ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Mail This Article
സംസ്ഥാന ലൈബ്രറി കൗൺസിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം. മുകുന്ദനാണ് സാഹിത്യ സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി.ദാസ് പുരസ്കാരം (1 ലക്ഷം രൂപ). മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ.പണിക്കർ പുരസ്കാരം (50,000 രൂപ): ഇയ്യങ്കോട് ശ്രീധരൻ. 50 വർഷം പിന്നിട്ട മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഇഎംഎസ് പുരസ്കാരം (1 ലക്ഷം രൂപ): വർക്കല മുങ്ങോട്ട് പേരേറ്റിൽ ശ്രീ ജ്ഞാനോദയം സംഘം ഗ്രന്ഥശാല സ്വന്തമാക്കി. ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാല: വൈക്കം കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറി (50,000 രൂപയുടെ പുസ്തകങ്ങൾ സമ്മാനം) നേടി.
മികച്ച സാമൂഹിക സാംസ്കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള സമാധാനം പരമേശ്വരൻ പുരസ്കാരം (10,001 രൂപ): വടക്കൻ പറവൂർ കെടാമംഗലം പപ്പുക്കുട്ടി മെമോറിയൽ ലൈബ്രറിയ്ക്കാണ്. പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയുള്ള എൻ.ഇ. ബാലറാം പുരസ്കാരം: കരുനാഗപ്പള്ളി തുറയിൽ കുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാല (15,000 രൂപയുടെ പുസ്തകങ്ങൾ) സ്വന്തമാക്കി. മികച്ച ബാലവേദിക്കുള്ള പി.രവീന്ദ്രൻ പുരസ്കാരം: കരുനാഗപ്പള്ളി പുതുക്കാട് പാസ്ക് ഗ്രന്ഥശാലയ്ക്കാണ് (20,000 രൂപയുടെ പുസ്തകങ്ങൾ).