ADVERTISEMENT

മലയാളിയായ ഇംഗ്ലിഷ് എഴുത്തുകാരൻ സബിൻ ഇക്‌ബാലിന്റെ, നിരൂപക പ്രശംസ നേടിയ ‘ദ് ക്ലിഫ്ഹാംഗേഴ്‌സ്’ എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി. പോളണ്ടിലെ പോസ്‌നൻ ബുക്ക് ഫെയറിൽ വെച്ചാണ് പുസ്തകത്തിന്റ ഔദ്യോഗിക പ്രകാശനം നടന്നത്. ആദ്യമായാണ് മലയാളിയായ എഴുത്തുകാരന്റെ പുസ്തകം പോളിഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്.

 400 വർഷം പഴക്കമുള്ള, പോളണ്ടിലെ പ്രസിദ്ധമായ സർവകലാശാലയായ ആദം മിക്കിവിക്‌സ് യൂണിവേഴ്‌സിറ്റിയാണ് പുസ്തകം പരിഭാഷയ്ക്കായി തിരഞ്ഞെടുത്തത്. പോളണ്ടിലെ സ്വതന്ത്ര പ്രസിദ്ധീകരണശാലയായ പോസ്‌നാൻ പബ്ലിഷിങ് ഹൗസാണ് പ്രസാധകർ. സർവകലാശായുടെ പോളിഷ് ആൻഡ് ക്ലാസിക്കൽ ഫിലോളജി വിഭാഗത്തിലെ പ്രഫ. ഏക രാജവെസ്‌കയാണ് പരിഭാഷക. 

book-polish
‘ദ് ക്ലിഫ്ഹാംഗേഴ്‌സ്’ എന്ന നോവലിന്റെ പോളിഷ് പതിപ്പ്

പത്രപ്രവർത്തകൻ, സാഹിത്യോത്സവ ക്യൂറേറ്റർ എന്നി നിലകളിൽ അറിയപ്പെടുന്ന സബിൻ ഇക്‌ബാലിന്റെ ആദ്യ നോവലാണ് ‘ദ് ക്ലിഫ്ഹാംഗേഴ്‌സ്’. വർക്കല ക്ലിഫിന്റെ പശ്ചാത്തലത്തിൽ നാല് മുസ്‌ലിം യുവാക്കളുടെ കഥ പറയുന്ന നോവൽ, ഇന്ത്യയിലെ മത സാമൂഹിക ചുറ്റുപാടിൽ വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വത്വം തേടുന്ന നാലു യുവാക്കളുടെ ജീവിതത്തിലൂടെയാണ് വികസിക്കുന്നത്. ‘ദ് ക്ലിഫ്ഹാംഗേഴ്‌സ്’  മലയാളത്തിലേക്ക് ‘സമുദ്രശേഷം’ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. 

പോളിഷ് ഭാഷയിലേക്കുള്ള നോവലിന്റെ വിവർത്തനം ഇന്ത്യൻ-ഇംഗ്ലിഷ് എഴുത്തുകൾക്കും പ്രാദേശിക കഥകൾക്കുമുള്ള അംഗീകാരമായിട്ടാണ് കാണുന്നതെന്ന് സബിൻ ഇക്‌ബാൽ പറയുന്നു. 'നമ്മുടെ കഥകൾക്കും ജീവിതത്തിന്റെ വിശ്വമാനവികതയുടെ ഗരിമയുണ്ട്. എന്നാൽ നമ്മുടെ കഥകളൊന്നും നമുക്ക് അപ്പുറത്തേക്കുള്ള മനുഷ്യരിലേക്ക് എത്തിയിട്ടില്ല. ഇത്തരത്തിൽ വിവിധ വിദേശഭാഷകളിലേക്ക് നമ്മുടെ എഴുത്തുകളും പുസ്തകങ്ങളും വിവർത്തനം ചെയ്യപ്പെടുന്നതോടെ മലയാളിയുടെ ജീവിതവും ലോകമറിയും,' സബിൻ പറഞ്ഞു. 

ഇന്ത്യൻ ഇംഗ്ലിഷിൽ എഴുതുന്ന സബിന്റെ പുതിയ രണ്ട് പുസ്തകങ്ങൾ കൂടി ഈ വർഷം പുറത്തിറങ്ങും. കേരളം പശ്ചാത്തലമാക്കി എഴുതിയ 'ടെയിൽസ് ഫ്രം ഖബറിസ്ഥാൻ', 'എ കാലമിറ്റസ് ആഫ്റ്റർനൂൺ' എന്നീ  രണ്ടു പുസ്തകങ്ങൾ യഥാക്രമം പെൻഗ്വിൻ റാൻഡം ഹൗസും വെസ്റ്റ്‌ലാൻഡുമാണ് പ്രസിദ്ധീകരിക്കുന്നത്. എഴുത്തുകാരന്റെ രണ്ടാമത്തെ നോവൽ 'ഷമാൽ ഡെയ്‌സ്' ഗൾഫിലെ കുടിയേറ്റ മനുഷ്യരെകുറിച്ചാണ് പറയുന്നത്.

വർക്കലയിൽ ജനിച്ച സബിൻ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത് സർക്കാർ സ്കൂളുകളിലാണ്. എഴുത്തിനോടും വായനയോടുമുള്ള സ്നേഹമാണ് അദ്ദേഹത്തെ ഇംഗ്ലിഷ് ഭാഷയിൽ എഴുതാൻ പ്രേരിപ്പിച്ചത്. വിദ്യാഭ്യാസത്തിനുശേഷം സബിൻ ദീർഘകാലം ഗൾഫ് മേഖലയിൽ മാധ്യമപ്രവർത്തകനായിരുന്നു. സാമൂഹികപരിഷ്കർത്താവും സ്വാതന്ത്ര്യസമര പോരാളിയും പത്രപ്രവർത്തകനും പണ്ഡിതനുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവിയുടെ ചെറുമകനാണ് സബിൻ.

English Summary:

The Polish translation of the book 'The Cliffhangers' was released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com