ADVERTISEMENT

അടുക്കിപ്പെറുക്കി വൃത്തിയാക്കുന്നതു കലയാണെങ്കിൽ മാരി കോൺഡോ (Marie Kondo) യാണ് ലോകത്തെ ഏറ്റവും വലിയ കലാകാരി. ചെറിയ ഫ്ലാറ്റുകളുടെയും വീടുകളുടെയും അകങ്ങളിൽ ആവശ്യമില്ലാതെ വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ നടുവിൽ ശ്വാസംമുട്ടുന്നവരെ ആ കുഴമറിച്ചിലിൽനിന്നു പുറത്തെത്തിക്കുകയാണ് മാരിയുടെ ജീവിത ദൗത്യം. ഇന്നു ലോകമെമ്പാടുമുള്ളവർ ആ മാർഗനിർദേശം വിലകൊടുത്തു വാങ്ങുകയും വീടുകളിലും സ്ഥാപനങ്ങളിലും പകർത്തുകയും ചെയ്യുന്നു.

അഞ്ചാം വയസ്സിലാണ് വൃത്തിയാക്കലിന്റെ ഭൂതം കുഞ്ഞു മാരിയെ പിടികൂടിയത്. അമ്മ ഒരുപാടു മാസികകൾ വരുത്തിവായിക്കുമായിരുന്നു. അതിൽക്കണ്ട വീടുകളുടെ സുന്ദരമായ അകങ്ങള‍ും അലങ്കാരങ്ങളും വൃത്തിയാക്കാനുള്ള സൂത്രപ്പണികളുമൊക്കെ അവളെ ആകർഷിച്ചു. അതോടെ മാരി പാവകൾകൊണ്ടു കളിക്കുന്നതിനെക്കാളും അവയെ ചിതറിച്ചിടാതെ ഭംഗിയായി ചേർത്ത് അടുക്കിവയ്ക്കാൻ ശീലിച്ചു. എല്ലാം വെടിപ്പായി സൂക്ഷിക്കുന്ന കാര്യത്തിൽ നിർബന്ധക്കാരിയായിരുന്നു മുത്തശ്ശി നൊറീക്കോ. ഒരു മുടിനാരിഴ പോലും നിലത്തുവീണു കിടപ്പുണ്ടാവില്ല, ഒരുടുപ്പു പോലും മാറിക്കിടപ്പുണ്ടാവില്ല–അത്ര കണിശക്കാരിയായിരുന്നു അമ്മൂമ്മ ഡിറ്റക്ടീവ്.

മാരി കോൺഡോ. ചിത്രം: https://www.instagram.com/mariekondo/
മാരി കോൺഡോ. ചിത്രം: https://www.instagram.com/mariekondo/

കൗമാരകാലത്തു വായിച്ചൊരു പുസ്തകം മാരിയെ വല്ലാതെ സ്വാധീനിച്ചു. ‘വലിച്ചെറിയലിന്റെ കല’ എന്ന ആ പുസ്തകം അന്നു ജപ്പാനിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. അതു വായിച്ച കാലത്തു കരുതിയിരുന്നത്, വൃത്തിയാക്കലെന്നാൽ ആവശ്യമില്ലാത്തതെല്ലാം വലിച്ചെറിയലാണെന്നായിരുന്നു. കുറെ സാധനങ്ങളെ ആക്രിക്കടയിലേക്കു പറഞ്ഞയച്ചിട്ടും തൂത്തുതുടച്ചിട്ടും മുറിയാകെ മുഷിപ്പനായിത്തന്നെ ഇരുന്നു. ഒരു ദിവസം വീടു വൃത്തിയാക്കുന്നതിനിടെ ശരീരത്തിനാകെ ഭാരം തോന്നി മാരി നിലത്തേക്കു കിടന്നു. രണ്ടുമണിക്കൂർ കഴിഞ്ഞ് എഴുന്നേറ്റപ്പോൾ മാരിക്കു വൃത്തിയാക്കലിന്റെ ബോധോദയം ഉണ്ടായിക്കഴിഞ്ഞിരുന്നു. സാധനങ്ങൾ ഉപേക്ഷിക്കുന്നതിനെക്കാളും സൂക്ഷിച്ചുള്ള വൃത്തിയാക്കലിലേക്കു മാരി തിരിഞ്ഞു.

ആനന്ദം പ്രസരിപ്പിക്കുന്ന എന്തും കാത്തുസൂക്ഷിക്കാം. ആനന്ദമില്ലേ, എന്നേയ്ക്കുമായി ഉപേക്ഷിക്കാം. വസ്ത്രങ്ങൾ എങ്ങനെ ഭംഗിയായും കൃത്യമായും മടക്കാം എന്നുതൊട്ട് സ്ഥലം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നു വരെ മാരി പറഞ്ഞുതരും. ആവശ്യമുള്ളതു കൃത്യമായി തരംതിരിച്ചു സ്ഥാനത്തുവയ്ക്കാം. വലുപ്പമനുസരിച്ചു സാധനങ്ങൾ അടുക്കാം, സ്ഥലമനുസരിച്ചു വേണം വൃത്തിയാക്കാൻ. എന്നിങ്ങനെ ലളിതമാണു മാരിയുടെ നയങ്ങൾ. പക്ഷേ, അതെങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണു മിടുക്ക്.

The Life-Changing Magic of Tidying Up

‘കൊൻമാരി മെത്തേഡ്’ (Konmari method) എന്നാണു മാരിയുടെ ആവനാഴിയിലെ അടവുകൾ അറിയപ്പെടുന്നത്. ജാപ്പനീസ് ഭാഷയിൽ 9 പുസ്തകങ്ങൾ എഴുതിയിട്ടുള്ള മാരിയുടെ ‘ദ് ലൈഫ് ചേഞ്ചിങ് മാജിക് ഓഫ് ടൈഡിയിങ് അപ്’ 44 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മാരിയുടെ ഷോ നെറ്റ്ഫ്ലിക്സിൽ ലക്ഷക്കണക്കിനു പേരാണു കണ്ടത്.