ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം ചർച്ചയാകുന്നു; ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ റിലീസ് ഇന്ന്
Mail This Article
ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓർമകളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’. ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിക്കുന്ന ഈ ഓർമപ്പുസ്തകം ഇറ്റാലിയൻ പത്രപ്രവർത്തകൻ ഫാബിയോ മാർഷെ റഗോണയാണ് ഒരുക്കുന്നത്. ലോകമെമ്പാടും ഇന്ന് പ്രകാശനം ചെയ്യുന്ന പുസ്തകം കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. പദവി ഒഴിയുവാൻ തനിക്ക് പദ്ധതിയില്ലെന്ന് മാർപാപ്പ പറയുന്ന ഭാഗങ്ങൾ ഹാർപ്പർ കോളിൻസ് മാർച്ച് 14 ന് പുറത്തു വിട്ടതായിരുന്നു കാരണം.
‘‘എന്റെ ആശുപത്രി വാസവേളയിലും ചികിത്സയ്ക്കിടയിലും അടുത്ത കോൺക്ലേവിനെയും പുതിയ മാർപാപ്പയെയും കുറിച്ച് ആളുകൾ ചിന്തിക്കും. അത് സ്വാഭാവികമാണ്. എന്തായാലും പദവി ഒഴിയുവാൻ ഇപ്പോൾ പദ്ധതിയില്ല.’’
രണ്ടാം ലോകമഹായുദ്ധസമയത്ത് തനിക്ക് മൂന്നു വയസ്സ് മാത്രമുള്ളപ്പോഴത്തെ ഓർമ വിശദീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ പുസ്തകം ആരംഭിക്കുന്നത്. 80 വർഷം മുമ്പാണത് സംഭവിച്ചതെങ്കിലും, നിരവധി നിരപരാധികളായ കുടുംബങ്ങളുടെ ജീവിതം തകർത്ത നിമിഷങ്ങൾ നാം ഒരിക്കലും മറക്കരുതെന്ന് അദ്ദേഹം പറയുന്നു. മണിക്കൂറുകളോളം നീണ്ട അഭിമുഖങ്ങളിലൂടെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതാംശങ്ങൾ ഫാബിയോ മാർഷെ റഗോണ പകര്‍ത്തിയത്.
തന്റെ ജീവിതത്തെ വിലയിരുത്തുകയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കിടുകയും ചെയ്യുന്ന മാർപാപ്പയുടെ വ്യക്തിപരമായ വശം അടുത്തറിയാൻ കഴിയുമെന്നതാണ് 240 പേജുള്ള പുസ്തകത്തിന്റെ പ്രത്യേകതയായി കരുതപ്പെടുന്നത്. ബെർലിൻ മതിലിന്റെ പതനം, യഹൂദരുടെ നാസി ഉന്മൂലനം, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബാക്രമണം, 2008-ലെ സാമ്പത്തിക മാന്ദ്യം, അർജന്റീനയിൽ വിഡെലയുടെ അട്ടിമറി, 1969 ൽ ചന്ദ്രനിൽ മനുഷ്യന്റെ കാൽവയ്പ്, 1986 ലെ ലോകകപ്പിലെ മറഡോണയുടെ ഗോൾ തുടങ്ങിയ അവിസ്മരണീയ ചരിത്ര സംഭവങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു. സഭ ഒരു മാതാവായി പ്രവർത്തിക്കണമെന്നും എല്ലാവരെയും ആശ്ലേഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യണമെന്നും എല്ലാവരും കൂടുതൽ പ്രാർഥിക്കുകയും കൂടുതൽ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ഭാവിയുടെ താക്കോലെന്നും ഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം നവംബർ ഏഴിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ച് ഹാർപർ കോളിൻസ് പ്രഖ്യാപനം നടത്തിയത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ബ്രസീൽ, ഫ്രാൻസ്, ജർമനി, മെക്സിക്കോ, പോളണ്ട്, പോർച്ചുഗൽ, സ്പെയിൻ, തെക്കേ അമേരിക്ക എന്നിടങ്ങളിലാകും ആദ്യ പതിപ്പുകൾ ലഭിക്കുക.
1936 ഡിസംബർ 17-ന് ജനിച്ച ഫ്രാൻസിസ് മാർപാപ്പ, കത്തോലിക്കാ സഭയുടെ 266-ാമത്തേതും നിലവിലുള്ളതുമായ മാർപ്പാപ്പയാണ്. 2013 ഫെബ്രുവരിയിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന്, 2013 മാർച്ച് 13 നാണ് കോൺക്ലേവ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ബഹുമാനാർഥമാണ് അദ്ദേഹം ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുത്തത്.