഞ്ഞതിന്റെ കഥ, അതിനു സഹിച്ച ത്യാഗങ്ങൾ, നേരിട്ട പ്രശ്‌നങ്ങൾ, പ്രതിബന്ധങ്ങൾ ഒക്കെ നിങ്ങൾ ഈ പുസ്തകത്തിൽ സവിസ്‌തരം വായിച്ചറിയും. ആ യാത്രയ്ക്ക് ഈ കഥയിലെ നജീബ് അനുഭവിച്ച ആടുജീവിതത്തെക്കാൾ തീക്ഷ്‌ണതയും കാഠിന്യവും ഭീകരതയുമുണ്ടായിരുന്നു എന്നതാണ് സത്യം. അങ്ങനെയൊക്കെ വേണം ആടുജീവിതം എന്ന സിനിമ സഞ്ചരിക്കാൻ എന്ന് അതിന്മേലെഴുതി വച്ചിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. കഥ സിനിമ ആകാൻ പോകുന്നു എന്ന് കേട്ടപ്പോൾ പലരും ചോദിച്ചത് നിങ്ങൾക്കെന്തുകൊണ്ട് തിരക്കഥ എഴുതിക്കൂടാ എന്നായിരുന്നു. വോളിബോൾ കളിക്കുന്നവനോട് എന്തുകൊണ്ട് ബാസ്‌കറ്റ് ബോൾ കൂടി കളിച്ചുകൂടാ എന്ന് ചോദിക്കും പോലെയാണ് നോവലെഴുതുന്നവനോട് തിരക്കഥ എഴുതുന്നതിനെക്കുറിച്ച് പറയുന്നത്. ഞാനതിനു പറ്റിയ ആളല്ലന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. പ്രത്യേകിച്ച് ആടുജീവിതത്തിന്റെ കാര്യത്തിൽ. കാരണം എഴുത്തുകാരന് അയാൾ അതിനോടകം രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്ന ഘടനയിൽ നിന്നും ദൃശ്യങ്ങളിൽ നിന്നും പുറത്തു കടക്കുക അത്ര എളുപ്പം സാധ്യമല്ല. എത്രയൊക്കെ മാറിചിന്തിക്കാൻ ശ്രമിച്ചാലും അയാൾ അറിയാതെ നോവലിനെ പിന്തുടരാനും അനുകരിക്കാനും ശ്രമിക്കും. സിനിമയ്ക്ക് വേണ്ടത് മറ്റൊരു ഘടനയും മറ്റൊരു ഭാഷയുമാണ്. 

മാത്രമല്ല,  സംവിധായകന്റെ മനസിലുള്ള ദൃശ്യഭാഷയ്ക്ക് ഒരു കരടുരൂപമുണ്ടാക്കി കൊടുക്കുക എന്ന പ്രാഥമികദൗത്യം മാത്രമാണ് തിരക്കഥയ്ക്കുള്ളത്. അത് ചിത്രീകരണത്തിന്റെ സൗകര്യത്തിനും എളുപ്പത്തിനും ദിശാബോധത്തിനും വേണ്ടിയുള്ള ഒരു ടെക്‌നിക്കൽ ടൂൾ മാത്രമാണ്. അപ്പോൾ അതിനോടകം ബ്ലസിയുടെ മനസിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്ന ദൃശ്യഭാഷയ്ക്ക് തിരക്കഥ അദ്ദേഹം തന്നെയല്ലാതെ മറ്റാര് എഴുതാൻ. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങൾക്കും തിരക്കഥ എഴുതിയതും സ്വയം ആയിരുന്നല്ലോ. അവയിലെ സൂക്ഷ്‌മതയും വൈകാരികതയും തിരിച്ചറിഞ്ഞ ഒരാൾക്ക് എങ്ങനെയാണ് മറ്റൊരാൾ തിരക്കഥ എഴുതുന്നത് ആലോചിക്കാൻ പോലും കഴിയുക എന്നെനിക്കറിയില്ല.

ബ്ലസി ആടുജീവിതം വായിച്ചതുപോലെ മറ്റാരും ആ കൃതി ഇത്ര ആവർത്തിച്ചും സൂക്ഷ്‌മമായും സമഗ്രമായും വായിച്ചിട്ടില്ല എന്ന കാര്യം ഉറപ്പ്. അതിലെ ഓരോ വരികളും ആശയങ്ങളും സന്ദർഭങ്ങളും എന്നെക്കാൾ നന്നായി അദ്ദേഹത്തിനു മനപ്പാഠമാണ്. ഒരു നോവൽ മുഴുവൻ അതുപോലെ ദൃശ്യത്തിലേക്ക് പകർത്തിവയ്ക്കാൻ ഒരു സംവിധായകനും കഴിയില്ല. അതിനു ഒരു സിനിമസമയം തികയുകയുമില്ല. അപ്പോൾ നോവലിലെ ഏതൊക്കെ കഥാസന്ദർഭങ്ങളാണ് പ്രധാനപ്പെട്ടത്, വൈകാരികമായി കാഴ്ചക്കാരനെ തൊടുന്നത്, ആ കൃതിയുടെ ആത്മാവിനെ പേറുന്നത് ഏതൊക്കെ എടുക്കണം, ഏതൊക്കെ ഉപേക്ഷിക്കണം എന്നൊക്കെ അദ്ദേഹം പേർത്തും പേർത്തും ആലോചിച്ചുകൊണ്ടേയിരുന്നു. അതിനെ സമ്പന്നമാക്കുന്നതിനു വേണ്ടി തുടർഗവേഷണങ്ങളും പഠനങ്ങളും നടത്തി. മരുഭൂമിയിലെ ജീവിതത്തെയും സാഹചര്യങ്ങളെയും കുറിച്ച് കൂടുതൽ വായനകൾ നടത്തി. ചെറുതും വലുതുമായ സംശയങ്ങളുമായി എത്രയോ വട്ടമാണ് അദ്ദേഹം എന്നെ മാത്രം വിളിച്ചിട്ടുള്ളത്. അതുപോലെ എത്രയോ പേരെ വിളിച്ചു.  അത്രമാത്രം തിരക്കഥയ്ക്ക് വേണ്ടി അദ്ദേഹം ഗൃഹപാഠം ചെയ്‌തിട്ടുണ്ട്. എങ്കിലും ആ തിരക്കഥാരചനയുടെ വിവിധ ഘട്ടങ്ങളിൽ സജീവമായി ഇടപെടാൻ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൊടുക്കാൻ, സംശയങ്ങൾ ഉന്നയിക്കാൻ ഒക്കെ എന്നെ അനുവദിക്കുകയും പ്രസക്തമായ നിർദ്ദേശങ്ങൾ അദ്ദേഹം യാതൊരു മനഃപ്രയസവുമില്ലാതെ സ്വീകരിക്കുകയും ചെയ്‌തിരുന്നു. കടും പിടുത്തങ്ങളല്ല, അഭിപ്രായ രൂപീകരണങ്ങളും നല്ല നിർദ്ദേശങ്ങൾ സ്വീകരിക്കലുമാണ് മികച്ചതിലേക്കുള്ള വഴി എന്ന് തെളിയിക്കുന്ന അനവധി സന്ദർഭങ്ങൾ ഈ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.

നിങ്ങൾ എന്തെങ്കിലും ഒന്നിനുവേണ്ടി കഠിനമായി ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ നിങ്ങൾക്ക് വേണ്ടി ഗൂഡാലോചന നടത്തും എന്നെഴുതിയത് പൗലോ കൊയ്‌ലോ ആണ്. അത് ആടുജീവിതം എന്ന സിനിമയിൽ അക്ഷരംപ്രതി ശരിയായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രശ്‌നങ്ങളും പ്രതിസന്ധികളും അനേകമുണ്ടായപ്പോഴും എന്നന്നേക്കുമായി ഈ സിനിമയുടെ ഷൂട്ടിംഗ് നിലച്ചുപോകുമോ എന്ന് ഭയന്നപ്പോഴും അങ്ങനെയല്ല ഈ സിനിമ പൂർത്തിയാവേണ്ടത് നിയതിയുടെ ആവശ്യമാണെന്ന പോലെ ആരെങ്കിലുമൊക്കെ രക്ഷകർ അവതരിച്ചുവരികയും ഈ സിനിമയെ കൈപിടിച്ച് മുന്നോട്ട് നയിക്കുകയും ചെയ്യുന്നത്  എത്രയോവട്ടം കണ്ടു. ബ്ലസി എന്ന സംവിധായകൻ അത്രമേൽ ഈ സിനിമയുടെ മേൽ സ്വപ്‌നങ്ങളെ സ്വരുക്കൂട്ടി വച്ചിട്ടുണ്ടായിരുന്നു. അല്ലെങ്കിൽ നോക്കൂ, ഈ സിനിമയുടെ ആദ്യ ആലോചനാവേളകളിൽ എ. ആർ. റഹ്‌മാനെപ്പോലെ ഒരു ലോകോത്തര സംഗീതജ്ഞൻ സമ്പൂർണ്ണമായി ഇതിനോടൊപ്പം ചേർന്നു നിൽക്കുമെന്ന് പൃഥ്വിരാജിനെപ്പോലെ അർപ്പണബോധമുള്ള ഒരു നടൻ ഇതിന്റെ ഭാഗമാകുമെന്ന് റസൂൽ പൂക്കുട്ടി വരുമെന്ന് സുനിലിനെപ്പോലെ മിടുക്കനായ ഒരു ഛായാഗ്രാഹകൻ ഈ കഷ്ടപ്പാടിന്റെ ഭാഗമാകുമെന്ന് ആരും കരുതിയിരുന്നതല്ലല്ലോ. അന്ന് ഇതൊക്കെ വെറും സ്വപ്‌നങ്ങൾ മാത്രമായിരുന്നു. മോഹിക്കാൻ വേണ്ടി മാത്രമുള്ള മോഹങ്ങൾ. എന്നാൽ യഥാസമയങ്ങളിൽ അതൊക്കെ യാഥാർഥ്യമായി വരുന്നത് നമ്മൾ കണ്ടു. അവർ ഓരോരുത്തരും ഈ ചിത്രത്തിന്റെ ഭാഗമാവുക എന്നതും ആടുജീവിതത്തിന്റെ നിയോഗം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവേളയിലും ഒട്ടൊക്കെ സജീവ പങ്കാളിയാകുവാൻ എനിക്ക് കഴിഞ്ഞു. വളരെ അപൂർവം ചിത്രീകരണങ്ങൾ വളരെ ദൂരെ നിന്ന് കണ്ടിട്ടുണ്ട് എന്നതല്ലാതെ അന്നോളം ഒരു സിനിമയുടെയും ചിത്രീകരണത്തിൽ ഞാൻ സജീവപങ്കാളിയായിരുന്നിട്ടില്ല. സിനിമ ചിത്രീകരണം എന്താണെന്നും എങ്ങനെയാണെന്നും അടുത്ത് നിന്ന് മനസിലാക്കാനുള്ള ഒരു വലിയ അവസരമാണ് എനിക്ക് തുറന്ന് കിട്ടിയത്. അഭിപ്രായങ്ങൾ ചോദിക്കുവാനും സന്ദേഹങ്ങൾ പങ്കുവയ്ക്കുവാനും കഥാകൃത്ത് കൂടെയുണ്ടാവണമെന്ന സംവിധായകന്റെ ആഗ്രഹത്തിൽ നിന്നാണ് അതും സംഭവിച്ചത്. തിരക്കഥ നേരത്തെ എഴുതി പൂർത്തിയായെങ്കിലും ഒരോ ദിവസവും ഷൂട്ടിംഗ് ആരംഭിക്കും മുൻപ് അതിന്മേൽ അവസാനഘട്ട മിനുക്കുപണികളും തിരുത്തിയെഴുത്തും നടത്തുന്ന സംവിധായകനാണ് ബ്ലസി. എന്തിനു ഷൂട്ടിംഗ് വേളയിൽ പോലും എഴുതിവച്ചതിനു എന്തെങ്കിലും കുറവ് തോന്നിയാൽ അപ്പോൾ തന്നെ അത് മാറ്റിയെഴുതാനും അദ്ദേഹം ശ്രദ്ധിക്കും. ആ സമയത്ത് അത് ചർച്ച ചെയ്യാനാണ് ലൊക്കേഷനിലെ എന്റെ സാന്നിധ്യം അദ്ദേഹം ഉപയോഗപ്പെടുത്തുക. നാട്ടിലെയും ജോർദ്ദാനിലെയും ചിത്രീകരണ വേളകളിൽ എത്രയോ തവണ അത് സംഭവിച്ചിരിക്കുന്നു. സ്വന്തം എഴുത്തിലും ദൃശ്യഭാഷയിലും അത്രമേൽ ബോധ്യമുണ്ടായിരിക്കെ തന്നെ അത് മറ്റൊരാളുമായി ചർച്ച ചെയ്‌ത് തീരുമാനത്തിലേക്ക് പോകാനുള്ള മനസ്സുണ്ട് എന്നതാണ് ബ്ലസിയെ മലയാളത്തിലെ മികച്ച സംവിധായകരുടെ ഗണത്തിലേക്ക് ഉയർത്തിയത് എന്ന് നിസ്സംശയം പറയം. 

blessy-book-adujeevitham-cover

കോവിഡ് കാലം ഒഴിച്ചു നിർത്തിയാലും എന്തുകൊണ്ട് ആടുജീവിതത്തിന്റെ ചിത്രീകരണം ഇത്ര വൈകി എന്ന് ചോദിച്ചാൽ പരിപൂർണ്ണതയ്ക്ക് വേണ്ടിയുള്ള ഒരു സംവിധായകന്റെ അടങ്ങാത്ത ദാഹം എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. കഥാപാത്രത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഷൂട്ടിംഗ് കാലം നേരത്തെ തന്നെ പല ഘട്ടങ്ങളായി തിരിച്ചിരുന്നു. അതിനു തന്നെ ഏതാണ്ട് രണ്ടു വർഷത്തിലധികം ദൈർഘ്യം ഉണ്ടായിരുന്നു എന്നാണോർമ്മ. പിന്നെ കഥയ്ക്ക് അനുയോജ്യമായ ഏറ്റവും മികച്ച സ്ഥലം കണ്ടെത്തുന്നതിനായി ബ്ലസി പോകാത്ത സ്ഥലങ്ങളില്ല, കാണാത്ത മരുഭൂമികളില്ല. ലോകത്ത് എത്ര തരം ആടുകൾ ഉണ്ടെന്നോ അവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയെന്നോ അദ്ദേഹത്തോട് ചോദിച്ചാൽ പറഞ്ഞു തരും. അതുമാത്രമല്ല ഈ സിനിമയ്ക്ക് വേണ്ട വേഷം, ഭാഷ, ആഹാരം, ഗാനം, രൂപപരിണാമങ്ങൾ, മാനറിസങ്ങൾ എന്നിങ്ങനെ ഒരുനൂറു കാര്യങ്ങളിൽ ബ്ലസിയുടെ ശ്രദ്ധ ചെന്നുപതിച്ചിട്ടുണ്ട്. അതൊക്കെ കഴിയാവുന്നത്ര ലഭ്യമാക്കാനും ചിത്രത്തെ പരിപൂർണ്ണതയുടെ അടുത്തെത്തിക്കാനും അദ്ദേഹം നടത്തിയിട്ടുള്ള ശ്രമങ്ങൾ എത്ര ശ്ലാഘിച്ചാലും മതിയാവുകയില്ല. അല്ലെങ്കിൽ രാജസ്ഥാൻ മരുഭൂമിയും ഇന്ത്യൻ ആടുകളും വന്നുപോകുന്ന ഒരു സാധാരണ ചിത്രമായിപ്പോകുമായിരുന്നു ആടുജീവിതം.

അതുപോലെ തന്നെ എടുത്ത് പറയേണ്ടതാണ് ഈ സിനിമക്ക് വേണ്ടി പൃഥ്വിരാജ് എന്ന നടന്റെ സമർപ്പണവും കഠിനാധ്വാനവും ദൃഢനിശ്ചയവും. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ മൂലധനമാണ് അയാളുടെ ശരീരം. ഒരു ചിത്രത്തിനു വേണ്ടി അതിന്മേൽ പരീക്ഷണം നടത്താൻ പൃഥ്വി തയാറായി എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. കോവിഡ് വന്നതോടെ പൃഥ്വിയുടെ തയാറെടുപ്പുകളും പ്ലാനുകളും അവതാളത്തിലായി. ചിത്രീകരണം നിലച്ചു. അതുവരെ ചെയ്‌ത കാഠിനാധ്വാനമെല്ലാം വൃഥാവിലായി. മെലിഞ്ഞ ശരീരത്തെ അങ്ങനെ തുടർന്നുകൊണ്ടു പോകാൻ കഴിയാത്ത അവസ്ഥ വന്നു. ശരീരത്തിനെ പഴയ രീതിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അടുത്ത ഷെഡ്യൂൾ കാലമായപ്പോഴേക്കും വീണ്ടും ഇതേ കഠിന വ്യായാമങ്ങളിലൂടെയും ആഹാരനിഷ്ഠകളിലൂടെയും അയാൾക്ക് കടന്നുപോകേണ്ട അവസ്ഥ വന്നു. ഡോക്‌ടറുമാരുടെ മുന്നറിയിപ്പുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് പൃഥ്വി ഈ സിനിമയ്ക്ക് ഒപ്പം നിന്നത്. അതുപോലെ സമർപ്പണമനോഭാവമുള്ള ഒരു നടൻ ഇതിലേക്ക് വന്നുചേരണമെന്നത് ആടുജീവിതത്തിന്റെ നിയോഗമല്ലാതെ മറ്റെന്തായിരുന്നു?! 

പൃഥ്വിരാജ്
ആടുജീവിതം എന്ന സിനിമയിൽ നിന്ന്

ചിത്രീകരണം തുടങ്ങുന്നതിന്റെ തലേരാത്രി ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ എല്ലാംകൂടി ഒത്തുകൂടിയ വേളയിൽ ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. നമുക്ക് ലഭ്യമാകാവുന്നതിൽ വച്ച് ഏറ്റവും മികച്ചതെല്ലാം നമുക്ക് ഈ നിയതി കൊണ്ടുത്തന്നിരിക്കുന്നു. അതുവച്ച് ഒരു സാധാരണ സിനിമ ചെയ്യാനാണെങ്കിൽ ഇത്രയും കാലത്തിന്റെ കാത്തിരുപ്പോ മുന്നൊരുക്കമോ നമുക്കാവശ്യമുണ്ടായിരുന്നില്ല. മലയാളക്കര എക്കാലവും ഓർത്തിരിക്കുന്ന ഒരു ചലച്ചിത്രം സമ്മാനിക്കാൻ നമുക്കാവണം. അതിനുവേണ്ടിയാവണം ഇനിയുള്ള ദിവസങ്ങളിലെ നമ്മുടെ പരിശ്രമങ്ങൾ. ഓരോരുത്തരും അക്ഷരംപ്രതി ആ വാക്കുകൾ ഏറ്റെടുത്തതിന്റെ ഫലമായിരുന്നു ചിത്രീകരണത്തിനു വേണ്ടിവന്ന ദീർഘനാളുകൾ. അക്കാലയളവിൽ ഇതിന്റെ അണിയറ പ്രവർത്തകർ ഓരോരുത്തരും സഹിച്ച യാതനകൾ, നേരിട്ട പ്രശ്‌നങ്ങൾ, പ്രതിസന്ധികൾ ഒക്കെ നിങ്ങൾ ഈ പുസ്തകത്തിൽ നിന്ന് വായിച്ചറിയും. അത് മറ്റൊരു ആടുജീവിതത്തിന്റെ കഥയാണ്. 

ഏതൊരു യാത്രയുടെയും ബലം എന്ന് പറയുന്നത് അതിന്റെ അമരക്കാരനാണ്. അയാളുടെ ധീരമായി നിൽപാണ് കൂടെയുള്ളവരെ എത്ര കഠിനകാലത്തിലും മുന്നോട്ട് തന്നെ നടക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെയൊരു അമരക്കാരനായിരുന്നു ബ്ലസി. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ആടുജീവിതത്തിന്റെ വിധിക്കൊപ്പം ധീരമായി നടന്ന്, നയിച്ച് അദ്ദേഹം ആ യാത്രയെ അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരിക്കുന്നു. ആടുജീവിതം എന്ന സിനിമ പൂർത്തിയായിരിക്കുന്നു. ആ സാരഥിക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ!! ആ ചുവടുകൾക്ക് ബലം കൊടുത്ത നിയതിക്ക് നന്ദി!!

(ജീവിതം ആടുജീവിതം എന്ന പുസ്തകത്തിനായി ബെന്യാമിൻ എഴുതിയ അവതാരിക)

ആടുജീവിതം സിനിമയ്ക്കായി, തന്റെ വർഷങ്ങളോളം നീണ്ട പ്രയത്നത്തിന്റെയും  യാതനകളുടെയും കഥ. കോവിഡ് കാലത്ത് ജോർദാൻ മരുഭൂമിയിൽ അനുഭവിച്ച പ്രതിസന്ധികളും അതിജീവനവും. ഒപ്പം തന്റെ ഗുരുനാഥൻ പത്മരാജനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ബ്ലെസ്സി ഇതാദ്യമായി  മനസ്സുതുറക്കുന്നു. ഒറ്റ ക്ലിക്കിൽ പുസ്തകം വാങ്ങാംബുക്കിങ്ങിന് വിളിക്കൂ - 7902941983. 

English Summary:

Benyamin About Aadujeevitham Cinema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com