ADVERTISEMENT

2024ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിന്റെ ലോങ് ലിസ്റ്റ് പുറത്തിറക്കി ബുക്കർ പ്രൈസ് ഫൗണ്ടേഷൻ. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കഴിഞ്ഞ വർഷം മേയ് 1 നും 2024 ഏപ്രിൽ 30 നും ഇടയിൽ യുകെയിലും അയർലണ്ടിലും പ്രസിദ്ധീകരിച്ച ലോകമെമ്പാടുമുള്ള നോവലുകളെയും ചെറുകഥാ ശേഖരങ്ങളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഈ വർഷത്തെ ജൂറിയിൽ ചെയർപേഴ്‌സണായി എലനോർ വാച്ചെലും മറ്റ് അംഗങ്ങളായി കവിയായ നതാലി ഡയസ്, നോവലിസ്റ്റ് റൊമേഷ് ഗുണശേഖര, വിഷ്വൽ ആർട്ടിസ്റ്റ് വില്യം കെൻട്രിഡ്ജ്, എഴുത്തുകാരനും എഡിറ്ററും വിവർത്തകനുമായ ആരോൺ റോബർട്ട്‌സൺ എന്നിവരും ഉൾപ്പെടുന്നു.

ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമർപ്പിച്ച ഭാഷകൾ ഫ്രഞ്ച് (26 പുസ്തകങ്ങൾ), സ്പാനിഷ് (21), ജാപ്പനീസ് (15), ജർമ്മൻ (12), ഇറ്റാലിയൻ (എട്ട്), അറബിക് (എട്ട്) എന്നിവയാണ്. ഗബ്രിയേൽ ഗാർസിയ മാർകേസും മരിയോ വർഗാസ് ലോസയും ഉൾപ്പെടെയുള്ള നോവലിസ്റ്റുകൾ അരങ്ങു വാണ 1960കൾക്കുശേഷം ലാറ്റിനമേരിക്കൻ സാഹിത്യത്തിന്റെ നിറഞ്ഞാട്ടമാണ് ഇത്തവണത്തെ ബുക്കറിൽ കാണുന്നത്. അർജന്റീന, വെനസ്വേല, ബ്രസീൽ, പെറു എന്നിവിടങ്ങളിൽ നിന്നുള്ള നോവലുകൾ ഉൾപ്പെടുന്ന ഈ വർഷത്തെ നോമിനികളുടെ നാലിലൊന്ന് ലാറ്റിനമേരിക്കൻ കൃതികളാണ്.

അന്താരാഷ്ട്ര ബുക്കർ പ്രൈസ് 2024 വിധികർത്താക്കൾ; വില്യം കെൻട്രിഡ്ജ്, നതാലി ഡയസ്, എലനോർ വാച്ചെൽ, റൊമേഷ് ഗുണശേഖര, ആരോൺ റോബർട്ട്സൺ. Image Credit: Hugo Glendinning, https://thebookerprizes.com
ബുക്കർ പ്രൈസ് 2024 വിധികർത്താക്കൾ; വില്യം കെൻട്രിഡ്ജ്, നതാലി ഡയസ്, എലനോർ വാച്ചെൽ, റൊമേഷ് ഗുണശേഖര, ആരോൺ റോബർട്ട്സൺ. Image Credit: Hugo Glendinning, https://thebookerprizes.com

'നിരീക്ഷണത്തിന്റെ യഥാർഥ കോണുകളെ പ്രതിഫലിപ്പിക്കുന്ന ശബ്ദങ്ങളാണിവ. രാഷ്ട്രീയ അധികാരം നമ്മുടെ ജീവിതത്തെ നയിക്കുന്ന വഴികളിലേക്ക് ഉൾക്കാഴ്ച നൽകുന്ന കഥകളാണവർ പറയുന്നത്.' ലോങ് ലിസ്റ്റിനെക്കുറിച്ച് ജൂറി ചെയർപേഴ്‌സണായി എലനോർ വാച്ചെൽ പറഞ്ഞു.

32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളാണ് ഈ വർഷത്തെ ലോങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഷോർട്ട്‌ ലിസ്റ്റ് ഏപ്രിൽ 9നും വിജയിയെ മെയ് 21നും പ്രഖ്യാപിക്കും. സമ്മാനത്തുകയായ 50,000 പൗണ്ട് വിജയിക്കുന്ന രചയിതാവിനും വിവർത്തകനും തുല്യമായി നൽകപ്പെടും.

ലോങ് ലിസ്റ്റിൽ ഉൾപ്പെട്ട പുസ്തകങ്ങൾ:

∙ആനി മക്‌ഡെർമോട്ട് വിവർത്തനം ചെയ്ത സെൽവ അൽമാഡയുടെ നോട്ട് എ റിവർ

∙നോയൽ ഹെർണാണ്ടസ് ഗോൺസാലസും ഡാനിയൽ ഹാനും വിവർത്തനം ചെയ്‌ത റോഡ്രിഗോ ബ്ലാങ്കോ കാൽഡെറോണിന്റെ സിംപാറ്റിയ

∙മൈക്കൽ ഹോഫ്മാൻ വിവർത്തനം ചെയ്ത ജെന്നി എർപെൻബെക്കിന്റെ കെയ്റോസ്

∙കിരാ ജോസഫ്സൺ വിവർത്തനം ചെയ്ത ഇയാ ജെൻബെർഗിന്റെ ദ് ഡീറ്റേൽസ് 

Image Credit: https://thebookerprizes.com
Image Credit: https://thebookerprizes.com

∙കേറ്റ് വെബ്സ്റ്റർ വിവർത്തനം ചെയ്ത ഉർസുല ഹോനെക്കിന്റെ വൈറ്റ് നൈറ്റ്സ്

∙സോറ കിം-റസ്സലും യങ്‌ജെ ജോസഫിൻ ബേയും വിവർത്തനം ചെയ്‌ത ഹ്വാങ് സോക്-യോങ്ങിന്റെ മാറ്റർ 2-10

∙ജോൺ ഹോഡ്‌സൺ വിവർത്തനം ചെയ്‌ത ഇസ്മായിൽ കാദരെയുടെ എ ഡിക്റ്റേറ്റർ കോളുകൾ

∙ബോറിസ് ഡ്രലിയുക്ക് വിവർത്തനം ചെയ്തത ആൻഡ്രി കുർക്കോവിന്റെ സിൽവർ ബോൺ

∙സാറാ ടിമ്മർ ഹാർവി വിവർത്തനം ചെയ്‌ത ജെന്റെ പോസ്റ്റുമയുടെ വാട്ട് ഐ വുഡ് റാതർ നോട്ട് തിങ്ക്

∙ലിയ ജാനെസ്കോ വിവർത്തനം ചെയ്ത വെറോണിക്ക റൈമോയുടെ ലോസ്റ്റ് ഓൺ മി

∙ഊനാഗ് സ്ട്രാൻസ്കി വിവർത്തനം ചെയ്ത ഡൊമെനിക്കോ സ്റ്റാർനോണിന്റെ ദി ഹൗസ് ഓൺ വയാ ജെമിറ്റോ‌

∙ജോണി ലോറൻസ് വിവർത്തനം ചെയ്ത ഇറ്റാമർ വിയേര ജൂനിയറിന്റെ ക്രൂക്ക്ഡ് പ്ലോ

∙ജൂലിയ സാഞ്ചസ് വിവർത്തനം ചെയ്ത ഗബ്രിയേല വീനറിന്റെ അൺഡിസ്കവേഡ്

English Summary:

Longlist of Booker Prize 2024 Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com