ഭർത്താവിനെ കൊല്ലണം, മാസ്റ്റർ പ്ലാനുമായി ഭാര്യ; ഒന്നുമറിയാതെ കുടുങ്ങി വീട്ടുജോലിക്കാരി
Mail This Article
മിലി ഒരു ജോലിക്കായി ശ്രമിക്കുകയാണ്. വീട്ടിൽ താമസിച്ചു കൊണ്ടു ജോലി ചെയ്യുന്ന ഒരാളെയാണ് നീന വിൻചെസ്റ്ററും അന്വേഷിക്കുന്നത്. അഭിമുഖം നടന്നപ്പോഴും തനിക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷ മിലിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആ ജോലി ലഭിച്ചപ്പോൾ അവള്‍ ആശ്ചര്യപ്പെട്ടു പോയി. വീട്ടുജോലിക്കാരിയായി ജോലി അന്വേഷിക്കുന്ന മുമ്പ് ജയിലിൽ കിടന്നിട്ടുള്ള ഒരു യുവതിയാണ് മിലി. അപ്പോൾ കിട്ടാൻ സാധ്യതയില്ലാത്തത്ര നല്ലൊരു ജോലി കിട്ടുമ്പോൾ എങ്ങനെയാണ് വേണ്ടെന്നു വെയ്ക്കുന്നത്? പക്ഷേ താൻ ചെന്നു കയറുന്നത് വലിയൊരു ചതിയിലേക്കാണെന്ന് മിലി തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി പോയിരുന്നു.
ഫ്രീഡ മക്ഫാഡൻ എഴുതി ഗ്രാൻഡ് സെൻട്രൽ പബ്ലിഷിംഗ് 2022ൽ പുറത്തിറക്കിയ പുസ്തകമാണ് ദ് ഹൗസ്മെയ്ഡ്. വീട്ടുജോലിക്കാരിയായിയെത്തുന്ന മിലിയാണ് പ്രധാന കഥാപാത്രം. പുസ്തകം വിജയിച്ചതോടെ അതിന്റെ തുടർച്ചയായും പുസ്തകങ്ങൾ വന്നിരുന്നു.
ആദ്യമായി കണ്ടപ്പോൾ സൗഹൃദപരമായി പെരുമാറിയ നീന വിൻചെസ്റ്റർ പക്ഷേ പിന്നീട് വളരെ വിചിത്രമായിട്ടാണ് മിലിയോട് പെരുമാറിയത്. നീനയുടെ മകൾ സിസിലിയയുടെ അലർജി കാര്യം ഉൾപ്പെടെ പലതും മനപൂർവ്വം പറയാതെയിരിക്കുകയും പിന്നീട് പറഞ്ഞുവെന്ന് വാശി പിടിച്ച് വഴക്കിടുകയും ചെയ്യുന്നതോടെയാണ് മിലിയ്ക്ക് സംശയം തോന്നുന്നത്. നീനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസികരോഗമുണ്ടോ എന്ന് മിലി അന്വേഷിക്കുന്നു. സിസിലിയ ഒരു കുഞ്ഞായിരിക്കുമ്പോൾ അവളെ കൊന്നശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്ന് നീന മുമ്പ് ഒരു മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ കഥയാണ് അവൾ അറിയുന്നത്.
ഓരോ പ്രശ്നമുണ്ടാകുമ്പോഴും അത് ഒത്തുതീർപ്പാക്കുന്നതും മിലിയോട് ദയ കാണിക്കുന്നതും നീനയുടെ ഭർത്താവ് ആൻഡ്രൂവാണ്. നീനയുടെ ക്രമരഹിതമായ പെരുമാറ്റം വർധിക്കുന്തോറും മിലിയും ആൻഡ്രൂവും കൂടുതൽ അടുക്കുന്നു, അവർക്കിടയിൽ ഒരു പ്രണയബന്ധം ആരംഭിക്കുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ മിലി മുമ്പ് ജയിലിലായിരുന്നുവെന്ന് നീന ആൻഡ്രൂവിനോട് വെളിപ്പെടുത്തി. ആൻഡ്രൂവും നീനയും ഈ വിഷയത്തെ ചൊല്ലി വഴക്കുണ്ടാക്കുന്നതോടെ, തനിക്ക് മിലിയെ ഇഷ്ടമാണെന്നും വിവാഹമോചനം വേണമെന്നും പറഞ്ഞ് ആൻഡ്രൂ നീനയെ വീട്ടിൽ നിന്ന് ഇറക്കി വിടുന്നു.
ആൻഡ്രൂനെ സമാധാനിപ്പിക്കാനെത്തുന്ന മിലി ആ രാത്രി അയാൾക്കൊപ്പമാണ് കഴിയുന്നത്, പിറ്റേന്ന് മിലി കണ്ണുതുറക്കുന്നതാകട്ടെ ആ വീടിന്റെ തട്ടിൻപുറത്തും. തന്നെ ആരോ അവിടെ പൂട്ടിയിട്ടിരിക്കുകയാണെന്ന് തിരിച്ചറിയുന്ന അവള്‍ ആകെ കുഴപ്പത്തിലാകുന്നു. വാതിലിന്റെ മറുവശത്ത് നിന്ന് ആൻഡ്രൂവാണ് അവൾക്ക് കാര്യങ്ങള്‍ വ്യക്തമാക്കി കൊടുക്കുന്നത്. വായിക്കാൻ തന്റെ പുസ്തകങ്ങൾ കടം വാങ്ങിയശേഷം ബുക്ക്‌കേസിലേക്ക് അവ തിരികെ വയ്ക്കാതിരുന്നതിനാലാണ് താൻ അവളെ പൂട്ടിയിട്ടതെന്ന് അയാൾ പറയുന്നു. ശിക്ഷയായി, മിലി മൂന്ന് മണിക്കൂർ മുറിയിൽ വെച്ചിരിക്കുന്ന വലിയ മൂന്ന് പുസ്തകങ്ങൾ വയറ്റിൽ വെച്ചു കിടക്കാൻ പറയുന്നതോടെയാണ് സത്യം പുറത്തു വരുന്നത്.
വായനക്കാർ നീനയുടെ വീക്ഷണകോണില്‍ നിന്നാണ് പിന്നീടുള്ള കഥ അറിയുന്നത്. യഥാര്‍ഥത്തിൽ പ്രശ്നം നീനയല്ല, ആൻഡ്രൂ വിൻചെസ്റ്റർ എന്ന ക്രൂരനായ സൈക്കോയാണ്. ഒൻപത് വർഷത്തെ ദാമ്പത്യത്തിനിടയിൽ അവളെ പീഡിപ്പിക്കാൻ നിരന്തരം മയക്കുമരുന്ന് നൽകുകയും പലപ്പോഴും തട്ടിൽ പൂട്ടിയിടുകയും ചെയ്തു അയാൾ. തോട്ടക്കാരനായ എൻസോയുടെ സഹായത്തോടെ അവൾ വർഷങ്ങളായി അയാളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു. അത് വിജയിക്കാതെയായതോടെ ഒടുവിൽ അവൾ തനിക്കുവേണ്ടി ഒരു പകരക്കാരിയെ കണ്ടെത്തി. അയാൾക്ക് തിരസ്കരിക്കാനാകാത്തവിധം സുന്ദരിയായ മിലിയെ...!
ആൻഡ്രൂവിന്റെ ദുരുപയോഗത്തിൽ നിന്നും നിയന്ത്രണത്തിൽ നിന്നും തന്നെയും സിസിലിയയെയും മോചിപ്പിക്കാനുള്ള പദ്ധതിയായിട്ടാണ് മിലിയെ നീന നിയമിച്ചത്. ആൻഡ്രൂ നീനയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. അസഹനീയവും അരോചകവുമായ പലതും അയാളഅ ചെയ്തു. കൊലപാതക കുറ്റത്തിന് ജയിലിൽ പോകേണ്ടിവരുമെന്നതു കൊണ്ട് ആൻഡ്രൂവിനെ കൊല്ലാൻ നീന ഭയന്നു. എന്നാൽ കുറ്റകൃത്യം ചെയ്ത് പരിചയമുള്ള മിലിയെ അതിന് കരുവാക്കി. അയാളുടെ ഉപദ്രവം സഹിക്കാനാകാതെ രക്ഷപെടുവാൻ മിലി ആൻഡ്രൂവിനെ കൊന്നാൽ താനും അതിലൂടെ രക്ഷപെടുമെന്ന് നീനയ്ക്ക് അറിയാമായിരുന്നു. പക്ഷേ, താൻ അനുഭവിച്ച പീഡനങ്ങൾ മിലിക്ക് അനുഭവിക്കേണ്ടി വരാമെന്ന തിരിച്ചറിവിൽ നീന തിരികെ വീട്ടിലെത്തുന്നു. അവിടെ കാണുന്നത് ആൻഡ്രൂവിന്റെ മൃതദേഹമാണ്.
ആൻഡ്രൂവിനെ കൈകാര്യം ചെയ്യാൻ മിലിയെ വിട്ടതിൽ നീനയ്ക്ക് കുറ്റബോധം തോന്നുന്നു. പൊലീസിനെ വിളിക്കാമെന്നും സംഭവിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും നീന മിലിയോട് പറഞ്ഞെങ്കിലും മിലി അത് സമ്മതിക്കുന്നില്ല. പക്ഷേ സംഭവസ്ഥലത്തെത്തുന്ന പൊലീസും ഇവർക്കൊപ്പം നിൽക്കുന്നു. കാരണം അതിൽ ഒരു പൊലീസുകാരന്റെ മകൾ പണ്ട് ആൻഡ്രൂവിന്റെ കാമുകിയായിരുന്നു. അയാൾ ആൻഡ്രൂവിന്റെ സ്വഭാവം അറിയാമായിരുന്നതിനാൽ നീനയും മിലി കേസിൽ കുടുങ്ങാതെ രക്ഷപെടുന്നു.
ആൻഡ്രൂവിന്റെ ശവസംസ്കാര ചടങ്ങുകൾക്കുശേഷം, വിൻചെസ്റ്റർ കുടുംബത്തിൽ നിന്ന് മാറി, മറ്റൊരു വീട്ടുജോലിക്ക് മിലി അഭിമുഖത്തിന് പോകുന്നതോടെയാണ് കഥ അവസാനിക്കുന്നത്. ഫിസിഷ്യനും എഴുത്തുകാരിയുമായ ഫ്രീഡ മക്ഫാഡൻ ആമസോൺ, വാൾ സ്ട്രീറ്റ് ജേർണൽ, ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഒന്നാമതെത്തിയ പുസ്തകങ്ങളുടെ രചയിതാവാണ്. ബെസ്റ്റ് സെല്ലിംഗ് സൈക്കോളജിക്കൽ ത്രില്ലറുകളും മെഡിക്കൽ ഹ്യൂമർ നോവലുകളും എഴുതിയിട്ടുണ്ട്.