ADVERTISEMENT

അചഞ്ചലമായ ധീരത; ആടിയുലയാത്ത നിലപാടുകൾ... ബ്രിട്ടിഷ് നാടകകൃത്ത് ഹാരൾഡ് പിന്ററുടെ നൊബേൽ പ്രസംഗത്തിൽനിന്നുള്ള മനോഹര വാക്കുകൾ ഉദ്ധരിച്ച് പെൻ പിന്റർ പ്രൈസ് വിധികർത്താക്കൾ പറഞ്ഞതു മാത്രം മതി അരുന്ധതി റോയിയുടെ രചനകളെയും ആക്ടിവിസത്തെയും നിർവചിക്കാൻ.

വിയോജിപ്പുകളിലൂടെ ഇന്ത്യൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ അരുന്ധതിയെ പുരസ്കാര ജേതാവായി പ്രഖ്യാപിച്ച ‘ഇംഗ്ലിഷ് പെൻ’ അധ്യക്ഷ റൂത്ത് ബോർത്‌വിക് ഒരു കാര്യം കൂടി വ്യക്തമാക്കി: ‘ഇന്ത്യയെക്കുറിച്ചാണ് മുഖ്യശ്രദ്ധയെങ്കിലും അരുന്ധതി രാജ്യ‍ാന്തര ചിന്തകയാണ്. ആ കരുത്തുറ്റ ശബ്ദം നിശബ്ദമാക്കപ്പെടാനുള്ളതല്ല’.

1997 ൽ ബുക്കർ പുരസ്കാരം നേടിയ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ നോവലിലൂടെയാണ് അരുന്ധതി രാജ്യാന്തര പ്രശസ്തയായത്. തുടർന്ന് രാഷ്ട്രീയ നിലപാടുകളും എഴുത്തും ആക്ടിവിസവും അവർക്ക് അതിലേറെ ശ്രദ്ധ നേടിക്കൊടുത്തു. ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറി ആതിഥേയത്വം വഹിക്കുന്ന പുരസ്കാരസമർപ്പണച്ചടങ്ങ് ഒക്ടോബർ 10നാണ്.