സാഹിത്യനഗര പദവി ഇന്ന് ഏറ്റുവാങ്ങും; കോഴിക്കോടിന് ആശംസകളുമായി മലയാള മനോരമ ഹോർത്തൂസ്
Mail This Article
ലിസ്ബൺ ∙ യുനെസ്കോയുടെ സർഗാത്മക നഗരങ്ങളുടെ തലസ്ഥാനമാകാനൊരുങ്ങി പോർച്ചുഗലിലെ ബ്രാഗാ നഗരം. രാജ്യത്ത് ആദ്യമായി യുനെസ്കോയുടെ സാഹിത്യ നഗര പദവി നേടിയ കോഴിക്കോടും സംഗീത നഗര പദവി നേടിയ ഗ്വാളിയോറും പദവികൾ ഏറ്റുവാങ്ങും.
കോഴിക്കോടിനു വേണ്ടി ബഹുമതി ഏറ്റുവാങ്ങാൻ മേയർ ബീന ഫിലിപ്, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി എന്നിവർ പോർച്ചുഗലിൽ എത്തി. ഇന്നു മുതൽ 5 വരെയാണ് ബ്രാഗായിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക് വാർഷിക സമ്മേളനം നടക്കുന്നത്.
യുനെസ്കോ ക്രിയേറ്റീവ് സിറ്റി നെറ്റ്‌വർക് രൂപീകരിച്ച് 20 വർഷം തികയുന്നത് ഇത്തവണയാണ്. ‘അടുത്ത ദശാബ്ദത്തിലേക്കു യുവാക്കളെ മുൻനിരയിൽ കൊണ്ടുവരിക’ എന്ന ആശയവുമായാണ് ഈ വർഷം സമ്മേളനം നടക്കുന്നത്. സർഗാത്മക നഗര പദവി ലഭിക്കുന്ന നഗരങ്ങൾക്ക് അവരുടെ ചരിത്രവും സാംസ്കാരിക മുന്നേറ്റവും അതതു മേഖലകളിലെ പുതു അറിവുകളും അവതരിപ്പിക്കാനും പുതിയ ആശയങ്ങൾ രൂപീകരിക്കാനുമുള്ള അവസരമാണ് സമ്മേളനം ഒരുക്കുന്നത്.
നിലവിൽ 350 നഗരങ്ങളാണ് പട്ടികയിലുള്ളത്. കോഴിക്കോടും ഗ്വാളിയോറുമടക്കം 55 നഗരങ്ങളാണ് ഇത്തവണ കൂട്ടിച്ചേർക്കപ്പെടുന്നത്. സാഹിത്യം, സംഗീതം, നാടോടിക്കലകൾ, സിനിമ, ഡിസൈൻ, പാചകം തുടങ്ങിയ മേഖലകളിലാണ് പുതിയ നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ആശംസകൾ നേർന്ന് ഹോർത്തൂസ്
യുനെസ്കോയുടെ സാഹിത്യനഗര പദവി ഇന്ന് ഏറ്റുവാങ്ങുന്ന കോഴിക്കോടിന് ആശംസകൾ നേർന്ന് മലയാള മനോരമ ഹോർത്തൂസ് സാംസ്കാരികോത്സവം. നവംബർ 1–3 വരെ കോഴിക്കോട്ടു വച്ചാണ് ഹോർത്തൂസ് സാംസ്കാരികോത്സവം നടക്കുന്നത്.